കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗവേദിയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമു എത്തിയത് ചെങ്കോലിന്റെ അകമ്പടിയോട് കൂടിയാണ്. പാർലമെൻ്റിൽ സ്‌ഥാപിച്ചചെങ്കോൽ മുൻപിൽ പിടിച്ചാണ് രാഷ്ട്രപതിയെ സഭയിലേക്ക് എത്തിച്ചത്. ചരിത്രത്തിലാദ്യമായി ഗാലറിയിൽ രാഷ്ട്രപതിയുടെ ബാൻഡ്തൽസമയ ദേശീയഗാനം ആലപിക്കുകയും ചെയ്തു.
ഇതാദ്യമായല്ല പാർലിമെന്റിനകത്തു ചെങ്കോൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷം നടന്ന പുതിയ പാർലമെന്റ് ഉദ്ഘാടനത്തിലും ചെങ്കോൽ വിവാദമായിരുന്നു. ഈ ചെങ്കോൽ തന്നെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചപ്പോഴും പ്രസംഗ പീഠത്തിലേക്ക് ആനയിച്ചപ്പോഴും മടങ്ങുമ്പോഴും സ്പീക്കറുടെ മുഖ്യ മാർഷൽ രാജീവ് ശർമ കയ്യിൽ പിടിച്ചിരുന്നത്. പാദരക്ഷകൾ ഊരിമാറ്റിയാണ് അദ്ദേഹം ചെങ്കോൽ പിടിച്ചതെന്നും ബിജെപി അംഗങ്ങൾ അതിനെ വണങ്ങിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ വിമർശനമാണ് ഇതിനെതിരെ സമൂഹമാധ്യങ്ങളിലടക്കം ഉയർന്നു വരുന്നത്. ഇതിനു പുറമെ രാഷ്ട്രപതി സഭയിലേക്കു വന്നപ്പോഴും പ്രസംഗത്തിൽ 3 തവണ രാമക്ഷേത്രത്തെപ്പറ്റി പരാമർശിച്ചപ്പോഴും ഭരണകക്ഷി അംഗങ്ങൾ ജയ്ശ്രീരാം വിളിച്ചതയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പുതിയ പാര്‍ലമെന്റില്‍ സ്പീക്കറുടെ കസേരയ്ക്ക് താഴെയായാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ആ ചടങ്ങും അന്ന് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു. ഭരണ കൈമാറ്റവുമായി ബന്ധപ്പെട്ട് വൈസ്രോയി മൗണ്ടന്‍ ബാറ്റണ്‍ പ്രഭുവിന്റെ ഒരു ചോദ്യമാണ് ചെങ്കോലിന്റെ പിറവിക്ക് കാരണം. അധികാര കൈമാറ്റത്തിന്റെ അടയാളമായി എന്തെങ്കിലും വേണ്ടെയെന്നു മൗണ്ട് ബാറ്റന്‍ തിരക്കിയപ്പോള്‍ സി രാജഗോപാലാചാരിയുടെ തലയില്‍ ഉദിച്ച ആശയമാണ്, അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി ഒരു ചെങ്കോല്‍! ചോള രാജവംശത്തില്‍ പാരമ്പര്യമായി അധികാര കൈമാറ്റം നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ചെങ്കോല്‍ മാതൃകയില്‍ ഒന്ന് നിര്‍മിക്കാമെന്ന് രാജഗോപാലാചാരി പറയുകയും, മദ്രാസ് പ്രസിഡന്‍സിയിലെ വ്യാപാരിയായിരുന്ന വുമ്മിഡി ബെങ്കാരു ചെട്ടിയാരാല്‍ ഡിസൈന്‍ ചെയ്‌തെടുക്കുകയും വുമ്മിഡി എന്തിരാജലു, വുമ്മിഡി സുധാകര്‍ എന്നിവര്‍ നിര്‍മിച്ചെടുക്കുകയും ചെയ്ത ചെങ്കോലാണ് അധികാര കൈമാറ്റത്തിന്റെ അടയാളമായി ഉപയോഗിച്ചതെന്നു പറയുന്നു. അപ്പോൾ രാഷ്ട്രപതിയുടെ അധികാരത്തിന്റെ അടയാളമായാണോ ചെങ്കൊലിനെ പുതിയ പാർലമെൻ്റ് മന്ദിര ത്തിൽ ആദ്യമായെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വരവേൽക്കാൻഉപയോഗിച്ചത്.
ചെങ്കോല്‍ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമല്ലെന്നാണ് മുൻ പാർലമെന്ററിയനായപിഡിടി ആചാരി അഴിമുഖവുമായി മുൻ കാലങ്ങളിൽ പ്രതികരിച്ചിട്ടുള്ളത്. രാജഗോപാലാചാരി മുന്നോട്ടു വച്ച ഈ ആശ ത്തിന് ഇന്ത്യയുടെ ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും അധികാരം തിരികെ വാങ്ങുന്നതിന് ഒരു പ്രതീകമെന്ന നിലയിലാണ് അന്ന് ചെങ്കോൽ ഉപയോഗിച്ചത്. അതുപ്രകാരം തമിഴ്‌നാട്ടില്‍ ഉണ്ടാക്കിയ ചെങ്കോൽ മൗണ്ട് ബാറ്റന് നല്‍കി. സ്വര്‍ണത്തിലും വെള്ളിയിലുമൊക്കെ തീര്‍ത്ത ചെങ്കോലിനോട് മൗണ്ട് ബാറ്റന് അന്ന് കൗതുകം തോന്നിയിരുന്നു. അതിനുശേഷം ചെങ്കോൽ നെഹ്‌റുവിന് കൈ മാറി. നെഹ്‌റു അത് അന്ന് തന്നെ മ്യൂസിയത്തിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. ഇതിനപ്പുറം ചരിത്ര പ്രധാന്യമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും, ഇപ്പോഴല്ലാതെ, മുമ്പൊരിക്കലും ആരും തന്നെ ആ ചെങ്കോലിന് പ്രധാന്യം കൊടുത്തിട്ടില്ലെന്നാണ് പിഡിടി ആചാരി തന്റെ ഓര്‍മയില്‍ നിന്നും പറയുന്നത്. അങ്ങനെയൊരു പ്രധാന്യം ആരെങ്കിലും കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനമായൊരു ചരിത്രവസ്തുവായി അത് മാറില്ലായിരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്.
40 വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചൊരാളാണ് പിഡിടി ആചാരി. തന്റെ പ്രവര്‍ത്തന കാലയളവില്‍ ഒരാള്‍ പോലും ആ ചെങ്കോല്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ബ്രിട്ടനിലും അതിന്റെ കോളനി രാജ്യങ്ങളിലും മുമ്പ് സ്പീക്കറുടെ അധികാര ചിഹ്നമായി ഗദ ആകൃതിയിലുള്ള(MACE) ഒരു ദണ്ഡം ഉണ്ടായിരുന്നു. സ്പീക്കര്‍ സഭയിലേക്ക് വരുമ്പോള്‍ സെര്‍ജന്റ് ഓഫ് ആം ഈ ദണ്ഡും പിടിച്ചു മുമ്പേ പോകാറുണ്ടായിരുന്നു. തുടര്‍ന്ന് സഭയില്‍ സ്പീക്കര്‍ക്ക് മുന്നിലെ വലിയ മേശയ്ക്ക് പുറത്ത് ആ ദണ്ഡ് വയ്ക്കും. സ്പീക്കറുടെയും സഭയുടെയും അധികാരം സൂചിപ്പിക്കുന്നതായിരുന്നു ആ ദണ്ഡ്. രാഷ്ട്ര പതിയുടെ ആദ്യ പാർലമെന്റ് സന്ദർശ്നത്തിൽ അകമ്പടിയായി എത്തിച്ച ചെങ്കോലും ജയ്ശ്രീരാമും ഈ അപ്രഖ്യാപിത ഏകാധിപത്യ അധികാരത്തിന്റെ പ്രതീക്മാണെന്ന വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.