UPDATES

വായന/സംസ്കാരം

വിസ്മയിപ്പിക്കുകയാണ് വയലിനിലെ പെണ്‍പെരുമ സംഗീതകലാനിധി പത്മശ്രീ എ കന്യാകുമാരി

സൂക്ഷ്മമായ മനോധര്‍മ്മംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച എം.എല്‍.വിയുടെ ശബ്ദത്തിന് അനുപദമായി വയലിന്‍വായിക്കാനുള്ള കന്യാകുമാരിയുടെ പാടവം അവരുടെ അസാമാന്യ പ്രതിഭയുടെ കൂടി തെളിവായിരുന്നു

                       

കര്‍ണ്ണാട്ടിക് സംഗീതലോകത്തെ താരപ്രതിഭയാണ് സുപ്രസിദ്ധ വയലിന്‍വാദകയായ എ. കന്യാകുമാരി(അവസരാള കന്യാകുമാരി). പുരുഷകലാകാരന്മാര്‍ അടക്കിവാണിരുന്ന വയലിന്‍ വാദനകലയില്‍ വിജയശ്രീലാളിതയായ സ്ത്രീരത്‌നമാണ് അവര്‍. 2015ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അനന്യയായ ഈ കലാകാരി ലിംകബുക്ക് റെക്കോര്‍ഡ് ഉള്‍പ്പടെ അനവധി പുരസ്‌കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്. എന്നുമാത്രമല്ല സംഗീതകലാകാരന്മാരുടെ സ്വപ്നപദവിയായ മദ്രാസ്സ് മ്യൂസിക്ക് അക്കാഡമിയുടെ സംഗീതകലാനിധിപട്ടം കിട്ടിയ ആദ്യ സ്ത്രീ വയലിനിസ്റ്റ് എന്ന ചരിത്രപദവിയും കന്യാകുമാരിക്ക് സ്വന്തമാണ്.

സുബ്ബുഡു എന്നറിയപ്പെടുന്ന വിഖ്യാത സംഗീത-നൃത്തകലാ നിരൂപകന്‍ പി.വി. സുബ്രമണ്യന്‍, കന്യാകുമാരിയുടെ വയലിന്‍ വാദനത്തെ ദേവി കന്യാകുമാരിയുടെ തിളക്കമാര്‍ന്ന മൂക്കുത്തിയോടാണ് ഉപമിച്ചത്. അദ്ദേഹത്തെപ്പോലെ ഒരാളില്‍നിന്നും അങ്ങനെ ഒരു പ്രകീര്‍ത്തനമുണ്ടായത് കന്യാകുമാരിയിലെ കലാകാരിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയാകട്ടെ ‘ധനുര്‍വീണപ്രവീണ’ എന്നൊരു പദവിയും കന്യാകുമാരിക്ക് സമ്മാനിച്ചു. ഇതിലെല്ലാമുപരി കന്യാകുമാരിയുടെ സംഗീതജീവിതത്തിന്റെ മഹത്തായ നേട്ടം സാക്ഷാല്‍ എം.എല്‍. വസന്തകുമാരി തന്റെ പക്കമേളസംഘത്തിലേക്ക് അവരെ തിരഞ്ഞെടുത്തതായിരുന്നു. അവരുടെ ജീവിതത്തെ മാറ്റിമറിച്ചതും പ്രശസ്തിയുടെ കൊടുമുടികളില്‍കൊണ്ടെത്തിച്ചതും മഹാസംഗീതജ്ഞയായ എം.എല്‍.വിയുടെ അവാച്യമായ സംഗീതസാന്നിധ്യമായിരുന്നു!

ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ 1952 ഡിസംബര്‍ 31ല്‍ ഒരു സംഗീതകുടുംബത്തിലാണ് കന്യാകുമാരിയുടെ ജനനം. അച്ഛന്‍ അവസരാള രാമരത്‌നവും വീണാവാദകകൂടിയായ അമ്മ ജയലക്ഷ്മിയും കന്യാകുമാരിക്ക് ബാല്യത്തിലേ സംഗീതശിക്ഷണങ്ങള്‍ നല്‍കി. പ്രസിദ്ധ വയലിനിസ്റ്റ് ഐവാതിരി വിജയേശ്വരറാവുവില്‍നിന്നും വയലിന്‍പഠനം ആരംഭിച്ച കന്യാകുമാരി പിന്നീട് കുടുംബത്തോടൊപ്പം അന്നത്തെ മദ്രാസിലേക്ക് താമസംമാറ്റിയത് അവരിലെ സംഗീതജ്ഞയ്ക്ക് കൂടുതല്‍ മിഴിവേകി. സംഗീതകലാനിധി ചന്ദ്രശേഖരന്റെ ശിക്ഷണത്തില്‍ പഠനംതുടര്‍ന്ന അവര്‍ മദ്രാസ്സിലെ ‘ക്വീന്‍ മേരി മ്യൂസിക് കോളേജി’ല്‍നിന്നും സംഗീതത്തില്‍ ബിരുദംനേടി. 1971ല്‍ സംഗീതകലാനിധി എം.എല്‍. വസന്തകുമാരിയുടെ ഗാനസംഘത്തില്‍ ചേരാന്‍കഴിഞ്ഞത് കന്യാകുമാരിയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.

ഏതാണ്ട് രണ്ട് ദശാബ്ദങ്ങള്‍ എം.എല്‍. വസന്തകുമാരിയ്ക്കുവേണ്ടി വയലിന്‍ വായിച്ചത് കന്യാകുമാരി ആയിരുന്നു. എം.എല്‍.വിയുടെ പക്കമേളത്തിലെ ഒരംഗം മാത്രമായിരുന്നില്ല എം.എല്‍.വിയുടെ ശിഷ്യകൂടിയായിരുന്നു അവര്‍. ശിഷ്യര്‍ക്കിടയിലെ ഒരേയൊരു വയലിനിസ്റ്റും കന്യാകുമാരി ആയിരുന്നു! തന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ എം.എല്‍.വിയോടൊപ്പം വേദികളില്‍ വയലിന്‍ അകമ്പടിതുടങ്ങിയ കന്യാകുമാരി എം.എല്‍.വിയുടെ അവസാന നിമിഷംവരെ കച്ചേരികളില്‍ അവരെ പിന്തുടര്‍ന്നു. എം.എല്‍.വിയെപ്പോലെ കൃതഹസ്തയും ശ്രദ്ധേയയുമായ ഒരുമുന്‍നിര സംഗീതജ്ഞയ്‌ക്കൊപ്പം ചെറിയപ്രായത്തില്‍തന്നെ വേദികള്‍ പങ്കിടാന്‍ലഭിച്ച അപൂര്‍വ്വ അവസരം കന്യാകുമാരിയുടെ സംഗീതജീവിതത്തിലെ ശ്രുതിമധുരമായ ഒരദ്ധ്യായം തന്നെയായിരുന്നു; വിശേഷിച്ചും സൂക്ഷ്മമായ മനോധര്‍മ്മംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച എം.എല്‍.വിയുടെ ശബ്ദത്തിന് അനുപദമായി വയലിന്‍വായിക്കാനുള്ള കന്യാകുമാരിയുടെ പാടവം അവരുടെ അസാമാന്യ പ്രതിഭയുടെ കൂടി തെളിവായിരുന്നു! എം.എല്‍.വി തന്റെ ഗുരുവും അമ്മയും മാതൃകയുമായിരുന്നെന്നും കര്‍ണ്ണാട്ടിക്ക് രാഗങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതും എം.എല്‍.വിയുമൊത്തുള്ള സംഗീതയാത്രകളും അനുഭവങ്ങളുമായിരുന്നു എന്നും കന്യാകുമാരി എക്കാലവും അനുസ്മരിച്ചിട്ടുണ്ട്.

സംഗീതപ്രതിഭകളെ സംബന്ധിച്ച് മദ്രാസ്സ് അക്കാഡമിയുടെ സംഗീതകലാനിധി പട്ടം വിലമതിക്കാനാവാത്ത ഒരു പുരസ്‌കാരമാണല്ലോ. അതവര്‍ക്ക് നല്‍കുന്ന അഭിമാനവും സ്ഥാനവും ചെറുതല്ല. ഒരുപക്ഷെ മ്യൂസിക്ക് അക്കാഡമിക്ക് കര്‍ണ്ണാട്ടിക്ക് സംഗീതലോകത്തുള്ള ചരിത്രപരമായ പ്രാധാന്യം കൊണ്ടാകാമിത്. അതുകൊണ്ടുതന്നെ മ്യൂസിക്ക് അക്കാഡമിയുടെ അംഗീകാരം കിട്ടിയാല്‍ മറ്റൊരുപുരസ്‌കാരവും ലഭിച്ചില്ലെങ്കിലും അതൊരു ബഹുമതിയാണ്. അതുപോലെ ഏതു പുരസ്‌കാരം ലഭിച്ചാലും സംഗീതകലാനിധിപ്പട്ടം ഇല്ലെങ്കില്‍ അതൊരു കുറവുതന്നെയാണ് എന്നാണ് സംഗീതലോകത്തെ പരസ്യമായ രഹസ്യം. സംഗീതകലാനിധിയായിരുന്ന എം.എല്‍.വിയുടെ മൂന്നുപ്രമുഖ ശിഷ്യര്‍ക്കും സംഗീതലാനിധിപട്ടം നേടാന്‍ കഴിഞ്ഞത് എടുത്തുപറയേണ്ട കാര്യമാണ്. കന്യാകുമാരിക്ക് മുന്‍പേ എം.എല്‍.വിയുടെ സംഗീതശിക്ഷണത്തില്‍വളര്‍ന്ന അവരുടെ മറ്റു രണ്ടു പ്രധാനശിഷ്യര്‍ സുപ്രസിദ്ധ സംഗീതജ്ഞ സുധാരഘുനാഥും മൃദംഗവിദ്വാന്‍ തിരുവരൂര്‍ ഭക്തവത്സലവും മദ്രാസ്സ് മ്യൂസിക്ക് അക്കാഡമിയുടെ പരമോന്നതബഹുമതിയായ ‘സംഗീതകലാനിധിപ്പട്ടം’ കരസ്ഥമാക്കി. എം.എല്‍.വി എന്ന സംഗീതജ്ഞയുടെ ശിക്ഷണപാടവത്തിന്റെകൂടി തെളിവായി അതിനെ വിലയിരുത്തേണ്ടതുണ്ട്!

വോക്കല്‍കച്ചേരികളുടെ പക്കമേളങ്ങള്‍ക്ക് പുറമേ ഇതര ഉപകരണ സംഗീതജ്ഞരുമായി അനവധി വേദികളില്‍ ‘വാദ്യലഹരി’ പരിപാടികളും ജുഗല്‍ബന്ദികളും കന്യാകുമാരി നടത്തിവരുന്നു. സുപ്രസിദ്ധ ഉപകരണ സംഗീതജ്ഞരായ കാദ്രി ഗോപിനാഥ് (സാക്‌സോഫോണ്‍), എ.കെ. പളനിവേല്‍ (തവില്‍), സക്കീര്‍ ഹുസൈന്‍ (തബല) തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാര്‍ക്കൊപ്പം അവര്‍ നടത്തിയ വയലിന്‍ കച്ചേരികള്‍ ആസ്വാദകരുടെ മനംകവര്‍ന്നവയാണ്. എണ്ണമറ്റ ഉപകരണകലാകാരന്മാരെ അണിനിരത്തി ഫ്യൂഷന്‍ സംഗീതത്തിന്റെ പുതിയപരീക്ഷണങ്ങളും അവര്‍ വിജയകരമായി ചെയ്തിട്ടുണ്ട്. രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത അത്തരം പരിപാടികളിലൂടെ അനേകം വിദേശരാജ്യങ്ങളില്‍ കര്‍ണ്ണാട്ടിക്ക് സംഗീതത്തിന്റെ ആരാധകരെ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ ‘സപ്താദ്രി’ എന്ന പേരില്‍ എഴുപുതിയ രാഗങ്ങള്‍ കന്യാകുമാരിയുടേതായുണ്ട്. അമേരിക്കയിലെ സാന്‍ഫ്രാന്‌സിസ്‌കോ സര്‍വ്വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ വയലിന്‍ സംഗീതത്തിന്റെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് എ.കന്യാകുമാരി. ലോകമെമ്പാടുമുള്ള എണ്ണമറ്റ ശിഷ്യസമ്പത്തുകളിലൂടെയും അവരുടെ അനുപമമായ സംഗീതം അനവരതം ഒഴുകുകയാണ്.

വയലിനിലെ ഈ പെണ്‍പെരുമ ശ്രദ്ധേയമായ സാന്നിധ്യമായി ജീവിതസായാഹ്നത്തിലും തന്റെ ജൈത്രയാത്ര തുടരുന്നു.

read more:ഊക്കന്‍സ്, ഹുങ്കന്‍സ് ഗ്യാംഗുകള്‍ക്ക് പിന്നില്‍ എം ഇ എസ് മാനേജ്മെന്‍റോ വിദ്യാര്‍ത്ഥി സംഘടനകളോ? ദേശീയ കായിക താരത്തിന് മര്‍ദ്ദനമേറ്റതില്‍ ആരാണ് യഥാര്‍ത്ഥ പ്രതി?

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

Share on

മറ്റുവാര്‍ത്തകള്‍