അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ രാവണവിജയം കഥകളില്‍ രാവണന്റെ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായത്
പ്രശസ്ത കഥകളി ആചാര്യന്‍ പത്മവിഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) അന്തരിച്ചു. കഴിഞ്ഞ ദിവസം അരങ്ങില്‍ വച്ച് തന്നെ മരിച്ച കലാമണ്ഡലം ഗീതാനന്ദന് പിന്നാലെ മറ്റൊരു അതുല്യ കലാകാരന്‍ കൂടിയാണ് ഇതോടെ കലാ കേരളത്തിന് നഷ്ടമായിരിക്കുന്നത്. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ രാവണവിജയം കഥകളില്‍ രാവണന്റെ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. തുടര്‍ന്ന് അണിയറയിലേക്ക് മാറിയ അദ്ദേഹം മരണത്തിന് കീഴടങ്ങി. കാവനാട് കന്നിന്‍മേല്‍ചേരി ആലാട്ടു കിഴക്കതില്‍ കേളീമന്ദിരത്തില്‍ മടവൂര്‍ വാസുദേവന്‍ നായരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കഥകളിയിലെ സമകാലീന തെക്കന്‍ കരളിയുടെ പരമാചാര്യനും അനുഗ്രഹീത നടനുമായ അദ്ദേഹം തെക്കന്‍ കളരി സമ്പ്രദായത്തിന്റെ അവതരണചാരുതകള്‍ കാത്തു സൂക്ഷിയ്ക്കുകയും അനന്തര തലമുറയിലേക്ക് കൈമാറുകയും ചെയ്തു.
പുരാണബോധം, മനോധര്‍മ്മ വിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യ സങ്കല്‍പ്പം തുടങ്ങിയവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി. താടി വേഷങ്ങള്‍ ഒഴികെ മറ്റെല്ലാ വേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലായിരുന്നു ജനനം. മടവൂര്‍ കാരോട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കിളിമാനൂര്‍ പോത്തന്‍കോട് ചാങ്ങ കല്യാണിയമ്മയുടെ മൂന്നാമത്തെ മകനാണ്. കിളിമാനൂര്‍ സിഎംഎസ് സ്‌കൂളില്‍ നിന്നും അഞ്ചാം ക്ലാസ് പൂര്‍ത്തിയായ ശേഷം മടവൂര്‍ പരമേശ്വരന്‍ ആശാന്റെ ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. പഠനം ആരംഭിച്ച് ആറാം മാസത്തില്‍ തന്നെ അരങ്ങേറി. ഉത്തരാസ്വയംവരത്തിലെ ഭാനുമതിയായും ഉത്തരനായും ആയിരുന്നു അരങ്ങേറ്റം. ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ വീട്ടില്‍ ഗുരുകുല സമ്പ്രദായത്തില്‍ 12 വര്‍ഷം തുടര്‍ച്ചയായി നടത്തിയ കഥകളി അഭ്യാസമാണ് അദ്ദേഹത്തിന്റെ മാറ്റ് കൂട്ടിയത്.
ബാണയുദ്ധത്തിലെ ബാണന്‍, തെക്കന്‍ രാജസൂയത്തിലെ ജരാസന്ധന്‍, ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്‍, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാന്‍, രംഭാപ്രവേശത്തിലെ രാവണന്‍, ദുര്യോധന വധത്തിലെ ദുര്യോധനന്‍, ബാണയുദ്ധത്തിലെ അനിരുദ്ധന്‍, സന്താനഗോപാലത്തിലെ അര്‍ജുനന്‍, പട്ടാഭിഷേകത്തിലെ ഭരതന്‍, ശങ്കരവിജയത്തിലെ ബാലശങ്കരന്‍ എന്നിവയാണ് ശ്രദ്ധേയ വേഷങ്ങള്‍.
കേരള കലാമണ്ഡലം പുരസ്‌കാരം, തുളസീവനം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ രംഗകുലപതി പുരസ്‌കാരം തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടി. 1968 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്നു. 1977ല്‍ തെക്കന്‍ സമ്പ്രദായത്തിന്റെ അധ്യാപകനായി. പിന്നീട് പകല്‍ക്കുറി കലാഭാരതി ആരംഭിച്ചപ്പോള്‍ കലാമണ്ഡലത്തില്‍ നിന്നും രാജിവച്ച് അവിടെ പ്രിന്‍സിപ്പലായി. കര്‍ണാടക സംഗീതത്തിലും പാടവമുള്ള അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ കഥകളി പദങ്ങള്‍ പാടിയിട്ടുണ്ട്.
സാവിത്രിയമ്മയാണ് ഭാര്യ, മക്കള്‍: മധു(ബംഗളൂരു), മിനി, ഗംഗാ തമ്പി(പ്രശസ്ത നര്‍ത്തകി. മരുമക്കള്‍: കിരണ്‍ പ്രഭാകര്‍, താജ് ബീവി, തമ്പി.