UPDATES

വായന/സംസ്കാരം

കൊച്ചിയില്‍ സുനില്‍ ജാന പകര്‍ത്തിയ ബംഗാള്‍ ക്ഷാമത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

ദേശീയ പ്രസ്ഥാനത്തിന് തീവ്രത കൂട്ടാന്‍ കാരണമായ ജനകീയ മുന്നേറ്റത്തിന് നിദാനമായിരുന്ന സംഭവത്തെക്കുറിച്ചുള്ള ഫോട്ടോകള്‍ മികച്ച ദൃശ്യാനുഭവമാണ്

                       

രണ്ടാം ലോക മഹായുദ്ധത്തിന്റെ അനന്തര ഫലമായി ബംഗാളില്‍ അനുഭവപ്പെട്ട ഭക്ഷ്യ ക്ഷാമത്തിന്റെ ഫോട്ടോകളാണ് അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുനില്‍ ജാനയുടെ ബിനാലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന് തീവ്രത കൂട്ടാന്‍ കാരണമായ ജനകീയ മുന്നേറ്റത്തിന് നിദാനമായിരുന്ന സംഭവത്തെക്കുറിച്ചുള്ള ഫോട്ടോകള്‍ മികച്ച ദൃശ്യാനുഭവമാണ്

ഇന്ത്യയിലെ വിവിധ ആദിവാസി കര്‍ഷക വിഭാഗങ്ങളെക്കുറിച്ചുള്ളതാണ് അസം സ്വദേശിയായ സുനില്‍ ജാനയുടെ ഫോട്ടോകള്‍. 1940 നും 1950 നും ഇടയില്‍ അദ്ദേഹം പകര്‍ത്തിയതാണിവ. നോയിഡയിലെ സ്വരാജ് ആര്‍ട്ട് ആര്‍ക്കൈവ്‌സില്‍ നിന്നുമാണ് ഈ ഫോട്ടോകള്‍ ബിനാലെയിലെത്തിച്ചത്.

മുന്‍വിധികളില്ലാത്ത ഫോട്ടോകള്‍ എന്നാണിവയെ ക്യൂറേറ്റര്‍ അനിത ദുബെ വിശേഷിപ്പിച്ചത്. ബംഗാളിലെ സന്താള്‍, ബസ്തറിലെ മാരിയ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹം, മഹാര്‍ പ്രദേശത്തെ വര്‍ലി, മലബാറിലെ കര്‍ഷകര്‍ തുടങ്ങിയവയുടെ ഫോട്ടോകളാണിവ. എങ്ങനെയാണ് പട്ടിണിയിലും ഈ ജനസമൂഹങ്ങള്‍ ജീവിതം ആഘോഷിച്ചതെന്ന് ഫോട്ടോകള്‍ ചൂണ്ടിക്കാണിക്കുന്നു.

ക്ഷാമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഫോട്ടോകള്‍ മന:പൂര്‍വ്വമാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കാത്തത്. തേയിലയ്ക്കും, പെട്രോളിയത്തിനും പ്രശസ്തമായ അസമിലെ ഡീബ്രുഗഢിലാണ് സുനില്‍ജാന(1918-2012) ജനിച്ചത്. പിന്നീട് കൊല്‍ക്കത്തയിലേക്ക് ചേക്കേറിയപ്പോഴാണ് അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പിസി ജോഷിയുമായി അടുപ്പത്തിലായി. അദ്ദേഹമാണ് ഫോട്ടോഗ്രഫി തൊഴിലായി സ്വീകരിക്കാന്‍ സുനില്‍ ജാനയെ ഉപദേശിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ചിത്തൊപ്രൊശാദിനൊപ്പം അദ്ദേഹം ബംഗാള്‍ ക്ഷാമം ക്യാമറയിലാക്കി.

മികച്ച ദൃശ്യാനുഭവമാണ് സുനില്‍ ജാനയുടെ ഫോട്ടോകളെന്ന് അനിത ദുബെ പറഞ്ഞു. കലാപരമായി ഏറെ സമ്പന്നമാണിവ.  ആദിവാസി-കര്‍ഷക സമൂഹത്തോട് അദ്ദേഹത്തിന് സഹാനുഭൂതിയുണ്ടായിരുന്നുവെന്ന് അനിത ദുബെ പറഞ്ഞു. ഇടതുപക്ഷ പ്രസിദ്ധീകരങ്ങളായ പീപ്പിള്‍സ് വാറിലടക്കം അദ്ദേഹത്തിന്റെ ഫോട്ടോ ഫീച്ചറുകള്‍ വരാറുണ്ടായിരുന്നു.

പില്‍ക്കാലത്ത് അദ്ദേഹം മുംബൈയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റുകയും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍, പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ ഇടതുപക്ഷ കലാകാര സംഘടനകളില്‍ അംഗമായി. 2015 ല്‍ ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ജാനയുടെ ഫോട്ടോ ശേഖരം പ്രദര്‍ശിപ്പിച്ചിരുന്നു. 94-ാം വയസ്സില്‍ അമേരിക്കയില്‍ വച്ചായിരുന്നു സുനില്‍ ജാനയുടെ മരണം. 2003 മുതല്‍ കാലിഫോര്‍ണിയയിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

.

Share on

മറ്റുവാര്‍ത്തകള്‍