Continue reading “ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?”

" /> Continue reading “ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?”

"> Continue reading “ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?

                       

ടീം അഴിമുഖം

1947 ഒക്ടോബര്‍ 27-ന് മുസാഫര്‍ബാദില്‍ നിന്നും ശ്രീനഗറിലേയ്ക്കുള്ള മെയിന്‍റോഡിലേയ്ക്ക് പത്താന്‍ പടയാളികള്‍ ഇരച്ചുകയറി. അക്ബറും വിദേശമിഷനറിമാരും ഉള്‍പ്പെടെ പല കടന്നുകയറ്റക്കാരും കാശ്മീര്‍ താഴ്വരയിലേയ്ക്കുള്ള സന്ദര്‍ശകരുമൊക്കെ ഇതിനുമുന്‍പും സുന്ദരമായ ബാരാമുള്ളയില്‍ എത്തിയിട്ടുണ്ടെങ്കിലും ആ പ്രഭാതം വ്യത്യസ്തമായിരുന്നു. സെന്റ് ജോസഫ്സ് കോണ്‍വന്റിലും ആശുപത്രിയിലും ദീനാനുകമ്പയോടുകൂടി പേടിയും നിറഞ്ഞു.

 

മണിക്കൂറുകള്‍ക്കുള്ളില്‍ പത്താന്‍ കടന്നുകയറ്റക്കാര്‍ ആശുപത്രിപരിസരം നിറഞ്ഞു. ഡോക്ടര്‍മാരെയും വിദേശികന്യാസ്ത്രീമാരെയും മറ്റുള്ളവരെയും നിരത്തിനിറുത്തി കൊള്ളയടിച്ചു. ഒരു വിദേശി കന്യാസ്ത്രീയുടെ സ്വര്‍ണ്ണപ്പല്ലും അവര്‍ എടുത്തു. പിന്നീട് ആറുപേരെ വെടിവെച്ചു, ഒരു രോഗിയെ കുത്തി. കൃത്യസമയത്ത് പാക്കിസ്ഥാന്‍ പട്ടാളം എത്തിയതുകൊണ്ട്‌ ബാക്കിയുള്ള മനുഷ്യരും അഭയാര്‍ഥികളും രക്ഷപെട്ടു. റാവല്‍പിണ്ടിയില്‍ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന കോണ്‍വെന്‍റ് സ്കൂളില്‍ പഠിച്ച ഒരു മേജര്‍ ആയിരുന്നു ഈ ഓപ്പറേഷന് നേതൃത്വം നല്കിയത്. 1947-ലെ ആ നിര്‍ണായക ദിവസം ന്യൂഡല്‍ഹിയില്‍ മഹാരാജ ഹരിസിംഗ് ഒപ്പുവെച്ച അധികാരപത്രം (Instrument of Accession) ലോര്‍ഡ്‌ മൌണ്ട്ബാറ്റണ്‍ സ്വീകരിച്ചു. 

 

കടന്നുകയറ്റക്കാര്‍ കോണ്‍വന്റില്‍ ചെയ്ത അക്രമവും ഹരിസിംഗിന്റെ സമ്മതവും കൊണ്ട് ഇന്ത്യന്‍ സൈന്യത്തിന് വേഗം തന്നെ ശ്രീനഗറില്‍ എത്താനും തലസ്ഥാനനഗരിയെ കടന്നുകയറ്റക്കാരില്‍ നിന്ന് സംരക്ഷിക്കാനും ഒപ്പം ജമ്മു-കാശ്മീര്‍, അതിന്റെ ഒരു ഭാഗം, എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് ഉറപ്പുവരുത്താനും കഴിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും വെടിനിറുത്തല്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിഭജനരേഖ ഗ്രാമങ്ങളിലൂടെ കടന്ന് കുടുംബങ്ങളെ വിഭജിപ്പിച്ചു. ഇവിടെ യുഎന്‍ സമാധാനസേന പ്രവേശിച്ചു. ജനങ്ങളുടെ താല്പ്പര്യപ്രകാരം ജമ്മു-കശ്മീര്‍ അധികാരപ്രശ്നം പരിഹരിക്കാം എന്ന് മൌണ്ട്ബാറ്റന്‍ സമ്മതിച്ചു.

 

ഇത്തരം യാഥാര്‍ഥ്യങ്ങളില്‍ നിന്നാണ് 370-ആം വകുപ്പ് രൂപം കൊള്ളുന്നത്. അത് സംസ്ഥാനത്തിനു പ്രത്യേകപരിഗണനകള്‍ അനുവദിച്ചു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരുടെ അവകാശങ്ങളുമായി സംബന്ധിച്ച വിഷയങ്ങള്‍ വരുമ്പോഴാണ് ഈ നിയമം സിംബോളിക് അല്ലാതാകുന്നത്. സംസ്ഥാനത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെങ്കിലോ അതിര്‍ത്തികള്‍ മാറ്റി നിര്‍ണ്ണയിക്കണമെങ്കിലോ സംസ്ഥാനത്തിന്റെ പേരു മാറ്റണമെങ്കിലോ ഒക്കെ സംസ്ഥാന അസംബ്ലിയുടെ അനുമതി വേണം. അത്തരം അധികാരങ്ങള്‍ അനുഭവിക്കുന്ന ഒരേയൊരു സംസ്ഥാനമൊന്നുമല്ല ജമ്മു-കാശ്മീര്‍. ആര്‍ട്ടിക്കിള്‍ 371 പ്രകാരം ഹിമാചല്‍ പ്രദേശും അരുണാചല്‍ പ്രദേശും നാഗാലാണ്ടും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും പല കാരണങ്ങളുടെ പേരില്‍ പ്രത്യേകാനുകൂല്യങ്ങള്‍ നേടിയിട്ടുണ്ട്.

 

സംഘപരിവാറിന്റെ ആര്‍ട്ടിക്കിള്‍ 370 താല്‍പ്പര്യം

ജമ്മുവിലെ ലാല്‍ക്കറില്‍ നടത്തിയ ഒരു ഇലക്ഷന്‍ റാലിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ട്ടിക്കിള്‍ 370നെപ്പറ്റി ഒരു ചര്‍ച്ച തുടങ്ങിവെച്ചു. ആര്‍ട്ടിക്കിളിനെ പറ്റിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബിജെപി മാറ്റിയേക്കും എന്നതിന്റെ സൂചനയായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ചൊവ്വാഴ്ച മോദി മന്ത്രിസഭയുടെ ആദ്യ രാഷ്ട്രീയ വിവാദത്തിനു തുടക്കമിട്ടു. ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റാനുള്ള ചര്‍ച്ച തുടങ്ങണമെന്നും അതിനെപ്പറ്റി “ബോധ്യമില്ലാത്ത ആളുകളെ ബോധ്യപ്പെടുത്താനുള്ള” ശ്രമങ്ങള്‍ നടത്തുമെന്നുമാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്. ഈ പ്രസ്താവനയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

 

ഈ നീക്കത്തെ വിമര്‍ശിച്ച ആളുകളില്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 രൂപവല്‍ക്കരിച്ചതിലെ പ്രധാനികളില്‍ ഒരാള്‍ ഒമര്‍ അബ്ദുള്ളയുടെ മുത്തശ്ശന്‍ ഷെയ്ക്ക് അബ്ദുള്ളയാണ്. മോദി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് മാറിയാലും ആര്‍ട്ടിക്കിള്‍ 370 തുടരുമെന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്. നെഹ്‌റുവുമായുള്ള നല്ല സൌഹൃദമാണ് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഷെയ്ക്ക് അബ്ദുള്ളയെ സഹായിച്ചത്. എന്നാല്‍ ഭരണഘടനയുടെ പിതാവായ ബി ആര്‍ അംബേദ്‌കര്‍ ഈ നീക്കത്തിനെതിരായിരുന്നു.

 

വിവാദം മുറുകിവന്നപ്പോള്‍ ബുധനാഴ്ച മറ്റുള്ളവരും കൂടെ ചേര്‍ന്നു. ആര്‍എസ്എസ് നേതാവ് രാം മാധവ് ട്വീറ്റ് ചെയ്തു: “ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകില്ലേ? പിതൃസ്വത്താണെന്നാണോ ഒമറിന്റെ വിചാരം? 370 ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മു കാശ്മീര്‍ സദാ ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും.” കോണ്‍ഗ്രസും പിന്നീട് ഇതേ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. 

 

ആര്‍ട്ടിക്കിള്‍ 370 നെ എതിര്‍ക്കുന്നതില്‍ സംഘപരിവാറിന് ഒരു ചരിത്രവും അതിനൊരു സ്വഭാവവുമുണ്ട്‌. ബിജെപിയുടെ മുന്‍ഗാമിയായ ഭാരതീയജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് കാശ്മീരിന്റെ പ്രത്യേകപദവിയെ എതിര്‍ത്തതില്‍ പ്രമുഖന്‍. ഹിന്ദുമഹാസഭയുടെയും രാമരാജ്യപരിഷത്തിന്റെയും പിന്തുണയോടെ അദ്ദേഹം ഇതിനെതിരെ ഒരു സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു. 1953-ല്‍ അദ്ദേഹം കശ്മീര്‍ സന്ദര്‍ശിക്കുകയും ചെയ്തു. കാശ്മീരിലേയ്ക്കുള്ള അതിര്‍ത്തി മുറിച്ചുകടക്കുന്നതിനിടെ ലഖന്‍പൂരില്‍ വെച്ച് 1953 മേയ് പതിനൊന്നിന് അദ്ദേഹത്തെ അറസ്റ്റുചെയ്തു. ജൂണ്‍ ഇരുപത്തിമൂന്നിന് കസ്റ്റഡിയില്‍ വെച്ച് ദുരൂഹമായി അദ്ദേഹം മരിച്ചുവെങ്കിലും മരിക്കുന്നതിനുമുന്പ് കാശ്മീരിന് പ്രത്യേക പദവി വേണമെന്ന് സമ്മതിച്ചിരുന്നു.

 

ആര്‍ട്ടിക്കിള്‍ 370 മനസിലാക്കുകയും കാശ്മീരിന്റെ സങ്കീര്‍ണ്ണമായ ഭൂതകാലവുമായി ഇടപെടുകയും ചെയ്യണമെങ്കില്‍ ആ സംസ്ഥാനത്തിന്റെ അവസ്ഥയെ കുറച്ചുകൂടി നന്നായി മനസിലാക്കേണ്ടതുണ്ട്.

 

 

ആര്‍ട്ടിക്കിള്‍ 370-നെപ്പറ്റിയുള്ള പാര്‍ലമെന്റ് സംവാദങ്ങളില്‍ അതിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് നെഹ്റുവിന്റെ വിശ്വസ്തനും ഹരിസിംഗിന്റെ മുന്‍ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ്. ആദ്യത്തെ യൂണിയന്‍ കാബിനറ്റില്‍ വകുപ്പില്ലാത്ത മന്ത്രിയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിളിന്റെ പ്രധാന രൂപകര്‍ത്താവും അദ്ദേഹം തന്നെയായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് മറ്റു പ്രിന്‍സ്ലി സ്റേറ്റ്കളില്‍ നിന്ന് വ്യത്യസ്തമായി ജമ്മു കാശ്മീര്‍ ഏകീകരണത്തിനു തയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജമ്മു കാഷ്മീരിനുവേണ്ടി പാക്കിസ്ഥാനുമായി ഇന്ത്യ നിരന്തരം യുദ്ധത്തിലായിരുന്നു. കാശ്മീരിലെ അവസ്ഥകള്‍ “അസ്വാഭാവികവും അസ്വസ്ഥവുമായിരുന്നു”. സ്റ്റേറ്റിന്‍റെ ചില ഭാഗങ്ങള്‍ “റിബലുകളുടെയും ശത്രുക്കളുടെയും കൈവശമായിരിക്കുന്നു”; പാക്കിസ്ഥാന്റെ കൈവശമുള്ള പ്രദേശങ്ങളെപ്പറ്റി അയ്യങ്കാര്‍ പറഞ്ഞു.

 

യു എന്‍ ഇടപെടല്‍ ഈ സംഘര്‍ഷത്തിന് ഒരു അന്താരാഷ്‌ട്രമാനം കൊണ്ടുവന്നു. കാശ്മീര്‍ പ്രശ്നം “തൃപ്തികരമായി” പരിഹരിച്ചാല്‍ മാത്രം അഴിയുന്ന “ഒരു കുരുക്കാ”യാണ് യുഎന്‍ ഇതിനെ കണ്ടത്. ഒടുവില്‍ അയ്യങ്കാര്‍ വാദിച്ചത് “ജമ്മു-കാശ്മീരിലെ അസംബ്ലിയിലൂടെ ആളുകളുടെ താല്പര്യമറിഞ്ഞു മാത്രമേ ആ സംസ്ഥാനത്തെ ഭരണഘടനയും അതിനുമേല്‍ യൂണിയനുള്ള അധികാരവും നിര്‍ണയിക്കാനാകൂ” എന്ന് അയ്യങ്കാര്‍ വാദിച്ചു.

 

ഇടുങ്ങിയ വീക്ഷണങ്ങള്‍

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളിലൂടെ മാത്രം ജമ്മു-കാശ്മീരിനെ നോക്കുനത് ഒരു ഇടുങ്ങിയ വീക്ഷണമേ തരൂ. ഭരണഘടനാപരമായി തന്നെ ഈ വിവാദ ആര്‍ട്ടിക്കിള്‍ പിന്‍വലിക്കുന്നത് അത്ര എളുപ്പമാണോ? അല്ല എന്നതാണ് ലളിതമായ ഉത്തരം. ആര്‍ട്ടിക്കിള്‍ 370-ന്‍റെ മൂന്നാം അനുച്ഛേദപ്രകാരം പ്രസിഡന്റിനു വേണമെങ്കില്‍ പൊതു അറിയിപ്പിന്ശേഷം ആ സംസ്ഥാനത്തെ അസംബ്ലിയുടെ ശുപാര്‍ശയോടുകൂടി മാത്രം ഇത് പിന്‍വലിക്കാന്‍ അധികാരമുണ്ട്‌. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ ജമ്മു-കാശ്മീരില്‍ ഒരു പുതിയ കോണ്‍സ്റ്റിട്യുവന്റ് അസംബ്ലി ചേര്‍ന്ന് ഈ ശുപാര്‍ശ നടത്തിയാല്‍ മാത്രമേ ഇത് സംഭവിക്കൂ.

 

തീര്‍ച്ചയായും ഭരണഘടനയിലെ ഈ ഭാഗം തിരുത്താനുള്ള അധികാരം പാര്‍ലമെന്റിനുണ്ട്. എന്നാല്‍ ഒരു ജുഡീഷ്യല്‍ റിവ്യൂവോടു കൂടി മാത്രമേ ഇത് ചെയ്യാനാകൂ. ഇത്തരമൊരു റിവ്യു പക്ഷെ ഈ അനുച്ഛേദം സംസ്ഥാനവും കേന്ദ്രവുമായുള്ള ബന്ധത്തിന്റെ ഒരു പ്രധാനകണ്ണിയാണെന്ന് തിരിച്ചറിയുകയും ചെയ്യും. അപ്പോഴും ഇത് തിരുത്താന്‍ കഴിയാതെവരും.

 

ആര്‍ട്ടിക്കിളില്‍ പറയുന്നതുപോലെ ജമ്മു-കാശ്മീര്‍ മുഖ്യധാരാദേശീയതയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നതും സ്വയംഭരണത്തിന് സംസ്ഥാനം ആഗ്രഹിക്കുന്നതും തമ്മില്‍ വലിയ വൈരുധ്യങ്ങളൊന്നുമില്ല എന്നാണ് ഓസ്ട്രേലിയ, ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടരും മെല്‍ബോണ്‍ സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറായ അമിതാഭ് മട്ടൂ പറയുന്നത്. “അധികാരഘടനകളില്‍ നിന്നും നയരൂപീകരണ പ്രക്രിയയില്‍ നിന്നും ആളുകള്‍ മാറിനില്‍ക്കുമ്പോഴാണ് വിഭാഗീയത വളരുന്നത്. എന്നാല്‍ അധികാരക്കൈമാറ്റമുണ്ടായാല്‍ രാജ്യതന്ത്രത്തില്‍ അവര്‍ക്കും പങ്കുണ്ടാവും. ആര്‍ട്ടിക്കിള്‍ 370 നിര്‍മ്മിച്ചതിനെക്കാള്‍ വിഭാഗീയത വര്‍ദ്ധിപിച്ചത് ഈ ആര്‍ട്ടിക്കിള്‍ ദുര്‍വിനിയോഗം ചെയ്തതാണ് എന്ന് വാദിക്കാനാകും. ശ്രീനഗറില്‍ വെച്ച് 1982-ല്‍ നടന്ന പ്രതിപക്ഷ കോണ്‍ക്ലേവില്‍ മിക്കവാറും എല്ലാ ദേശീയപാര്‍ട്ടികളുടെയും നേതാക്കള്‍,  ബിജെപിയുടെ ഇപ്പോഴുള്ളതും മുന്‍പുണ്ടായിരുന്നതുമായ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ, ജമ്മു കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 അനുസരിച്ചുള്ള പ്രത്യേക പദവി സംരക്ഷിക്കപ്പെടേണ്ടാതാണ് എന്ന് വാദിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370-നെപ്പറ്റിയുള്ള സംവാദങ്ങള്‍ ജമ്മു-കാശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നടത്തിയ ഇടപെടലുകളോട് ചേര്‍ത്ത് കാണുമ്പോള്‍ മാത്രമേ Jhumuriyat, Kashmiriyat, Insaniyat എന്നീ മുദ്രാവാക്യങ്ങളുടെ യഥാര്‍ത്ഥ അര്‍ഥം മനസിലാക്കാനാകൂ”, അദ്ദേഹം പറയുന്നു.

 

 

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചാല്‍ ജമ്മു-കാശ്മീരിലെ എല്ലാ പ്രശ്നങ്ങളും തീരുമോ എന്നതാണ് ചോദിക്കേണ്ട ചോദ്യം. ആ മനോഹര സംസ്ഥാനത്ത് കഴിഞ്ഞ ആറു ദശാബ്ദമായി ആളുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെ എന്തു ചെയ്യും? ഈ കാലം കൊണ്ട് അപ്രത്യക്ഷരായ ആയിരക്കണക്കിന് മനുഷ്യരുടെ കാര്യമോ? 1987 മുതല്‍ ഇന്ന്‍ ഈ മേഖലയിലെ കൂടിവരുന്ന സൈനികവത്കരണം മൂലമുണ്ടാകുന്ന രക്തച്ചൊരിച്ചിലോ? നമ്മുടെ മിലിട്ടറി, പോലീസ്, പാരാമിലിട്ടറി ഫോഴ്സുകള്‍ ഇത്രയധികം എന്തിനാണ് അവിടെ? ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയാല്‍ കാശ്മീരിലെ വിധവകളുടെ കണ്ണുനീര്‍ ഒഴിയുമോ? അവരുടെ അനാഥക്കുട്ടികള്‍ക്ക് സമാധാനപൂര്‍ണ്ണമായ ഒരു ഭാവി ഉറപ്പാക്കാന്‍ കഴിയുമോ?

 

ഇന്ത്യന്‍ സര്‍ക്കാരും തിമിരം ബാധിച്ച രാഷ്ട്രീയക്കാരും കലാപങ്ങളെപ്പറ്റി, അത് കാശ്മീരിലെയായാലും നോര്‍ത്ത് ഈസ്റ്റിലെയായാലും ആദിവാസിമേഖലകളിലെയായാലും, അങ്ങേയറ്റം നിര്‍വികാരമായ ഭരണഭാഷയിലാണ് ഇതുവരെ സംസാരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഒരു ആധുനികനേതാവായാണ് ചരിത്രത്തില്‍ അറിയപ്പെടാന്‍ മോദി ആഗ്രഹിക്കുന്നതെങ്കില്‍ ശക്തമായ നേതൃത്വത്തോടൊപ്പം സഹാനുഭൂതിയും അദ്ദേഹം പരിശീലിക്കേണ്ടിയിരിക്കുന്നു. ഒപ്പം അല്‍പ്പം സഹാനുഭൂതി അദ്ദേഹത്തിന്റെ മറ്റു മന്ത്രിമാര്‍ക്കും സംഘപരിവാറിലെ കൂട്ടാളികള്‍ക്കും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അങ്ങനെയൊരു വികാരത്തോടെ വേണം ഇന്ത്യന്‍ ഭൂപടത്തെ നോക്കാന്‍.

 

ലോകത്തിലെ തന്നെ ഏറ്റവും പഴക്കചെന്ന കലാപങ്ങള്‍ നടന്നിട്ടുള്ള നാടാണിത്. ആയിരക്കണക്കിന് വിധവകള്‍, അനാഥര്‍, പീഡിതരായ കുടുംബങ്ങള്‍ എന്നിവര്‍ ഓരോ കോണിലുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നാലും അത് എടുത്തുമാറ്റിയാലും ഇവരുടെ ഒറ്റയ്ക്കുള്ള പേടിസ്വപ്നങ്ങളെയും കൂട്ടായ നിസഹായയെയും മറന്നു മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണത്തിന്റെ ബാക്കിപത്രമാണിത്.

 

ജമ്മുകാശ്മീരിന്റെ ചരിത്രം ആ ഭൂമി പോലെ തന്നെ നിഗൂഡമാണ്. ഓരോ കാലത്തും ആ സ്ഥലത്തിന് ഓരോ തരം മാസ്മരികതയും സൌന്ദര്യവുമാണ്. ഭൂമിയിലെ ആ സ്വര്‍ഗ്ഗത്തില്‍ ഒരു ഉണങ്ങിവരണ്ട വേനല്‍ദിനം പോലും സുന്ദരമാണ്. അതിന്റെ ചരിത്രത്തിനും അതെ സ്വഭാവമാണ്. എന്നാല്‍ ഓരോ കാലത്തും ആ ചരിത്രം പീഡിപ്പിക്കുന്നതുമാണ്. ഓരോ സന്ദര്‍ശകനും ഓരോ വായനക്കാരനും തങ്ങളോടൊപ്പം സ്ഥിരമായി ഒരു കഷണം ദുഖവും സൗന്ദര്യവും എടുക്കാറുണ്ട്. ആര്‍ട്ടിക്കിള്‍ 370  എടുത്തുമാറ്റിയാല്‍ പീഡിപ്പിക്കപ്പെട്ട ആത്മാക്കള്‍ക്ക് ശാന്തി കിട്ടില്ല. ഇന്ത്യയെന്ന പൂര്‍ത്തിയാകാത്ത ഒരു ജോലിയുടെ ചിഹ്നമാണ് കാശ്മീര്‍. ഇവിടുത്തെ പ്രശ്നങ്ങള്‍ സുന്ദരമായ ആ താഴ്വരയില്‍ മാത്രമല്ല ദല്‍ഹിയിലെ സിക്ക് താമസസ്ഥലങ്ങളിലും അഹമ്മദാബാദിലെ മുസ്ലിം തെരുവുകളിലും മധ്യേന്ത്യയിലെ ആദിവാസിഗ്രാമങ്ങളിലും നോര്‍ത്ത് ഈസ്റ്റിലെ പല പേരറിയാത്ത ഗ്രാമങ്ങളില്‍ നിന്നുയരുന്ന നിലവിളികളിലും അത് കാണാം.

 

Related news


Share on

മറ്റുവാര്‍ത്തകള്‍