UPDATES

‘കര്‍മഫലം’

കെജ്‌രിവാളിന്റെ അറസ്റ്റില്‍ അണ്ണ ഹസാരെ

                       

ഡൽഹി മദ്യനയ കേസിൽ നിന്നും വിട്ടുനിൽകണമെന്ന് അരവിന്ദ് കെജ്‌രിവാളിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെ. കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായാണ് അണ്ണ ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൻ്റെ മുഖമായി മാറിയ സാമൂഹിക പ്രവർത്തകനാണ് അണ്ണ ഹസാരെ. 2010-കളുടെ തുടക്കത്തിൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം ലോക്പാൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഹസാരെ, കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് സ്വന്തം ചെയ്തികൾ മൂലമാണെന്ന് ആരോപിച്ചു.

‘ഞങ്ങളുടെ ജോലി എക്സൈസ് പോളിസി ഉണ്ടാക്കലല്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മദ്യം ദുഷിച്ചതാണെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. എക്‌സൈസ് നയ വിഷയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു,” മഹാരാഷ്ട്രയിലെ തൻ്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിൽ വച്ച് പിടിഐയോട് സംസാരിക്കുകയായിരുന്നു അണ്ണ ഹസാരെ.

‘കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം കരുതിയത്, അതുകൊണ്ടാണ് ഇത്തരം ഒരു നയത്തിന് മുതിർന്നത്.  അദ്ദേഹത്തിന് രണ്ടു തവണ കത്തെഴുതിയിരുന്നു. മദ്യത്തിനെതിരെ ശബ്ദമുയർത്തിയ അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ള ഒരാൾ ഇങ്ങനെ ഒരു കാര്യത്തിന് മുതിർന്നത് വിഷമകരമായ വസ്തുതയായിരുന്നു. സ്വന്തം പ്രവൃത്തികളുടെ ഫലമായാണ്  കെജ്‌രിവാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. നിയമം ഇനി അതിൻ്റെ വഴിക്ക് പോകും, സർക്കാർ ആവശ്യമായ കാര്യങ്ങൾ ചെയ്തിരിക്കും,’ അണ്ണ ഹസാരെ പറയുന്നു.

മുമ്പ് അണ്ണ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാൾ. യുപിഎ ഭരണകാലത്തു നടന്ന അഴിമതികൾക്കെതിരെ പ്രക്ഷോഭം നയിക്കാൻ ഇരുവരും ചേർന്നാണ് നേതൃത്വം നൽകിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തെ അണ്ണ ഹസാരെ ശക്തമായി എതിർത്തിരുന്നു. പിന്നീട് ഇരുവരും തമ്മിൽ അകന്നു.

വ്യാഴാഴ്ച്ച രാത്രിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി കെജ്‌രിവാളിന് ഒമ്പത് തവണ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസുകളെല്ലാം അദ്ദേഹം നിരാകരിക്കുകയായിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ആം ആദ്മി നേതാക്കൾ തന്നെ ഇതുസംബന്ധിച്ച് സൂചനകൾ പറഞ്ഞിരുന്നു. കേസിലെ നിർബന്ധിത നടപടികളിൽ നിന്നും സംരക്ഷണം നൽകാൻ വിസമ്മതിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ അറസ്റ്റ് ഉണ്ടാകുമെന്നത് തീർച്ചയായി. വ്യാഴാഴ്ച്ച രാത്രി സിവിൽ ലൈനിലുള്ള ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ 12 അംഗ ഇഡി സംഘമാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റ് ചെയ്തിന്റെ പേരിൽ കെജ്‌രിവാൾ രാജിവയ്ക്കില്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലിൽ കിടന്നായാലും അദ്ദേഹം തന്നെ സർക്കാരിനെ നയിക്കുമെന്നുമാണ് ആം ആദ്മി പാർട്ടി പറയുന്നത്.

രണ്ട് മാസത്തിനിടയിൽ ഇത് രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. ജനുവരി 31 നാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെയും ഇഡി അറസ്റ്റ് ചെയ്യുന്നത്. പ്രതിപക്ഷ നിരയിലുള്ള രണ്ട് സിറ്റിംഗ് മുഖ്യമന്ത്രിമാരെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്നത് ഇന്ത്യയിൽ മുൻമാതൃകകളില്ലാത്ത സംഭവമാണ്. ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദം അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് കെജ്‌രിവാളിന്റെ അറസ്റ്റോടെ കൂടുതൽ ശക്തിവന്നിരിക്കുകയാണ്.

 

Share on

മറ്റുവാര്‍ത്തകള്‍