UPDATES

ഉത്തരകാലം

മണിപ്പൂര്‍ തീയുടെ ചൂടറിയാം മിസോറാമില്‍

നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം

                       

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള സംസ്ഥാനമാണ് മിസോറാം. 40 നിയോജകമണ്ഡലങ്ങള്‍ മാത്രമുള്ള ഇവിടത്തെ വോട്ടര്‍മാരുടെ എണ്ണം വെറും എട്ട് ലക്ഷത്തി അമ്പത്താറായിരമാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പോലെ മിസോറാമിലും പ്രാദേശിക രാഷ്ട്രീയമാണ് ഇപ്പോള്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് ആണ് ഭരിക്കുന്നത്. 2013 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് വെറും അഞ്ചു സീറ്റാണ് ലഭിച്ചത്. അന്ന് കോണ്‍ഗ്രസ് നേടിയതാകട്ടെ 34 സീറ്റുകളും. എന്നാല്‍ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് 27 സീറ്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍, കോണ്‍ഗ്രസ് വെറും നാല് സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റുകളില്‍ ഒരു സീറ്റ് നേടി ബിജെപി അകൗണ്ട് തുറന്നിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. 2019 നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് വലിയ നേട്ടം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല. അവര്‍ നേടിയ 27 സീറ്റില്‍ നിന്ന് 22 സീറ്റിലേക്ക് കുറയുകയാണ് ചെയ്തത്. അതേസമയം ബിജെപിയുടെ സാധ്യതയും അവിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മങ്ങിയതായി കാണാം. 2018ല്‍ 8.1 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചതെങ്കില്‍, 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് 5.7 ശതമാനത്തിലേക്ക് കുറയുകയാണ് ഉണ്ടായത്.

മിസോറാമിനോട് ചേര്‍ന്ന് കിടക്കുന്ന മണിപ്പൂരിലെ കലാപം തീര്‍ച്ചയായും മിസോറാം തെരഞ്ഞെടുപ്പിനെ ബാധിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ നല്ലൊരു ശതമാനം മിസോറാമിലുണ്ട്. ഏതാണ്ട് 35,000ത്തോളം അഭയാര്‍ത്ഥികള്‍ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്ന് മാത്രം മിസോറാമില്‍ എത്തിയിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. മണിപ്പൂര്‍ കലാപം ഉണ്ടായപ്പോള്‍ അവിടെനിന്നും 12000ത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായി മിസോറാമില്‍ എത്തുകയുണ്ടായി. അസമുമായി അതിര്‍ത്തി തര്‍ക്കമുള്ളത് ഇത്തവണ തെരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയമാണ്.

കേന്ദ്ര ഭരണത്തില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്ന ഒരു സര്‍ക്കാരാണ് മിസോറാം ഭരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട്. മണിപ്പൂരിലെ വിഷയവും, മ്യാന്‍മര്‍ വിഷയവും, അസം അതിര്‍ത്തി തര്‍ക്കവും എല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടുകളില്‍ മിസോറാമിലെ ജനങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത്യപ്തരാണ്. ഏക സിവില്‍ കോഡ് വിഷയവും അവിടെ ബിജെപിക്ക് തലവേദനയുണ്ടാക്കും. സംസ്ഥാനം ഭരിക്കുകയും, കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഘടകകക്ഷിയായ നാഷണല്‍ ഫ്രണ്ട് ബിജെപി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. സമീപകാലത്ത് നടന്ന മണിപ്പൂര്‍ കലാപം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുവാനാണ് സാധ്യത എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളേക്കാള്‍ ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇസഡ് പി എം എന്ന സൊറം പീപ്പിള്‍സ് മൂവ്‌മെന്റ് സ്ഥാപിതമായത് 2017ല്‍ മാത്രമാണ്. മുന്‍ കോണ്‍ഗ്രസ് എംപിയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ഡുഹോമയുടെ നേതൃത്വത്തിലാണ് ഈ പാര്‍ട്ടി നിലവില്‍ വന്നത്. മിസോറാമിലെ രാഷ്ട്രീയത്തില്‍ അവര്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയതിന് സമാനമാണ്. ഇത് മിസോ നാഷണല്‍ പാര്‍ട്ടിക്കും അവിടെ നില മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും പ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരത്തിന് ഇറങ്ങുകയും എട്ടു പേരെ വിജയിപ്പിക്കുവാന്‍ സാധിക്കുകയും ചെയ്തു എന്നുള്ളതും, മിസോറാമിലെ വലിയ നഗരങ്ങളില്‍ ഒന്നായ ലുങ് ലൈയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി ജയിച്ചു എന്നുള്ളതും ഇവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

മിസോറാം ഭരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ സെറാം താംഗ പറയുന്നത് ഇവിടെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ്. കോണ്‍ഗ്രസിന് ഇവിടെ രണ്ട് സീറ്റ് കിട്ടിയാല്‍ ഭാഗ്യം എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. മിസോറാമില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നാണ് കേന്ദ്രത്തില്‍ ഘടകകക്ഷിയായ എം എന്‍ എഫ് നേതാവായ മുഖ്യമന്ത്രി പറയുന്നത്. ഒരു മടിയും കൂടാതെ മിസോറാമിലേയ്ക്ക് മണിപ്പൂരിലേയും മ്യാന്‍മറിലേയും അഭയാര്‍ത്ഥികളെ സ്വീകരിച്ചത് ദേശിയ തലത്തില്‍ ചര്‍ച്ചയാണ്. ഇത് വലിയ അളവില്‍ മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ദ്ധിപ്പിച്ചു എന്ന് വിലയിരുത്തുന്നവരുണ്ട്.

മിസോറാമില്‍ വലിയ രീതിയിലുള്ള വികസനം നടത്താന്‍ സാധിച്ചു എന്നുള്ള കാര്യത്തില്‍ മുഖ്യമന്ത്രി സൊറാം താംഗ അഭിമാനിക്കുന്നു. മിസോറാമില്‍ ഉണ്ടായിട്ടുള്ള വികസനം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു വിശ്വസിക്കുന്നു. ഏകീകൃത സിവില്‍ കോഡും മണിപ്പൂര്‍ വിഷയത്തിലും മിസോറാമിന്റെ അഭിമാനത്തെ പണയം വയ്ക്കാതെ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ എതിര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. 1987ല്‍ മിസോറാം രൂപീകരിച്ചതിനു ശേഷം മൂന്നു തവണ എം എന്‍ എഫ് മിസോറാം ഭരിച്ചിട്ടുണ്ട്.

ലാല്‍ സമാതയാണ് മിസോറാമിലെ കോണ്‍ഗ്രസ് നേതാവ്. സംസ്ഥാനത്ത് നല്ല പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുന്‍പ് മിസോറാം ധനമന്ത്രിയായിരുന്നു. മിസോറാം ലാല്‍ സവാതയുടെ കരങ്ങളില്‍ സുരക്ഷിതമായിരിക്കും എന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള മത്സരമാണ് കോണ്‍ഗ്രസ് മണിപ്പൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍പ് ഉണ്ടായ കോണ്‍ഗ്രസ് ഭരണത്തില്‍ വലിയ അഴിമതി നടന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകരാന്‍ കാരണമായിട്ടുണ്ട്. ഇന്നും മിസോറാമില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ നടത്തിയ അിമതി കഥകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍