UPDATES

പ്രവാസം

അറ്റ്‌ലസ് രാമചന്ദ്രന്‍; ബിസിനസ് ലോകത്തെ ദുരന്ത വ്യക്തിത്വം

ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന ടാഗ് ലൈന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തനാക്കിയ രാമചന്ദ്രന്‍ അത്തരം ഒരു ഇടപാടില്‍ പെടില്ല എന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു

                       

ദുബായിലെ ബാങ്കുകളില്‍ നിന്നും 990 കോടിയോളം രൂപ കടം വാങ്ങി തിരിമറി നടത്തിയ ജൂവലറി ഉടമയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നപ്പോഴാണ് അത് അറ്റ്‌ലസ്  രാമചന്ദ്രനാണോ എന്ന് മലയാളി സംശയിച്ചു തുടങ്ങിയത്. അറ്റ്ലസ് ഗ്രൂപ്പ് തകര്‍ച്ചയിലാണ് എന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ‘ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ എന്ന ടാഗ് ലൈന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തനാക്കിയ രാമചന്ദ്രന്‍ അത്തരം ഒരു ഇടപാടില്‍ പെടില്ല എന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ അതു തകിടം മറിക്കുന്നതായിരുന്നു.

ഓഗസ്റ്റ് 31ന് മിഡില്‍ ഈസ്റ്റിലെ മാധ്യമസ്ഥാപനമായ  ഖലീജ് ടൈംസില്‍ വന്ന അറസ്റ്റ് വാര്‍ത്തയോടെയാണ് സാമ്പത്തിക തിരിമറി നടത്തിയ ജൂവലറി ഉടമ അറ്റ്‌ലസ്  രാമചന്ദ്രന്‍ തന്നെ എന്ന കാര്യം വ്യക്തമാവുന്നത്. അദ്ദേഹത്തിന്‍റെ സെക്രട്ടറി ഇക്കാര്യം നിഷേധിച്ചുവെങ്കിലും വാര്‍ത്ത പുറത്തു വരുന്നതിനു നാളുകള്‍ക്കു  മുന്‍പ് തന്നെ രാമചന്ദ്രന്‍ ദുബായ് പോലീസ് കസ്റ്റഡിയിലായിരുന്നു. അറ്റ്‌ലസ്  രാമചന്ദ്രനെ ഓഗസ്റ്റ്‌ 23നും മകൾ മഞ്ജുവിനെ ഓഗസ്റ്റ്‌ 18നും അറസ്റ്റു ചെയ്തിരുന്നെങ്കിലും പോലീസ്  ഈ വിവരം പുറത്തു വിട്ടിരുന്നില്ല.

ഗള്‍ഫിലെ 20 ഓളം ബാങ്കുകളില്‍ നിന്നായി 1000 കോടി രൂപ ( 555 ദശലക്ഷം ദിര്‍ഹം) വായ്പയെടുത്ത് വകമാറ്റി ചെലവഴിച്ചു എന്നുള്ളതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ടതുമായി രണ്ടു കേസുകളാണ് പ്രധാനമായും  രാമചന്ദ്രനും മകള്‍ക്കും എതിരെ ദുബായ് കോടതിയില്‍ നിലവിലുള്ളത്. ഒരു വര്‍ഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നുള്ളതും  ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രാമചന്ദ്രന് അനുകൂലമായ പ്രതികരണമായിരുന്നു തുടര്‍ന്നു കണ്ടത്. അദ്ദേഹം നിരപരാധിയാണെന്നും തട്ടിപ്പില്‍ അകപ്പെട്ടതാണെന്നുമുള്ള പ്രചരണം ശക്തമായി. മലയാളികളായ പ്രവാസികള്‍ സ്വര്‍ണ്ണം അറ്റ്‌ലസില്‍ നിന്നു തന്നെ വാങ്ങണം എന്നുള്ള ആഹ്വാനവുമായി പലരും മുന്നോട്ടു വന്നിരുന്നു. എന്നാല്‍ അതിനോടടുപ്പിച്ചു തന്നെ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങളുമായി അറ്റ്‌ലസ്  ജീവനക്കാരായ ഇടുക്കി കൂട്ടാര്‍ സ്വദേശി അജിത്തും ഏറണാകുളം സ്വദേശി ലുക്കുവും എത്തിയതോടെ പലരും പിന്മാറുകയും ചെയ്തു. രാമചന്ദ്രന്റെ ബാധ്യതകള്‍ ആസ്തികള്‍ വിറ്റാലും തീരില്ല എന്നുമനസ്സിലാക്കിയതും ഒരു കാരണമായിരുന്നു.

തങ്ങള്‍ അറിയാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കുകയും അതിന്റെ മറവില്‍ ജ്വല്ലറി നടത്തിയ വെട്ടിപ്പില്‍ നിപരാധികളായ തങ്ങളെക്കൂടി പ്രതികളാക്കാനുമാണ് ചെയര്‍മാന്‍ ശ്രമിച്ചതെന്നാണ് ഇടുക്കി കൂട്ടാര്‍ സ്വദേശി അജിത്തും ഏറണാകുളം സ്വദേശി ലുക്കുവും വ്യക്തമാക്കിയത്. കൊച്ചി, കോയമ്പത്തുര്‍ ശാഖകളില്‍ വന്‍ നികുതിവെട്ടിപ്പുകളാണ് നടന്നതെന്ന് ഇരുവരും വ്യക്തമാക്കുന്നു. ലുകു 2009-ലും അജിത് 2012-ലുമാണ് ജോലിക്കായി പ്രവേശിക്കുന്നത്. പല തട്ടിപ്പുകള്‍ക്കും അറ്റ്‌ ലസില്‍ ജോലി ചെയ്ത കാലയളവില്‍ സാക്ഷികളാവേണ്ടി വന്നു എന്ന് ഇവര്‍ പറയുന്നു. ഇരുവരും രാമചന്ദ്രനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.

അറ്റ്‌ലസിന്റെ പതനത്തിനു തുടക്കം ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട Gee EI Woollens  എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി ഏറ്റെടുക്കുന്നതോടെയാണ്‌ എന്ന് പറയപ്പെടുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന  ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുകയായിരുന്നു. ഇത്  പിന്നീട് അറ്റ്‌ലസ്  ജൂവലറി ഇന്ത്യ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി.  സ്വര്‍ണ്ണത്തിന്‍റെ വില ഇടിയുകയും കാര്യമായ ലാഭമില്ലാതെ ഓഹരി വിപണിയില്‍ കമ്പനി മുടക്കിയ തുക നഷ്ടമാവുകയായിരുന്നു. കൂടാതെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും രാമചന്ദ്രന്‍ നടത്തിയ ഇടപെടലുകള്‍ ബാധ്യത കൂട്ടുകയായിരുന്നു. സ്വര്‍ണ്ണം വാങ്ങാനെന്ന പേരില്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത തുക നഷ്ടമായതോടെ വലിയൊരു തുകയുടെ കടത്തിലേക്ക് അറ്റ്ലസ് ഗ്രൂപ്പ് കൂപ്പുകുത്തി. സ്വര്‍ണ്ണം വാങ്ങാന്‍ പറ്റാഞ്ഞതോടെ ജൂവലറികളില്‍ വില്‍പ്പന കുറയുകയും ചെയ്തു. അറസ്റ്റ് നടക്കുന്ന സമയങ്ങളില്‍ ദുബായില്‍ അടക്കമുള്ള അറ്റ്‌ലസ് ഷോറൂമുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എതിരേറ്റത് ഒഴിഞ്ഞ ഷെല്‍ഫുകളായിരുന്നു. അറ്റ്‌ലസ്  ഗ്രൂപ്പിന്‍റെ പല ശാഖകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വില്‍പ്പനയില്ലാത്തതും മാസങ്ങളായി ശമ്പളം നല്‍കാത്തതും കാരണം ജീവനക്കാരില്‍ പലരും ജോലി ഉപേക്ഷിച്ചു കഴിഞ്ഞു.

എന്നാല്‍ അറ്റ്‌ലസ്  ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റ് അസ്തികളും വിറ്റ് കടം തീര്‍ക്കുമെന്നും 350 കോടി രൂപ അടയ്ക്കാന്‍ ധാരണയായി എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഉടന്‍ തന്നെ ജാമ്യത്തിനു വഴിയൊരുങ്ങും എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്നു നാളുകള്‍ക്കകം ദുബായ് കോടതി  രാമചന്ദ്രന്  മൂന്നു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതോടെ ജയിലില്‍ കഴിയുന്ന രാമചന്ദ്രന്‍റെയും മകളുടെയും മോചനം ഉടനെയുണ്ടാവും എന്ന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

മൂന്നു മാസത്തോളം സമയമുണ്ടായിരുന്നിട്ടും വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ അറ്റ്‌ലസ്  ഗ്രൂപ്പ് തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടില്ല എന്നുള്ള സ്ഥിതി വീക്ഷിച്ച കോടതി അറ്റ്‌ലസ്  ഗ്രൂപ്പ് തലവന് ശിക്ഷ വിധിക്കുകയായിരുന്നു.

ഒരു കാലത്ത് മറ്റേതു സ്വര്‍ണ്ണവ്യാപാരികളെക്കാളും ലാഭത്തില്‍ പോയിരുന്ന അറ്റ്‌ലസ്  ജൂവലറി ഗ്രൂപ്പ് ഈ മാസം അവസാനത്തോടെ മറ്റൊരു ബിസിനസ് ഗ്രൂപ്പിന് കൈമാറുകയാണ് എന്നാണ് പുതിയ വാര്‍ത്തകള്‍. അതോടെ അവസാനിക്കുക 1980ല്‍ അറ്റ്ലസ് രാമചന്ദ്രന്‍ പടുത്തുയര്‍ത്തിയ സ്വര്‍ണ്ണസാമ്രാജ്യം മാത്രമല്ല, മാധ്യമ-സിനിമ-പ്രവാസ-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഒരു വ്യക്തിത്വം കൂടിയാണ്.

Share on

മറ്റുവാര്‍ത്തകള്‍