April 17, 2025 |
Share on

അതിവേഗ സസ്‌പെന്‍ഡഡ് റെയില്‍പ്പാത പദ്ധതിയുമായി ദുബായ്

2030ഓടെ ദുബായിലെ വാഹനങ്ങളില്‍ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളാകണമെന്ന തീരുമാനത്തിന്റെ ഭാഗം കൂടിയാണിത്.

അതിവേഗ സസ്‌പെന്‍ഡഡ് റെയില്‍പ്പാതയ്ക്കുള്ള വഴി തുറന്ന് ദുബായ്.മറ്റൊരു ഹൈടെക് സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ പദ്ധതിയൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

ഡ്രൈവറില്ലാ വാഹനങ്ങള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പായും. ആറു ലൈനുകളുള്ള ഒരു റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളതിലധികം പേര്‍ക്ക് ഇതുവഴി യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. ഇതിനായി ഹൈടെക് സസ്‌പെന്‍ഡഡ് ഗതാഗതസംവിധാനത്തില്‍ പ്രമുഖരായ സ്‌കൈട്രാന്‍ എന്ന ആഗോള കമ്പനിയുമായി ആര്‍.ടി.എ. കരാര്‍ ഒപ്പുവെച്ചു. റോഡിന് മുകളില്‍ പാലം പോലെ ഒരുക്കുന്ന പാതയില്‍ തൂങ്ങിക്കിടക്കുന്ന വിധത്തിലാണ് സസ്‌പെന്‍ഡഡ് റെയിലിന്റെ രൂപം.

കമ്പനിയുടെ ആദ്യ പദ്ധതി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകും. നിലവില്‍ രണ്ടു പരീക്ഷണകേന്ദ്രങ്ങളിലായി ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.ഗതാഗതരംഗത്ത് ആധുനിക സാങ്കേതികത ഉപയോഗിച്ച് സമഗ്രവും സുരക്ഷിതവുമായ മാറ്റങ്ങള്‍ വരുത്താനുള്ള ആര്‍.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് റെയില്‍ ഏജന്‍സി ചീഫ് എക്‌സിക്യുട്ടീവ് അബ്ദുല്‍ യൂനസ് വ്യക്തമാക്കി.

ഹൈടെക് ഗതാഗതസംവിധാനങ്ങള്‍ ദുബായിലെ യാത്രച്ചെലവ് 44 ശതമാനം കുറയ്ക്കുമെന്നും സമ്പദ് വ്യവസ്ഥയിലേക്ക് 22 ബില്യണ്‍ ദിര്‍ഹം പ്രതിവര്‍ഷം നേടിത്തരുമെന്നുമാണ് കണക്കുകള്‍ പറയുന്നത്.2030ഓടെ ദുബായിലെ വാഹനങ്ങളില്‍ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളാകണമെന്ന തീരുമാനത്തിന്റെ ഭാഗം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

×