UPDATES

ഓട്ടോമൊബൈല്‍

മാരുതി സുസൂക്കി സ്വിഫ്റ്റ് സ്പോർട് വരില്ല; പകരം ബൂസ്റ്റർജെറ്റ് ഘടിപ്പിച്ച സ്വിഫ്റ്റ് ആർഎസ്!

പൂർണ സ്പോർട്ടി സന്നാഹങ്ങളോടു കൂടിയ ‘സ്വിഫ്റ്റ് സ്പോർട്’ പതിപ്പ് ഇന്ത്യയിലെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.

                       

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ സ്പോർട്ടിയായ പതിപ്പ് ഇന്ത്യൻ വിപണിയിലേക്കെത്താനിടയുണ്ടെന്ന് റിപ്പോര്‍ട്ട്. ഓട്ടോമൊബൈൽ വാർത്താ പോർട്ടലായ GaadiWaadiയാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2018 ഓട്ടോ എക്സ്പോയിൽ വിപണിയിലെത്തിയ സ്വിഫ്റ്റ് മോഡലാണ് ഇപ്പോൾ നമ്മുടെ വിപണിയിലുള്ളത്. ഈ മോഡലിന്റെ സ്പോർടി പതിപ്പിനെ എത്തിക്കാനാണ് മാരുതി ആലോചിക്കുന്നതെന്ന് അറിയുന്നു.

അതെസമയം പൂർണ സ്പോർട്ടി സന്നാഹങ്ങളോടു കൂടിയ ‘സ്വിഫ്റ്റ് സ്പോർട്’ പതിപ്പ് ഇന്ത്യയിലെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. അന്തർദ്ദേശീയ വിപണിയിൽ ലഭ്യമായിട്ടുള്ള ഈ വാഹനം ഇന്ത്യയിലെ ഇന്നത്തെ വിപണി കാലാവസ്ഥയിൽ സ്വീകരിക്കപ്പെട്ടേക്കില്ല. ഈ പതിപ്പിന്റെ ഉയർന്ന വില തന്നെയാണ് പ്രശ്നം. ഇക്കാരണത്താൽ തന്നെ അൽപം ചില സ്പോർടി സവിശേഷതകൾ ചേർത്തായിരിക്കും ഇന്ത്യക്കു വേണ്ട സ്വിഫ്റ്റ് മോഡൽ ഒരുങ്ങുക.

2017 മാർച്ച് മാസത്തിൽ മാരുതി സുസൂക്കി ബലെനോയ്ക്ക് ഒരു ആർഎസ് പതിപ്പ് വിപണിയിലെത്തിച്ചിരുന്നു. ഈ മാതൃക പിൻപറ്റിയായിരിക്കും സ്വിഫ്റ്റിന്റെ ആർഎസ് പതിപ്പും ഒരുങ്ങുക. ബലെനോയിൽ ഘടിപ്പിച്ചിട്ടുള്ള 1 ലിറ്റർ ബൂസ്റ്റർജെറ്റ് എൻ‌ജിൻ തന്നെയായിരിക്കും സ്വിഫ്റ്റ് ആർഎസ്സിൽ ചേർക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

പൂർണസന്നാഹങ്ങളോടു കൂടിയ സ്വിഫ്റ്റ് പെട്രോൾ പതിപ്പിന് ഡൽഹി ഷോറൂം വില 7.31 ലക്ഷം രൂപയാണ്. സ്വിഫ്റ്റ് ആർഎസ് പതിപ്പിന് വില സ്വാഭാവികമായും ഇതിലും കൂടുതലായിരിക്കും. 8 ലക്ഷത്തിന്റെ പരിസരത്തിൽ വില പ്രതീക്ഷിക്കാവുന്നതാണ്.

998 സിസി ശേഷിയുള്ള ബൂസ്റ്റർജെറ്റ് ഒരു ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ്. ഈ 3 സിലിണ്ടർ എൻജിൻ 101 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. 150 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

സ്വിഫ്റ്റ് ആർഎസ്സിൽ കൂട്ടിച്ചേർക്കാനിടയുള്ള സവിശേഷതകൾ

സ്പോർടിയായ ഫ്രണ്ട് ബംപർ ഉറപ്പായും പ്രതീക്ഷിക്കാവുന്ന ഒന്നാണ്. സൈഡ് സ്കർട്ടുകളും ചേർക്കും. റൂഫ് മൗണ്ടഡ് സ്പോയ്‌ലർ ആണ് മറ്റൊന്ന്. ഒരുപക്ഷെ നാലു വീലുകളിലും ഡിസ്ക് ബ്രേക്കുകളോടു കൂടിയ 16 ഇഞ്ച് അലോയ്കളും ചേർത്തേക്കാം.

സ്പോർടി ഡ്രൈവ് ഹാൻഡ്‌ലിങ് പരിഗണിച്ച് സസ്പെൻഷൻ കുറച്ച് സ്റ്റിഫ് ആക്കിയേക്കും. സ്പോര്‍ടി ബോഡി ഡികാലുകൾ തീർച്ചയായും ഉണ്ടായിരിക്കും. ഇന്റീരിയറിലും സ്പോർടി സൗന്ദര്യം പകരുന്ന ഫീച്ചറുകൾ ചേർക്കും. ആർഎസ് ബ്രാൻഡിങ് ഉണ്ടായിരിക്കും.

Share on

മറ്റുവാര്‍ത്തകള്‍