UPDATES

സിനിമ

നഗരത്തെ നഗരത്തിന്റെ കളികള്‍കൊണ്ട് നേരിടുന്ന ‘അയാള്‍ ശശി’

ശ്രീനിവാസന്‍ ഓർമ്മിക്കപ്പെടുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്.

                       

നഗരജീവിതത്തിന്റെ ഒരരികിലേക്കു തള്ളിമാറ്റപ്പെടുന്ന ആളുകൾ പ്രതികരിക്കുന്ന രീതികളുണ്ട്. മലയാള സിനിമയിൽ അതിനു സ്ഥിരം വാർപ്പുകളുമുണ്ട്. എന്നാൽ നഗരത്തോട് അതിന്റെ തന്നെ ഗെയിം കളിക്കുന്ന ഒരാളെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കാണിക്കുകയാണ് ‘അയാൾ ശശി’ എന്ന ചിത്രത്തിലൂടെ സജിൻ ബാബു.

ശശി ഒരു ആർട്ടിസ്‌റ്റായാണ് നമ്മുടെ മുന്നിൽ വരുന്നത്. എന്നാൽ ആ ഒരു ഇമേജ് പോലും അയാൾ ഒരു ടൂൾ പോലെയാണ് ഉപയോഗിക്കുന്നത്; സാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുക്കാനും, സമരപ്പന്തലുകളിലും, പ്രഭാഷണ വേദികളിലും മറ്റും കയറിച്ചെല്ലാനുമുള്ള ഒന്നായി. എന്നാൽ വെറുതെ തന്റെ സാന്നിധ്യം അറിയിക്കുക എന്നതല്ല അയാൾ ചെയ്യുന്നത്, ശ്രദ്ധ പിടിച്ചു പറ്റുകയുമാണ്. അതിനുള്ള കുറുക്കുവഴികൾ എല്ലാം അറിയുന്ന ഒരാളായി അയാൾ ആദ്യരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇതേ കൂട്ടങ്ങൾക്ക് അയാൾ തന്റെ തട്ടിക്കൂട്ട് പെയിന്റിങ്ങുകൾ വിൽക്കുന്നു. ഇതേ ആളുകൾക്കായി അയാൾ പാർട്ടികൾ നടത്തുന്നു. അത്തരം പാർട്ടികളിലൊന്നിൽ അയാൾക്ക്‌ പഴയ ഒരു തർക്കത്തിന്റെ തുടർച്ചയായി മർദ്ദനമേൽക്കേണ്ടിവരുന്നു. ചികിത്സക്കിടയിൽ അയാൾക്ക് ഗുരുതരമായ ഒരു രോഗമുണ്ടെന്ന് ഡോക്ടർ പറയുന്നു. അവിടെ നിന്ന് അയാൾ നഗരജീവിതം അവസാനിപ്പിച്ച് തന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്.

എന്നാൽ തന്റെ ജീവിതം മൊത്തവും, മരണം പോലും ഒരു സ്‌പെക്ടക്കിൾ ആവണം എന്ന് തീരുമാനമെടുത്തിരിക്കുന്ന ഒരാളാണ് ശശി. അയാൾ തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളുമായി തായം കളിക്കാനും അവയെയൊക്കെ മാനിപ്പുലേറ്റ് ചെയ്യാനും മനസ്സാന്നിധ്യമുള്ള ഒരു അസാധാരണ കഥാപാത്രമാണ്. ശശിയും മതവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ രസകരമാണ്. മതം അതിന്റെ ചിട്ടവട്ടങ്ങൾക്കൊത്ത് നമ്മുടെ കാല് മുറിക്കുകയാണ് ചെയ്യുക. എന്നാൽ ശശി അത്തരം കെട്ടുപാടുകളെയും അട്ടിമറിക്കാൻ നോക്കുന്നു. ഇത്തരം ഭാഗങ്ങളിലെ ആക്ഷേപഹാസ്യം പലയിടത്തും കുറിക്കുകൊള്ളുന്നതാണ്. എന്തിനേയും ഏതിനേയും സെൻസേഷനലൈസ് ചെയ്യുന്ന മീഡിയയയെപ്പോലും അയാൾ തന്റെ ലക്ഷ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു. അയാളുടെ പദ്ധതികൾ വിജയിക്കുമോ എന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

ഇത്തരം ഒരു ചിത്രം പ്രത്യക്ഷത്തിൽ സ്ലാപ് സ്റ്റിക്കിലേക്കോ, ഹൈ-എൻഡ് കോമഡി അല്ലെങ്കിൽ പാരലൽ സിനിമയുടെ സ്ഥിരം ഫോർമുലകളിലേക്കോ പോകാതെ രക്ഷിച്ചെടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. അതിൽ സജിൻ മിക്കവാറും വിജയിച്ചു എന്നുള്ളതാണ് ഈ സിനിമയുടെ ആകെത്തുക. ചിത്രത്തിന് ന്യൂനതകളില്ല എന്നല്ല. നേരത്തെ പറഞ്ഞ ബാലൻസ് അവസാനം വരെ സൂക്ഷിക്കാൻ സജിൻ ശ്രമിച്ചിട്ടുണ്ട് – അതിൽ ഏറെ വിജയിച്ചിട്ടുമുണ്ട്. അതിന് സജിനെ സഹായിച്ച ഒരു ഘടകം ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീനിവാസൻ എന്ന നടനാണ്. അടുത്തകാലത്ത് രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും വഴി ശ്രദ്ധ പിടിച്ചു പറ്റുവാൻ (ഒരു പക്ഷേ ശശിയെപ്പോലെ) ശ്രമിച്ചു കൊണ്ടിരിക്കുന്ന ശ്രീനിവാസന്റെ ഈ ചിത്രത്തിലെ പ്രകടനം തീരെ അപ്രതീക്ഷിതമായിരുന്നു. ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് ആയിരിക്കണം ഇത്. ഒന്നോ രണ്ടോ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ പരിചിതമായ മാനറിസങ്ങൾ കയറിവരുന്നെങ്കിലും പഴുതില്ലാത്ത അഭിനയമാണ് ശ്രീനിവാസന്റേത്. ലോങ്ങ് ടേക്കുകളിൽ വളരെ കുറഞ്ഞ ഷോട്ടുകളിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. അത് കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. ശ്രീനിവാസന്‍ ഓർമ്മിക്കപ്പെടുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്.

എന്നാൽ തന്നെയും ചിലപ്പോൾ സംഭാഷങ്ങളും , ചില രംഗങ്ങൾ തന്നെയും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. ചിലനേരത്ത് രാഷ്ട്രീയം പറയുന്നത് ഒക്കെ ഫോഴ്സ്ഡ് ആയിത്തോന്നി – ജാതി രാഷ്ട്രീയം പറയുമ്പോൾ സിനിമയിലും എഴുത്തിലും ക്ളീഷേ ഒഴിവാക്കുന്നത് പ്രയാസമായിരിക്കും എന്നതുകൊണ്ടായിരിക്കാമത്. നീളവും (രണ്ടു മണിക്കൂർ) താരതമ്യേന കൂടുതലാണ്. കോമഡി എന്ന നിലയിൽ ഒരു പീക് പോയിന്റ് ചിത്രത്തിലില്ല – എന്നാൽ അതിന്റെ ഒരു ഫീൽ ചിത്രത്തിൽ ഉടനീളം ഉണ്ട് താനും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍