പി.ആര്‍ വന്ദന
ബിലാത്തിക്കുളം ബി.ഇ.എം യു പി സ്‌കൂളിലെ രണ്ടാം ക്ളാസില്‍ ഒരു സീറ്റ് ഇക്കുറി ഒഴിഞ്ഞുകിടക്കുകയാണ്. നന്നായി കവിത ചൊല്ലിയിരുന്ന അദിതി എന്ന കുഞ്ഞാണ് ആ സീറ്റിനുടമ. ഒരു സംസ്ഥാനത്തെ മുഴുവന്‍ കരയിച്ചാണ് അവള്‍ ആ സീറ്റ് എന്നത്തേക്കുമായി ഉപേക്ഷിച്ചത്. അവളുടെ പോക്ക് ബാക്കിയാക്കിയ കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല.
അമ്മ ശ്രീജയുടെ അപകടമരണത്തോടെ നിറം മങ്ങിത്തുടങ്ങിയ ഒരു കുഞ്ഞുജീവനാണ് ഇരുട്ടുമാത്രമുള്ള ഒരു ലോകത്തേക്ക് യാത്രയായത്. ബിലാത്തിക്കുളം ഹൗസിങ് കോളനിയിലെ താമസക്കാരനായ തിരുവമ്പാടി തട്ടക്കാട്ട് ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് അദിതിയുടെ അച്ഛന്‍. അച്ഛനും രണ്ടാനമ്മ ദേവികയുമാണ് പട്ടിണിക്കിട്ടും പട്ടികക്കടിച്ചും ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത്. നരകയാതനയനുഭവിച്ചായിരുന്നു അദിതിയുടെ മരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഉരുട്ടിക്കൊലക്ക് സമാനമായ പാടുകളാണ് അദിതിയുടെ ശരീരത്തിലുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പെപ്പോഴോ കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടമാണ് ഭക്ഷണത്തിന്റേതായി ആമാശയത്തിലുണ്ടായിരുന്നത്. കഴുത്തില്‍ നഖത്തിന്‌റെ പാടുകള്‍.
സ്‌കൂളില്‍ മാത്രമായിരുന്നു ആ കുഞ്ഞിന്റെ ജീവിതത്തിലെ നല്ല നേരങ്ങള്‍. കുഞ്ഞുങ്ങളുടേതായ ആത്മാഭിമാനപ്രശ്‌നം കൊണ്ടാണോ അതോ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നതു കൊണ്ടാണോ പീഡനപര്‍വ്വത്തെ കുറിച്ച് അദിതിയോ അരുണോ സ്‌കൂളിലാരോടും പറഞ്ഞില്ല. അര്‍ച്ചന എന്ന പേര് പെട്ടെന്ന് മാറ്റിയതിനും കുട്ടികളുടെ ക്ഷീണത്തിനും ഇത്ര ഭയങ്കരമായ ഒരു പിന്നാമ്പുറം ഉണ്ടെന്ന് സ്‌കൂളിലാരും അറിയാതെപോയി.
അച്ഛനും രണ്ടാനമ്മയും അദിതിയേയും ഏട്ടന്‍ അരുണിനേയും സ്ഥിരമായി മര്‍ദ്ദിക്കുന്നത് അയല്‍ക്കാര്‍ക്കറിയാമായിരുന്നു. ഒരിക്കല്‍ റസിഡന്‍സ് അസോസിയേഷന്‍കാര്‍ വീട്ടിലെത്തി കുട്ടികളെ ഇങ്ങനെ തല്ലരുതെന്ന് പറഞ്ഞത്രെ. അതിന് സുബ്രഹ്മണ്യവും ദേവികയും കണ്ട മറുമരുന്ന് മതിലിനു മുകളില്‍ മറ്റൊരു മറ കെട്ടുകയായിരുന്നു. നാട്ടുകാരാരോ വിളിച്ചുപറഞ്ഞിട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി. പട്ടിയെ അഴിച്ചുവിട്ട് അവരെ ഓടിച്ചു. മറ കെട്ടിയുയര്‍ത്തിയും ആരേയും അബദ്ധത്തില്‍പോലും വീട്ടില്‍ കയറ്റാതെയും പട്ടിയെ നല്ല തീറ്റ കൊടുത്തുവളര്‍ത്തിയും ഒരച്ഛനും രണ്ടാനമ്മയും കുട്ടികളെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. അച്ഛനില്ലാത്ത ഏതോ ഒരു വേളയില്‍ മേല് പൊള്ളിയ അദിതിക്ക് ഒരു ചികിത്സയും കിട്ടിയില്ല. പേസ്റ്റ് തേക്കുക എന്ന അടുക്കള മറുമരുന്നിനപ്പുറം ഒരാശ്വാസവും കിട്ടാത്ത അദിതിക്ക് മലമൂത്രവിസര്‍ജ്ജനം പോലും ബുദ്ധിമുട്ടായി. കൊടുംവേദനക്കിടയില്‍ അറിയാതെ മൂത്രമൊഴിച്ചു പോയപ്പോള്‍ വൃത്തിയില്ലാത്ത കുട്ടിയെന്ന് പറഞ്ഞ് അച്ഛന്‍ അവളെ പട്ടികക്കടിച്ചു. തീരെ വയ്യാതെ വീണ കുഞ്ഞ് എഴുന്നേല്‍ക്കാതായപ്പോഴാണ് അവളെ ആശുപത്രിയില്‍ കൊണ്ടുപോയത്. പൊള്ളലാണെന്ന് പറഞ്ഞ്. ശരീരം കണ്ട ഡോക്ടര്‍മാരുടെ ജാഗ്രത (പട്ടിപ്പേടിയിലും മതില്‍മറയിലും അലിയാത്തതു കൊണ്ടാണോ എന്നറിയില്ല) സംഭവം പൊതുശ്രദ്ധയിലെത്തിച്ചു. രണ്ടാംദിവസം കുട്ടി മരിച്ചു. ഇടക്കെപ്പോഴോ അമ്മയുടെ വീട്ടിലേക്ക് പോയതു കൊണ്ട് അരുണ്‍ ദയനീയവിധിയില്‍ നിന്ന് രക്ഷപ്പെട്ടു.

പിന്നെ സമരമായി. തെളിവെടുപ്പിന് കൊണ്ടുവന്ന സുബ്രഹ്മണ്യനേയും ദേവികയേയും നാട്ടുകാര്‍ വളഞ്ഞു. മുഖ്യമന്ത്രിക്ക് മെമ്മോറാണ്ടം പോയി. ദേവിക അന്തര്‍ജ്ജനം റംലത്തായിരുന്നു, സുബ്രഹ്മണ്യം നമ്പൂതിരി അവരുടെ മൂന്നാംഭര്‍ത്താവായിരുന്നു, റംലത്തും മറ്റൊരു ഭര്‍ത്താവും മോഷണക്കേസിലെ പ്രതികളായിരുന്നു… പിന്നാമ്പുറക്കഥകള്‍ നിരവധി പുറത്തുവന്നു. ക്രൂരതയുടെ പുതിയ പര്യായമായി മലയാളികള്‍ കണ്ട രണ്ടുപരും ജയിലിലുണ്ട്. ചെറിയച്ഛന്റേയും അച്ഛമ്മയുടേയും തണലില്‍ പുതിയ സ്‌കൂളില്‍ പോകുന്നുണ്ട് അരുണിപ്പോള്‍. വാഹനാപകടത്തില്‍ തനിക്ക് മുമ്പേ പോയ അമ്മ ശ്രീജക്കൊപ്പം വേദനകളിലാത്ത ലോകത്ത് അര്‍ച്ചന എന്ന അദിതി സുഖമായിരിക്കുന്നു എന്ന ഭാവന മാത്രം ബാക്കി. അല്ലെങ്കില്‍ ആകാശത്ത് മിഴി തുറന്നിരിക്കുന്ന അനേകകോടി താരങ്ങളില്‍ ആ നക്ഷത്രക്കുഞ്ഞുണ്ടെന്ന് ആശ്വസിക്കാം.
പക്ഷേ അദിതിയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഈ ആശ്വാസങ്ങള്‍ക്കുമപ്പുറം ആശങ്കയുണ്ടാക്കുന്നവയാണ്.
1.കുട്ടികളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഒരു ശേഷം ചോദിക്കലിനപ്പുറം ഒന്നും ചെയ്യാന്‍ നാട്ടുകാര്‍ക്കെന്തേ കഴിഞ്ഞില്ല?
2. പട്ടിയെ ഓടിച്ച് പേടിച്ച് ഓടിയ വഴിയേ സ്ഥലം വിടാതെ അടുത്ത നടപടിയാലോചിക്കാനോ പൊലീസിനെ വിളിക്കാനോ എന്തേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കായില്ല?
നടപടികളുടെ ന്യായാന്യായങ്ങള്‍ക്കുമപ്പുറം ചില ചോദ്യങ്ങളുമുണ്ട്. നമ്മളെന്തേ ഇങ്ങനെ ക്രൂരരാകുന്നു? ഏഴു വയസ്സുകാരിയെ പട്ടിക കൊണ്ടടിച്ച് നിലംപരിശാക്കാനും പട്ടിണിക്കിടാനും എങ്ങനെ ഒരാള്‍ക്ക് കഴിയുന്നു? അതും ഒരച്ഛന്‍? ഒരു വേദനക്ക് പരിഹാരമാകാന്‍ എന്തെങ്കിലും ചെയ്യാന്‍ നമ്മളോരോരുത്തരും മടിക്കുന്നതെന്തേ? താനെന്തിന് ഇങ്ങനെ വേദന സഹിക്കണം എന്നാലോചിക്കാന്‍ പോലും പറ്റാത്ത പ്രായത്തിലാണ് അദിതി എല്ലാം പേറിയത്.
അദിതിയുടെ മരണം നമ്മുടെ നന്മയുടെ മരണമാണ്. നമ്മള്‍ ഓരോരുത്തരും എത്ര ക്രൂരരാണന്ന് നമുക്കോരോരുത്തര്‍ക്കും സ്വയം ചിന്തിക്കാം. കാരണം അദിതിയുടെ മരണവാര്‍ത്ത കേട്ട് കണ്ണുനിറഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും ആ ഉത്തരവാദിത്തമുണ്ട്. തെറ്റുപററിയ നാട്ടുകാര്‍ക്കും ചെയ്യേണ്ട പണി ചെയ്യാതെ ഓടിയൊളിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല ആ തിരിച്ചറിവ് വേണ്ടത്. കാരണം ആര്‍ക്കറിയാം, നമ്മുടെ അയല്‍പക്കത്തെവിടെയെങ്കിലും മറ്റൊരു അദിതി ആര്‍ക്കും കേള്‍ക്കാനാവാത്തത്ര ദുര്‍ബലമായി ഇപ്പോഴും തേങ്ങുന്നുണ്ടാവും.
# The views expressed are personal.