Continue reading “ഇന്ത്യയുടെ അംബിക്കുട്ടി : ഇപ്പോള്‍ ലോകത്തിന്റെയും”

" /> Continue reading “ഇന്ത്യയുടെ അംബിക്കുട്ടി : ഇപ്പോള്‍ ലോകത്തിന്റെയും”

"> Continue reading “ഇന്ത്യയുടെ അംബിക്കുട്ടി : ഇപ്പോള്‍ ലോകത്തിന്റെയും”

">

UPDATES

ഓഫ് ബീറ്റ്

ഇന്ത്യയുടെ അംബിക്കുട്ടി : ഇപ്പോള്‍ ലോകത്തിന്റെയും

                       
വി.എസ് വിഷ്ണു
 
 
ലോകോത്തര കമ്പനികള്‍ മുന്തിയ ഇനവും കുഞ്ഞന്‍മാരുമൊക്കെയായി ഇന്ത്യന്‍ റോഡുകളെ കീഴടക്കുന്ന കാലമാണ്. ഇത്ര കാലവും അവര്‍ക്ക് വഴിയൊരുക്കി മാറിനിന്നു കൊടുക്കുകയായിരുന്നു ഇന്ത്യയുടെ സ്വന്തം അംബിക്കുട്ടി. ഒടുവില്‍ അംബിക്കുട്ടിക്ക് വൈകിവന്ന സമ്മാനം ആശ്വാസമാകുന്നു. ബി.ബി.സിയിലെ പ്രശസ്തമായ ഓട്ടോമൊബൈല്‍ ഷോയായ ടോപ്പ് ഗീയര്‍ സംഘടിപ്പിച്ച മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സിയായി തിരഞ്ഞെടുക്കപ്പെട്ടത് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസിഡര്‍ കാറാണ്. മത്സരത്തില്‍ റഷ്യന്‍ ലിമോസിന്‍, ജര്‍മ്മന്‍ ഇ ക്‌ളാസ് മെര്‍സിഡസ്, മെക്സിക്കന്‍ വോക്‌സ്‌വാഗണ്‍ ബീറ്റില്‍, ബ്രിട്ടീഷ് ബ്‌ളാക്ക് ക്യാബ് എന്നിവയെ പിന്തള്ളിയാണ് അംബി ലോകത്തിലെ മികച്ച ടാക്‌സിയായത്. കൊല്‍ക്കത്തയിലെ ഉത്തര്‍പുരയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് വൈകിയാണെങ്കിലും അവശതയില്‍ ഒരു ആശ്വാസം നല്‍കുന്ന അംഗീകാരം തന്നെയാണ് ഇത്.
 
ഇന്ത്യയില്‍ അധികാരത്തിന്റെയും ലാളിത്യത്തിന്റെയും ചിഹ്നം അംബാസിഡര്‍ ഒരേസമയം പേറുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു ദശാബ്ദം മുന്‍പ് വരെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും വിവിധ കക്ഷി നേതാക്കളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേധാവികളും ജഡ്ജിമാരും മജിസ്‌ട്രേട്ടുമാരുമൊക്കെ ഉപയോഗിച്ചിരുന്നത് അംബാസിഡര്‍ തന്നെയാണ്. ഇടയ്ക്ക് ഇമ്പാലയും മറ്റും നേതാക്കളെ വഹിച്ചുകൊണ്ടു പോയിരുന്നെങ്കിലും അധിക കാലം അവയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ മിക്ക ജഡ്ജിമാരും കോണ്‍ടേസ കാറാണ് ഉപയോഗിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. കോണ്‍ടേസ കാറും അംബാഡറിനെ റോഡിലിറക്കുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ തന്നെ സംഭാവനയാണെന്നതും ഓര്‍ക്കേണ്ട കാര്യമാണ്.
 
 
മികച്ച ടാക്‌സിയായിട്ടാണ് അംബാസിഡര്‍ തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഇന്ത്യയില്‍ അംബാസിഡര്‍ എന്നു പറയുന്‌പോള്‍ തന്നെ പാവങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത് റോഡുകളില്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡുകളുടെയും വലയത്തിന്റെയും ഇടയിലൂടെ കാറിന് മുകളില്‍ ചുവന്ന ലൈറ്റ് മിന്നിച്ചുകൊണ്ട് ഊ ഊ എന്ന ശബ്ദ കോലാഹലവും സൃഷ്ടിച്ച് നേതാക്കളെയും വഹിച്ചുകൊണ്ടുപോകുന്ന അധികാരത്തിന്റെ ചിഹ്നമായിട്ടാണ്. അത് നേതാക്കളില്‍ മാത്രമല്ല. ജില്ലാ കളക്ടറുടെ വെള്ള അംബാസിഡറിലും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നീല അംബാസിഡര്‍ കാറിലും ഇതേ ഫ്യൂഡല്‍ സംസ്‌കാരം ജനം കണ്ടുമടുത്തതാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിലെ ജനങ്ങളുടെ മേലുള്ള അധിപത്യത്തെക്കുറിച്ച് ആലോചിക്കുന്‌പോഴൊക്കെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കാഴ്ചകളില്‍ അംബാസിഡറുമുണ്ടാകുമെന്ന് തീര്‍ച്ച.
 
ലോകത്തെ വികസിത രാജ്യങ്ങളില്‍ എവിടെയും ഇത്തരത്തില്‍ റോഡുകളില്‍ നിന്നു ജനങ്ങളെ മാറ്റിനിറുത്തി നേതാക്കള്‍ ചുവന്ന ലൈറ്റിന്റെ ബലത്തില്‍ വിലസാറില്ലെന്നാണ് അറിവ്. അമേരിക്കയില്‍ പ്രസിഡന്‍റിനെ മാറ്റി നിര്‍ത്തിയാല്‍, ബാക്കിയുള്ള നേതാക്കള്‍ക്കൊക്കെ പൊലീസ് അകമ്പടി കാണുമെങ്കിലും ജനങ്ങളുടെ ഇടയിലൂടെ തന്നെയാണ് അവരുടെ സഞ്ചാരം. എന്നാല്‍ ഇന്ത്യയില്‍ കാര്യം തിരിച്ചാണ്. സംസ്ഥാനത്തെ വലിയ പ്രാധാന്യമൊമില്ലാത്ത വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി യാത്ര ചെയ്യുന്‌പോഴും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമില്ലാതെ മുന്നോട്ടു പോകില്ല. പലപ്പോഴും അവരെ ജയിപ്പിച്ചു വിട്ട മണ്ഡലങ്ങളില്‍ യാത്ര ചെയ്യുന്‌പോള്‍ പോലും റോഡുകളില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കും വിധം ജനത്തെ മാറ്റിനിര്‍ത്തിയാണ് ഇവരുടെ സഞ്ചാരം. കേരളത്തില്‍ കാര്യങ്ങള്‍ കുറേയൊക്കെ വ്യത്യസ്തമാണെങ്കിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ അങ്ങനെയല്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സിനിമതാരമായ മുഖ്യമന്ത്രി എന്‍.ടി രാമാറാവു തിരുപ്പതിയില്‍ വന്നത് ഓര്‍ക്കുന്നു. ആദ്യമായി എന്‍.ടി.ആര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് തിരുപ്പതിയില്‍ നിന്നാണ്. അതേ സ്ഥലത്തെ പ്രധാന വീഥിയിലൂടെ അദ്ദേഹം മുന്നോട്ടു പോയത് മുപ്പത് അംബാസിഡര്‍ കാറുകളുടെ എസ്‌കോര്‍ട്ടിലാണ്. മരുമകനായ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. പത്ത് കാറുകള്‍ കൂടിയെന്നു മാത്രം. ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഏത് വാഹനത്തിലാണ് അദ്ദേഹം യാത്ര ചെയ്യുന്നതെന്ന് ആര്‍ക്കും അത്രയെളുപ്പം മനസിലാക്കാന്‍ കഴിയില്ലരുന്നു എന്നതാണത്ത്. ഇതെല്ലാം ട്രെയിനുകളുടെ കോച്ചുകള്‍ എണ്ണാന്‍ തിടുക്കം കാട്ടുന്ന ബാലന്റെ കൗതുകത്തോടെ ഞാന്‍ എണ്ണിത്തീര്‍ത്തിട്ടുണ്ട്. അന്നും ഇന്നും അധികാരത്തിന്റെ ചിഹ്നമായിട്ടാണ് അംബാസിഡറിനെ കണ്ടിട്ടുള്ളതും.
 
 
ഇതൊക്കെയാണെങ്കിലും സാധാരണക്കാരന്റെ കൂടി വണ്ടിയാണ് അംബാസിഡര്‍ എന്ന തോന്നലാണ് പല പ്രമുഖ നേതാക്കളെയും ഈ വണ്ടി ഉപയോഗിക്കുന്ന പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെയുമൊക്കെ പ്രിയ വണ്ടി അംബാസിഡര്‍ തന്നെയാണ്. കൊല്‍ക്കത്തയില്‍ മാത്രം 30000ത്തോളം അംബാസിഡര്‍ കാറുകളാണ് ടാക്‌സിയായി സവാരി നടത്തുന്നതെന്നാണ് കണക്ക്. അതാണ് അധികാരത്തിന് അപ്പുറമുള്ള ലാളിത്യത്തിന്റെ കഥ.
 
എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സുരക്ഷയൊരുക്കുന്നതിന് അഞ്ച് ബി.എം.ഡബ്‌ളുയു കാറുകള്‍ വാങ്ങിയിരുന്നു. വാജ്‌പേയി സ്ഥാനമൊഴിഞ്ഞപ്പോള്‍ കാറുകള്‍ അനാഥമായി. രാഷ്ട്രപതിയുള്‍പ്പെടെയുള്ളവര്‍ അത് വേണ്ടെന്ന് പറഞ്ഞു. യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയാകട്ടെ അംബാസിഡര്‍ ഒഴികെ മറ്റൊരു കാറിനെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് വ്യക്തമാക്കിയത്.
 
കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പല മന്ത്രിമാരും ഇന്ന് അംബാസിഡര്‍ ഉപേക്ഷിച്ചുകഴിഞ്ഞു. പക്ഷേ കരുണാകരന്‍ ഒഴികെയുള്ള മറ്റ് മുഖ്യമന്ത്രിമാര്‍ ഉപയോഗിച്ചിരുന്നത് അംബാസിഡര്‍ ആണ്. ഒരിക്കലും പൊലീസ് എസ്‌കോര്‍ട്ട് ഇഷ്ടപ്പെട്ടിട്ടില്ലാത്ത മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രിയ വണ്ടിയും അംബാസിഡര്‍ തന്നെയായിരുന്നു. ഒട്ടേറെ അംബാസിഡര്‍ കഥകള്‍ കേരളത്തില്‍ പ്രസിദ്ധവുമാണ്.
 
 
കേരള രാഷ്ട്രീയത്തിലെ സിംഹഗര്‍ജ്ജനമായിരുന്ന എന്‍.ശ്രീകണ്ഠന്‍ നായരുടെ, അംബാസിഡറിന് മുന്നിലിരുന്നുള്ള യാത്ര തന്നെ പ്രസിദ്ധമാണ്. എവിടേക്കെങ്കിലും യാത്ര പുറപ്പെടും മുന്‍പ് തലയില്‍ ആള്‍താമസമുള്ളവരാരെങ്കിലുമുണ്ടെങ്കില്‍ പിറകിലോട്ട് കയറാന്‍ ശ്രീകണ്ഠന്‍ നായര്‍ നിര്‍ദ്ദേശിക്കുമായിരുന്നത്രേ. പിറകിലെ സീറ്റില്‍ അന്‍പത് വട, ആവശ്യത്തിന് വെറ്റില, പാക്ക് തുടങ്ങിയവയും കാണും. ശ്രീകണ്ഠന്‍ ചേട്ടന്‍ കൈ പിറകിലോട്ട് നീട്ടിയാല്‍ എന്താണ് നല്‍കേണ്ടതെന്ന് കൃത്യമായി അറിയാവുന്നവരെയാണ് തലയില്‍ ആള്‍താമസമെന്ന് ഉദ്ദേശിക്കുന്നത്. മൂന്ന് അടക്കുള്ള മുറുക്കാനാണ് ചേട്ടനിഷ്ടം. അത് മനസിലാക്കി പെരുമാറുന്ന വ്യക്തിയെ ബുദ്ധിമാനെന്നു തന്നെ വിളിക്കാം.
 
ഡല്‍ഹിയില്‍ താമസിക്കുന്ന കാലത്ത് വിഖ്യാത ചിത്രകാരനായ എം.എഫ്. ഹുസൈന്‍ തന്റെ കാറുകളും കാന്‍വാസായി മാറ്റിയിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അക്കാലത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഫിയറ്റ് കാറിലും അംബാസിഡര്‍ കാറിലും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടു. കുതിരകളെ പേറികൊണ്ടുള്ള ഹുസൈന്റെ അംബാസിഡര്‍ ഡല്‍ഹിക്കാര്‍ക്ക് കൗതുകമായിരുന്നു.  
 
ഇന്ത്യയും ജര്‍മ്മനിയുമായ സൗഹൃദ വര്‍ഷം ആഘോഷിച്ചപ്പോള്‍ ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസിഡര്‍ അതിന് ഉത്തമമായ ചിഹ്നമായി ഉപയോഗിച്ചതും അംബിക്കുട്ടിയെ തന്നെ. ഇന്തോ ജര്‍മ്മന്‍ സൗഹൃദത്തിന്റെ ചില വാചകങ്ങളും ചിത്രങ്ങളും പേറിയ അംബിയില്‍ ജര്‍മ്മന്‍ അംബാസിഡര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ സഞ്ചരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
 
രാജ്യത്തിന്റെ കര, നാവിക, വ്യോമ സേനകളുടെ തലവന്‍മാരുടെ വണ്ടിയും അംബി തന്നെ. അടുത്ത കാലം വരെയും ഡല്‍ഹി പൊലീസിന്റെ പ്രിയപ്പെട്ട വാഹനവും അംബി തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ അംബി പ്രേമികളില്‍ മുമ്പന്‍ ഹിന്ദു ദിനപ്പത്രത്തിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ആയിരിക്കും. ഇന്ത്യയില്‍ ആണുങ്ങള്‍ ഉപയോഗിക്കുന്ന വണ്ടി അംബിയും സ്ത്രീകളുടെ വണ്ടി ഫിയറ്റ് പദ്മിനിയുമാണെന്ന ധാരണ നിലനിന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. 
 
 
ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള ഹിന്ദുസ്ഥാന്‍ അംബാസഡറിന്റെ ജനനം മോറിസ് ഓക്‌സ്ഫര്‍ഡ് ആയിട്ടാണ്. അംബാസിഡര്‍ എന്ന പേരുമായി ഇന്ത്യയിലിറങ്ങിയ മുതല്‍ അംബിയുടെ ജൈത്രയാത്ര തുടങ്ങി. ബിര്‍ല ഗ്രൂപ്പില്‍പെട്ട ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സാണ് 1948 മുതല്‍ അംബാസഡര്‍ വിപണയിലെത്തിക്കുന്നത്. 1980-കളുടെ തുടക്കത്തില്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് കുട്ടിക്കാറായ മാരുതി 800 റോഡിലിറക്കും വരെ അംബി തന്നെയായിരുന്നു ഇന്ത്യന്‍ റോഡുകളിലെ രാജാവ്. തൊണ്ണൂറുകള്‍ക്ക് ശേഷം വിദേശ കമ്പനികളും ഇന്ത്യന്‍ മണ്ണില്‍ സജീവമായതോടെ വ്യക്തിഗത ഉപയോക്താക്കള്‍ അംബിയെ ഉപേക്ഷിച്ചുതുടങ്ങി. എന്നാല്‍ അപ്പോഴും ടാക്‌സിയായും സര്‍ക്കാര്‍ വണ്ടിയായും അംബി അരങ്ങില്‍ നിരന്നു നിന്നു. പക്ഷേ അധികം താമസിയാതെ ഇവിടേക്കും മറ്റുള്ളവര്‍ ഇടിച്ചുകയറി. അംബിയാകട്ടെ ഒരിക്കലും അതിന്റെ അടിസ്ഥാന മോഡലില്‍ മാറ്റം വരുത്താന്‍ തയാറായുമില്ല. ഇതോടെ അംബിക്ക് മാര്‍ക്കറ്റില്‍ ഇടിവുണ്ടായി. ഇതിന്റെ തെളിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അംബാസഡര്‍ കൈവരിച്ച മൊത്തം വില്‍പ്പന വെറും 3,390 യൂണിറ്റാണെന്ന കണക്ക്.
 
ഇന്നിപ്പോള്‍ വൈകി വന്ന അംഗീകാരം അംബിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. അംബിയുടെ പിന്‍സീറ്റിലിരുന്നാല്‍ വീട്ടിലെ സോഫയിലിരിക്കുന്ന സുഖമാണ് ലഭിക്കുന്നതെന്നാണ് പല പ്രമുഖ വിദേശീയരും അവകാശപ്പെട്ടിട്ടുള്ളത്. ആ പ്രിയം മാര്‍ക്കറ്റ് ചെയ്ത് വിദേശ രാജ്യങ്ങളില്‍ അംബിക്ക് സ്ഥാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചു വരികയാണെന്നാണ് കമ്പനിയുടെ അവകാശവാദം. പല രാജ്യങ്ങളില്‍ നിന്നും മികച്ച ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. കൂടാതെ രൂപത്തില്‍ മാറ്റം വരുത്തി ചെറിയ കാര്‍ വിപണയിലെത്തിച്ച് അംബിയുടെ സ്വന്തം ഇന്ത്യക്കാരെ കീഴടക്കാനും കമ്പനി തീരുമാനിച്ചുകഴിഞ്ഞു. 
 

Share on

മറ്റുവാര്‍ത്തകള്‍