Continue reading “വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?”

" /> Continue reading “വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?”

"> Continue reading “വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?”

">

UPDATES

കേരളം

വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?

                       
കോഴിക്കോട് സര്‍വകലാശാലയിലെ ‘വിവാദ’ ഉത്തരവുകള്‍ അവസാനിക്കുന്നില്ല. പതിനാറ് വയസ്സിലെ വിവാഹമെന്ന ഉത്തരവ് ഉണ്ടാക്കിയ കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പേയാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. അഴിമുഖം പ്രതിനിധി സജ്‌ന ആലുങ്ങല്‍ തയാറാക്കിയ റിപ്പോര്‍ട്ട്
 
 
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി അനുവദിച്ചു കൊണ്ടുള്ള ഒരു നിയമം കൊണ്ടു വരുന്നത്. അതുകൊണ്ടു തന്നെ ചരിത്രപ്രധാനമായ ഈ തീരുമാനത്തിന്റെ പ്രായോഗിക വശങ്ങളും പരോക്ഷമായി അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വിലയിരുത്തുന്നു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നവരും എതിര്‍ക്കുന്നവരും ഇതിലുണ്ട്.  
 
‘മാനസികമായ തയ്യാറെടുപ്പുകള്‍ നടത്താനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെയാണ് പലരും ഗര്‍ഭിണികളാവുന്നത്. അത് അവരുടെ കുറ്റമായി കാണാതെ സമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നതിന് ബലം നല്‍കുന്നതാണ് ഈ ഉത്തരവ്. ഒരു വ്യക്തിക്ക് വിദ്യാഭ്യാസം നേടാന്‍ അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ വിവാഹവും പ്രസവവും ഒന്നും അതിനു തടസമാവില്ല. ഇങ്ങനെയുള്ള ഒരു കാര്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.’ എം.എ സൈക്കോളജി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആമ്പിള്‍ ടോം ഉത്തരവിന് പൂര്‍ണ പിന്തുണ നല്‍കുന്നു. 
 
 
എംസിഎ വിദ്യാര്‍ത്ഥിയായിരുന്ന റെസ്‌യ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല നടപടി സ്വീകരിച്ചത്. സര്‍വ്വകലാശാല ക്യാംപസിലേയും സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള അഫ്‌ലിയേറ്റഡ് കോളജുകളിലേയും ബിരുദാനന്തരബിരുദ, ഗവേഷക വിദ്യാര്‍ത്ഥികളാണ് ഈ ഉത്തരവിന്റെ ഉപയോക്താക്കള്‍. നിലവില്‍ ക്യാംപസിലെ എംസിഎ ഡിപ്പാര്‍ട്ട്‌മെന്റ് മാത്രമാണ് ഈ ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നത്. അക്കാദമിക് കൗണ്‍സിലിന്റെ അനുമതിക്കായി കാത്തിരിക്കുന്ന ഉത്തരവ് എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സര്‍വ്വകലാശാല.
 
ഗണിതശാസ്ത്രം നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ഹിമ നാലുമാസം പ്രയമുള്ള കുഞ്ഞിന്റെ അമ്മയാണ്. പഠനത്തിനിടയില്‍ പ്രസവത്തിനായി നേരിട്ട ബുദ്ധിമുട്ടുകള്‍ വളരെയധികമുണ്ടെന്ന് ഹിമ പറയുന്നു. സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള 75% ഹാജര്‍ കൃത്യമായുള്ള ഹിമയ്ക്ക് ഇന്റേണല്‍ മാര്‍ക്ക് പൂജ്യമാണ്. ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാനുള്ള ഹാജര്‍ ഇല്ല എന്നതാണു കാരണം. ഒരു പെണ്‍കുട്ടി ആറുമാസം (ഒരു സെമസ്റ്റര്‍) മുഴുവനായും അവധിയെടുത്താലും അവളെ പരീക്ഷ എതുതാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഘടനയാണ് ഇപ്പോഴത്തെ ഉത്തരവിലുള്ളത്. അത് കൊണ്ടുതന്നെ, കൃത്യമായി അവധിയുടെ എണ്ണം നിശ്ചയിക്കാത്തത് ഈ ആനൂകൂല്യം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയിലേക്കാണ് ഹിമ വിരല്‍ ചൂണ്ടുന്നത്. 
 
 
ഏത് മേഖലയില്‍പ്പെട്ട സ്ത്രീയാണെങ്കിലും പ്രസവവും കുഞ്ഞിന്റെ പരിപാലനവും അവളുടെ അവകാശമാണ്. ഈ അവകാശത്തെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍വ്വകലാശാല കൈകൊണ്ടിരിക്കുന്നത് എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 30 വയസില്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാഹചര്യവും ഇത് ഒരുക്കി കൊടുക്കുന്നു. പ്രസവത്തിനായി പ്രത്യേക അവധി എടുക്കുന്നതു മൂലം ആവശ്യമായ ഹാജറില്ലാതെ വരുന്നതോടെ അടുത്ത വര്‍ഷത്തെ ബാച്ചിനൊപ്പം പരീക്ഷ എഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് രണ്ടാമത്തെ അവസരമായാണ് പരിഗണിക്കുക. പ്രസവാവധി നിയമപ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ത്ഥിയ്ക്ക് ആദ്യ അവസരം നഷ്ടപ്പെടുന്നില്ല. ഉത്തരവിന്റെ പ്രത്യേക നേട്ടമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് ഈ കാര്യമാണ്. 
 
അതേ സമയം, ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തെയും ജീവിതസാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനും ഈ നിയമം കാരണമായേക്കാം എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രസവാവധി കിട്ടുമെന്നത് പലരേയും നേരത്തെയുള്ള വിവാഹത്തിനു പ്രേരിപ്പിക്കും. കൂടാതെ 16 വയസില്‍ കല്യാണം നടത്താമെന്നു വാദിക്കുന്നവര്‍ക്കുള്ള സന്ദേശമായും ഈ ഉത്തരവ് മാറാം. മാധ്യമപഠന വിഭാഗം നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ദര്‍ശനയ്ക്ക് സര്‍വ്വകലാശാല നടപടിയോട് ഒട്ടും യോജിപ്പില്ല. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ മാത്രമേ ഉത്തരവിലൂടെ സാധിക്കുകയേയുള്ളുവെന്നും വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം വിവാഹവും പ്രസവവും പരിഗണിച്ചാല്‍ മതിയെന്നുമാണ് ദര്‍ശനയുടെ അഭിപ്രായം.
 
 
വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ ഡോ. വത്സരാജ് മാധ്യമങ്ങള്‍ തെറ്റായ രീതീയില്‍ ഉത്തരവ് വ്യാഖ്യാനിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് സര്‍വകലാശാല ഇത്തരം തീരുമാനമെടുത്തത് എന്നത് തികച്ചും വസ്തുതാവിരുദ്ധമായ കാര്യമാണ്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നിയമമുണ്ടാക്കിയത്. ഇതിന്റെ ആദ്യപ്രയോജനം ലഭിച്ചത് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്കാണ്. ഉത്തരവ് ശൈശവ വിവാഹം പ്രോസാഹിപ്പിക്കുന്നതിന് കാരണമാവുമെന്ന് പറയുന്നവര്‍ ഗര്‍ഭിണികളാവുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയാണ്. സമൂഹത്തിന്റെ പിന്നോക്കാവസ്ഥ മൂലമാണ് ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നത്. അതിന് പ്രസവാവധി നല്‍കുന്ന കാരണം പറഞ്ഞ് സര്‍വ്വകലാശാലയെ കുറ്റപ്പെടുത്താനാവില്ല. പല കോളജുകളിലും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഒത്തുതീര്‍പ്പിലൂടെ പ്രസവാവധി അനുവദിച്ചുകൊടുക്കാറുണ്ട്. പ്രത്യേകിച്ച് ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്ക്. ഇത് നിയമവിധേയമാക്കുന്നതോടെ ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ തടയാവുന്നതാണ് – ഡോ.വത്സരാജ് വ്യക്തമാക്കുന്നു. 
 
സുവോളജി വിദ്യാര്‍ഥി ശീഷ്മ ഇതിനെ കാണുന്നത് മറ്റൊരു തരത്തിലാണ്. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും മാതൃത്വവും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒന്നിനെ മറികടന്ന് മറ്റൊന്നിന് മുന്‍ഗണന നല്‍കാന്‍ കഴിയില്ല. ഗര്‍ഭണിയായിരിക്കുന്ന സമയത്ത് യാത്രയും ഹോസ്റ്റലിലെ പോഷകമൂല്യം കുറഞ്ഞ ഭക്ഷണവും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. പ്രസവാവധി ലഭിക്കന്നതോടെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവുമെന്ന് ശീഷ്മ പറയുന്നു. 
 
 
എംബിബിഎസ്, ബിഡിഎസ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കു കൂടി ഉത്തരവ് വ്യാപിപ്പിക്കുന്നതിനു മുന്‍പ് അത് എത്രത്തോളം വിദ്യാഭ്യാസ രീതിയെ ബാധിക്കുമെന്നത് സര്‍വ്വകലാശാല അധികൃതര്‍ ചിന്തിക്കേണ്ട കാര്യമാണെന്ന് പറയുന്നവരുമുണ്ട്. കൂടുതല്‍ പ്രാക്ടികല്‍ ക്ളാസുകള്‍ ആവശ്യമായി വരുന്ന ഇത്തരം കോഴ്‌സുകള്‍ തനിച്ചും കൂട്ടായും വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ചു ചെയ്യേണ്ട കാര്യമാണ്. ഇത്തരം കൂട്ടായ അനുഭവങ്ങള്‍ നഷ്ടപ്പെടുന്നതും നഷ്ടപ്പെട്ട ക്ളാസുകള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്നതും ഒരു ചോദ്യമാണ്. ‘സര്‍വ്വകലാശാല ക്യാംപസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 65 ശതമാനത്തോളം പെണ്‍കുട്ടികളാണ്. എന്നാല്‍ നിലവില്‍ ഗര്‍ഭിണികളായവര്‍ ഏഴ് ശതമാനത്തോളമേ വരൂ. ഇങ്ങനെയുള്ള ന്യൂനപക്ഷത്തിന്റെ പ്രയോജനത്തിനായി മാത്രം ഭൂരിപക്ഷത്തെ പരോക്ഷമായി ബാധിക്കുന്ന നിലയിലുള്ള പ്രത്യേക നിയമത്തിന്റെ ആവശ്യമില്ല. പഠനകാലത്ത്  പ്രസവം സാധാരണമല്ലാത്തതു കൊണ്ട് വ്യവസ്ഥയാക്കാതെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. കൂടാതെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഗര്‍ഭിണിയാകാനും നിര്‍ബന്ധിതയാകും.’ മാധ്യമ പഠനവിഭാഗം വിദ്യാര്‍ത്ഥിനി ഡോണ തോമസ് ഉത്തരവിന്റെ പ്രായോഗിക പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നു.
 
 

 

Share on

മറ്റുവാര്‍ത്തകള്‍