Continue reading “കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍”

" /> Continue reading “കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍”

"> Continue reading “കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍”

">

UPDATES

കേരളം

കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍

                       
ഗോവര്‍ധന്‍
 
മഴയാണ്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ പോലെ നിര്‍ത്താതെയല്ല. എങ്കിലും പെയ്യുമ്പോള്‍ വലിയ തുള്ളികളില്‍ നിറയെ വെള്ളവുമായി.
 
കഴിഞ്ഞ ഒന്നാം തീയതിയാണ് നിറ്റാ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് മലിനജലം തളളുന്ന പൈപ്പുകള്‍ എടുത്തു മാറ്റുമെന്ന് സമരസമിതി പറഞ്ഞിരുന്നത്. ജില്ലാ കളക്ടറുടെ ഇടപെടല്‍ കാരണം അത് 21-ആം തീയതിയിലേക്ക് മാറ്റിവച്ചു. ഈ സമരമുറയിലേക്ക് എത്തുന്നതു വരെയുള്ള കഥയിങ്ങനെ:
 
1975 ഏപ്രിലിലാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം തൃശൂരിനടുത്ത് കാടുകുത്തിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 2008-ല്‍ ഈ സ്ഥാപനം നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്ന് പേരു മാറ്റി. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും ജപ്പാനിലെ നിറ്റ ജലാറ്റിന്‍ ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് 1975-ല്‍ ഈ സ്ഥാപനം തുടങ്ങുന്നത്. 1979-ല്‍ വ്യാവസായിക ഉത്പാദനം ആരംഭിക്കുകയും ചെയ്തു. ജലാറ്റിന്‍, പെപ്‌റ്റെഡ്, ഒസീന്‍, ഡൈ കാല്‍സിയം ഫോസ്‌ഫേറ്റ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. വടക്കേ ഇന്ത്യയില്‍ നിന്ന് കാള, പശു, പോത്ത്, എരുമ എന്നിവയുടെ പൊടിച്ച എല്ലുകളാണ് അസംസ്‌കൃത വസ്തു. പേരു വെളിപ്പെടുത്താത്ത 14 വിതരണക്കാരാണ് ഇതെത്തിക്കുന്നത്. 350 പേര്‍ ജോലി ചെയ്യുന്ന കമ്പനി വര്‍ഷം പ്രതി 100 കോടി രൂപ വിദേശപണം തങ്ങളുടെ ഉത്പന്ന കയറ്റുമതിയിലൂടെ നേടിത്തരുന്നതായും കമ്പനി അവകാശപ്പെടുന്നു. 
 
 
കാതിക്കുടത്ത് ജീവിക്കുന്ന ജനങ്ങള്‍ 1979 മുതല്‍ തന്നെ തിരിച്ചറിഞ്ഞതാണ് കമ്പനിയുടെ മലിനീകരണത്തിന്റെ ഭീകരത്. ആദ്യ എതിര്‍പ്പുകളെ ജോലി കൊടുത്തും ഭയപ്പെടുത്തിയും മറികടക്കാന്‍ കമ്പനിക്കായി. പിന്നീടുയര്‍ന്നുവന്ന ദീര്‍ഘനാളായുള്ള വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണങ്ങളാല്‍ നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് ഒരുമിച്ചുള്ള സമാധാനപരമായ സമര മാര്‍ഗങ്ങളിലേക്ക് ജനങ്ങള്‍ തിരിഞ്ഞത്. ഇതിനിടെ പലകുറി ചാലക്കുടി പുഴയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങി. കമ്പനിക്കു ചുറ്റുമുള്ള പാടശേഖരങ്ങളില്‍ കൃഷി ചെയ്യാനാവാതായി. മഴക്കാലത്ത് കമ്പനിയുടെ സുരക്ഷാഭിത്തിയിലെ വിള്ളലുകളിലൂടെ മലിനജലം പുറത്തുകടന്ന് നിരവധി കിണറുകളിലെ വെള്ളം കുടിക്കാന്‍ കഴിയാത്തതാക്കി. പുഴയിലെ വെള്ളം ജലസേചനത്തിനു പോലും പറ്റാതായി. 
 
 
ഇതിനിടെ, കമ്പനിയുടെ മാലിന്യം ഔഷധ ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന വസ്തുക്കളും കോഴിക്കാഷ്ഠവും ചേര്‍ത്ത് വളമായി കമ്പനി ജനങ്ങള്‍ക്ക് കൊടുക്കാന്‍ തുടങ്ങി. ഇതുമായി പൊള്ളാച്ചിക്ക് പോയ വണ്ടികള്‍ വാളയാര്‍ ചെക് പോസ്റ്റില്‍ നിന്ന് മടക്കി അയയ്ക്കപ്പെട്ടു. അവയതത്രയും പാലക്കാട് മുതലമടയില്‍ തള്ളിയതിന്റെ പേരില്‍ നാട്ടുകാര്‍ കൊടുത്ത കേസ് ഇപ്പോഴും നടക്കുന്നു. കാതിക്കുടം സമരവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചെല്ലുന്ന ഏതൊരാളും അസഹനീയമായ ദുര്‍ഗന്ധം അനുഭവിച്ചിട്ടുണ്ട്. ഈ ദുര്‍ഗന്ധത്തില്‍ മുഴുവന്‍ സമയവും ജീവിക്കുന്ന മനുഷ്യരാണ് അഞ്ചു വര്‍ഷത്തോളമായി സമാധാനപരമായ സമരപാതയിലുള്ളത്. അവരാണ്, ഇനിയും മലിനീകരണ ബോര്‍ഡ് അനുവാദം നല്‍കിയാല്‍ മലിനജലം ഒഴുക്കുന്ന പൈപ്പ് എടുത്തുമാറ്റും എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിയത് – കഴിഞ്ഞ ദിവസം.  
 
 
സമരപ്പന്തലില്‍ തടിച്ചു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സാറ ടീച്ചറും സി.ആര്‍ നീലകണ്ഠനും സംസാരിച്ചു. ഇരുവരും പൈപ്പ് എടുത്തു മാറ്റുകയല്ലാതെ നിര്‍വാഹമില്ല എന്നു പറഞ്ഞു നിര്‍ത്തിയിടത്തു നിന്നാണ് ഹരിത എം.എല്‍.എയായ ടി.എന്‍ പ്രതാപന്‍ സംസാരിക്കാന്‍ തുടങ്ങൂന്നത്. ദീര്‍ഘനാളായി മലിനീകരണത്താല്‍ ജീവിതം അസാധ്യമായ ഘട്ടത്തിലെത്തിയ ജനങ്ങളോട് പ്രതാപന്‍ പക്ഷേ, പറഞ്ഞത് ഈ സമരം കമ്പനിക്ക് എതിരല്ല എന്നാണ്. നമ്മള്‍ പോലീസിനും എതിരല്ല, നമ്മള്‍ മാനേജ്‌മെന്റിനും എതിരല്ല എന്നിങ്ങനെ നീണ്ട പ്രസംഗം ദഹിക്കാനാവാതെ അറുപതോളം നാട്ടുകാര്‍ എഴുന്നേറ്റു പോയി. ഇതിനിടെ കമ്പനിയുടെ കവാടത്തിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള നിര്‍ദേശവും അദ്ദേഹം നല്‍കുന്നുണ്ടായിരുന്നു. ആദ്യം ജനങ്ങള്‍, നേതാക്കള്‍, പിന്നെ കുട്ടികള്‍, പിന്നെ സ്ത്രീകള്‍ എന്നിങ്ങനെ അണിനിരക്കാനായിരുന്നു ആഹ്വാനം. ദീര്‍ഘനാള്‍ നിരാഹാരത്തിലായിരുന്ന പ്രവര്‍ത്തകരെയടക്കം നിശബ്ദരാക്കി അവരുടെ സമരം അങ്ങനെ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. 
 
 
ഇന്ന് സമരം അവസാനിക്കണം, കൃത്യമായ മലിനീകരണ നിയന്ത്രണ ഉപാധികള്‍ ഉണ്ടാകുംവരെ കമ്പനി തുറന്നു പ്രവര്‍ത്തിക്കരുത് എന്ന ജനങ്ങളുടെ ആവശ്യത്തെ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ അദ്ദേഹത്തിന്റെ ശ്രമമാണ് പാളിയത്. സമര രംഗത്തുള്ളവര്‍ കമ്പനി കവാടത്തില്‍ ഇരുന്നു. തീരുമാനമാകും വരെ ആരും അകത്തേക്കും പുറത്തേക്കും പോകേണ്ട എന്ന നിലയില്‍. അപ്പോഴേക്കും സാറാ ടീച്ചറും പ്രതാപനും സി.ആറും മടങ്ങി. കുട്ടികളെ ബലം പ്രയോഗിച്ച് പോലീസ് വണ്ടിയില്‍ കയറ്റാന്‍ തുടങ്ങിയത് സ്ത്രീകള്‍ തടഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഒരുമിച്ച് പോലീസ് വണ്ടിയില്‍ കയറ്റി. വണ്ടി നീങ്ങി ആദ്യ വളവു കഴിയുമ്പോഴേക്കും ‘അടിച്ചൊതുക്കെടാ’ എന്ന ശബ്ദം കേട്ടു. അവിടെ നിന്നങ്ങോട്ട് അടുത്ത നാലു മണിക്കൂര്‍ നടന്നത് നരനായാട്ടാണ്. 
 
 
ഒരുമാസക്കാലം നീണ്ട നിരാഹാര സമരത്തിനിടയില്‍ പലപ്പോഴും സമരപ്പന്തലില്‍ പാട്ടു പാടിയ സതീശിന്റെ ഇടത്തേ കരണം അടിച്ചു പൊട്ടിച്ചു. ‘നീ പാട്ടു പാടുമല്ലേടാ’ എന്നു ചോദിച്ചായിരുന്നു തല്ല്. പാട്ടിനൊപ്പം തബല വായിച്ചിരുന്ന സുബ്രമണ്യന്റെ ഇടതുകൈ ഒടിഞ്ഞ് സ്ലിംഗിലാണ്. കമ്പനിക്കടുത്തുള്ള വീടുകളില്‍ കയറി ടി.വി, ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ പോലീസ് അടിച്ചു തകര്‍ത്തു. പല ബാച്ചുകളിലായി വന്ന പോലീസുകാര്‍, അടി കൊണ്ടു വീണു കിടന്നവരെ പിന്നെയും പിന്നെയും തല്ലി. ഫൈബര്‍ ലാത്തി കൊണ്ടുള്ള അടിയേറ്റു ബോധം കെട്ടു വീണ പ്രജിലിനെ തുടരെ മര്‍ദ്ദിച്ചു. നാളുകളായി സമരപ്പന്തലിനു മുന്നില്‍ പോലീസ് സ്ഥാപിച്ച ക്യാമറകളിലൂടെ ആളുകളെ കൃത്യമായി അറിഞ്ഞു തന്നെയായിരുന്നു പോലീസിന്റെ ആക്രമണം. പല വീടുകളില്‍ നിന്നും സ്വര്‍ണവും പണവും മോഷണം പോയി. ഇപ്പോള്‍ കാതിക്കുടത്തെ സ്ത്രീകള്‍ ചോദിക്കുന്നു ‘ആ പോലീസുകാരെന്താ കള്ളന്മാരെ പോലെ മോഷ്ടിക്കുന്ന’തെന്ന്.
 
 
പക്ഷേ 30 വര്‍ഷത്തോളമായി അമര്‍ഷവും അഞ്ചു വര്‍ഷമായി നിരവധി സമരങ്ങളും കഴിഞ്ഞ ഒരു മാസമായി നിരാഹാര സമരത്തിലുമായി നീങ്ങിയ സമരം പക്ഷേ കഴിഞ്ഞ ദിവസം ഗംഭീരമായ വിജയത്തിലെത്തുകയുണ്ടായി. ജില്ലാ കളക്ടര്‍ കമ്പനിക്ക് രണ്ടു ദിവസത്തേക്ക് സ്‌റ്റോപ്പ് മെമ്മോ കൊടുത്തു. വരുന്ന വ്യവസായങ്ങളെ കെട്ടുകെട്ടിക്കുന്ന സ്ഥലമാണ് കേരളം എന്ന് ഒരുനിമിഷം ചിന്ത പോയെങ്കില്‍ തെറ്റി. ഒരു ദിവസം കാതിക്കൂടത്തെത്തിയാല്‍ മനസിലാകും അവിടെ ജീവിക്കാനാകില്ലെന്ന്, നിങ്ങള്‍ക്കെന്നല്ല, ആര്‍ക്കും. പോകാന്‍ വേറെ സ്ഥലമില്ലാത്തവരുടെ സമരമാണിത്. അതിന്റെ ചെറിയ വിജയം ശരീരത്തിലേറ്റ ലാത്തിയിലൂടെ വേദനയ്ക്കിടയിലും പ്രവര്‍ത്തകരുടെ മുഖത്ത് വായിച്ചെടുക്കാം. 
 
 
ഒരര്‍ഥത്തില്‍ കോഴിക്കോട്ടെ മാവൂരില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് കാതിക്കുടത്ത് സംഭവിക്കുന്നത്. ഗ്വാളിയോര്‍ സ്യൂട്ടിംഗ്‌സ് ഉണ്ടാക്കാന്‍ വയനാട്, നിലമ്പൂര്‍ കാടുകളില്‍ നിന്ന് മുള വെട്ടിയിറക്കിയത് ടണ്ണിന് 50 പൈസയ്ക്കായിരുന്നു. 25 വര്‍ഷം കൊണ്ട് ചാലിയാര്‍ പുഴയെ ഒരു ജീവനും നിലനില്‍ക്കാനാവാത്ത വിധത്തില്‍ കൊന്നു. ഒരിക്കലും ഗ്വാളിയോര്‍ സ്യൂട്ടിംഗ്‌സിടുന്നത് സ്വപ്നം കാണാത്ത ഒരു ജനതയെ വിഷവായു ശ്വസിപ്പിച്ച്, വിഷജലത്തില്‍ കുളിപ്പിച്ച് രോഗികളാക്കിയെടുത്തു. ആ കമ്പനി അടച്ചു പൂട്ടിയത് തെറ്റായി പോയെന്ന് ഈ അടുത്തിടെ പറഞ്ഞത് കേന്ദ്ര മന്ത്രി ശശി തരൂരാണ്. 
 
 
സമരപ്പന്തലില്‍ ഒരിക്കല്‍ പോലും വരാത്ത സ്ഥലം എം.എല്‍.എ സി.പി.എമ്മിന്റെ ബി.ഡി ദേവസ്യ, പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണാന്‍ എത്തിയപ്പോള്‍ ‘നിങ്ങളെന്താ ഞങ്ങളുടെ ശവം കാണാന്‍ വന്നതാണോ’ എന്നു ചോദിച്ചു ബിന്ദു എന്ന സ്ത്രീ. ജയിച്ചു കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് അസ്പൃശ്യരാകുന്ന ഒരു പുതിയ ജാതിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരിലൊരാള്‍ മാത്രമാണ് ദേവസി. കേന്ദ്ര രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു പോയ വി.ഡി സതീശന്‍ കമ്പനിയുടെ തൊഴിലാളി യുണിയനുകളിലൂടെ നടത്തിയ ഭീഷണി കാരണം ജനങ്ങള്‍ക്കറിയാം അയാള്‍ പുറത്തും അകത്തും ഹരിതമല്ലെന്ന്. ഒടുവില്‍ പ്രതാപനെന്ന ഹരിതനേയും വിശ്വസിക്കാനാകില്ലെന്ന് അവര്‍ക്ക് കഴിഞ്ഞ ദിവസം മനസിലായി. 
 
 
നീണ്ട താടിയുള്ള, തല്ലുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനോട്, കുറിയിട്ട്, മുണ്ടുടുത്തു വന്ന ബി.ജെ.പി പ്രവര്‍ത്തകരിലൊരാള്‍ ചോദിച്ചു – ‘സോളിഡാരിറ്റി സഹോദരനാണല്ലേ’? സുഹൃത്ത് മറുപടി പറഞ്ഞു. ‘അല്ല സംഘപരിവാറാണ്’. 
 
അറപ്പായിരിക്കുന്നു കാതിക്കുടത്തുകാര്‍ക്ക് ഈ പൊയ്മുഖങ്ങളെ. മനുഷ്യന് ജീവിക്കാനാവാത്ത സാഹചര്യത്തിനെതിരെ സമരം ചെയ്യുന്ന മനുഷ്യരെ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനകളുടേയും ലേബലിലൊതുക്കി, പറ്റിച്ച് ജയിച്ച്, നടക്കുന്ന ഈ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ബദലായി മാറുകയാണ് ഈ സമരം. 
 
അതുകൊണ്ടാണ് Edward Abbey എന്ന 1927 ജനുവരി 29 മുതല്‍ 1989 മാര്‍ച്ച് 14 വരെ ജീവിച്ചിരുന്ന ഒരാളെ ഗൂഗിള്‍ ചെയ്യേണ്ടതും പഠിച്ചെടുക്കേണ്ടതും. കേരളത്തിന്റെ സഹന സമരങ്ങള്‍ക്ക് ഒത്തിരി ഗതിവേഗം പകരാനാകും ഇയാള്‍ക്ക്.
 
മഴയാണ്,
 
കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ പോലെയല്ല, പെയ്യുമ്പോള്‍ നിറയെ അറിവുകളും അതിലേറെ തിരിച്ചറിവുകളുമായി.  
 
 

Share on

മറ്റുവാര്‍ത്തകള്‍