Continue reading “ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം”

" /> Continue reading “ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം”

"> Continue reading “ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം”

">

UPDATES

വിദേശം

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം

                       
നാല്പത്തിയേഴ് നിയോജകമണ്ഡലങ്ങളില്‍ നിന്ന് വെറും രണ്ട് പേരെ മാത്രം പ്രതിപക്ഷ ബഞ്ചിലേക്ക് തെരഞ്ഞെടുത്ത് തങ്ങളുടെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാറിനെ ലോകത്തിനു മുമ്പില്‍ ഭൂട്ടാന്‍ അവതരിപ്പിച്ചതിന് ഒരുമാസം മുന്പുള്ള ഒരു സംഭവം.
 
2008 ഫെബ്രുവരിയിലെ പ്രചരണ സമയത്ത് രാജ്യത്തിന്റെ കിഴക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലുന്‍സിയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷനിലേക്ക് ഒരു പരാതി: രാത്രിയുടെ മറവില്‍ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കുന്നതിന് ഒരു ഉഗ്രമൂര്‍ത്തിയെ ആവാഹിച്ചിരിക്കുന്നു. താന്ത്രിക്ക് ബുദ്ധിസത്തില്‍ യുദ്ധസമയത്ത് ശത്രുവിനെ പരാജയപ്പെടുത്താന്‍ വിളിച്ചപേക്ഷിക്കുന്ന ട്രോള്‍മ യുള്‍ദോങ്ങ് എന്ന മൂര്‍ത്തിയെ ഒരു ജനാധിപത്യ തെരഞ്ഞടുപ്പിനെ നിര്‍ണ്ണയിക്കാന്‍ ആവാഹിച്ചു എന്ന് പരാതിപെട്ടത് ഭൂട്ടാനിലെ അറിയപ്പെടുന്ന ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍റായ, പി ഡി പി എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി.  പരാതിക്കു പുറകേ വന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. മൂര്‍ത്തിയെ ആവാഹിച്ചു എന്ന് ആരോപിക്കപ്പെട്ട ഡി പി ടി സ്ഥാനാര്‍ത്ഥി ജയിച്ചു, പാര്‍ട്ടിക്ക് ഭരണവും കിട്ടി.
 

കേരളത്തില്‍ നിന്ന് 1627ല്‍ ഭൂട്ടാനില്‍ എത്തിയ പോര്‍ച്ചുഗീസ് പാതിരിമാര്‍ക്ക് പാറോയില്‍ ഒരു കത്തോലിക്ക പള്ളി പണിയാന്‍ അനുവാദം ലഭിച്ചെങ്കിലും അവര്‍ അത് വേണ്ടെന്ന് വെച്ചു. (ചിത്രം ജെ എം ഹുലോട്ട്)
 
അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഈ മാസം പതിമൂന്നിന് ഭൂട്ടാന്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നേരിടുകയാണ്. ഇലക്ഷന്‍ കമീഷന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആവാഹിക്കാന്‍ പാടില്ലാത്ത മുര്‍ത്തികളുടെ കൂട്ടത്തില്‍ ട്രോള്‍മ യുള്‍ദോങ്ങും ഉണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമങ്ങളുടെ പരിധിക്ക് നില്‍ക്കാത്ത രണ്ട് മൂര്‍ത്തികളാണ് ഇത്തവണ ഭൂട്ടാനെ അലട്ടുന്നത്: ഇന്ത്യയും ചൈനയും.
 
അന്‍പതുകളുടെ തുടക്കത്തില്‍ മാവോയുടെ നേതൃത്വത്തില്‍ ദലൈ ലാമയുടെ തിബറ്റ് കീഴടക്കുന്നതിനുള്ള ശക്തമായ നീക്കങ്ങള്‍ ഭൂട്ടാന്‍ ചങ്കിടിപ്പോടെയാണ് വീക്ഷിച്ചത്. ഭൂട്ടാന്റെ ചില വടക്കന്‍  ഭാഗങ്ങള്‍ അന്നു മുതല്‍ തന്നെ ചൈന അവകാശപ്പെടുന്നുമുണ്ട്. തെക്കാകട്ടെ, സ്വാതന്ത്രത്തിനുശേഷം ഉപഭൂഖണ്ടത്തിലെ ചെറിയ രാജ്യങ്ങള്‍ ഇന്ത്യയോട് ചേര്‍ക്കപ്പെടുകയുമായിരുന്നു. ചെമ്പടയുടെ സാംസ്‌കാരിക വിപ്ളവത്തിനും നെഹ്റൂവിയന്‍ ജനാധിപത്യ സ്വപ്നങ്ങള്‍ക്കും ഇടയില്‍ ഒരു സ്വതന്ത്രരാജ്യമായി നിലനില്‍ക്കുക എന്നത് ഭൂട്ടാനെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു.
 

യാക്കിന്റെ പുറത്ത് ഭൂട്ടാനിലേക്ക് 1958ല്‍ നെഹ്റു എത്തുന്നു

 
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ ഈ ഉള്‍വലിയല്‍ തന്ത്രം ഭൂട്ടാനെ സഹായിച്ചിട്ടേ ഉള്ളൂ. തിബറ്റുമായുള്ള അതിര്‍ത്തി കാത്തിരുന്നത് വര്‍ഷം മുഴുവന്‍ മഞ്ഞുമൂടിയ മഹാപര്‍വ്വതങ്ങളും, ബ്രിട്ടീഷ് ഇന്ത്യയ്ക്ക് അതിര്‍ത്തിയായ മലമ്പനിക്കാടുകളുമാണ്. ഇവ തരണം ചെയ്ത് ഭൂട്ടാനിലേക്ക് കയറാന്‍ അധികമാരും ഒരുമ്പെട്ടിട്ടില്ല. 1616-ല്‍, ഷേക്സ്പിയര്‍ മരിച്ച വര്‍ഷം മലകള്‍ താണ്ടി തിബറ്റില്‍ നിന്ന് ഒരു യോഗി, ബുദ്ധമത വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയില്‍ നിന്ന് രക്ഷതേടി ഭൂട്ടാനിലെത്തി ഒരു നിയമസംഹിതയുണ്ടാക്കി ഭൂപ്രഭുക്കളെ ഒന്നിപ്പിച്ചു. ഓരോ പ്രവിശ്യകളിലും കാവല്‍ കോട്ടകള്‍ സ്ഥാപിച്ച ഷബ്ട്രുങ്ങ് രാജ്യത്തെ തിബറ്റന്‍, മംഗോള്‍ സൈന്യങ്ങളില്‍ നിന്ന് രക്ഷിച്ചു. കൃത്യം പത്തു വര്‍ഷത്തിനുശേഷം, 1627-ല്‍ മലമ്പനിക്കാടുകള്‍ കയറി ഭൂട്ടാനിലെ ആദ്യത്തെ സായിപ്പന്‍മാര്‍ എത്തി, പോര്‍ച്ചുഗീസ് ജെസ്യൂട്ട് പാതിരിമാര്‍: സ്റ്റീഫന്‍ കാസല്ല, കമ്പാല്‍.
 

 ഭൂട്ടാനിലെ ഭരണസിരാകേന്ദ്രമായ തിംപുവിലെ താഷിചോദ്സോങ്ങ്

 
അവര്‍ മുഖാന്തരമാണ് ഭൂട്ടാന്റെ രാഷ്ട്രപിതാവിനെക്കുറിച്ച് ലോകം അറിയുന്നത്. എട്ട് മാസത്തോളം അവര്‍ തിംപുവില്‍ ഷബ്ട്രുങ്ങിനൊപ്പം തങ്ങി. പഴങ്ങളും പാലും മാത്രം ഭക്ഷിക്കുന്ന, മിക്ക സമയവും ഏകാന്തധ്യാനത്തില്‍ കഴിയുന്ന ഈ മനുഷ്യന്‍ അവരെ ആകര്‍ഷിച്ചു. തങ്ങളുടെ ലക്ഷ്യസ്ഥാനമായ തിബറ്റിലേക്ക് നീങ്ങുന്നതിനുമുന്പ് ഇദ്ദേഹത്തെ കൃസ്ത്യാനിയാക്കാന്‍ പാതിരിമാര്‍ തീരുമാനിച്ചു. സുവിശേഷങ്ങള്‍ വളരെ ശ്രദ്ധയോടെ പഠിച്ചെങ്കിലും, തന്റെ മതം മാറണമെന്ന് ഷബ്ട്രുങ്ങിന് തോന്നിയില്ല. പാതിരിമാരുടെ ശ്രമങ്ങളില്‍ സഹതാപം തോന്നിയ ആ യോഗി, തന്റെ ഒപ്പമുള്ള രണ്ട് സന്യാസിമാരെ കൃസ്ത്യാനികളാക്കി ഒപ്പം കൂട്ടിക്കൊള്ളാന്‍ പറഞ്ഞു. താന്‍ ധ്യാനിച്ചിരുന്ന തിംപുവിലെ ചെരി മൊണാസ്ട്രിയില്‍ അവര്‍ക്ക് ഒരു പ്രാര്‍ത്ഥനാ സ്ഥലമൊരുക്കി, ഇപ്പോള്‍ ഭൂട്ടാനിലെ ഒരേയൊരു അന്താരാഷ്ട്ര വിമാനത്താവളമുള്ള പാറോയില്‍ ഒരു പള്ളി പണിയാനും സ്ഥലം കൊടുത്തു. പക്ഷേ, ഭൂട്ടാനില്‍ നില്‍ക്കുന്നതിനു പകരം തിബറ്റിലേക്ക് പോകാനാണ് അവര്‍ തീരുമാനിച്ചത്. അങ്ങനെ കത്തോലിക്കാ സഭയുടെ കൊളോണിയല്‍ സുവിശേഷീകരണത്തിന്റെ കാലത്തെ ഒരു നഷ്ടമായി ഭൂട്ടാന്‍ ഇന്നും നിലനില്‍ക്കുന്നു. ഏകദേശം മുന്നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യയില്‍ പോയി പഠിച്ച ഒരു രാജകുടുംബാംഗം  ഭൂട്ടാനിലെ ആദ്യത്തെ (ഒരു പക്ഷേ, ഏക) കത്തോലിക്കനായി. കിന്‍ലെ ഷെറിങ്ങ് ഇന്നൊരു ജസ്യൂട്ട് പാതിരിയും ദാര്‍ജീലിങ്ങിലെ നോര്‍ത്ത് പോയിന്‍റ് സ്‌കൂളിന്റെ പ്രിന്‍സിപ്പളുമാണ്. പോര്‍ച്ചുഗീസ് പാതിരിമാര്‍ക്ക് താന്ത്രിക്ക് വജ്രയാന ബുദ്ധിസവും കത്തോലിസിസവും തമ്മിലൊരു ചേരായ്മ തോന്നിക്കാണും. ‘യാഥാര്‍ത്ഥ്യത്തെ, വിശ്വാസത്തെ തിരിച്ചറിയുന്ന രീതികളില്‍ ഞങ്ങള്‍ തമ്മിലുള്ള അന്തരം വലുതാണ്. ഞങ്ങളിവിടെ തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല’ ഫാദര്‍ കാസല്ല എഴുതി. ഇവിടെ നിന്ന് ഒരു വിദേശി അയച്ച ആദ്യത്തെ കത്ത് പോയത് അവര്‍ ഭൂട്ടാനിലേക്കുള്ള യാത്ര തിരിച്ച കൊച്ചിയിലുള്ള കത്തോലിക്ക അരമനയിലേക്കാണ്.
 

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍
 
മറ്റ് വിശ്വാസങ്ങളോടും ആശയസംഹിതകളോടും അതീവ താല്‍പര്യം കാട്ടുമ്പോള്‍ തന്നെ, ഇവയെ എല്ലാം ഒരു സുരക്ഷിതമായ അകലത്തില്‍ നിന്ന് നോക്കി കാണാനും ഭൂട്ടാനെ സഹായിക്കുന്നത് ബുദ്ധിസത്തിലെ ഏറ്റവും പ്രധാന പാഠങ്ങളിലൊന്നായ ഡിറ്റാച്ച്‌മെന്റ് ആയിരിക്കണം. ചൈനയോട് അകലം പാലിക്കുമ്പോള്‍ തന്നെ, ക്യൂബയോട് അടുപ്പം. നാട്ടില്‍ സഖാക്കള്‍ ചെഗുവേരയെ ചുവരില്‍ പതിക്കുന്ന സമയത്ത് ഭൂട്ടനീസ് ചെറുപ്പക്കാര്‍ ക്യൂബയില്‍ പോയി മെഡിസിന്‍ പഠിച്ച് തിരിച്ചുവന്നു. വിദേശനയത്തില്‍ തിബറ്റ് ചൈനയുടെ ഭാഗമായി ഭൂട്ടാന്‍ അംഗീകരിക്കുന്‌പോള്‍ തന്നെ, പതിനായിരക്കണക്കിന് ആളുകള്‍ ഇവിടെ നിന്ന് എല്ലാ വര്‍ഷവും ബോദ്ഗയയില്‍ ദലൈ ലാമ നയിക്കുന്ന കാലചക്ര യജ്ഞത്തില്‍ പങ്കെടുക്കും. കേരളത്തിലെ ഓരോ മുക്കിലും മൂലയിലും ഭൂട്ടാന്‍ ലോട്ടറി വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടിയപ്പോള്‍ ഇവിടെ അതിന് വില്‍പ്പനയില്ലായിരുന്നു, തിംപു നഗരത്തിലെ ഒരു ചെറിയ മൊബൈല്‍ കടയില്‍ ഡേറ്റാ, കുയില്‍ ലോട്ടറികള്‍ പേരിന് മാത്രം, അതും ഇന്ത്യയില്‍ നിന്ന് ആരോ കൊണ്ട് വച്ചത്. 
 

ഭൂട്ടാന്‍ രാജാവ് ജിഗ്മി ഖേസര്‍ വാങ്ങ്ചുക്കും രാജ്ഞി ജെറ്റസന്‍ പേമ വാങ്ങ്ചുക്കും
 
ലോട്ടറി വിഷയത്തില്‍ ഭൂട്ടാന്റെ പേര് ഇന്ത്യയില്‍ കളങ്കപ്പെടും എന്ന് കണ്ടപ്പോള്‍, ഒരു ദിവസം കൊണ്ട് ഭൂട്ടാന്‍ ലോട്ടറി ഡയറക്ടറേറ്റ് ഇവിടുത്തെ സര്‍ക്കാര്‍ പൂട്ടി. അത് പൂട്ടിയത് ശരിയായോ എന്ന്‍ പത്രക്കാര്‍ ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഉത്തരം ഇതായിരുന്നു, ‘ലോട്ടറി ചൂതാട്ടമാണ്, അത് നമുക്ക് വേണ്ട.’ എങ്ങനെയെങ്കിലും ഇവിടെ ഒരു എംബസി തുറന്നുകിട്ടാന്‍ കാത്തുകിടക്കുന്ന അമേരിക്കയോടുള്ള ഭൂട്ടാന്റെ മറുപടിയും ഇപ്രകാരമായിരുന്നു, ‘അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഭൂട്ടാനീസ് പഠിക്കുന്നുണ്ട്, ആ സഹായം തന്നെ ധാരാളം.’ 
 
ചൈനയെ ചെറുക്കാന്‍ ഭൂട്ടാന്റെ സഹായമില്ലാതെ കഴിയില്ല എന്ന്‍ തിരിച്ചറിഞ്ഞ നെഹ്‌റു വളരെ പണിപ്പെട്ടാണ് ഇന്ത്യയുടെ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ഭൂട്ടാനെ സമ്മതിപ്പിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഭൂട്ടാന്റെ വളര്‍ച്ചയില്‍ വളരെ പ്രധാന പങ്ക് ഇന്ത്യ വഹിച്ചു. ഇപ്പോഴും ഭൂട്ടാന്റെ പഞ്ചവല്‍സര പദ്ധതികളുടെ ബജറ്റിന്റെ ഒരു നല്ല ഭാഗം വഹിക്കുന്നത് ഇന്ത്യയാണ്. എല്ലാ മണ്ഡലകാലത്തും ശബരിമല കയറാന്‍, ഇരുമുടിക്കെട്ടുമായി ഹിമാലയമിറങ്ങി പോവുന്ന ചെങ്ങന്നൂര്‍കാര്‍ മുതല്‍, ഡിസമ്പര്‍ 24-ന് തിംപുവില്‍ ഫാദര്‍ കിന്‍ലെ നയിക്കുന്ന ക്രിസ്മസ് കുര്‍ബാന കൂടാന്‍ എത്തുന്ന സീറോ മലബാറുകാരുമുണ്ടിവിടെ. ഇന്ത്യയുമായുള്ള ബന്ധം അത്ര ദൃഡമാണ്. 
 
 
എന്നാല്‍ കഴിഞ്ഞ വര്‍ഷം റിയോ ഭൌമ ഉച്ചകോടി സമയത്ത് ചരിത്രത്തിലാദ്യമായി ഒരു ഭൂട്ടാന്‍ പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയപ്പോള്‍ ഡല്‍ഹി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നു എന്ന് ചൈനീസ് മാധ്യമങ്ങള്‍ എഴുതിയപ്പോള്‍ ഭൂട്ടാന്‍ അത് നിഷേധിച്ചു. എന്നാല്‍ പിന്നെ നിങ്ങളെന്താണ് സംസാരിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഭൂട്ടനീസ് പ്രധാനമന്ത്രി ജിഗ്മേ തിന്‍ലെയുടെ ഉത്തരമിതായിരുന്നു, ‘ചൈന ഒരു യാഥാര്‍ത്ഥ്യമാണ്.’ 
 

തെരഞ്ഞെടുപ്പ് യന്ത്രവുമായി ലോകത്തിലെ ഏറ്റവും ഉയരത്തില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലൊന്നായ ഭൂട്ടാനിലെ ലുനാനയിലേക്ക് പോകുന്ന പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍

 
ചരിത്രപരമായി ഭൂട്ടാന്റെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് ബുദ്ധിസത്തോടൊപ്പം ഇന്ത്യ, ചൈന എന്നീ യാഥാര്‍ത്ഥ്യങ്ങളാണ്. നൂറ്റാണ്ടുകളോളം അവര്‍ അവയില്‍ നിന്ന് അകന്നു നിന്നു. പിന്നീട് ഇന്ത്യയുമായി സൌഹൃദത്തിലായപ്പോള്‍, ചൈനയ്ക്ക് നയതന്ത്രബന്ധമില്ലാത്ത ഏക അയല്‍രാജ്യമായി ഭൂട്ടാന്‍. ചൈന –  ഇന്ത്യ യുദ്ധസമയത്ത് ഭൂട്ടാന്റെ മുകളിലൂടെ പറന്ന യുദ്ധവിമാനങ്ങളെ ഭയന്ന് കാട്ടിനുള്ളില്‍ ദിവസങ്ങളോളം ഭയന്നൊളിച്ചിരുന്ന ഓര്‍മ്മകള്‍ ഉള്ളവരാണ് ഇവിടുത്തെ ഗ്രാമീണര്‍. എന്നാല്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിറങ്ങിയ ഉയര്‍ന്ന ബ്യൂറോക്രാറ്റുകളും, ആദ്യ ജനാധിപത്യ സര്‍ക്കാറിലെ പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവരും ചൈനയെ അകറ്റി നിറുത്തുന്നത് ശരിയല്ല എന്ന് കരുതുന്നവരാണ്. 
 
വടക്കന്‍ അയല്‍ക്കാരനുമായുള്ള സൌഹൃദം ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നു. അത് ഭൂട്ടാന് നല്ലതല്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നിലപാട്. അഞ്ച് വര്‍ഷം മുമ്പ് വരെ രാജശാസനകളാണ് ഈ രാജ്യത്തിന്റെ നിലപാടുകളെ നിര്‍ണയിച്ചിരുന്നത്. ജുലൈ 13-ന്, ഭൂട്ടാന്റെ രണ്ടാമത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഇത് തീരുമാനിക്കുക ജനങ്ങളായിരിക്കും. കാരണം ഗ്രാമങ്ങളിലേക്കുള്ള ടാറിട്ട റോഡുകള്‍ അദ്യ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമായിരുന്നെങ്കില്‍, ചൈന ഭൂട്ടാന്‍ അതിര്‍ത്തിയില്‍ പണിയുന്ന റോഡുകള്‍ ഇത്തവണ ഇവിടുത്തെ വ്യാകുലതയാണ്. 
 

Related news


Share on

മറ്റുവാര്‍ത്തകള്‍