ടീം അഴിമുഖം
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടന്ന ആദര്‍ശ് മോഡല്‍ ഫ്‌ളാറ്റ് കുംഭകോണത്തെ അന്വേഷിക്കാന്‍ ഉത്തരവിട്ടെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. കഴിഞ്ഞ ജൂണ്‍ രണ്ടിന് അഴിമുഖം പുറത്തു കൊണ്ടുവന്ന വാര്‍ത്തയാണ് ഇപ്പോള്‍ സൈനിക കോടതിയുടെ പരിഗണനയിലുള്ളത്. (ആദര്‍ശ് മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും : അഴിമുഖം അന്വേഷണം) കരസേനാ ആസഥാനത്തു നിന്നുള്ള പ്രത്യേക കോര്‍ട്ട് ഓഫ് എന്‍ക്വയറിയാണ് നടക്കുന്നതെന്നാണ് ആന്റണി തിങ്കളാഴ്ച ലോക്‌സഭയെ അറിയിച്ചത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയക്കാനും ആന്റണി ഉത്തരവിട്ടിട്ടുണ്ട്.
കൊച്ചിയിലെ ഫ്‌ളാറ്റ് കുംഭകോണം ഉള്‍പ്പെടെ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എട്ടു കേസുകളെടുത്തിട്ടുള്ളതായും ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാനുള്ള ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ 200 കോടി രൂപയുടെ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി അഴിമുഖമാണ് പുറത്തു കൊണ്ടു വന്നത്. തുടര്‍ന്ന് പ്രതിരോധ സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആന്‍റണി നിര്‍ദേശം നല്കി. സൈനിക ആസ്ഥാനത്തു നിന്നുള്ള പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക കോര്‍ട്ട് ഓഫ് എന്‍ക്വയറി.
പട്ടാളക്കാര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള ആര്‍മി വെല്‍ഫയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ പദ്ധതിയുടെ മറവില്‍ സ്വകാര്യ ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയുടെ ഫ്‌ളാറ്റുകള്‍ സേനാംഗങ്ങള്‍ക്കു നല്‍കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആര്‍മി തന്നെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് ആര്‍മി ആസ്ഥാനത്തേക്ക് നല്‍കിയെങ്കിലും ഉന്നതതല സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അഴിമുഖം പുറത്തു വിടുകയും ചെയ്തു.
വിപണി വിലയിലും ഉയര്‍ന്ന വില ഈടാക്കി, മതിയായ യാത്രാ സൗകര്യങ്ങളോ ഒന്നുമില്ലാത്ത സ്ഥലത്ത് ഓര്‍ഗനൈസേഷന്റെ ഫ്‌ളാറ്റുകള്‍ എന്നു പ്രചരിപ്പിച്ചായിരുന്നു കച്ചവടം. സ്വകാര്യ കമ്പനിയെ സഹായിക്കുന്നതിനായി ഓര്‍ഗനൈസേഷന്റെ ഫ്‌ളാറ്റ് നിര്‍മാണം വൈകിപ്പിക്കുകയും ഇത് വിവാദമായതോടെ ടെണ്ടര്‍ വിളിക്കുകയും ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തി ആരോപണ വിധേയരായ സ്വകാര്യ കമ്പനിക്കു തന്നെ ടെണ്ടര്‍ നല്‍കുകയും ചെയ്തു. കൊച്ചി കേന്ദ്രമായ ശില്‍പ്പ പ്രോജക്ട്‌സ് എന്ന കണ്‍സട്രക്ഷന്‍ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കുന്നതിനായി ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തിയതിന്റെ വിവരങ്ങളും ആര്‍മി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അഴിമുഖം പുറത്തു വിട്ട രേഖകള്‍ ശരിയാണെന്നാണ് ഇപ്പോള്‍ നടക്കുന്ന ഉന്നതതല അന്വേഷണം തെളിയിക്കുന്നത്.