Continue reading “ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍”

" /> Continue reading “ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍”

"> Continue reading “ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

                       
ഇന്ത്യന്‍ നഗരങ്ങളില്‍ താരതമ്യേനെ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് കരുതിയിരുന്ന മുംബൈയില്‍ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് ആക്രമിക്കപ്പെട്ടിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം മാധ്യമങ്ങളും പൊതു സമൂഹവുമൊക്കെ ഒറ്റക്കെട്ടായി രംഗത്ത് വന്നിരുന്നു. ഇവിടെയുണ്ടാകുന്ന ഓരോ പ്രതിഷേധവും ഓരോ പോരാട്ടവും ഏതെങ്കിലുമൊക്കെ വിധത്തില്‍ ഫലം ചെയ്യുമെന്നും നാം കരുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും മാറിയിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യന്‍ പുരുഷന്‍ സ്ത്രീകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണോത്സുകനാകുന്നു എന്നാണ് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുന്നത്. വീടിന് അകത്തും പുറത്തും ഒരേ പോലെ അരക്ഷിതരായി ജീവിക്കേണ്ടി വരുന്ന ഒരു സമൂഹമായി നമ്മുടെ സ്ത്രീകള്‍ മാറുന്നുണ്ടെങ്കില്‍ അതിന് എല്ലാവരും ഉത്തരവാദികളാണ്. ഓരോ നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയോടെ കഴിയുന്ന സ്ത്രീകളുടെ നാടായി നാം മാറുന്നോ? ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകയുടെ അനുഭവങ്ങളിലൂടെ.  
 
സൗമ്യ ബാലകൃഷ്ണന്‍
 
 
‘നിങ്ങള്‍ സ്ളൊവേനിയന്‍ അല്ലെന്നാണോ പറയുന്നത്? നിങ്ങളെ കണ്ടിട്ട് റഷ്യന്‍ ആണെന്നു തോന്നുന്നില്ലല്ലോ’? അയാള്‍ ചോദ്യങ്ങള്‍ തുടരുകയാണ്. നീലയുടുപ്പിട്ട ആ യുവതി കാര്യമായൊന്നും സംഭവിക്കുന്നില്ലെന്ന ഭാവത്തില്‍ തന്നെയായിരുന്നു. പിന്നെ മര്യാദയോടെ പതുക്കെ പറഞ്ഞു. ‘ഞാന്‍ റഷ്യനാണ്’. അയാളുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു. ‘കുറച്ചു മുമ്പ് സംസാരിച്ചു കൊണ്ടിരുന്നത് നിങ്ങളുടെ സുഹൃത്തായിരുന്നോ? അയാളും റഷ്യനാണോ’? അതെ, യുവതി പറഞ്ഞു, ‘അയാളും റഷ്യനാണ്. പക്ഷേ എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല’. ചോദ്യങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു. ‘എത്ര നാളായി ഡല്‍ഹിയില്‍ വന്നിട്ട്? ഓ.. 10 വര്‍ഷം വലിയ സമയമാണ്. നിങ്ങള്‍ എന്നിട്ട് ഹിന്ദി സംസാരിക്കാന്‍ പഠിച്ചില്ലേ? പിന്നെ, എവിടെയാണ് താമസം’?
 
ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അടുത്ത മേശയിലേക്ക് അധികം കാതു കൊടുക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ആ യുവതിയുടെ മുഖഭാവം കണ്ടതോടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവളുടെ മറുപടി ശാന്തവും ചെറിയ വാക്കുകളിലുമായിരുന്നു. ഉള്ളില്‍ നിന്ന് എന്തോ തികട്ടുന്നതു പോലെയായിരുന്നു അവളുടെ മുഖഭാവം, എങ്കിലും പുഞ്ചിരിക്കാന്‍ ശ്രമിച്ചിരുന്നു. അവളുടെ ചെറിയ ഉത്തരങ്ങളാകട്ടെ, അയാള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം ഉണ്ടാക്കിയതു പോലെ തോന്നി. 
 
ഇത്തരം സന്ദര്‍ഭങ്ങളില്‍ മിക്ക സ്ത്രീകളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്ന ഒരു ചോദ്യം ഇവിടെയും വരുമെന്ന് എനിക്ക് തോന്നിയിരുന്നു. ‘നിങ്ങളുടെ നമ്പര്‍ തരുമോ? ഞാന്‍ ഇവിടെ രജൗറി ഗാര്‍ഡനിലാണ് താമസം. ഇവിടെ നിന്ന് ഏറിയാല്‍ 10 കി.മീ. അങ്ങനെയെങ്കില്‍ എനിക്ക് നിങ്ങളുടെ വീടിന് അടുത്ത് വസന്ത് വിഹാറില്‍ വച്ച് കാണാന്‍ കഴിയും. നമുക്ക് ഓരോ കോഫി കഴിക്കുകയോ മറ്റോ ആവാം’. ഒരു ചെറിയ നിര്‍ത്തിനു ശേഷം അയാള്‍ തുടര്‍ന്നു. ഞാന്‍ നിങ്ങള്‍ക്ക് മെസേജ് അയയ്ക്കാം. നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ ഇവിടെ അവസാനിപ്പിച്ചേക്കാം. I wont bother you’. അവളുടെ ശാന്തമായ മറുപടി. ‘എനിക്ക് വല്ലാതെ ദാഹിക്കുന്നു. ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ’. എന്നാല്‍ അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. ഒന്നുകില്‍ അവള്‍ക്ക് അസ്വസ്ഥത തോന്നിത്തുടങ്ങിയത് അയാള്‍ക്ക് മനസിലായില്ല, അല്ലെങ്കില്‍ മനസിലായിട്ടും ഇല്ലെന്ന് നടിച്ചതാവാം. വെള്ളമെടുക്കാന്‍ പോയാല്‍ ആ മേശയ്ക്കരികിലേക്ക് അവള്‍ മടങ്ങിവരില്ലെന്നും അയാള്‍ക്ക് മനസിലായെന്നു തോന്നുന്നു. അയാളുടെ അടുത്ത നീക്കം പെട്ടെന്നായിരുന്നു, ‘വെള്ളം ഞാനെടുത്തു തരാം’ – അയാള്‍ തിടുക്കപ്പെട്ട് ബാറിനുള്ളിലേക്ക് പോയി. 
 
 
അവള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞതെന്നറിയില്ല. വിങ്ങിപ്പൊട്ടാന്‍ പോന്ന മുഖം. ‘നിങ്ങള്‍ക്ക് എപ്പോഴും ഇതേ അവസ്ഥയാണോ?’ ഞാന്‍ ചോദിച്ചു. അതെയെന്ന തലകുലുക്കല്‍. ഇന്ത്യയിലെ കഴിഞ്ഞ 10 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അവള്‍ പഠിച്ചത് ചുരുങ്ങിയ വാക്കുകളില്‍ എന്നോടു വിശദീകരിച്ചു. ഇന്ത്യന്‍ പുരുഷന്മാരെ, അവരുടെ ഈഗോയെ മുറിവേല്‍പ്പിക്കാതെ വേണം അവഗണിക്കാന്‍, അതത്ര എളുപ്പമല്ല താനും. അതുകൊണ്ടു കഴിയുന്നത്ര മര്യാദ കാണിക്കാറുമുണ്ട്, എത്ര വലിയ പ്രകോപനമുണ്ടായാലും. ഇന്ത്യന്‍ പുരുഷന്‍, അവള്‍ തുടര്‍ന്നു, ‘bahut harami’ (വളരെ മോശമാണ്). ആ ‘വളരെ’യ്ക്ക് അവള്‍ ഊന്നല്‍ കൊടുക്കുന്നതു പോലെ തോന്നി. അത് അവളുടെ ഹിന്ദിയുടെ ഉച്ചാരണ പ്രശ്‌നമല്ലെന്നും എനിക്കപ്പോള്‍ വ്യക്തമായിരുന്നു. 
 
ലോകത്തേറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന രാജ്യം ഫ്രാന്‍സ് ആണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. പിന്നെ ചൈന, മലേഷ്യ, ഹോങ്കോങ്.  ട്രാവല്‍ ഗുരുുക്ക•ാരുടെ അഭിപ്രായമനുസരിച്ച് ഇന്ത്യ അതിനടുത്തെങ്ങും എത്തില്ല. ഈ രാജ്യങ്ങളിലേക്കൊക്കെ ആളുകള്‍ പോകുന്നത് കാഴ്ചകള്‍ കാണാന്‍ മാത്രമല്ല, സുരക്ഷ ഉറപ്പാക്കുന്നു എന്നതു തന്നെയാണ് അതിലെ ഏറ്റവും വലിയ ഘടകം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ കുലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. അവിടെ നിന്ന് 45 മിനിറ്റ് സഞ്ചരിച്ചാല്‍ നഗര ഹൃദയത്തിലെത്താം. രാത്രി, ഒറ്റയ്ക്ക് ഒരു അന്യനാട്ടിലെ ടാക്‌സിയില്‍ – സ്വാഭാവികമായും ഞാന്‍ പേടിച്ചിരുന്നു, അതുകൊണ്ടു തന്നെ അത്രയേറെ ജാഗരൂകയുമായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ എവിടെയോ ഉള്ള ഒരു ടോള്‍ ഗേറ്റില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ആ രാത്രിയിലും ടോള്‍ ബൂത്തില്‍ ജോലി ചെയ്യുന്നത് ഒരു സ്ത്രീയാണെന്നത് മനസിലായതോടെ അതുവരെയുണ്ടായിരുന്ന പരിഭ്രമം എന്നെ വിട്ടു പോയി. ആ രാത്രി ഒരപകടവും വരില്ലെന്നുമുള്ള ഒരുറപ്പ് എങ്ങനെയോ മനസില്‍ നിറയുകയും ചെയ്തു. ഒരു കാര്യം ഇന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും – എന്റെ സ്വന്തം രാജ്യത്ത് ആ സമയത്തൊക്കെ യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടെ അവസ്ഥ ഇതായിരിക്കില്ലെന്ന്. അതിനെ സാക്ഷ്യപ്പെടുത്തുന്ന, എണ്ണിപ്പറയാന്‍ പറ്റാത്തത്ര ഉദാഹരണങ്ങളാണ് പുറത്തു നിന്നു വന്നിട്ടുള്ള സുഹൃത്തുക്കള്‍ നിസഹായതയോടെ എന്നോടു പറഞ്ഞിട്ടുള്ളത്. 
 
ബല്‍ജിയത്തില്‍ നിന്നെത്തിയ Aurélie De Smedt അവരിലൊരാളാണ്. ഇന്ത്യയുമായി ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന സുഹൃത്ത്. അവളുടെ സ്വപ്നത്തിലെ പുരുഷനെ അവള്‍ കണ്ടെത്തിയത് ഇന്ത്യയിലാണ്. ഇന്ത്യയിലുടനീളം അവള്‍ക്ക് സുഹൃത്തുക്കളുണ്ട്, അവര്‍ക്കൊപ്പം രാജ്യത്തിന്റെ മുക്കും മൂലയും സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്ത്യയിലേക്കുള്ള ഓരോ യാത്രയും ഓരോ തീര്‍ഥാടനങ്ങളാണെന്നാണ് അവള്‍ പറയാറ്. എന്നാല്‍ ഇപ്പോഴിപ്പോള്‍ ഇന്ത്യയിലെത്തി അധികം കഴിയുന്നതിനു മുമ്പു തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അവള്‍ തിടുക്കം കൂട്ടാറുണ്ട്. ‘ഇന്ത്യയില്‍ എനിക്കിഷ്ടമുള്ള, അംഗീകരിക്കാന്‍ പറ്റുന്ന കുറെയധികം കാര്യങ്ങളുണ്ട്. എന്നാല്‍ ഇവിടെയാകുമ്പോള്‍ ഓരോ നിമിഷവും ഞാന്‍ ശ്രദ്ധാലുവാകേണ്ടതുണ്ട്. ഇവിടെ ഒരു ബസിലും ശാന്തമായി എനിക്ക് യാത്ര ചെയ്യാന്‍ പറ്റാറില്ല. മറ്റുള്ളവരുടെ അനാവശ്യമായ തുറിച്ചു നോട്ടമില്ലാതെ ഇവിടുത്തെ ഒരു പാര്‍ക്കിലും ഇരിക്കാന്‍ പറ്റാറില്ല. അതുകൊണ്ടു തന്നെ ഓരോ നിമിഷവും എന്തോ പൊള്ളിക്കുന്നതു പോലൊരു അനുഭവമാണ്. ഓരോ നിമിഷവും സംശയം വരും – എനിക്കത് ചെയ്യാമോ? ഞാന്‍ ശരിയായിട്ടാണോ വസ്ത്രം ധരിച്ചിരിക്കുന്നത്? – അത്രയേറെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണതൊക്കെ. ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോഴാണ് ശരിയായ വെക്കേഷന്‍ തുടങ്ങുന്നത് എന്നാണ് എനിക്കിപ്പോള്‍ തോന്നാറ്. പകല്‍ വെളിച്ചത്തില്‍ ഞാന്‍ ആക്രമിക്കപ്പെടുമെന്ന പേടിയില്ലാതെ ജീവിക്കാനുള്ള ഒരു ഓട്ടമാണത്’ – അവള്‍ പറഞ്ഞു നിര്‍ത്തി, ഒട്ടൊക്കെ നിസംഗതയോടെ. 
 

@Heng Swee Lim
 
ഹംഗറിയില്‍ നിന്നെത്തിയ Heléna Kontos പറയുന്നത് അതിലേറ  മോശശമായ കാര്യങ്ങളാണ്.  ഞാന്‍ ആദ്യം ഇന്ത്യയിലെത്തിയപ്പോള്‍ ആകെപ്പാടെ ത്രില്ലടിച്ച ഒരനുഭവമായിരുന്നു. ഓരോ പുരുഷന്മാരും എന്നെ തിരിഞ്ഞു നോക്കുമ്പോള്‍ മനസു നിറയെ സന്തോഷം തന്നെയായിരുന്നു. ഹംഗറിയില്‍ നിങ്ങള്‍ക്ക് അത്തരം നോട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ’17 വയസുള്ള സെക്‌സി’യായിരിക്കണം. ചെറുപ്പക്കാര്‍ തമ്മിലുള്ള ഒരു വിനോദമായിട്ടേ അത് കണക്കാക്കാറുമുള്ളൂ. എന്നാല്‍ ഇന്ത്യയിലെത്തി എനിക്കുണ്ടായ ‘സന്തോഷം’ അധികം നീണ്ടു നിന്നില്ല. ഇന്ത്യന്‍ പുരുഷന്റെ നോട്ടം അത്ര admiring അല്ലെന്ന് തിരിച്ചറിയാന്‍ ഞാന്‍ അധികം സമയമെടുത്തില്ല. ഇപ്പോള്‍ വലിയൊരു ഷോള്‍ പുതച്ചു മാത്രമേ ഞാന്‍ പുറത്തിറങ്ങാറുള്ളൂ. അതും കഴിയുന്നതും ഭര്‍ത്താവുമൊത്തു മാത്രം. ഞാനൊരു സ്വതന്ത്രയായ സ്ത്രീയാണ്. പക്ഷേ, ഇന്ത്യയില്‍ താമസിക്കുമ്പോള്‍ ഒരുപാടു പേരെ എനിക്ക് ആശ്രയിക്കേണ്ടി വരുന്നു… ഭര്‍ത്താവ്, വീട്ടു ജോലിക്കാര്‍, വാച്ച്മാന്‍… അതൊന്നും അത്ര സന്തോഷമുള്ള കാര്യങ്ങളല്ല’ – അവര്‍ പറഞ്ഞു. 
 
Heléna ഇന്ത്യന്‍ അനുഭവങ്ങളുടെ കെട്ടഴിച്ചപ്പോള്‍ ഞാനമ്പരന്നു പോയി. ഒരു ദിവസം മഴയത്ത് അത്രയൊന്നും തിരക്കില്ലാത്ത ദക്ഷിണ ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റിലൂടെ കുടയും ചൂടി നടക്കുകയായിരുന്നു അവര്‍. രണ്ടു തവണയാണ് മാറിടങ്ങള്‍ക്കു നേരെ കൈകള്‍ നീണ്ടു വന്നതെന്ന് പറഞ്ഞ് അവര്‍ ചുറ്റിയിരുന്ന ഷോള്‍ ഒരിക്കല്‍ കൂടി വാരിച്ചുറ്റി. ഹംഗറിയില്‍ നിന്നെത്തിയ കുടുംബത്തെ ഇന്ത്യ കാണിക്കാന്‍ കൊണ്ടു പോകുമ്പോഴായിരുന്നു അടുത്ത അനുഭവം. സംഭവം നടന്നത് കേരളത്തിലാണെന്നു കൂടി കേട്ടതോടെ എന്റെ തല പെരുത്തു. ഗോവയിലേക്കുള്ള ട്രെയിനിലായിരുന്നു കുടുംബവുമൊത്തുള്ള യാത്ര. താഴത്തെ ബര്‍ത്തിലായിരുന്നു അവരുടെ കസിന്‍. ചൂടുള്ള, ഒട്ടുന്ന എന്തോ പിന്‍കഴുത്തില്‍ വീണത് പെട്ടെന്നാണ്. മുകളിലെ ബര്‍ത്തില്‍ നിന്ന് വെള്ള നിറത്തില്‍ ഒലിച്ചിറങ്ങുന്നതു കണ്ടതോടെ തരിച്ചിരിക്കുകയായിരുന്നു തന്റെ കസിനെന്നാണ് അവര്‍ പറഞ്ഞത്. അതിന്റെ നടുക്കത്തില്‍ നിന്ന് പുറത്തു വരാന്‍ ഏറെ ദിവസമെടുത്തെന്നും.  
 
 
ഈ സ്ത്രീകളൊക്കെ ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ഇന്ത്യയിലെ നിറഞ്ഞ പച്ചപ്പും പകിട്ടാര്‍ന്ന ഇന്ത്യന്‍ വിവാഹങ്ങളും മണം പരത്തുന്ന ഭക്ഷണസാധനങ്ങളും ഉത്സവാഘോഷങ്ങളുമൊന്നുമായിരിക്കില്ല അവരുടെ മനസിലുണ്ടാവുക. ഇത്തരം അനുഭവങ്ങള്‍, നിസഹായതയ്ക്കു മേലുള്ള കടന്നുകയറ്റവും അതുണ്ടാക്കുന്ന നടുക്കവും വെറുപ്പും മാത്രമേയുണ്ടാവുകയുള്ളൂ – അതാരും ഒരിക്കലും മറക്കുകയുമില്ല. തോംസണ്‍ റോയിട്ടേഴ്‌സ് 2011 ജൂണില്‍ നടത്തിയ സര്‍വെ അനുസരിച്ച് സ്ത്രീകളെ ഏറ്റവും മോശമായി പരിഗണിക്കപ്പെടുകയും അവര്‍ അപകടത്തിലാവുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണെന്നാണ്. അതിന്റെ ഉദാഹരണങ്ങളായി നമുക്കു ചുറ്റും നടക്കുന്നത് ചൂണ്ടിക്കാണിക്കാം – കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്, മുംബൈയില്‍ കഴിഞ്ഞ ദിവസം ഫോട്ടോ ജേര്‍ണലിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്തത്…ഓരോ നിമിഷവും അക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നുണ്ട്, പേടിപ്പിക്കുന്ന തരത്തില്‍. 
 
രൂപ മൂക്കുകുത്തി വീണു കൊണ്ടിരിക്കുന്നു; ഡോളറും പൗണ്ടുമൊക്കെ ഇവിടെ ചെലവഴിക്കാന്‍ വിദേശ യാത്രികര്‍ എത്തണമെന്ന് നാം ആഗ്രഹിക്കുന്നു. പതുക്കെ നാം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ‘ദി ലീല’ പോലുള്ള ഹോട്ടലുകള്‍ ഒരു നില മുഴുവനായി, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കു താമസിക്കാനായി മാറ്റിവച്ചിരിക്കുന്നത്. ‘ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു’വെന്ന് ടൂറിസം മന്ത്രാലയം തുടരെ തുടരെ പരസ്യങ്ങള്‍ നല്‍കുന്നു. പക്ഷേ, നാലു ഭാഗത്തു നിന്നും കൈകള്‍ നീണ്ടു വരുന്നില്ലെന്നും നിങ്ങള്‍ ആക്രമിക്കപ്പെടില്ലെന്നും കൊല്ലപ്പെടില്ലെന്നും സ്ത്രീകള്‍ ആശ്വസിക്കണമെങ്കില്‍ ഇതൊന്നും മതിയാകില്ല. അതിന് ഇന്ത്യന്‍ പുരുഷന്‍ തന്നെ വിചാരിക്കണം, അവരുടെ ഇഗോ മറ്റൊരു ജീവിയെ അംഗീകരിക്കാന്‍ പഠിച്ചാല്‍ മാത്രമേ അതുണ്ടാകൂ.
 
((Soumya Balakrishanan, arts & culture corresopondent, Rajyasabha TV in New Delhi)

Share on

മറ്റുവാര്‍ത്തകള്‍