Continue reading “മന്‍മോഹന്‍ സിംഗ് ഇനി എന്തു ചെയ്യും?”

" /> Continue reading “മന്‍മോഹന്‍ സിംഗ് ഇനി എന്തു ചെയ്യും?”

"> Continue reading “മന്‍മോഹന്‍ സിംഗ് ഇനി എന്തു ചെയ്യും?”

">

UPDATES

ഇന്ത്യ

മന്‍മോഹന്‍ സിംഗ് ഇനി എന്തു ചെയ്യും?

                       

ടീം അഴിമുഖം

 

1991ല്‍ മന്‍മോഹന്‍ സിങ്ങിന്റെ കീഴിലുള്ള ധനകാര്യമന്ത്രാലയം പ്രധാനമന്ത്രി പി വി നരസിംഹറാവുവിന് ഒരു കുറിപ്പുനല്കി. സമ്പദ്ഘടനയുടെ മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതുള്‍പ്പെടുന്ന പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു കുറിപ്പ്. എന്നാല്‍ കാബിനറ്റിലെ എതിര്‍പ്പ് ചെറുതാരുന്നില്ല. ശത്രുതയോളമെത്തിയ സോഷ്യലിസ്റ്റ് സന്ദേഹങ്ങളാണ് അവിടെ നിന്നുയര്‍ന്നത്. അത് പ്രതീക്ഷിച്ചിരുന്നതുമാണ്. പരിഷ്കരണ അജണ്ട പാസാക്കാന്‍ ഏറെ തല്‍പ്പരനായിരുന്ന റാവു ഒരു യുവസഹായിയെ ഈ കുറിപ്പുമായി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിലൊരാളുടെ അരികില്‍ ഉപദേശം തേടാന്‍ അയച്ചു. ഒട്ടും അതിഭാവുകത്വമില്ലാതെ അദ്ദേഹം തന്റെ വിദഗ്ധാഭിപ്രായം നല്കി. “ഈ കുറിപ്പിന്റെ തുടക്കത്തില്‍ ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവര്‍ പറഞ്ഞ പ്രസക്തമായ വാചകങ്ങള്‍ ഒരു ആമുഖം പോലെ ചേര്‍ക്കുന്നതല്ലേ നല്ലത്?” അവരുടെ അഭിപ്രായങ്ങളുമായി ചേര്‍ന്നു പോകുന്നതാണ് ഈ കുറിപ്പിലെ പരിഷ്കാരങ്ങള്‍ എന്നു തോന്നിച്ചാല് ക്യാബിനറ്റിനെ വിശ്വാസത്തിലെടുക്കാം എന്നായിരുന്നു അദേഹത്തിന്‍റെ പക്ഷം.ഈ ഉപദേശം ഉള്‍ക്കൊണ്ട് റാവു ക്യാബിനറ്റ് നോട്ട് തിരുത്തിയെഴുത്തുകയും അതോടെ ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ അലിഞ്ഞുതീരുകയും പിന്നാലെ സാമ്പത്തിക പരിഷ്കാരണ നടപടികള്‍ക്ക് തുടക്കമാവുകയും ചെയ്തു. അവയുടെ പ്രശസ്തി റാവുവിന് ലഭിക്കുന്നതിനെക്കാള്‍ മന്‍മോഹനാണ് ലഭിക്കുന്നത് എന്നത് പില്‍ക്കാലചരിത്രം.

 

പലരും കരുതുന്നത് പോലെ മന്‍മോഹന്‍ സിങ് അമിതപ്രധാന്യം ലഭിച്ച ഒരു സാമ്പത്തിക ശാസ്ത്രജ്നനും തീരെ പ്രധാന്യം ലഭിക്കാത്ത ഒരു രാഷ്ട്രീയനേതാവും ആയിരിക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്‍റേതായ രീതികളുണ്ട്. ഇത് ഏറ്റവും നന്നായി അറിയുന്നതും സിങ്ങിന് തന്നെ ആയിരിയ്ക്കും. പല കോണ്ഗ്രസ് നേതൃത്വങ്ങളുടെ കീഴില്‍ പല പദവികള്‍ കൈയാളിയിട്ടുള്ള ഒരാളാണല്ലോ അദ്ദേഹം. അണിയറയില്‍ എന്തൊക്കെയോ ഒരുങ്ങുന്നത് അദ്ദേഹം മനസിലാക്കിയിട്ടുണ്ടാവണം. രാഹുല്‍ഗാന്ധിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. രാഹുല്‍ ഗാന്ധി ഒരുക്കമെങ്കില്‍ അദ്ദേഹത്തിന് വേണ്ടി കസേര ഒഴിയാനും നേരത്തെ തന്നെ അദ്ദേഹം സന്നദ്ധനായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് സെന്‍റ് പീറ്റേര്‍സ്ബര്‍ഗില്‍ നിന്നുമടങ്ങിവരവേ സിങ് പറഞ്ഞത് ഏതൊരു കോണ്‍ഗ്രസുകാരനും പറയുന്നതുപോലെ ഈ പാര്‍ട്ടിയും സര്‍ക്കാരും ഭരിക്കാന്‍ ഒരു ഗാന്ധി തന്നെ വേണം എന്ന തരത്തിലല്ല.

 

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവന നോക്കുക. “Will cross the bridge when comes to it” അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിയട്ടെ, അപ്പോഴത്തെ അവസ്ഥ അനുസരിച്ചു തീരുമാനിക്കാം, എന്ന്. തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം അധികാരത്തിലിരുന്ന ആളാണ് മന്‍മോഹന്‍ സിങ്. ഇതിനു മുന്‍പ് ജവഹര്‍ലാല്‍ നെഹ്രുവിന് മാത്രം സാധിച്ച നേട്ടം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ “നോണ്‍സെന്‍സ്” കമന്‍റ് സംഗതികളെ ഒരു വിഷമഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ചുനടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് മാക്കാന്‍റെ പ്രസ് കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പില്ലാതെ ഒരു സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞത് ഓര്‍ഡിനനസ് “കീറി ദൂരെക്കളയണമെന്നാണ്”. ബി ജെ പി എതിര്‍ക്കുകയും പ്രണബ് മുഖര്‍ജി കേന്ദ്ര നിയമ, ആഭ്യന്തര, പാര്‍ലമെന്‍ററികാര്യ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയും ഒക്കെ ചെയ്തതാണ് കുറ്റാരോപിതരായ ജനപ്രതിനിധികളെപ്പറ്റിയുള്ള വിവാദ ഓര്‍ഡിനന്‍സ്.

 

 

അവിടേക്ക് വരുന്നതിന് മുന്‍പ് മാക്കനോട് എന്താണ് സംഭവിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഓര്‍ഡിനന്‍സിനെപ്പറ്റി എല്ലാവരും പറയുന്ന തരം ഒരു രാഷ്ട്രീയ മറുപടിയാണ് മാക്കന്‍ നല്കിയത് എന്നാണ് പരിപാടിയിലേയ്ക്ക് പാഞ്ഞുകയറിവന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പറഞ്ഞത്. “എല്ലാവരും പറയുന്ന മറുപടി, കോണ്‍ഗ്രസ് പറയുന്നത്, ബി ജെ പി പറയുന്നത്”. “ഇനി ഓര്‍ഡിനന്‍സിനെപ്പറ്റി എന്റെ അഭിപ്രായം എന്താണെന്ന് ഞാന്‍ പറയാം. ഇത് മുഴുവന്‍ അസംബന്ധമാണ്, ഇത് കീറി ദൂരെക്കളയേണ്ടതാണ്. ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം”, അദ്ദേഹം പറഞ്ഞു. “എന്റെ പാര്‍ട്ടി”യുടെ വാദം, “രാഷ്ട്രീയപരിഗണനക്കുവേണ്ടി ഇത് ചെയ്യേണ്ടിവരുന്നു” എന്നാണെന്ന് രാഹുല്‍ പറയുന്നു. “എല്ലാവരും ഇത് തന്നെയാണ് ചെയ്യുന്നത്. കോണ്‍ഗ്രസും, ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും ജെ ഡി യുവും, എല്ലാവരും.”

 

ഒരുതരത്തില്‍ പറഞ്ഞാല്‍ മികച്ച ഒരു പ്രകടനമായിരുന്നു രാഹുലിന്‍റേത്. ഈ ആള്‍ വ്യത്യസ്തനാണെന്ന് പലര്‍ക്കും പറയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണങ്ങളില്‍ പലതിനും ചുക്കാന്‍ പിടിച്ച ഒരു പാര്‍ട്ടിയില്‍ ഇത് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? ഈ ഓര്‍ഡിനന്‍സ് കുറെക്കാലമായി ചര്‍ച്ചയിലുള്ളതാണ്. ഇത്രയും കാലം രാഹുല്‍ഗാന്ധി എവിടെയായിരുന്നു?

 

പ്രധാനമന്ത്രി ഒരു വിദേശയാത്രയിലായിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പൊട്ടിത്തെറിയുണ്ടായത്. തന്റെ പാര്‍ട്ടി തന്നോടൊപ്പമില്ലെന്ന് സിങ്ങിന് തോന്നുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് പാകിസ്ഥാന്‍ പോളിസിയിലാണ്. “അമൃത്സറില്‍ പ്രാതലും ലാഹോറില്‍ ഊണും കാബൂളില്‍ അത്താഴവും” കഴിക്കാനാകുന്ന ഒരു ദക്ഷിണേഷ്യയെപ്പറ്റിയാണ് അദ്ദേഹം പറയാറ്. 2009ല്‍ ഷറാം-എല്‍-ഷെയിക്കില്‍ വെച്ച് സിങ്ങും അന്നത്തെ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും ഒരു പുതിയ തുടക്കത്തിനായി ശ്രമം നടത്തിയിരുന്നു. ചര്‍ച്ചകളില്‍ നിന്നു ഇന്ത്യ തീവ്രവാദവിഷയം മാറ്റിനിറുത്തിയെന്നും സംയുക്ത പ്രസ്താവനയില്‍ ബലൂചിസ്ഥാനെ ഉള്‍പ്പെടുത്തിയെന്നും വിമര്‍ശനമുണ്ടായി. പ്രതിപക്ഷം രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി. കോണ്‍ഗ്രസ് പാര്‍ട്ടി കൂടി പ്രധാനമന്ത്രിയെ കൈയൊഴിഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ‘തന്റെ സ്വന്തം പാക്കിസ്താന്‍ പോളിസി’ പിന്തുടരുന്നതില്‍നിന്നു പ്രധാനമന്ത്രിക്കു വിലക്കുകള്‍ ഉണ്ടാവുകയും പാക് സന്ദര്‍ശനമോഹം മുളയിലേ നുള്ളപ്പെടുകയും ചെയ്തു. പാക്കിസ്താന്‍ സന്ദര്‍ശിച്ച അവസാനത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് എന്നോര്‍ക്കണം.

 

എന്നാല്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ചെയ്തത് പ്രധാനമന്ത്രിക്കു ഇതിനേക്കാള്‍ ഹാനികരമാകും. “അദ്ദേഹം (സിങ്) ഇപ്പോള്‍ തന്നെ രാജിവയ്ക്കണം. ശരിയായാലും തെറ്റായാലും ആ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തു കഴിഞ്ഞു എന്നു വേണം കരുതാന്‍. ഇത് അസംബന്ധമാണെന്ന് ഇനി കരുതാനാകില്ല. നിങ്ങളുടെ പ്രധാനമന്ത്രിയുടെ മാനം നഷ്ടപ്പെടുത്തിക്കൊണ്ടു നിങ്ങള്‍ക്ക് വലിയ ആളായിയി നടിക്കാനാകില്ല”, സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവായ സന്‍ജയ് ബാരു പറയുന്നു. പല നിരീക്ഷകരും പറയുന്നത് മന്‍മോഹന്‍ സിങ്ങിന്റെ പ്രതിച്ഛായ ഓരോ നിമിഷവും അവസാനിച്ചു കൊണ്ടിരിക്കുന്നുവെന്നും അതിനു പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകും എന്നുമാണ്. അദ്ദേഹത്തിന്റെ ക്ളീന്‍ ഇമേജും മിഡില്‍ ക്ലാസ് ഹീറോ ആയിരിക്കുന്നതും അന്തസുമൊന്നും വലിയ കാര്യമൊന്നും അല്ലാതായിട്ടുമുണ്ട്. സിങ് “ധൈര്യമില്ലാത്ത ഒരു സ്റ്റാറ്റസ്കോയിസ്റ്റ് ആണെന്നും 2009-ല്‍ തന്നെ അദേഹം സ്ഥാനമൊഴിയേണ്ടിയിരുന്നു എന്നുമാണ് രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയപ്പോള്‍ തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം അദ്ദേഹം കാണിച്ചില്ലെന്ന അഭിപ്രായമുള്ളവരും ഉണ്ട്. ഒപ്പം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഇരട്ട ഭരണവും – സര്‍ക്കാര്‍ നടത്താന്‍ മന്‍മോഹന്‍ സിങ്ങും പാര്‍ട്ടി ഭരിക്കാന്‍ സോണിയ ഗാന്ധിയും അടുത്തിടെയായി രാഹുല്‍ ഗാന്ധിയും – ഒരു കാരണമാണ്. സിങ്ങിനും ഇതൊക്കെ അറിയുന്ന കാര്യങ്ങളാണ്. ബിബിസി പരസ്യം ഒന്നു മാറ്റിപ്പറഞ്ഞാല്‍, രാഷ്ട്രീയത്തില്‍ എല്ലാം അറിയുന്നതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. 

 

മന്‍മോഹന്‍ സിങ്ങ് ഇനി എന്തു ചെയ്യും? അദ്ദേഹത്തിന് നേരിട്ടിരിക്കുന്ന അപമാനം ചില്ലറയല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയില്‍ ഇരുന്നു അദ്ദേഹം എടുത്ത തീരുമാനത്തെയാണ്, പാര്‍ട്ടി നേതൃത്വം തളിപ്പറയുക മാത്രമല്ല, ചവറ്റു കൊട്ടയില്‍ എറിഞ്ഞത്. ഒന്നുകില്‍ വലിയ കാലതാമസമില്ലാതെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേരയില്‍ നിന്നു ഇറങ്ങി പോകാം. അല്ലെങ്കില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുമായി സന്ധിയിലാകാം, കാലാവധി തികയ്ക്കാം. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ പുത്തിരി അല്ല താനും. അതും അല്ലെങ്കില്‍, മറ്റൊരു നരസിംഹ റാവുവായി ശിഷ്ടകാലം കഴിക്കാം. പക്ഷേ റാവു രാഷ്ട്രീയക്കാരനായിരുന്നു, അടിമുടി. മന്‍മോഹന്‍ സിങ്ങ് ഉള്ളിന്റെ ഉള്ളില്‍ ഇപ്പൊഴും ഒരു ബ്യൂറോക്രാറ്റാണ്. അത് കൊണ്ട് തന്നെ, കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നിന്നു മാത്രമല്ല, കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നു തന്നെ അദ്ദേഹത്തെ വെട്ടി മാറ്റിയാലും അദ്ഭുതപ്പെടരുത്.

 

 

Share on

മറ്റുവാര്‍ത്തകള്‍