Continue reading “വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രേയല്‍ രാഷ്ട്രീയം”

" /> Continue reading “വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രേയല്‍ രാഷ്ട്രീയം”

"> Continue reading “വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രേയല്‍ രാഷ്ട്രീയം”

">

UPDATES

വിദേശം

വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രേയല്‍ രാഷ്ട്രീയം

                       

വില്ല്യം ബൂത്ത്

 

ജറുസലേമില്‍ ചരിത്രം ഉറങ്ങാത്ത കണ്ണുകളുമായി കാവലിരിക്കുകയാണ്. ഓരോ വഴിയിലും വളവിലും, മൂന്ന് മതങ്ങളുടെ കാവല്‍ക്കാരും പുരോഹിതരും തങ്ങളുടെ പുണ്യസ്ഥലങ്ങളുടെ അതിരുകളില്‍ കലഹപ്രിയമായ ജാഗ്രതയോടെ പാറാവാണ്. ഒരു കല്ല് മാറ്റുന്നതുപോലും കടുത്ത മതവിദ്വേഷങ്ങള്‍ക്കും ഭൌമരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും ഇട വരുത്തുന്ന ഇവിടെ ചരിത്രപ്രധാനമായ പടിഞ്ഞാറേ മതിലി (Western wall)നോടു ചേര്‍ന്ന് ജൂത പ്രാര്‍ഥനക്കായുള്ള സ്ഥലം ഇരട്ടിയാക്കി വികസിപ്പിക്കാനുള്ള പുതിയ നിര്‍ദേശം വന്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

 

ജൂത സമൂഹത്തിനുള്ളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും, അതിന്റെ അനുബന്ധമായി മതത്തിനുള്ളിലെ ആണ്‍-പെണ്‍ തുല്ല്യാവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങളുടെ പൊട്ടിത്തെറിയാണ് ഇപ്പോളത്തെ നടപടിക്കു വഴിതെളിച്ചത്. Women of Wall എന്ന സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ പടിഞ്ഞാറേ മതിലിനടുത്ത് പുരുഷന്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന് ജൂത മത യാഥാസ്ഥിതികര്‍ വിധിച്ച പ്രാര്‍ഥന ചടങ്ങ്, പുരുഷന്‍മാര്‍ക്ക് മാത്രം അനുവദിച്ച പ്രാര്‍ഥനാ വസ്ത്രങ്ങളണിഞ്ഞു ചെയ്യാന്‍ മുന്നോട്ട് വന്നതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. മെയ് മാസം 10-ന് ആയിരക്കണക്കിന് യാഥാസ്ഥിതിക ജൂത വിഭാഗക്കാര്‍ (സ്ത്രീകളടക്കം), പ്രാര്‍ഥിക്കാന്‍ വന്ന സ്ത്രീകളെ തടഞ്ഞു. അവരുടെ നേരെ ചീമുട്ടയും, കസേരകളും വലിച്ചെറിഞ്ഞു; അധിക്ഷേപ വര്‍ഷം നടത്തി.

 


                                                                                        photo courtesy: Synne Tonidas

 

എന്തായാലും സംഘര്‍ഷത്തിന് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായൊരു പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ഇസ്രയലിലെക്കുള്ള കുടിയേറ്റ സഹായ ഏജന്‍സിയുടെ തലവന്‍ നതാന്‍ ഷരാന്‍സ്കിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ സംഘര്‍ഷാവസ്ഥയിലും, ജൂത സമൂഹത്തില്‍ ഉദാരവും സ്വതന്ത്രവുമായ ധാരകളെ ഇസ്രയേലില്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കാത്തതിലും അസന്തുഷ്ടരായ അമേരിക്കന്‍ ജൂതന്മാരെ തൃപ്തിപ്പെടുത്തുകയും ഇതിന്റെ ഭാഗമാണ്.

 

എല്ലാ ജൂതര്‍ക്കും ഒരൊറ്റ മതില്‍ എന്നാണ് ഷരാന്‍സ്കി പറയുന്നത്. പക്ഷേ, ഒരു മതിലുകെട്ടുമ്പോലെ എളുപ്പമല്ല ഇത്. വിഘടിച്ചു നില്‍ക്കുന്ന ജൂതരെ ഒന്നിപ്പിക്കുന്നതിന് ഷരാന്‍സ്കിയെ പോലെ സ്വീകാര്യന്‍ വേറെയില്ല എന്നതില്‍ ഏതാണ്ട് സമ്മതമായിട്ടുണ്ട്. എന്നാല്‍, നിലവിലെ അവസ്ഥ മാറ്റുന്നതിനെതിരെ മുസ്ലീങ്ങളും, പുരാവസ്തു ഗവേഷകരും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

 

സോവിയറ്റ് ജൂതനായിരുന്ന ഷരാന്‍സ്കിക്ക് ഇസ്രയലിലേക്ക് കുടിയേറാന്‍ സോവിയറ്റ് സര്‍ക്കാര്‍ അനുവാദം നിഷേധിച്ചിരുന്നു. സോവിയറ്റ് തടങ്കല്‍ പാളയത്തില്‍ ഏകാന്ത തടവും, കടുത്ത ജോലികളുമായി ഷരാന്‍സ്കി 9 വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ 1980-കളില്‍ ഇസ്രയലിലേക്ക് കുടിയേറിയ ഷരാന്‍സ്കി ഒരു രാഷ്ട്രീയക്കാരനായി വിജയം കണ്ടെത്തി. കഴിഞ്ഞ മാസം അമേരിക്കയിലെ ജൂതന്മാരുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ഷരാന്‍സ്കി സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്, “ഞാനൊരു ചെസ്സ് കളിക്കാരനാണ്. കുട്ടിക്കാലത്ത് ഒരു ഗ്രാന്‍ഡ് മാസ്റ്ററെ വരെ തോല്‍പ്പിച്ച ഒരു പ്രതിഭ.” പക്ഷേ, ഇവിടെ ആളും കുതിരയും രഥവുമൊക്കെ നീക്കാന്‍ ഒരിഞ്ച് സ്ഥലം പോലും തര്‍ക്കരഹിതമായിട്ടില്ല എന്നത് ഷരാന്‍സ്കിയുടെ ചതുരംഗ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാകും.

 

വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലും, റോമിലെ സെന്‍റ് പീറ്റേര്‍സ് ചത്വരവും ഒക്കെയായി ഇതിനെ ചേര്‍ത്തുവെക്കാന്‍ ഷരാന്‍സ്കി ശ്രമിച്ചെങ്കിലും, അവയൊന്നും ഇതുപോലെ ബഹുമതഭരിതവും, വിശുദ്ധ സങ്കല്‍പ്പങ്ങളുമായി കൂടിപ്പിണഞ്ഞതുമല്ല. മതില്‍ പ്രദേശത്തിന്റെ ഒരു വലിയ ചിത്രം ഷരാന്‍സ്കിയുടെ മുറിയില്‍ തൂക്കിയിട്ടിട്ടുണ്ട്. ജൂതന്മാര്‍, ടെമ്പിള്‍ മൌണ്ട് എന്നു വിളിക്കുന്ന സ്ഥലം. മൊറിയാ കുന്നിന് മുകളില്‍ ഹെരോദ് രാജാവ് പുനര്‍ നിര്‍മ്മിച്ച സെക്കന്‍റ്   ടെമ്പിളിന്റെ അവശിഷ്ടമാണിതെന്ന് കരുതുന്നു. ആദിമാനവന്‍ ആദമിനെ സൃഷ്ടിക്കാന്‍ ദൈവം കളിമണ്ണ് കുഴച്ചതും, ബലികൊടുക്കാന്‍ അബ്രഹാം മകന്‍  ഐസക്കിനെ നിര്‍ത്തിയതും ഇവിടെയത്രേ.

 

 

മുസ്ലീങ്ങള്‍ ഇതിനെ വിശുദ്ധ കേന്ദ്രം എന്നാണ് വിളിക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജെറുസലേം കീഴടക്കിയപ്പോള്‍ ഇസ്ലാമിലെ മൂന്നാമത്തെ പരിശുദ്ധ കേന്ദ്രമായ അല്‍-അക്സ പള്ളി പണിതത് ഇവിടെയാണ്. ഇസ്ളാമിക വഖഫ് ട്രസ്റ്റാണ് ഇപ്പോള്‍ കുന്നിന്റെ മേല്‍നോട്ടം. ഇതിന്റെ മേധാവി വലിയ മുഫ്തി ഇമാമിനെ  നിയമിക്കുന്നത് പലസ്തീന്‍ അതോറിറ്റിയാണ്. എന്നാല്‍ ഇവിടെ നിരന്തരം റോന്തു ചുറ്റുന്ന സായുധരായ ഇസ്രയേല്‍ പട്ടാളക്കാര്‍ മൂലം ഇവിടെ പലപ്പോഴും സംഘര്‍ഷങ്ങളും പതിവാണ്.

 

ജൂതരില്‍ നിന്നും റോമാക്കാരിലേക്കും, പിന്നെ ബൈസാന്‍റിയക്കാരില്‍നിന്നും മുസ്ലീങ്ങളിലെക്കും, പിന്നീട് ഒട്ടോമന്‍ സാമ്രാജ്യത്തിലേക്കും, അവിടെ നിന്നും ബ്രിട്ടീഷുകാരുടേയും പിന്നെ ജോര്‍ദാന്‍കാരുടെയും കൈകളിലേക്കും, ഒടുവില്‍ 1967-ലെ ആറു ദിവസ യുദ്ധത്തില്‍ ഇസ്രയേല്‍ കൈവശപ്പെടുത്തുകയും ചെയ്ത ഈ ഭൂഭാഗം ലോകത്തിലെ തര്‍ക്കഭൂമികളുടെ തന്നെ മാതാവാണ്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിനു വിനോദ സഞ്ചാരികളും, ഇസ്രയേല്‍ സേനയിലെ പുത്തന്‍ പട്ടാളക്കാരും ഇവിടെയെത്തുന്നു. തങ്ങളുടെ തകര്‍ന്ന അമ്പലങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രാര്‍ഥനാ കേന്ദ്രമാണ് ജൂതര്‍ക്കിത്.

 

ഷരാന്‍സ്കിയുടെ നീക്കങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കിലും, ഇസ്രയേല്‍ പാര്‍ലമെന്റും, അല്ലെങ്കില്‍ കോടതി കേസുമെല്ലാം അവയെ തടസ്സപ്പെടുത്തിയേക്കാം. ഷരാന്‍സ്കിയുടെ പരിപാടിയനുസരിച്ച് ഇപ്പോള്‍ ജൂത പ്രാര്‍ഥനക്കായി ഉപയോഗിയ്ക്കുന്ന സ്ഥലം യാഥാസ്ഥിതിക ജൂതരുടെ കൈവശമിരിക്കും. മൂന്നില്‍ രണ്ടു സ്ഥലം പുരുഷന്‍മാര്‍ക്കും ബാക്കി നിശ്ശബ്ദമായി പ്രാര്‍ഥിക്കാന്‍ സ്ത്രീകള്‍ക്കും. എന്നാല്‍ എല്ലാ ജൂതര്‍ക്കും ഒന്നിച്ചു പ്രാര്‍ഥിക്കാവുന്ന സ്ഥലം വേണമെന്നാണ് ഷരാന്‍സ്കി പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നിച്ച് പ്രാര്‍ഥിക്കാനും ഗാനങ്ങള്‍ ആലപിക്കാനും പറ്റിയ ഒരു പുതിയ ഭാഗംകൂടി തുറക്കാനാണ് ആലോചന. അവിടെ സ്ത്രീകള്‍ക്ക് ഹീബ്രൂ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാനും, യാഥാസ്ഥിതിക ജൂതര്‍ സ്ത്രീകള്‍ക്ക് ധരിക്കാന്‍ അനുവാദം നല്‍കാത്ത പ്രാര്‍ഥനാ വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ടാകും. ഇത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് അമേരിക്കയിലും കാനഡയിലും ഏതാണ്ട് 1.5 ദശലക്ഷം അംഗങ്ങളുള്ള ജൂതമത പരിഷ്ക്കരണത്തിനായുള്ള സംഘടനയുടെ അദ്ധ്യക്ഷന്‍ റാബി റിക്ക് ജേക്കബ്സ് പറയുന്നത്.

 

പക്ഷേ, ഇസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു പ്രദേശത്ത് കൂടുതല്‍ നിര്‍മ്മാണം നടത്തുന്നതിനെതിരെ പുരാവസ്തു ഗവേഷകര്‍ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. 2000 വര്‍ഷത്തെ ജെറുസലേം ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ് ഇതെന്ന് അവര്‍ പറയുന്നു. “ജെറുസലേമിന്റെയും, സാംസ്ക്കാരിക ലോകത്തിന്റെയും അമൂല്യമായ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. ഇതൊരു സിനഗോഗല്ല,” ഹീബ്രൂ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ യോരാം സാഫ്രിര്‍ പറഞ്ഞു. 1967-ല്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ തകര്‍ത്ത ഒരു പുരാതന അറബ്  പ്രദേശത്തിന്റെ അവശിഷ്ടങ്ങളും ഷരാന്‍സ്കിയുടെ പദ്ധതിയുടെ ഇടയില്‍ പെടും. ഈ അവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെയുള്ള ഒരു മരപ്പാലത്തിലൂടെയാണ് വിശുദ്ധ കേന്ദ്രത്തിലേക്ക് പോകാന്‍ അമുസ്ലീങ്ങള്‍ ഉപയോഗിച്ചിരുന്ന മുഗ്രാബി കവാടത്തിലേക്കുള്ള വഴി. ഷരാന്‍സ്കിയുടെ പുതിയ പദ്ധതിയില്‍ ഈ പാലമാണ് രണ്ടു ജൂത വിഭാഗങ്ങളുടെ പ്രാര്‍ഥനാ സ്ഥലങ്ങളെ വേര്‍തിരിക്കുക. “അതുള്ളത് നന്നായി, ഒരു കൂട്ടരുടെ പ്രാര്‍ഥന മറുവിഭാഗത്തെ ശല്യപ്പെത്തില്ലല്ലോ” എന്നാണ് ഷരാന്‍സ്കി പറഞ്ഞത്. ജൂതര്‍ പാലം തൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ തന്റെ പദ്ധതി മുസ്ലീങ്ങളുമായി പങ്കുവെക്കാന്‍ ഷരാന്‍സ്കി ഇതുവരെ തയ്യാറായിട്ടില്ല. ജൂതാധിനിവേശത്തിന്റെ പുതിയ മുഖമായാണ് മുസ്ലീങ്ങള്‍ ഇതിനെ കാണുന്നത്. “ഈ കടന്നു കയറ്റം നില്ക്കാന്‍ പോകുന്നില്ല. പുതിയ രൂപങ്ങളില്‍ ഇത് വന്നുകൊണ്ടേയിരിക്കും,” ജെറുസലേമിലെ ഇമാം മൊഹമ്മദ് ഹുസ്സൈന്‍ പറഞ്ഞു. ജെറുസലേമില്‍ നിന്നു സ്വര്‍ഗത്തിലേക്കും അവിടുന്ന് തിരിച്ചുമുള്ള യാത്രയില്‍ പ്രവാചകന്‍ മുഹമ്മദ് തന്റെ ചിറകുകളുള്ള കുതിരയെ കെട്ടിയത് അല്‍-ബുറാക്ക് എന്ന ഈ മതിലിലാണെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.

 

 

“നിലവിലെ സ്ഥിതി തുടരണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഷരാന്‍സ്കിയുമായി ഒരു വഴക്കിന് ഞാനില്ല.”പടിഞ്ഞാറേ മതില്‍ പൈതൃക സമിതി അദ്ധ്യക്ഷന്‍ ജൂത പുരോഹിതനായ ഷൂബെല്‍ റാബിനോവിറ്റ്സ് പറഞ്ഞു. “ഇവിടെയുള്ളതിനെ ശല്ല്യപ്പെടുത്താത്തോളം അവര്‍ അവിടെ എന്തുവേണമെങ്കിലും ചെയ്യട്ടെ.”

 

തന്റെ രൂപരേഖകള്‍ ഷരാന്‍സ്കി ഇതുവരെ പരസ്യമാക്കിയിട്ടില്ല. പുരാവസ്തു അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ 100 അടി വരുന്ന ഒരു തറ പണിയാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി തേടും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കി ബാക്കി നിര്‍മാണം അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങളിലായി നടപ്പാക്കാനാണ് ഇസ്രേയല്‍ പദ്ധതി. “ആദ്യം 20-30 മീറ്റര്‍ പണിയാം. പിന്നീട് അടുത്ത 30 മീറ്റര്‍. എല്ലാ യുദ്ധവും ഒറ്റയടിക്ക് ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടല്ലോ”- ഷരാന്‍സ്കി പറഞ്ഞു. വംശ വെറിയുടെയും, അധിനിവേശത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും പ്രദര്‍ശനശാലയില്‍ പുതിയൊരു അങ്കം എന്നേ ഇതിനെ പറയാനാകൂ.

 

(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

Share on

മറ്റുവാര്‍ത്തകള്‍