പി.വി ഷെബി
മുസാഫര്‍ നഗറിലെ കലാപത്തിന് ഇതുവരെ ഒരു സാമുദായിക സംഘര്‍ഷത്തിന്റെ മുഖമായിരുന്നു. പൊതുവെ ശാന്തമായ ഈ ഉത്തരേന്ത്യന്‍ ജില്ല പെട്ടെന്നു കലാപത്തിന് വഴിമാറിയത് എല്ലാവരെയും അതിശയിപ്പിച്ചു. എന്നാല്‍, പരസ്പരമുള്ള വേര്‍തിരിവിന്റെ പ്രതിഫലനമല്ല, തികച്ചും ആസൂത്രിതമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ശ്രമഫലമാണ് സംഘര്‍ഷങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ നേതാക്കളായ ജനപ്രതിനിധികളുടെ അറസ്റ്റുകള്‍ തെളിയിച്ചു. ബി.ജെ.പി എം.എല്‍.എമാരായ സുരേഷ് റാണ, സംഗീത് സോം, ബി.എസ്.പി എം.എല്‍.എ നൂര്‍ സലീം റാണ എന്നിവരാണ് അറസ്റ്റിലായവര്‍.
മല്ലിക്പുരയില്‍ കോളേജില്‍ പോവുകയായിരുന്ന കൗമാരക്കാരികളെ ഒരു യുവാവ് കളിയാക്കിയതിന്റെ പേരില്‍ തുടങ്ങിയ കലാപം ഇന്ന് ഏറെ ജീവനുകളെടുത്തിരിക്കുന്നു. വഴിയരികില്‍ കൂട്ടംകൂടിയിരിക്കുന്ന ചെറുപ്പക്കാര്‍ യുവതികളെ കളിയാക്കുന്നത് എങ്ങനെ കലാപമായിത്തീരുമെന്ന അതിശയോക്തിയൊക്കെ കേള്‍ക്കുമ്പോള്‍ തോന്നാം. എന്നാല്‍, യു.പിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലുണ്ടായ ചെറുതും വലുതുമായ കലാപങ്ങള്‍ക്കും കാരണമായി പ്രചരിപ്പിക്കപ്പെട്ടത് ഇത്തരം പൂവാലശല്യത്തിന്റെ കഥകളായിരുന്നു. ഉത്തര്‍പ്രദേശിലെ ജാതിവര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനം സൃഷ്ടിക്കാനും അതിനെ വര്‍ഗ്ഗീയകലാപത്തിലേയ്ക്കു നയിക്കാനും നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ക്ക് മറയൊരുക്കുകയാണ് ഇത്തരം കെട്ടുകഥകള്‍!

മല്ലിക്പുര ഗ്രാമത്തില്‍ രണ്ടു പെണ്‍കുട്ടികളെ ഗ്രാമത്തിലെ റോഡു വക്കിലെ കടയില്‍ ഇരിക്കുകയായിരുന്ന യുവാക്കള്‍ കളിയാക്കിയതാണത്രേ പ്രശ്‌നങ്ങളുടെ തുടക്കം. പെണ്‍കുട്ടിയുടെ സഹോദരന്‍ ഒരു ദിവസം ഇതു കാണുകയും സുഹൃത്തിനൊപ്പം ചെന്ന് കളിയാക്കിയ യുവാവുമായി വഴക്കിടുകയും ചെയ്തു. സംഭവത്തില്‍ മുസ്ലീം യുവാവ് കൊല്ലപ്പെട്ടു. വഴക്കിട്ട ജാട്ട് യുവാക്കളെ മറ്റു സമുദായക്കാര്‍ പിടികൂടി മര്‍ദ്ദിച്ചു കൊലപ്പെടുത്തി – ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലേയ്ക്ക് വഴിവെച്ചതിന് പ്രചരിപ്പിക്കപ്പെടുന്ന കഥ. മല്ലിക്പുരയില്‍ കൊല്ലപ്പെട്ട ഷാനവാസിന്റെ പിതാവ് പറയുന്നതു കേള്‍ക്കാം – കവാല്‍ ഗ്രാമത്തിലെ വഴിവെക്കില്‍ സച്ചിന്‍, ഗൗരവ് എന്നിവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും ഷാനവാസിന്റെ മോട്ടോര്‍ സൈക്കിളും കൂട്ടിമുട്ടിയത് വഴക്കിലെത്തി. അവര്‍ ഗ്രാമത്തില്‍ പോയി ആളുകളെയും കൂട്ടി തിരിച്ചെത്തി ഷാനവാസിനെ പിടികൂടി കുത്തിക്കൊന്നു. കവാലിലെ ഗ്രാമീണര്‍ സച്ചിനെയും ഗൗരവിനെയും അവിടെത്തന്നെ പിടികൂടി മര്‍ദ്ദിച്ചു കൊന്നു. സച്ചിന്റെ സഹോദരിയെ ഷാനവാസ് കളിയാക്കിയെന്നാണ് പറയുന്നത്. എന്നാല്‍, ഷാനവാസിനെ ഇതുവരെ കണ്ടിട്ടു തന്നെയില്ലെന്നാണ് സഹോദരിയുടെ വെളിപ്പെടുത്തല്‍. യുവാക്കളെ മര്‍ദ്ദിച്ചു കൊന്നെന്ന പേരില്‍ രണ്ടു വര്‍ഷം മുമ്പ് പാക്കിസ്താനില്‍ നടന്ന ഒരു കൊലപാതകദൃശ്യം യു ട്യൂബില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇരുവിഭാഗങ്ങളുടെയും പ്രത്യേകം യോഗങ്ങള്‍ സംഘര്‍ഷത്തിനുള്ള പ്രഖ്യാപനങ്ങളായി.
ഈ രണ്ടു സംഭവങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് മുസാഫര്‍ നഗറിലെ സൗഹാര്‍ദ്ദ ജീവിതത്തിന്റെ മണ്ണിളക്കാന്‍ മന:പൂര്‍വ്വമായ അണിയറനീക്കങ്ങള്‍ നടന്നിരുന്നുവെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി പുകച്ചിലുകളുണ്ടാക്കുന്ന പരിശ്രമങ്ങള്‍ മുസാഫര്‍നഗറിലെ ഗ്രാമങ്ങളില്‍ പതിവിലേറെയായി ഉണ്ടായിരുന്നു. മുസ്ലീം ഭൂരിപക്ഷമേഖലായ മുസാഫര്‍നഗര്‍ ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കൊരുങ്ങവേ ആഗസ്ത് ഒമ്പതിന് ഇദ്രിസ് എന്നൊരാള്‍ പള്ളിയ്ക്കു മുന്നില്‍ വെടിയേറ്റു മരിച്ചു. മകളെ ഉപദ്രവിച്ചയാളെ പൊതുജനമധ്യത്തില്‍ ഇദ്രിസ് അടിച്ചതിനുള്ള പ്രതികാരമായിരുന്നു ഈ കൊല. സംഭവത്തില്‍ പങ്കാളിയായവരെ പോലീസ് ഉടന്‍ പിടികൂടി. പിന്നീട്, ആഗസ്ത് 18-ന് ഒരു മുസ്ലീം യുവതിയെ ജാട്ട് യുവാക്കള്‍ ഉപദ്രവിച്ചു. ആഗസ്ത് ഒമ്പതിന്റെ സംഭവത്തിനു പകരമാണിതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇങ്ങനെ അസ്വസ്ഥമായ പരിസരം ആഗസ്ത് 27ന്റെ സംഭവത്തോടെ കലാപത്തിനു തിരി കൊളുത്തി.
സംഘര്‍ഷഗ്രാമങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും ആഗസ്ത് 30ന് ജുമാ നമസ്‌കാരവും കഴിഞ്ഞ് വിശ്വാസികള്‍ ഒത്തുകൂടി. ഈ ഒത്തുചേരല്‍ അധികൃതര്‍ക്ക് തടയാനായില്ല. യോഗത്തില്‍ മുസാഫര്‍നഗര്‍ എം.പിയും ബി.എസ്.പി നേതാവുമായ ഖാദിര്‍ റാണ, ജമീല്‍ അഹമ്മദ് ഖ്വാസ്മി എം.എല്‍.എ, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ സയ്യിദ് ഉസ് സമാന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഒരു സംഘര്‍ഷത്തിനുള്ള മുന്നൊരുക്കം മനസ്സിലാക്കിയ മജിസ്‌ട്രേറ്റ് നേരിട്ടു വേദിയിലെത്തി നിവേദനം സ്വീകരിച്ചു.

പിന്നീട്, സെപ്തംബര്‍ ഏഴിന് ജന്‍സഥ് ബ്ലോക്കിലെ നാംഗ്ല മണ്ടോറില്‍ മഹാപഞ്ചായത്ത് ചേര്‍ന്നു. യുവാക്കള്‍ കൊല്ലപ്പെട്ട കാവല്‍ ഗ്രാമത്തിനോടു ചേര്‍ന്നുള്ള ഗ്രാമത്തിലായിരുന്നു ഈ സമ്മേളനം. മുസാഫര്‍ നഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായി നടന്ന ഈ മഹാപഞ്ചായത്തില്‍ ആയിരക്കണക്കിനു ജാട്ടുകള്‍ ആയുധങ്ങളുമേന്തി പങ്കെടുത്തു. വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പ്രസംഗവേദി കൈയ്യടക്കി. മുസാഫര്‍ നഗറില്‍ മുസ്ലീങ്ങള്‍ അതിക്രമം നടത്തുകയാണെന്ന് പ്രാസംഗികര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. സംഗീത് സോം, സാധ്വി പ്രാചി തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ സിരകളിലേയ്ക്ക് വര്‍ഗ്ഗീയലഹരി പ്രവഹിപ്പിക്കുന്ന വാക്കുകളുമായി വിദ്വേഷവിഷം ചീറ്റി.
യോഗം പകര്‍ത്താന്‍ പോലീസ് ചുമതലപ്പെടുത്തിയ ഇസ്രാര്‍ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു കൊന്നതും ട്രാക്ടറില്‍ മടങ്ങുകയായിരുന്ന ഒരു കൂട്ടം മുസ്ലീം ഭൂരിപക്ഷമുള്ള ജോളി ഗ്രാമത്തില്‍ അക്രമിക്കപ്പെട്ടതുമൊക്കെ പക നിറഞ്ഞ ജനക്കൂട്ടത്തിന്റെ പ്രതിഫലനങ്ങളായി. ഇതിനിടെ മുസാഫര്‍നഗര്‍ പട്ടണത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഐ.ബി.എന്‍-7 ചാനല്‍ ലേഖകന്‍ രാജേഷ് വര്‍മ്മ കൊല്ലപ്പെട്ടു. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മുസാഫര്‍നഗര്‍, ബുധാന താലൂക്കുകളിലും തൊട്ടടുത്തെ ഷാംലി ജില്ലയിലുമൊക്കെ അക്രമം ആളിപ്പടര്‍ന്നു. ഹദൗലി, കാക്ക്ഡ, കുത്ബ, കുത്ബി, നിര്‍മ്മാണ, ഖരഡ്, കിനോനി, സിസോലി തുടങ്ങിയ ഗ്രാമങ്ങളിലെല്ലാം കലാപം ജീവനുകള്‍ കവര്‍ന്നു. വീടുകള്‍ അഗ്നിക്കിരയായി. അയല്‍ഗ്രാമങ്ങളിലേയ്ക്ക് ഓടി രക്ഷപ്പെട്ടവര്‍ അരലക്ഷത്തിലേറെ.
പെണ്‍കുട്ടികളെ കളിയാക്കലും ശല്യപ്പെടുന്നതുമൊക്കെ മുസാഫര്‍ നഗറിലും ഉത്തര്‍പ്രദേശ് ഗ്രാമങ്ങളിലുമൊക്കെ പതിവാണ്. ഇതൊന്നും ഒരു കലാപമുണ്ടാവാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങളായി യു.പിക്കാര്‍ കരുതുന്നുമില്ല. സംഘര്‍ഷങ്ങള്‍ക്കു പിന്നിലെ ആസൂത്രണരാഷ്ട്രീയം തിരിച്ചറിയുന്നതിലും തടയുന്നതിലും ഭരണകൂടം നിസ്സംഗമായത് കലാപത്തീ പടര്‍ത്തി. ആഗസ്ത് 27നു ശേഷമുള്ള സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ജില്ലാഭരണകൂടത്തിനായില്ല. ആഗസ്ത് 30ന് ജുമാ നമസ്‌കാരത്തിനു ശേഷം വിശ്വാസികള്‍ നിരോധനാജ്ഞ ലംഘിച്ചു യോഗം ചേര്‍ന്നതും ജാട്ട് മഹാപഞ്ചായത്ത് തടയാതിരുന്നതും സംഘടിതമായ അക്രമങ്ങള്‍ക്കു വഴിയൊരുക്കി. ആഗസ്ത് ഒമ്പതിന് പള്ളിക്കു സമീപം വെടിവെപ്പുണ്ടായി ഒരാള്‍ കൊല്ലപ്പെട്ട സംഭവം കാര്യക്ഷമമായി കൈകാര്യം ചെയ്ത ജില്ലാ മജിസ്‌ട്രേറ്റിനെയും എസ്.എസ്.പിയെയുമാവട്ടെ, സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തു. വംശീയവിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച രാഷ്ട്രീയ നേതാക്കളോടെല്ലാം സര്‍ക്കാര്‍ ഔദാര്യം കാട്ടി. ഗ്രാമവാസികള്‍ നിരന്തരം സഹായം ചോദിച്ചിട്ടും പോലീസ് അനങ്ങിയിട്ടില്ലെന്നാണ് വ്യാപകമായ ആക്ഷേപം. ഇതിനിടെ അക്രമം നടക്കട്ടെ, പതുക്കെ ഇടപെട്ടാല്‍ മതിയെന്ന് സമാജ്‌വാദി പാര്‍ട്ടി മന്ത്രി അസംഖാന്‍ പോലീസിനോടു നിര്‍ദ്ദേശിച്ചെന്നും വെളിപ്പെടുത്തലുണ്ടായി. ജനങ്ങള്‍ക്ക് സര്‍ക്കാരിലും ക്രമസമാധാനപാലനത്തിലും വിശ്വാസം നഷ്ടപ്പെട്ടത് ഗ്രാമങ്ങളിലെ അരക്ഷിതാവസ്ഥ രൂക്ഷമാക്കി.

നാല്‍പ്പതു ലക്ഷത്തിലേറെ ജനസംഖ്യയുള്ള മുസാഫര്‍ നഗറില്‍ 47 ശതമാനമാണ് മുസ്ലിങ്ങള്‍. ജാട്ടുകളും ദലിതരുമാണ് മറ്റു ജനവിഭാഗങ്ങള്‍. മുസ്ലീങ്ങളും ജാട്ടുകളും പരസ്പരസൗഹാര്‍ദ്ദത്തോടെ കഴിഞ്ഞ നാടായിരുന്നു ഈ ഉത്തര്‍പ്രദേശ് ജില്ല. മുസ്ലീങ്ങള്‍ ഭൂരിപക്ഷമെങ്കിലും ഭൂരഹിതരാണ് ഭൂരിപക്ഷവും. ജാട്ടുകളുടെ ഭൂമിയില്‍ അവര്‍ തൊഴിലെടുത്തു ജീവിക്കുന്നു. ഗ്രാമങ്ങള്‍ തോറും വസ്ത്രവില്‍പ്പനയടക്കമുള്ളവ ചെറുകിട കച്ചവടങ്ങളാണ് മറ്റൊരു ഉപജീവനമാര്‍ഗ്ഗം. ഇങ്ങനെ തൊഴില്‍ബന്ധവുമായി മുസ്ലീങ്ങളും ജാട്ടുകളും തമ്മില്‍ നല്ല സൗഹാര്‍ദ്ദം നിലനിന്നിരുന്ന ജില്ലയാണ് മുസാഫര്‍നഗര്‍. അവര്‍ ഒരേ പാര്‍ട്ടികളെ തന്നെ വോട്ടു ചെയ്തു വിജയിപ്പിച്ചു. ദലിതര്‍ വിവേചനം നേരിടുമ്പോഴും ഇവിടുത്തെ മുസ്ലീങ്ങള്‍ അത്തരമൊരു അവഗണന അനുഭവിച്ചിരുന്നില്ല. അതുകൊണ്ടു അസ്വാരസ്യങ്ങളും അധികമുണ്ടായില്ല. ഇന്ത്യയില്‍ രക്തച്ചൊരിച്ചിലുണ്ടായ വിഭജനകാലത്തു പോലും മുസാഫര്‍ നഗര്‍ ശാന്തമായിരുന്നു.
എന്നാല്‍, സമീപകാലങ്ങളില്‍ അവരുടെ വികാരം ജ്വലിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. രാഷ്ട്രീയമായും മതനിരപേക്ഷമായും മാതൃകാപരമായി നിന്ന ചരിത്രമുള്ള മുസാഫര്‍ നഗറിലെ കലാപത്തില്‍ യഥാര്‍ഥ വിളവെടുപ്പുകാര്‍ ആരെന്ന് തിരിച്ചറിയേണ്ടതുണ്ട്. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ കുത്തക തകര്‍ത്ത രാജ്യത്തെ ആദ്യലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് മുസാഫര്‍ നഗര്‍. 1962 മുതല്‍ ഈ മാറ്റം തുടങ്ങി. സി.പി.ഐ, ജനതാ പാര്‍ട്ടി, ജനതാ പാര്‍ട്ടി (എസ്) തുടങ്ങിയ പാര്‍ട്ടികളെ മാറി മാറി വിജയിപ്പിച്ചു. ജാട്ടുകളെയും മുസ്ലീങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോവുന്നതില്‍ വിജയിച്ച മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ് ഏറെക്കാലം മുസാഫര്‍ നഗറിനെ പ്രതിനിധീകരിച്ചു. 1991 വരെ ബി.ജെ.പിയെ ഈ മണ്ഡലം അടുപ്പിച്ചിരുന്നില്ല. എന്നാല്‍, സംഘപരിവാര്‍ ഉണര്‍ത്തിവിട്ട രാജജന്മഭൂമി വികാരത്തില്‍ മുസാഫര്‍ നഗര്‍ ഒന്നു ചാഞ്ചാടി. 1991 മുതല്‍ തുടര്‍ച്ചയായി ഈ മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചു. എങ്കിലും ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷമുള്ള അസ്വാരസ്യങ്ങളിലും സംഘര്‍ഷങ്ങളിലുമൊക്കെ ഈ ജില്ല അസ്വസ്ഥമാവാതെ നിന്നു. 91ലെ വര്‍ഗ്ഗീയരസതന്ത്രം വീണ്ടുമൊരു വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാവുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമെന്നും പാര്‍ട്ടി തിരിച്ചറിയുന്നു.

ആഗസ്ത് 30ന് ജുമാ നിസ്‌കാരത്തിനു ശേഷം നടന്ന മുസ്ലീം വിശ്വാസികളുടെ യോഗം മുസാഫര്‍നഗര്‍ എം.പി ഖാദിര്‍ റാണയും മറ്റു നേതാക്കളും ഹൈജാക്ക് ചെയ്തത് രാഷ്ട്രീയനേട്ടത്തിനുള്ള ബോധപൂര്‍വ്വമായ ഇടപെടലായി കരുതാം. എന്നാല്‍, ഇതിനേക്കാളെല്ലാം ദീര്‍ഘദൃഷ്ടിയോടെയായിരുന്നു ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍. ജാട്ടുകളുടെ മഹാപഞ്ചായത്തില്‍ പ്രസംഗപീഠത്തില്‍ കയറിയിരുന്നത് വി.എച്ച്.പി നേതാക്കളായിരുന്നു. മുസാഫര്‍ നഗറില്‍ ലവ് ജിഹാദുണ്ടെന്നും സ്വന്തം വീട്ടിലെ യുവതികള്‍ മുസ്ലീം യുവാക്കളുടെ വലയില്‍പ്പെട്ട് മതം മാറാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്നും ആഹ്വാനങ്ങളുണ്ടായി. ഇതിനായി കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളിലായി പല ഗ്രാമങ്ങളിലുമുള്ള ബോധപൂര്‍വ്വമായ കളിയാക്കലുകളും ഉരസലുകളും അവര്‍ അക്കമിട്ടു നിരത്തി. കവാല്‍ ഗ്രാമത്തിലെ കൊലപാതകങ്ങള്‍ ഇതിനോടു കൂട്ടിച്ചേര്‍ത്തപ്പോള്‍ ജാട്ടുകളുടെ മഹാപഞ്ചായത്ത് ഒരു വര്‍ഗ്ഗീയസംഘര്‍ഷത്തിനുള്ള വെടിമരുന്നുശാലയാവുകയായിരുന്നു. പാക്കിസ്താനിലെ കൊലപാതകദൃശ്യം സോഷ്യല്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചത് ബി.ജെ.പി എം.എല്‍.എയായിരുന്നു. കലാപനാളുകളില്‍ ഉയര്‍ന്നു കേട്ടത് ഗുജറാത്തിനു സമാനമായി ഹര ഹര മഹാദേവയും നരേന്ദ്ര മോഡിക്കുള്ള ജയ് വിളികളുമായിരുന്നു. മോഡി വരട്ടെ, എല്ലാം ശരിയാക്കാമെന്ന് ജാട്ട് മഹാപഞ്ചായത്തില്‍ പ്രഖ്യാപനമുണ്ടായതും പിന്നീട്, ലവ് ജിഹാദാണ് കലാപത്തിന് കാരണമെന്ന് വി.എച്ച്.പി നേതാവ് അശോക് സിംഘാല്‍ പരസ്യമായി പ്രസ്താവിച്ചതുമൊക്കെ സംഘപരിവാര്‍ അജണ്ട വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി ഭരിക്കുന്ന യു.പിയില്‍ അസ്ഥിരത സൃഷ്ടിക്കുകയാവാം പ്രതിപക്ഷത്തുള്ള ബി.എസ്.പിയുടെ ഗൂഢലക്ഷ്യം. ബി.ജെ.പി എം.എല്‍.എമാര്‍ ഇടപെട്ടതിന്റെ രാഷ്ട്രീയലക്ഷ്യം ചെറുതല്ല. മുസാഫറിലെ മണ്ണില്‍ വര്‍ഗ്ഗീയക്കറയുണ്ടാക്കുന്നത് രാഷ്ട്രീയവിളവെടുപ്പിനു സഹായിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടി.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഹിന്ദുത്വമുദ്രാവാക്യം ഈ തിരഞ്ഞെടുപ്പില്‍ സജീവമാക്കുകയാണ് ബി.ജെ.പി. അധികാരത്തിലെത്താന്‍ ബി.ജെ.പിക്കു മുന്നില്‍ ഏറ്റവും എളുപ്പമുള്ളതും അവര്‍ക്ക് അറിയാവുന്നതുമായ മാര്‍ഗ്ഗം ജനങ്ങളെ സാമുദായികമായി ധ്രുവീകരിക്കുകയാണ്. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ അധികം തല പൊക്കാതിരുന്ന ആര്‍.എസ്.എസ് 2014ന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പിനു മുമ്പായി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയസംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നാണ് മുസാഫര്‍നഗര്‍ കലാപത്തിന്റെ വെളിച്ചത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ മുസാഫര്‍നഗര്‍. ബീഹാറാണ് ആര്‍.എസ്.എസ്സിന്റെ മറ്റൊരു ലക്ഷ്യകേന്ദ്രം. രാജസ്ഥാനിലെ കിഷന്‍ഗഞ്ച്, ജമ്മു-കാശ്മീരിലെ കിഷ്ത്വര്‍ തുടങ്ങിയ രാജ്യത്തിന്റെ ഉത്തരദേശങ്ങളില്‍ കലാപക്കെടുതികളുണ്ടായി.
നരേന്ദ്ര മോഡിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിന്റെ അര്‍ഥം വളരെ വലുതാണ്. മോഡിയുടെ വലംകൈയ്യായ അമിത് ഷായ്ക്കാണ് ഉത്തര്‍പ്രദേശ് പാര്‍ട്ടിയുടെ സംഘടനാചുമതല. ഗുജറാത്ത് വംശഹത്യ വിജയകരമായി നടപ്പാക്കിയ റെക്കോര്‍ഡുമായാണ് യു.പിയിലേയ്ക്ക് മോഡിയുടെ പ്രിയശിഷ്യന്റെ വരവ്. മോഡിക്കു പകരം അയോധ്യയിലെത്തി രാമജന്മഭൂമിയില്‍ പ്രാര്‍ഥന നടത്തിയത് അമിത് ഷായായിരുന്നു. അയോധ്യയിലെ ചൗരാസി പരിക്രമ എന്ന പേരില്‍ പുതിയ പദയാത്ര നടത്താന്‍ വി.എച്ച്.പിയും സംഘപരിവാര്‍ സംഘടനകളും തീരുമാനിച്ചതോടെ യു.പിയില്‍ അമിത് ഷായുടെ ഓപ്പറേഷന്‍ കണ്ടു തുടങ്ങി. മുസാഫര്‍ നഗറിലെ കലാപത്തിലും ഇത്തരമൊരു വായന അര്‍ഥവത്താവുന്നു.