Continue reading “സുഷ്മിത ബാനര്‍ജിയെ ആരാണ് കൊന്നത്?”

" /> Continue reading “സുഷ്മിത ബാനര്‍ജിയെ ആരാണ് കൊന്നത്?”

"> Continue reading “സുഷ്മിത ബാനര്‍ജിയെ ആരാണ് കൊന്നത്?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുഷ്മിത ബാനര്‍ജിയെ ആരാണ് കൊന്നത്?

                       

ടീം അഴിമുഖം

“രണ്ടുപുരുഷന്മാര്‍ എന്റെ ദേഹത്ത് ചവിട്ടിനിന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വേറെ കുറച്ചുപേര്‍ എന്റെ മുടി പിടിച്ചുവലിച്ചു. വീട്ടിലുള്ള മറ്റു സ്ത്രീകള്‍ പേടിച്ചരണ്ടു നിശബ്ദരായി കണ്ടുനിന്നു. അവര്‍ വല്ലാതെ ഭയന്നിരുന്നു. ഒരു ലോക്കല്‍ നേതാവ് ഇടപെട്ടില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്നെനിക്കറിയില്ല. രോഗികളായ സ്ത്രീകളുടെയിടയില്‍ ഞാന്‍ പ്രവത്തിക്കുന്നതില്‍ താല്‍പര്യമുള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം ഇടപെട്ടപ്പോള്‍ പീഡനം തുടരാന്‍ കഴിയാതെ താലിബാന്‍ സ്ഥലംവിട്ടു”. 1995ലെ ഒരു അഭിമുഖത്തില്‍ സുഷ്മിത ബാനര്‍ജി അഫ്ഗാനിസ്ഥാനിലെ അവരുടെ അനുഭവത്തെപ്പറ്റി പറഞ്ഞതാണ് ഇങ്ങനെ.

 

ആ കൊല്ലമാണ് അവര്‍ താലിബാന്‍റെ പിടിയില്‍ നിന്നും രക്ഷപെട്ട് കൊല്‍ക്കത്തയിലെത്തിയത്. പിന്നീടുള്ള പതിനേഴു വര്‍ഷം കൊല്‍ക്കത്തയില്‍. ഈ വര്‍ഷം ആദ്യമാണ് അവര്‍ വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോയത്.

 

അവര്‍ എവിടെനിന്നാണോ രക്ഷപെട്ട് ഓടിയത്  അതേ താലിബാന്‍ തന്നെ അതിക്രൂരമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച അവരുടെ ജീവനെടുത്തു. കാബൂളില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള പക്ടിക പ്രവിശ്യയിലെ ഗവര്‍ണര്‍ മോഹീബുള്ള ഷമീം ആണ് കാബൂളിലെ ഇന്ത്യന്‍ അംബാസഡറായ അമര്‍ സിന്‍ഹയെ ഇക്കാര്യം അറിയിച്ചത്. തീവ്രവാദികള്‍ അവരുടെ ഭര്‍ത്താവ് ജാന്‍ബാസ് എന്ന ബിസിനസുകാരനെയും കുടുംബത്തിലെ മറ്റുള്ളവരെയും കെട്ടിയിട്ട ശേഷം സുഷ്മിതയെ പുറത്തിറക്കി വെടിവെച്ചുകൊന്നു. അസാധാരണമായ ഒരു ജീവിതത്തിന്റെ അവസാനമായിരുന്നു അത്. 1998ല്‍ പുറത്തിറങ്ങിയ അവരുടെ “ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ” എന്ന പുസ്തകത്തില്‍ 1993 മുതല്‍ 1995 വരെയുള്ള അവരുടെ ജീവിതം വിവരിക്കുന്നുണ്ട്. 2003ല്‍ “Escape from Taliban” എന്ന പേരില്‍ ഈ പുസ്തകം സിനിമയുമായി. മനീഷ കൊയിരാളായാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തത്.

 

അമ്പതിനായിരത്തോളം പേര്‍ താമസിക്കുന്ന ഷരാന എന്ന ടൌണില്‍ വനിതാ ആരോഗ്യപ്രവര്‍ത്തകയായി ജോലി ചെയ്തതു കൊണ്ടാണ് താലിബാന്‍ 57കാരിയായ സുഷ്മിതയെ കൊന്നതെന്നാണ് കരുതുന്നതെന്ന് ഷമീം, സിന്‍ഹയോട് പറഞ്ഞു. എന്നാല്‍ തങ്ങളല്ല സുഷ്മിതയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്നാണ് താലിബാന്‍റെ അവകാശവാദം.

 

ജാന്‍ബാസിന്റെ കൂട്ടുകുടുംബം ഇവരോടോപ്പമാണ് താമസിച്ചിരുന്നത്. അവര്‍ അവരുടെ വീടിനരികില്‍ തന്നെ സുഷ്മിതയുടെ ശരീരം മറവുചെയ്തുവെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. “ഞങ്ങള്‍ വിവരം അറിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു”. ഇന്ത്യയുടെ കാബൂള്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

1956ല്‍ ഇന്നത്തെ ബംഗ്ളാദേശിലാണ് സുഷ്മിതയുടെ ജനനം. ബര്‍ദ്വാനിലെ ബന്ധുക്കളോടൊപ്പമാണ് സുഷ്മിത വളര്‍ന്നത്‌. സെന്റ്‌ ജോസഫ്സ് കോണ്‍വന്റ് സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടി. ബാഗുയാതിയില്‍ മാതാപിതാക്കളുടെ അടുത്ത് വന്നു താമസിച്ച് പിന്നീട് സുഷ്മിത റാംമോഹന്‍ കോളേജില്‍ ചേര്‍ന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവരുടെ നാടകപ്രേമമാണ് അവരുടെ വിധി നിര്‍ണ്ണയിച്ചതും. 1986ല്‍ ഒരു സഹകലാകാരിയുടെ വീട്ടില്‍വെച്ചാണ് അവര്‍ അഫ്ഗാന്‍ ബിസിനസുകാരനായ ജാന്‍ബാസ് ഖാനെ പരിചയപ്പെടുന്നത്. അധികം വൈകാതെ അവര്‍ പ്രേമത്തിലായി. കുടുംബത്തിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ ജാന്‍ബാസിനെ വിവാഹം കഴിച്ച് അവര്‍ കൊല്‍ക്കത്ത വിട്ടു. 1988 മുതല്‍ 1995 വരെ അയാളുടെ കുടുംബത്തോടൊപ്പം സുഷ്മിത ജീവിച്ചു. ആ വീട്ടിലെ ജീവിതം വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത് 1998-ലാണ്.

 

അവരെ അഫ്ഗാനിസ്ഥാനിലെ കുടുംബത്തോടൊപ്പമാക്കിയ ശേഷം കൊല്‍ക്കത്തയില്‍ ജോലി ആവശ്യങ്ങള്‍ക്ക് വരാറുണ്ടായിരുന്ന ജാന്‍ബാസിന്റെ യാത്രകളെപ്പറ്റി സുഷ്മിത എഴുതുന്നുണ്ട് പുസ്തകത്തില്‍. “എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അത്ര കരുണയോടെയൊന്നും പെരുമാറിയിരുന്നില്ലെങ്കിലും 1993ലെ താലിബാന്‍ അടിച്ചമര്‍ത്തല്‍ വരെയുള്ള ജീവിതം സഹിക്കാവുന്നതായിരുന്നു – അവര്‍ 1998ല്‍ എഴുതി. താലിബാന്‍ സ്ഥിരമായി വീട്ടില്‍ വരികയും എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നൊക്കെ നിര്‍ദേശിക്കുകയും അവരെ ബുര്‍ഖയിടാന്‍ നിര്‍ബന്ധിക്കുകയും ഡിസ്പന്‍സറി നടത്തുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അവര്‍ എഴുതിയിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി വരെയെത്തിയ സുഷ്മിതയെ ഇന്ത്യയില്‍ തിരിച്ചുപോകാന്‍ സഹായിക്കാം എന്നുപറഞ്ഞാണ് അവരുടെ ഭര്‍ത്താവിന്റെ സഹോദരന്മാര്‍ തിരിച്ചുകൊണ്ടുപോകുന്നത്.

 

അവര്‍ സഹായിച്ചില്ല എന്ന് മാത്രമല്ല, 1995ല്‍ അവര്‍ രക്ഷപെടുന്നത് വരെ ഹൌസ് അറസ്റ്റില്‍ ആയിരുന്നു താനും.

 

താലിബാനെപ്പറ്റി പുസ്തകത്തില്‍ എഴുതിയതുകൊണ്ടാണോ സുഷ്മിത കൊല്ലപ്പെട്ടത് എന്ന് സംശയമാണ്. അവര്‍ തന്റെ പുസ്തകത്തില്‍ താലിബാനെപ്പറ്റി എഴുതിയത് അവര്‍ക്കറിയുമോ എന്ന് പോലും ഉറപ്പില്ല. അവര്‍ എന്തിന് കൊല്ലപ്പെട്ടു എന്നും എന്തിനു അവര്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചുപോയി എന്നതും ഇന്നും പലര്‍ക്കും ഒരു നിഗൂഡതയാണ്. 

 

 

Share on

മറ്റുവാര്‍ത്തകള്‍