പങ്കജ് മിശ്ര
(ബ്ളൂംബര്‍ഗ് ന്യൂസ്)
2008-ല്‍ തുടങ്ങിയത് മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കായിക, ടെലിവിഷന്‍ മാമാങ്കം പത്രവാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ കായികവാര്‍ത്തകളുടെ കൂട്ടത്തിലല്ല എന്നുമാത്രം. ജെയിംസ് ആസ്റ്റില്‍ തന്റെ ‘The Great Tamasha: Cricket, Corruption, and the Turbulent Rise of Modern India’ എന്ന പുസ്തകത്തില്‍ എഴുതിയതുപോലെ ‘സമ്പന്നം, വേഗം, ശക്തം’ എന്നു ചുരുക്കിപ്പറയുന്ന ഈ ബ്രിട്ടീഷുകാരന്റെ കളി ‘പലര്‍ക്കും പുതിയ ഇന്ത്യയുടെ മുഖമുദ്രയായിരിക്കുന്നു.’ രാജ്യത്തെ ഉയര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗത്തെ മാത്രമല്ല,‘ശക്തരായ ഒരുകൂട്ടം നിക്ഷേപകരെയും, ചലച്ചിത്രതാരങ്ങളും, രാഷ്ട്രീയക്കാരും, കോടീശ്വരന്മാരും അടക്കമുള്ള ഭാഗ്യാന്വേഷികളുടെ ഒരു കൂട്ടത്തേയും’ അതാകര്‍ഷിച്ചു.
ഇന്നിപ്പോള്‍, കണക്കിലെ കള്ളക്കളികളും, എങ്ങനേയും കാശുണ്ടാക്കുന്ന കോര്‍പ്പറേറ്റ് ഉടമകളും, വാതുവെപ്പുകാരുമായി പങ്കുകച്ചവടത്തിലുള്ള കളിക്കാരും, പൊതുവില്‍ നിറയുന്ന വൃത്തികേടും പരമ്പരാഗത ക്രിക്കറ്റിന്റെ ഈ പുതിയ വെല്ലുവിളിയെ ഗ്രസിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും തീവ്രമായ മതങ്ങളിലൊന്നായ ക്രിക്കറ്റില്‍നിന്നും അടുത്തിടെ ബന്ധം വിടര്‍ത്തിപ്പോന്ന ഒരാളായാണ് ഞാനിതെഴുതുന്നത്. ഈ ഉപഭൂഖണ്ഡത്തിലേക്ക് ബ്രിട്ടന്റെ ഏറ്റവും വിചിത്രമായ പിന്തുടര്‍ച്ച, അല്ലെങ്കില്‍ ആശിഷ് നന്ദി പറഞ്ഞപോലെ ‘അബദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ കണ്ടുപിടിച്ച ഒരു ഇന്ത്യന്‍ കളി’. ഒരിക്കല്‍ വിഗ്രഹങ്ങളെപ്പോലെ കണ്ടിരുന്ന കളിക്കാര്‍ ഐ പി എല്‍-ഇല്‍ വെറും നിര്‍ഗുണന്‍മാരായി മാറുന്നത് ഞാന്‍ കണ്ടു. ആസ്റ്റില്‍ എഴുതിയപോലെ ഇന്ത്യന്‍ ക്രിക്കറ്റ് വികലമാക്കപ്പെടുമ്പോള്‍ അവരുടെ ‘നിശ്ശബ്ദത വിലയ്ക്കുവാങ്ങിയിരുന്നു.’ സ്വന്തം ദൈവം പരാജയപ്പെട്ട ഒരുത്തന്റെ ആത്മതാപത്തോടെ ഐ പി എല്ലിന്റെ അപചയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഞാന്‍ പരതി. അതൊക്കെ അതിന്റെ തകര്‍ച്ചയുടെ സൂചനകളാണെന്നും ഞാന്‍ പ്രതീക്ഷിക്കാനില്ലെങ്കിലും പ്രതീക്ഷിച്ചു.
അടുത്തകാലത്തു കണ്ട രണ്ടു തലക്കെട്ടുകള്‍ എന്റെ ശ്രദ്ധ പെട്ടന്നു പിടിച്ചുപറ്റി. മെയ് മാസത്തില്‍, ഒരാള്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ തന്റെ കൌമാരക്കാരനായ ബന്ധുവിനെ കൊന്നു എന്ന വാര്‍ത്തയായിരുന്നു ഒന്ന് – ഐ പി എല്ലില്‍ വാത് വെച്ചു വന്ന കടം വീട്ടാനായിരുന്നു അയാളാ ശ്രമം നടത്തിയത്. ഐ പി എല്‍ അധികാരിയായി വേഷംകെട്ടി ചെറിയ നഗരങ്ങളില്‍ നിന്നുമുള്ള ഐ പി എല്‍ മോഹികളായ കളിക്കാരെ പറ്റിക്കുന്ന ഒരാളെ പിടികൂടിയതായിരുന്നു മറ്റൊന്ന്.
തീര്‍ച്ചയായും, സാമ്പത്തിക ഉദാരീകരണം മാറ്റിമറിച്ച ആഗ്രഹങ്ങളുടെ ഭൂമികയിലാണ് ഐ പി എല്‍ കടന്നുവന്നത്. അതുതന്നെ വലിയൊരു മാറ്റമായിരുന്നു. നഗരകേന്ദ്രീകൃതമായ, ഉപരിവര്‍ഗ്ഗത്തിന്റെയും, പണക്കാരുടെയും മാത്രം കളിയായിട്ടായിരുന്നു ക്രിക്കറ്റിനെ കണ്ടിരുന്നത്. നിങ്ങള്‍ ഉത്തര്‍പ്രദേശ് പോലെ ഒരു ദരിദ്ര സംസ്ഥാനത്ത് ക്രിക്കറ്റും സ്വപ്നംകണ്ട് നടന്നാലും – ഞാന്‍ അങ്ങനെയൊരു സ്വപ്നാടകനായിരുന്നു -ഏതെങ്കിലും പരിശീലകനോ ക്രിക്കറ്റ് ബോര്‍ഡ് മെമ്പറോ നിങ്ങളെ പൊക്കിക്കൊണ്ടുപോകുന്നതിന് പകരം സ്വപ്നം വീണുടയാനാണ് എല്ലാ സാധ്യതയും. ഇവര്‍ക്കെല്ലാവര്‍ക്കും കയറ്റിവെക്കാന്‍ അവരുടെ മക്കളും, മരുമക്കളും, സ്വന്തക്കാരുമൊക്കെയുണ്ട്. അല്ലെങ്കില്‍ കുറഞ്ഞത്, അവര്‍ നിങ്ങളോട് കാശ് ചോദിക്കുകയോ പെങ്ങളെ പരിചയപ്പെടുത്തിതരാന്‍ പറയുകയോ ചെയ്യും, നേരിട്ട് കിടക്ക പങ്കിടാന്‍ ഏര്‍പ്പാടുണ്ടാക്കാന്‍ പറഞ്ഞില്ലെങ്കില്‍ക്കൂടി.
മറ്റ് പലരെയുംപോലെ ക്രിക്കറ്റിന്റെ ഇരുമ്പുമറകള്‍ തള്ളിത്തുറന്നു കടന്നുവന്നതാണ് റാഞ്ചി പോലൊരു ചെറുപട്ടണത്തില്‍നിന്നും വന്ന ഇന്ത്യയിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് താരങ്ങളിലൊരാളായ മഹേന്ദ്രസിംഗ് ധോനിയും. ചെറിയ സാമ്പത്തിക ചുറ്റുപാടുകളില്‍നിന്നും വരുന്ന ക്രിക്കറ്റ് കളിക്കാര്‍ ഐ പി എല്ലില്‍ ഇരുട്ടിവെളുക്കുംമുമ്പ് ധനികരാകും. ടെലിവിഷന്‍, പരസ്യ വരുമാനങ്ങള്‍ കൊണ്ടുതരുന്ന വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഇപ്പോള്‍ത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ശക്തിസന്തുലനം പടിഞ്ഞാറുനിന്നും – അതായത് മുന്‍ കൊളോണിയല്‍ രാജ്യങ്ങളായ ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നും – കിഴക്കോട്ട് തിരിച്ചിരിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ചില ശകുനിമാരാകട്ടെ തങ്ങളുടെ പുതിയ ശക്തിയും അധികാരവും തോന്നിയപോലെ ക്രിക്കറ്റിന്റെ മുന്‍ കൊളോണിയല്‍ അധികാരികള്‍ക്ക് നേരെ ഉപയോഗിക്കുന്നു. രാജ്യസ്നേഹം പോലെ കൊളോണിയല്‍ വിരുദ്ധതയും തെമ്മാടികളുടെ അവസാന അഭയസ്ഥാനമാകാം എന്നാണവര്‍ തെളിയിക്കുന്നത്. എന്നാല്‍ ഈ അപമാനഭീതിയൊന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തേന്‍കുടത്തില്‍ കയ്യിട്ടുവാരുന്നതില്‍നിന്നും ആസ്ട്രേലിയന്‍, ഇംഗ്ലീഷ് കളിക്കാരെ തടയുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ കളിക്കാരെക്കുറിച്ചും, ഒത്തുകളിയെപ്പറ്റിയുമെല്ലാം, തനിക്കറിയാവുന്ന കാര്യങ്ങളെഴുതാന്‍ ആസ്ട്രേലിയയുടെ പ്രശസ്തനായ ഒരു മുന്‍ എഴുത്തുകാരന്‍ വിസമ്മതിച്ചത്, ഇന്ത്യന്‍ ക്രിക്കറ്റില്‍ തനിക്കിനിയും ലഭിക്കാവുന്ന ആകര്‍ഷകമായ തൊഴിലുകളെക്കുറിച്ചോര്‍ത്താണെന്ന്, അയാള്‍ക്കുവേണ്ടി എഴുത്തുപണി ചെയ്യുന്ന ഒരാള്‍ അടുത്തിടെ എന്നോട് പറഞ്ഞു.
കൂടുതല്‍ പണവും, സമൂഹത്തിലെ താഴേ ശ്രേണികളിലുള്ളവര്‍ക്ക് ഉയരാനും പ്രതീക്ഷിക്കാന്‍ കൂടുതല്‍ അവസരവും – ടെന്നീസിലും ബാസ്കറ്റ്ബോളിലും ലോകനിലവാരമുള്ള താരങ്ങളെ ചൈന സൃഷ്ടിക്കുന്നത് ഈ രീതിയിലാണ് – ഇന്ത്യയില്‍ മികവുള്ളവരുടെ ഒരു വലിയ സംഘത്തെ സൃഷ്ടിക്കുന്നില്ല. നൂറു കോടിയിലേറെ ജനസംഖ്യ കണക്കിലെടുത്താല്‍, ആസ്റ്റില്‍ എഴുതിയ പോലെ,“ ക്രിക്കറ്റില്‍ ഇന്ത്യ നേടേണ്ടത്ര നേടിയിട്ടില്ല.” വെറും നാല് ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാണ്ടിനെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് ഇന്ത്യയിപ്പോളും.
പക്ഷേ, സാമ്പത്തിക മേഖലകളില്‍ അമ്പരപ്പിക്കും വിധം, പാഴാക്കുന്ന സാധ്യതകളുടെ മറ്റൊരു തെളിവുകൂടിയാണ് ക്രിക്കറ്റിലേത്. മഹമൂദ് അഹമ്മദിനെജാദിന്റേയും, ശ്വാസം മുട്ടിക്കുന്ന പാശ്ചാത്യ ഉപരോധങ്ങളുടെയും ഇടയില്‍നിന്ന് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇറാനില്‍ നിന്നും ഉണ്ടാകുന്ന നല്ല ചലച്ചിത്രങ്ങളെപ്പോലെ ഒന്നെങ്കിലും സൃഷ്ടിക്കാന്‍ ഇത്രയും പണവും, കഴിവും, പൊലിമയും ഉണ്ടായിട്ടും മുംബൈ സിനിമാക്കാര്‍ക്കാവുന്നില്ല. അതുപോലെ, ഹോങ്കോങ്ങിന്റെ ഹെയര്‍ ഇലക്ട്രോണിക്സ് ഗ്രൂപ്പിന്റെയോ, ചൈനയുടെ ലെനോവ ഗ്രൂപ്പിന്റെയോ ബ്രാന്‍ഡ് മൂല്യത്തിന്റെ അടുത്തെത്തുന്ന ഒരു ഇന്ത്യന്‍ കമ്പനി പോലുമില്ല.
‘ഇന്ത്യയുടെ വമ്പന്‍ ജനസംഖ്യയുടെ കഴിവുകളെ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍’ അന്വേഷിക്കുമ്പോള്‍, ക്രിക്കറ്റ് അസോസിയഷനുകളുടെ അംഗത്വവും, ബാലന്‍സ് ഷീറ്റും പരിശോധിക്കുമ്പോള്‍ വിദൂരമായ ഗ്രാമങ്ങളിലും പട്ടണങ്ങളിലും, ക്രിക്കറ്റ് കളി കാണുകയും കളിക്കുകയും ചെയ്യുന്ന അസാധാരണമായ മാര്‍ഗവും ആസ്റ്റില്‍ ഉപയോഗിക്കുന്നു.
ഇക്കണോമിസ്റ്റ് മാസികയുടെ ഇന്ത്യയിലെ മുന്‍ ലേഖകനായ ആസ്റ്റില്‍ തെക്കനേഷ്യയുടെ സാംസ്ക്കാരിക പഠന കാഴ്ച്ചപ്പാടുകളില്‍ വ്യത്യസ്തനായ ഒരാളാണ്. പ്രാന്തവത്കരിക്കപ്പെട്ടവരേയും, പ്രതീക്ഷകളില്ലാത്തവരെയും കുറിച്ച് തികഞ്ഞ ശ്രദ്ധയോടെയാണ് അയാള്‍ എഴുതുന്നത്; ‘വളരുന്ന’ ഇന്ത്യയെക്കുറിച്ചുള്ള പുതിയ പുസ്തകങ്ങളില്‍ കാണാത്തവിധം. അവരിലെ ഭാഗ്യവാന്‍മാര്‍ക്കുവരെ വിമോചനത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ തീക്ഷ്ണമായ ആത്മനിന്ദയുടെ അപകടങ്ങള്‍ പതിയിരിക്കുന്നു. മുംബൈയില്‍ അയാള്‍ കണ്ട ഒരു നല്ല കളിക്കാരന്‍, തുകല്‍ പന്ത്, പട്ട് സാരികള്‍ തുന്നുന്ന തന്റെ കൈകളില്‍ മുറിവുണ്ടാക്കുമെന്ന് ഭയക്കുന്നു. ആ വീക്ഷണകോണില്‍നിന്നും എഴുതുന്നുതുകൊണ്ട് ഇന്ത്യയിലെ ശക്തരായ, ഭംഗിയായി സംസാരിക്കുന്ന കച്ചവടക്കാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും മുന്നില്‍ വിനീതരാവുന്ന സ്ഥിരം മാധ്യമപ്രവര്‍ത്തന ശൈലിയില്‍നിന്നും അയാള്‍ക്ക് മുക്തനാകാന്‍ കഴിയുന്നുണ്ട്.
സത്യത്തില്‍, വിജയികളുമായുള്ള കൂടിക്കാഴ്ച്ചകളില്‍ ഒരു വ്യത്യസ്തമായ എരിവ് നല്കാന്‍ ആസ്റ്റിലിന് കഴിയുന്നുണ്ട്. ജീവിതത്തിലും, ക്രിക്കറ്റിലും ഇന്ത്യയില്‍ കളിയുടെ നിയമങ്ങള്‍ പാവപ്പെട്ടവന് എതിരാണെന്ന് അയാള്‍ക്കറിയാം. “മിക്ക രാഷ്ട്രീയ കക്ഷികളും അച്ഛനില്‍നിന്നും മകനിലേക്കൊ മകളിലേക്കോ കൈമാറുന്ന കുടുംബ വ്യാപാരങ്ങളാണ്.” ഇന്ത്യയുടെ സംരക്ഷണ നയങ്ങള്‍മൂലം ധനികരായ കച്ചവട കുടുംബങ്ങള്‍ ഈ ആശ്രിത മുതലാളിത്തത്തിന്റെ പ്രായോക്താക്കളാണ്. തീര്‍ത്തും പ്രതീക്ഷയ്ക്ക് വകയില്ലാത്ത രണ്ടാംകിട കുടുംബവാഴ്ച്ചകൂടിയാണ് ബോളിവുഡിന്റെ നിലവാരത്തകര്‍ച്ചക്ക് കാരണം.
ഇന്ത്യയിലെ 27 ക്രിക്കറ്റ് അസോസിയേഷനുകളില്‍ മൂന്നില്‍ രണ്ടും നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണെന്നതില്‍ അത്ഭുതമില്ല. ഇന്ത്യയുടെ പ്രധാന ക്രിക്കറ്റ് സമിതി, ബി സി സി ഐ അതിന്റെ വരുമാനത്തിന്റെ വെറും എട്ടു ശതമാനത്തില്‍ കുറവു മാത്രമാണു രാജ്യത്ത് ക്രിക്കറ്റ് കളി വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നത്. “ബി സി സി ഐയുടെ തലപ്പത്തുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച അത്ര പ്രധാനമല്ല. അവരുടെ അധികാരം നിലനിര്‍ത്തലാണ് മുഖ്യം. അതുകൊണ്ടാണ് അവര്‍ തങ്ങളുടെ വിഭാഗീയ പോരുകളിലും, ദരിദ്രരായ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ പിച്ചുകളില്ലാത്ത പടുകൂറ്റന്‍ മൈതാനങ്ങള്‍ കെട്ടുന്നതിലും വ്യാപൃതരാകുന്നത്,” ആസ്റ്റില്‍ എഴുതുന്നു. ജനാധിപത്യ മൂല്യങ്ങളെ ഇങ്ങനെ പിച്ചിച്ചീന്തുന്നതിലും, നിക്ഷിപ്ത താത്പര്യങ്ങള്‍ ഉറപ്പിക്കുന്നതിനോടും കാര്യമായ ഒരു പ്രതിഷേധവും ഇല്ല എന്നതാണു നിര്‍ഭാഗ്യകരം.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ ഉപരിവര്‍ഗ വിപ്ലവത്തെക്കുറിച്ച് എഴുതുമ്പോള്‍ ഇന്ത്യയിലെ ഇന്നത്തെ പ്രതിസന്ധിയെ വിശദീകരിക്കാനും ആസ്റ്റിലിനാകുന്നുണ്ട്. ചൈനയോ, തെക്കന്‍ കൊറിയയോ, ഇസ്രായേലോ പോലെ – തീര്‍ത്തൂം വ്യത്യസ്തമായ രാഷ്ട്രീയ സംവിധാനങ്ങളുള്ള മൂന്നു രാഷ്ട്രങ്ങള്‍ – രാജ്യത്തെ ആധുനികവത്ക്കരിക്കുന്നതില്‍ അഭിപ്രായ സമന്വയമുള്ള ഒരു ഉപരിവര്‍ഗം ഇന്ത്യയില്‍ ഒരിയ്ക്കലും ഉണ്ടായിട്ടില്ല. കാലക്രമേണ നാടുവാഴിത്തവും, സ്വജനപക്ഷപാതവും, അഴിമതിയും, മറ്റുതരത്തിലുള്ള അന്യായമായ ശ്രേണീ ബന്ധങ്ങളും ഇല്ലാതാക്കുമെന്ന അവരുടെ വാചകമടിപോലും ഇല്ലാതായി. ഇന്ത്യയിലെ വിഭാഗീയ മന:സ്ഥിതിക്കാരായ തങ്ങള്‍ക്ക് കൈവശമായി ലഭിച്ച രാജ്യവും, വിജയിക്കുന്നവര്‍ എല്ലാം കൈക്കലാക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയും ഭരിക്കുന്ന ഭരണകര്‍ത്താക്കളാകട്ടെ, സ്വന്തം നില ഭദ്രമാക്കുന്ന തിരക്കിലുമാണ്.
ജാതിയും, പ്രാദേശികതയും ശിഥിലമാക്കിയ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒതുക്കപ്പെട്ട രാജ്യത്തെ ദരിദ്ര ഭൂരിപക്ഷമാകട്ടെ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ആവശ്യപ്പെടാന്‍ തക്ക അവസ്ഥയിലുമല്ല. ഈ അര്‍ത്ഥത്തില്‍ ഒരിക്കല്‍ ന്യായം നിറഞ്ഞ കളിയായിരുന്ന ക്രിക്കറ്റ് ഇപ്പോള്‍ ഒരു ഇന്ത്യന്‍ കളിയായി മാറിയിരിക്കുന്നു. നിക്ഷിപ്ത താത്പര്യങ്ങള്‍ ഇതില്‍ പിടിമുറുക്കിയതില്‍ നമുക്ക് വിഷമം തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം ക്രിക്കറ്റ് മൈതാനത്തെ കളിക്കാര്‍ ഇന്ത്യയില്‍ മറ്റാരേക്കാളും തുല്യതയുടെ അവസരത്തേയും, പ്രതീക്ഷയെയും പ്രതിനിധീകരിച്ചിരുന്നു എന്നതുകൊണ്ടാണ്.
(PankajMishra is the author of “From the Ruins of Empire: The Revolt Against the West and the Remaking of Asia” and a Bloomberg View columnist, based in London and Mashobra, India)