Continue reading “സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഉപമ”

" /> Continue reading “സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഉപമ”

"> Continue reading “സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഉപമ”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഉപമ

                       
ടീം അഴിമുഖം
 
 
1989. ചരിത്രത്തില്‍ ഇന്ത്യ കറുത്തു നിന്ന വര്‍ഷം. ആശങ്കയുടെ നിഴലുകളും വീഴ്ചകളുടെ വേദനകളുമായി ഇന്ത്യന്‍ ജനത പ്രതീക്ഷയറ്റു നിന്ന വര്‍ഷം. ഒരു യുവപ്രധാനമന്ത്രിയുടെ പരാജയത്തില്‍ രാജ്യം സമ്മര്‍ദ്ദത്തിലായി. സാമ്പത്തികാവസ്ഥ തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തി. ചാരക്കൂമ്പാരത്തില്‍ നിന്നും വര്‍ഗ്ഗീയത കനലായി ആളാന്‍ തുടങ്ങി. പിന്നീട് ഇന്ത്യ ആഗോള വിപണിക്കൊപ്പം ചുവടു വെയ്ക്കുകയും രാജീവ് ഗാന്ധി കൊല്ലപ്പെടുകയും മതേതരത്വത്തെ ദുരാബലപ്പെടുത്തിക്കൊണ്ട് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുകയുമൊക്കെ ചെയ്ത ചരിത്രസാക്ഷ്യങ്ങളുണ്ടായി. പാര്‍ശ്വവല്‍ക്കൃത ഗ്രാമങ്ങളും നഗരങ്ങളിലെ വരണ്ട കളിമൂലകളും കളിക്കളത്തിലും പ്രതീക്ഷയുണര്‍ത്തിയിരുന്നില്ല. എന്നാല്‍ ഈ ദുര്‍ഘട സാഹചര്യങ്ങളെല്ലാം നേരിട്ട് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ആഗോള മൈതാനത്തേയ്ക്ക് രംഗപ്രവേശം ചെയ്തതിന് വേദിയൊരുക്കിയ വര്‍ഷം കൂടിയാമാണ് 1989. പാക്കിസ്താന്‍ കളിക്കാരുടെ വേഗപ്പന്തിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റുകള്‍ പകച്ചു നില്‍ക്കുമ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം. യുദ്ധക്കളത്തിലെ അഭിമന്യുവിനെപ്പോലെ ധീരസാന്നിധ്യമാവുമ്പോള്‍ സച്ചിന് 16 വയസ്സായിരുന്നു.
 
അതിശയിപ്പിക്കുന്നതാണ് സച്ചിന്റെ കഥ. കാണികളുടെ തിരക്കിനും നെടുവീര്‍പ്പുകള്‍ക്കും വിശാലമായ മൈതാനത്തിനും നടുവില്‍ ഒറ്റയാനായി നിന്നു. ചെറിയൊരു പാകപ്പിഴ പോലും സഹിക്കാത്ത വിമര്‍ശകര്‍ ചുറ്റിലും. എറിയപ്പെടുന്ന ഓരോ പന്തും സൂക്ഷ്മമായി നിരീക്ഷപ്പെടുകയായിരുന്നു. രണ്ടു ദശകത്തിനുള്ളില്‍ ഇന്ത്യയും സച്ചിനും വിശാലമായ വേദിയിലേയ്ക്ക് ഉദിച്ചുയര്‍ന്നു. പുതിയ ഇന്ത്യയുടെ വിജയവും ക്രിക്കറ്റിലെ പ്രതിഭയും വാര്‍ത്തകളിലെ ചര്‍ച്ചയായി. ഓരോ പന്തെറിയലിലും അപ്രതീക്ഷിതമായ വഴിത്തിരിവുകളും വിജയത്തിന്റെ ആരവങ്ങളുമായി. എതിരാളിയുടെ കുടിലബുദ്ധിയെ തളച്ച് നേര്‍ക്കു നേര്‍ പോരിലൂടെ വിജയം കൊയ്ത പ്രതിഭാവിലാസമായിരുന്നു സച്ചിന്‍. കഴിഞ്ഞ ദശകങ്ങള്‍ സച്ചിനെ വലയം ചെയ്തായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രകടനപരമ്പരകള്‍. ലക്ഷക്കണക്കിനു ജനങ്ങളുടെ ആവേശം സച്ചിനെ ആകാശത്തിലേയ്ക്കുയര്‍ത്തി. അഞ്ചടി നാലിഞ്ചു വലുപ്പമുള്ള കായികപ്രതിഭ മൈതാനത്തേയ്ക്കിറങ്ങുമ്പോള്‍ ജനലക്ഷങ്ങളുടെ പ്രാര്‍ഥനകളും പ്രവഹിച്ചു. സച്ചിന്റെ വീഴ്ചകള്‍ ഇന്ത്യയുടെ യുവത്വത്തെയും മധ്യവയസ്‌കരെയും നിരാശയിലാക്കി. ഇങ്ങനെ, സച്ചിന്റെ ഓരോ ചലനത്തിലും ഇന്ത്യന്‍ മനസ്സുകള്‍ പിന്തുടര്‍ന്നു. പുതിയ ഇന്ത്യയുടെ ഉദയം, കൊളോണിയല്‍ മാനസികാവസ്ഥയ്‌ക്കെതിരെയുള്ള യുദ്ധം, ഫ്യൂഡല്‍ വേര്‍തിരിവുകള്‍, രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും നീറിപ്പുകഞ്ഞ അഴിമതി… ഇതെല്ലാം കഴിഞ്ഞ രണ്ടു ദശകതത്തിലെ മാറ്റങ്ങളായിരുന്നു. രാഷ്ട്രീയക്കാരനായി മാറിയ സാമ്പത്തികവിദഗ്ധന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പരിഷ്‌കാരങ്ങളുടെ സംഭാവന! എന്നാല്‍ തന്റെ ഇത്രകാലവും നീണ്ട കരിയറിന്റെ അന്ത്യത്തോട് അടുക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
 
 
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പക്വതയാര്‍ജ്ജിച്ച പ്രതിഭയായിക്കഴിഞ്ഞു. ഓരോ പന്തിനെയും ജാഗ്രതയോടെ നേരിട്ട അദ്ദേഹത്തിന് 40 വയസ്സായി. യുവത്വത്തിന്റെ നാടായി ഇന്ത്യ മാറി. ജനസംഖ്യയില്‍ അമ്പതു ശതമാനവും 26 വയസ്സിനു താഴെയുള്ളവരുടെ രാജ്യമാണ് ഇന്ന് ഇന്ത്യ. മൂന്നിലൊന്നു പേര്‍ക്ക് 35 വയസ്സിനു താഴെയാണ് പ്രായം. എന്നാല്‍, മന്‍മോഹന്‍ സിങ് എന്ന പരിഷ്‌കാരി നിരുത്തരവാദപരമായ സഖ്യകക്ഷി രാഷ്ട്രീയത്തിലേയ്ക്ക് രാജ്യത്തെ മാറ്റി. എന്നാല്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയില്‍ ഇന്ത്യയ്ക്ക് ഏറെ പഠിക്കാനുണ്ട്. നിരന്തരമായ ജാഗ്രത, അങ്കക്കളത്തിലെ ഏറ്റവും വലിയ ആയുധം, സത്യസന്ധമായ കരുനീക്കങ്ങള്‍ ഇതൊക്കെയാണ് സച്ചിന്റെ സവിശേഷതകള്‍. 
 
ഇക്കഴിഞ്ഞ ഞായറാഴ്ച ചാമ്പ്യന്‍ ലീഗ് T20 മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഫൈനലില്‍ 15 റണ്ണെടുത്ത് സച്ചിന്‍ കളിക്കളത്തില്‍ നിന്നു മടങ്ങി. T20യില്‍ നിന്നുള്ള സച്ചിന്റെ വിട വാങ്ങലായിരുന്നു ഈ മത്സരം. മറ്റു മത്സരങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഇരുനൂറാമത് ടെസ്റ്റ് മാച്ചിന് ഒരുങ്ങുകയും ചെയ്യുന്നു. നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഈ നിര്‍ണ്ണായക ഏറ്റുമുട്ടല്‍. ടെണ്ടുല്‍ക്കര്‍ കളം വിടാറായെന്ന് ഒരുപാടു പേര്‍ വാദിക്കുന്നുണ്ടാവാം. ഒരുപക്ഷെ അവര്‍ ശരിയുമായിരിക്കാം. നാല്‍പ്പതിലെത്തി നില്‍ക്കുന്ന സച്ചിന്റെ ശാരീരികശേഷി മുന്നോട്ടു പോക്കിന് ഒരു തടസ്സമായിരിക്കാം. ക്രിക്കറ്റില്‍ ഏറെക്കുറെ എല്ലാ റെക്കോര്‍ഡുകളും കൈവരിച്ച, കളിക്കളത്തില്‍ ഇതിഹാസം എഴുതിച്ചേര്‍ത്ത സച്ചിന്‍ ഡോണ്‍ ബ്രാഡ്മാനൊപ്പം കൂട്ടിവായിക്കപ്പെടുന്നു. ബാന്ദ്രയില്‍ സ്വന്തമായി ഒരു വീടു വെച്ചു. രാജ്യസഭാംഗവുമാണ്. നരവംശശാസ്ത്രത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. സച്ചിന്‍ വിരമിക്കണമെങ്കില്‍ അതിനുള്ള നല്ല സമയമാണ് ഇപ്പോള്‍. പക്ഷെ, എന്താണ് ഇന്ത്യയുടെ സ്ഥിതി?
 
 
വിധിക്കു വഴങ്ങി ഇന്ത്യയും രാജിവെയ്ക്കണോ? അധികാരത്തില്‍ ബാഹ്യശക്തികള്‍ പിടിമുറുക്കുമ്പോള്‍, വിഭവസ്രോതസ്സുകള്‍ കൊള്ളയടിക്കപ്പെടുമ്പോള്‍, വികസനത്തിന്റെ അവകാശവാദമുയര്‍ത്തി വര്‍ഗ്ഗീയശക്തികള്‍ വേരുറപ്പിക്കുമ്പോള്‍ ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തി ഇന്ത്യ സ്വയം പിന്‍വലിയണമോ? അങ്ങനെയൊന്നു ചിന്തിക്കാന്‍ നമുക്കാവില്ല. ടെണ്ടുല്‍ക്കറെപ്പോലെ ഇന്ത്യ സ്വയം ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. പണത്തിനു വേണ്ടി മാത്രമുള്ള കൊച്ചുസന്തോഷങ്ങള്‍ മാറ്റിവെച്ച്, ഗ്രാമങ്ങളില്‍ നിന്നും ക്യാമ്പസ്സുകളില്‍ നിന്നും ഇന്ത്യ ഉണരണം. രാഷ്ട്രീയം കോര്‍പ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ കളിസ്ഥലമാവുമ്പോള്‍, ഉപജാപങ്ങള്‍ ഭരണനിര്‍വ്വഹണത്തെ അലോസരപ്പെടുത്തുമ്പോള്‍ ഇന്ത്യ കൂടുതല്‍ ഉണര്‍ന്നു തന്നെയിരിക്കണം. നമ്മുടെ യുവജനസംഖ്യയുടെ ഊര്‍ജ്ജവും ഊഷ്മാവും ഉപയോഗപ്പെടുത്താന്‍ ഇന്ത്യയ്ക്കു കഴിയണം. 1989ല്‍ പതിനാറുകാരനായ ടെണ്ടുല്‍ക്കര്‍ ആഗോളവേദിയിലേയ്ക്ക് ആനയിക്കപ്പെട്ടതു പോലെ ഇന്ത്യയും നടന്നടുക്കണം. പ്രായമേറിയവരുടെ കുടിലബുദ്ധിയെയല്ല, യുവത്വത്തിന്റെ നിഷ്‌കളങ്കതയാണ് ഇന്ത്യ അഭിമുഖീകരിക്കേണ്ടത്. അതായിരിക്കണം ഇനി ഇന്ത്യയുടെ വഴി. 
 

Share on

മറ്റുവാര്‍ത്തകള്‍