തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികരോപണം അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തക കരിയര്‍ അവസാനിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ അദ്ദേഹം തുടങ്ങിവച്ച ഒളികാമറ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ഒരു പുനര്‍വിചിന്തനം ആവശ്യമാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖന (തെഹല്‍ക്ക: ഇന്ത്യന്‍ മാധ്യമ ലോകത്തെ പൊളിച്ചെഴുത്ത് എവിടെയെത്തും?) ത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. ടൈംസ് ഓഫ് ഇന്ത്യ സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്റര്‍ ജോസി ജോസഫ് സംസാരിക്കുന്നു.
ഞാനിന്നുവരെ രഹസ്യ ക്യാമറ ഉപയോഗിച്ചുള്ള പത്രപ്രവര്‍ത്തനം ചെയ്തിട്ടില്ല. അതില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ധാരണ ഉള്ളതു കൊണ്ടാണിത്. പരമ്പരാഗത രീതിയിലുള്ള പത്രപ്രവര്‍ത്തന രീതികളിലൂടെ സിസ്റ്റത്തില്‍ സോഴ്‌സുകളെ ഉണ്ടാക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും അവിടെ നിന്ന് രേഖകളും മറ്റ് അനുബന്ധ വിവരങ്ങളും നേടിയെടുത്ത് അവയുടെ ആധികാരികത പരിശോധിച്ച് വാര്‍ത്ത പുറത്തു വിടുന്ന രീതിയാണ് ഞാന്‍ അവലംബിക്കാറ്. ഇതാകട്ടെ, അത്ര എളുപ്പവുമല്ല. ലോബീയിസ്റ്റുകളും രാഷ്ട്രീയക്കാരും നല്‍കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ അവയൊക്കെ മറ്റു ചില പത്രങ്ങളില്‍ വന്നും കണ്ടിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് പിന്നീട് എഡിറ്ററുമായി സംസാരിക്കുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ പുലര്‍ത്തുന്ന ധാരണകള്‍ വിശദമാക്കുകയും അവ അംഗീകരിക്കപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്.
ജോസി ജോസഫ്
അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്നത് നമ്മുടെ സിസ്റ്റത്തിന്റെ അകത്തും പുറത്തും വിശ്വസനീയമായ സോഴ്‌സുകളെ ഉണ്ടാക്കലും അവരില്‍ നിന്ന് ആധികാരികമായ വിവരങ്ങള്‍ ശേഖരിക്കലുമാണെല്ലോ. പക്ഷേ ഇന്നും അഴിമതി ഒരു ‘ഇന്‍ഫോമല്‍ ഇകോണമി’യായി നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഒളി ക്യാമറകള്‍ക്ക് പത്രപ്രവര്‍ത്തനത്തില്‍ സ്ഥാനമുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നുണ്ട്. കോടികള്‍ ഒഴുകുന്ന പല ബിസിനസ് താത്പര്യങ്ങളും ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ പലപ്പോഴും നേര്‍ക്കുനേര്‍ അറിയാറുണ്ട്. സര്‍ക്കാരിനുള്ളില്‍ നടക്കുന്ന പച്ചയായ അതിക്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളും കൈയിലെത്താറുണ്ട്. പലപ്പോഴും ഇവയ്‌ക്കൊന്നും ആധികാരിക രേഖകളുടെ പിന്‍ബലമുണ്ടാകാറില്ല. എന്നാല്‍ സിസ്റ്റത്തെ അട്ടിമറിക്കുന്നതില്‍ അവയ്ക്ക് വളരെ സുപ്രധാനമായ പങ്കുണ്ടെന്ന് നമുക്ക് അറിയുകയും ചെയ്യാം.
അങ്ങനെയുളള സാഹചര്യങ്ങളില്‍ ഒളിക്യാമറകള്‍ ഉപയോഗപ്രദമായ ഒരു ‘ജേര്‍ണലിസ്റ്റിക് ടൂള്‍’ തന്നെയാണ്. പക്ഷേ ആ ടൂള്‍ എപ്പോള്‍ അനിവാര്യമാണ്, എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചുള്ള ഒരു ‘എഡിറ്റോറിയല്‍ കാഴ്ചപ്പാടാ’ണ് 2001-ലെ വെസ്റ്റ്എന്‍ഡ് സ്റ്റിംഗ് ഓപറേഷനിലൂടെ തെഹല്‍ക്ക മാറ്റി മറിച്ചത്. ഒരു വിഷയത്തെ കുറിച്ച് വലിയ ബോധമില്ലെങ്കിലും അതിനോട് ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാന്‍ ആവശ്യമായ സോഴ്‌സുകള്‍ ഇല്ലെങ്കിലും അന്വേഷണാത്മക പത്രപ്രവര്‍ത്തനം ചെയ്യാമെന്ന് ഇവര്‍ തെളിയിക്കുകയായിരുന്നു. ഒരു പരിധി വരെ അത് ശരിയുമാണ്. ഞാനൊക്കെ വര്‍ഷങ്ങളെടുത്തിട്ടും തെളിയിക്കാന്‍ കഴിയാതെ പോയ പല കാര്യങ്ങളും തെഹല്‍ക്ക അടക്കം ഒളിക്യാമറ ഉപയോഗിച്ച് പത്രപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്.
പക്ഷേ അങ്ങനെയുള്ള പത്രപ്രവര്‍ത്തനത്തില്‍ പലപ്പോഴും ചതിയും നുണയും അധാര്‍മികതയുമൊക്കെയാണ് പത്രപ്രവര്‍ത്തനത്തിന്റെ സ്റ്റാന്‍ഡേഡ് ആയി മാറുന്നത്. ശശിയെന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തെഹല്‍ക്ക പത്രപ്രവര്‍ത്തകരോട് അഴിമതിയെ കുറിച്ച് പറഞ്ഞത് അവര്‍ പത്രപ്രവര്‍ത്തകരാണ് എന്ന് അറിഞ്ഞു കൊണ്ടാണ്. എന്നാല്‍ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ തന്നെ ഒളിക്യാമറയില്‍ കുടുക്കി ആ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ ദുരുപയോഗപ്പെടുത്തുകയും അതിലുപരി അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ താറുമാറാക്കുകയും ചെയ്തു. ഇതിലും വലിയ ക്രൂരതകള്‍ നമ്മുടെ രാജ്യത്ത് ഒളിക്യാമറ ഉപയോഗത്തിലൂടെ അരങ്ങേറുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യത പകര്‍ത്തിയും അതുവച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തുമൊക്കെ ഇങ്ങനെയുള്ള ചില പത്രപ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നുണ്ട്.

ഒരു പക്ഷേ തരുണ്‍ തേജ്പാല്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ സമൂഹത്തെ സ്വകാര്യതകളില്ലാത്ത ഒരു ലോകത്തേക്ക് മാറ്റി വിടുകയായിരുന്നു എന്നു വേണം പറയാന്‍. എഴുതി വച്ചിട്ടുള്ള മാമൂലുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല നമ്മുടെ സമൂഹം മുന്നോട്ടു പോകുന്നത്. അതിനും അപ്പുറം മനുഷ്യര്‍ അന്യോന്യം അന്തസ് കാണിക്കുകയും മാന്യതയോടെ പെരുമാറുകയും ചെയ്യുന്നതടക്കമുള്ള ‘ചില മൂല്യങ്ങള്‍’ സമൂഹത്തിന് അനിവാര്യമാണ്. എന്നാല്‍ ഇങ്ങനെയുള്ള മൂല്യങ്ങള്‍ ആവശ്യമില്ലെന്നുള്ള ധിക്കാരം കലര്‍ന്ന മനോഭാവത്തോടെ ഇടപെടാന്‍ ആവശ്യപ്പെട്ടാണ് തന്റെ പത്രപ്രവര്‍ത്തകരെ തരുണ്‍ തേജ്പാല്‍ വാര്‍ത്തക്കായി അയച്ചത്. ധാര്‍മികതകളില്ലാത്ത ആ ഒരു ജീവിത വീക്ഷണം തന്നെയായിരിക്കണം മകളുടെ പ്രായമുള്ള സഹപ്രവര്‍ത്തകയെ കേറിപ്പിടിക്കാനും അതിനെ വെള്ളപൂശാനും പോണ്ടി ഛദ്ദയെ പോലുള്ള ‘അകറ്റി നിര്‍ത്തേണ്ട’ ബിസിനസുകാരുമായി ചേര്‍ന്ന് കച്ചവടം നടത്താനും തരുണ്‍ തേജ്പാലിനെ പ്രേരിപ്പിച്ചത്.
ഞാന്‍ ഒരു പിന്തിരിപ്പനല്ല. നാളെ ഒരുപക്ഷേ എനിക്കും ഒളിക്യാമറ ഉപയോഗിക്കേണ്ട സാഹചര്യം വന്നേക്കാം. പക്ഷേ അടിസ്ഥാനപരമായി മറ്റുള്ളവര്‍ക്കും ജീവിതമുണ്ടെന്നും അവരുടെ സ്‌പേസും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും കരുതുന്ന ഒരു മനുഷ്യനാണ് ഞാന്‍. ആ കാര്യങ്ങളും മറ്റുള്ളവരോടുള്ള അനുകമ്പയും ഇല്ലാതെ ശാശ്വതമായ പത്രപ്രവര്‍ത്തനം ചെയ്യാന്‍ കഴിയില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതിനി, സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും കാലം എത്ര കഴിഞ്ഞാലും അതങ്ങനെ തന്നെയാണ്. മാധ്യമ പ്രവര്‍ത്തനത്തില്‍ ഒളിക്യാമറകളുടെ റോള്‍ എന്തായിരിക്കണം എന്നതിനെ കുറിച്ച് ആദ്യം ചിന്തിക്കേണ്ടത് ഇന്ത്യയിലെ മാധ്യമ എഡിറ്റര്‍മാര്‍ തന്നെയാണ്. അതിനുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് തെഹല്‍ക്ക എന്ന മാധ്യമ സ്ഥാപനവും അത് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയും.
(നേവല്‍ വാര്‍ റൂം ലീക്ക്, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി, ഐ.പി.എല്ലുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ സാമ്പത്തിക ഇടപാടുകള്‍, ബി.ജെ.പി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ്- ബിസിനസ് താത്പര്യങ്ങള്‍, ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്ന എല്‍.റ്റി.സി കുംഭകോണം തുടങ്ങിയവ പുറത്തു കൊണ്ടുവന്ന ജോസി ജോസഫ് കഴിഞ്ഞ വര്‍ഷത്തെ രാംനാഥ് ഗോയങ്ക പുരസ്‌കാര ജേതാവു കൂടിയാണ് )