Continue reading “ജയന്തി നടരാജന്റെ രാജി – ആര്‍ക്ക് വേണ്ടി?”

" /> Continue reading “ജയന്തി നടരാജന്റെ രാജി – ആര്‍ക്ക് വേണ്ടി?”

"> Continue reading “ജയന്തി നടരാജന്റെ രാജി – ആര്‍ക്ക് വേണ്ടി?”

">

UPDATES

ഇന്ത്യ

ജയന്തി നടരാജന്റെ രാജി – ആര്‍ക്ക് വേണ്ടി?

                       
ടീം അഴിമുഖം
 
കഴിഞ്ഞയാഴ്ചയാണ് ജയന്തി നടരാജനെ വനം, പരിസ്ഥിതി മന്ത്രി സ്ഥാനത്തു നിന്ന് പൊടുന്നനെ മാറ്റിയത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാര്‍ നേരിട്ടേക്കാവുന്ന മറ്റൊരു പ്രതിസന്ധിയില്‍ നിന്ന് തലയൂരാനുള്ള തിടുക്കം പിടിച്ചുള്ള ഒരു നീക്കമായിരുന്നു ഇത്. 
 
ജയറാം രമേശിന് പകരം 2011-ലാണ് ജയന്തി നടരാജന്‍ വനം, പരിസ്ഥിതി വകുപ്പിലെത്തുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പലതരം കഥകളും ഡല്‍ഹിയില്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഗാന്ധി – നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തയായ ജയന്തി ഇതൊന്നും കൂസാതെ അവരുടെ തനതായ ശൈലിയില്‍ ഈ നിര്‍ണായക വകുപ്പ് ഭരിക്കുകയും ചെയ്തു. രാജ്യമൊട്ടാകെയുള്ള നൂറുകണക്കിന് പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്ന വകുപ്പാണ് ജയന്തി ഭരിച്ചിരുന്നത്. വിവിധ പദ്ധതികളിലൂടെ ഇന്ത്യയില്‍ നിക്ഷേപം വരേണ്ടിയിരുന്ന സാഹചര്യത്തില്‍ അതിനെല്ലാം ജയന്തി നടരാജന്‍ ചുവപ്പുനാട കെട്ടിയെന്ന വിവിധ കഥകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 
 
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മന്ത്രിപദവി രാജി വച്ചതെന്നായിരുന്നു ജയന്തി നടരാജന്റെ വിശദീകരണം. എന്നാല്‍ യഥാര്‍ഥ കാരണങ്ങള്‍ അമ്പരപ്പിക്കുന്നതു തന്നെയാണ്. അതിലേറ്റവും പ്രധാനം രാജിക്ക് രണ്ടു ദിവസത്തിനു ശേഷം പിന്‍ഗാമിയായ വീരപ്പ മൊയ്‌ലിക്ക് 280 ഫയലുകളാണ് ജയന്തി നടരാജന്‍ തന്റെ വീട്ടില്‍ നിന്ന് കൊടുത്തുവിട്ടത് എന്നതാണ്. ഇതില്‍ നല്ല ശതമാനവും സ്വകാര്യ മേഖലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ഫയലുകളെല്ലാം തന്നെ അവര്‍ ഡിസംബര്‍ ആറിനു മുമ്പു തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും അവയൊക്കെ തന്നെ തന്റെ വീട്ടില്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ടാറ്റാ സ്റ്റീല്‍, ജിന്‍ഡാല്‍, ജി.എം.ആര്‍ തുടങ്ങിയ വമ്പന്മാരുടെ പദ്ധതികളും ഉണ്ടായിരുന്നു. 
 
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് ഇത് മറികടക്കാനുള്ള വഴികളിലൊന്ന്. എന്നാല്‍ ഈ ഫയലുകള്‍ ജയന്തി നടരാജന്‍ തടഞ്ഞു വച്ചിട്ടും അതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനോ അതിന്മേല്‍ നടപടി എടുക്കനോ സര്‍ക്കാരില്‍ ആരും തയാറായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ജയന്തി നടരാജന്റെ കീഴിലുള്ള ചില ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകളെ കുറിച്ചുളള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ടായിരുന്നെങ്കിലും ആരും അക്കാര്യം അന്വേഷിച്ചില്ല. അത്തരത്തിലൊരാളായിരുന്നു നീരജ് കുമാര്‍ ഖത്രി.
 
2013 ജനുവരിയില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന നീരജ് കുമാര്‍ ഖത്രി ഒരു ഇടനിലക്കാരനില്‍ നിന്ന് ഏഴുലക്ഷം രൂപ കൈക്കുലി വാങ്ങിക്കുമ്പോള്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടന്ന റെയ്ഡില്‍ ഖത്രിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപ കണ്ടെടുക്കുകയും ചെയ്തു. അന്നുതന്നെ മറ്റ് മന്ത്രാലയങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്നത് ഒരുന്നത ഉദ്യോഗസ്ഥന്‍ അഴിമുഖത്തിനോട് വ്യക്തമാക്കി. പക്ഷേ, പല അധികാര കേന്ദ്രങ്ങളുള്ള യു.പി.എ സര്‍ക്കാരില്‍ ജയന്തി നടരാജനെ തൊടാന്‍ ആരും മെനക്കെട്ടില്ല. 
 
 
ജയന്തി നടരാജനു മുമ്പ് മന്ത്രാലയം ഭരിച്ചിരുന്ന ജയറാം രമേശും പല ഫയലുകളിന്മേലും തീരുമാനമെടുക്കുന്നത് നീട്ടിവച്ചിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ജയറാം രമേശ് എന്ന എം.ഐ.റ്റിക്കാരന്റെ രാഷ്ട്രീയ വിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രഫ. മാധവ് ഗാഡ്ഗിലിനെ ചുമതലയേല്‍പ്പിച്ച അദ്ദേഹത്തിന്റെ നടപടി. അദ്ദേഹത്തിനെതിരെ സംശയകരമായി വിരല്‍ ചൂണ്ടാന്‍ ആരും തയാറായിട്ടുമില്ല. എന്നാല്‍ ജയന്തി നടരാജന്റെ കാലഘട്ടം അതല്ലെന്ന് മലയാളിക്ക് മനസിലാകാന്‍ ആറന്മുള വിമാനത്താവളത്തിന് ലഭിച്ച പാരിസ്ഥിതികാനുമതി മാത്രം മതി. 
 
ഇന്ത്യയില്‍ കേന്ദ്രമന്ത്രിമാര്‍ക്കുള്ള വന്‍ അധികാരാവകാശങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട്. അതിന്റെ അനന്തരഫലമായിരുന്നു അണ്ണാ ഹസാരെയുടെ ലോക്പാല്‍ സമരകാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയുടെ കീഴില്‍ രൂപീകരിച്ച മന്ത്രിതല സമിതി. മന്ത്രിക്കുള്ള വ്യക്തിപരമായ വിവേചനാധികാരങ്ങള്‍ കുറയ്ക്കണമെന്നായിരുന്നു ഈ സമിതിയുടെ തീരുമാനങ്ങളിലൊന്ന്. എന്നാല്‍ ഇത് എങ്ങുമെത്തിയില്ല. ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ വ്യക്തിപരമായി തീരുമാനമെടുക്കുന്നതിനു പകരം ഇതിനുള്ള വിവേചനാധികാരങ്ങള്‍ ഒരു ഔദ്യോഗിക സംവിധാനത്തെ ഏല്‍പ്പിച്ചിരിക്കുന്നവരില്‍ പ്രമുഖന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയാണ്. ജയന്തി നടരാജന്‍ രാജിവച്ചിറങ്ങുമ്പോള്‍ ഇത്തരം വിവേചനാധികാരങ്ങള്‍ മന്ത്രിമാരെ മാത്രം വിശ്വസിച്ചേല്‍പ്പിക്കരുത് എന്നതിന്റെ ശക്തമായ ഒരു മുന്നറിയിപ്പു കൂടിയാണിത്.
 

Share on

മറ്റുവാര്‍ത്തകള്‍