സാജു കൊമ്പന്‍
പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഇന്നവസാനിക്കുകയാണ്. സമീപകാലത്തു നടന്ന എല്ലാ ചലച്ചിത്രോത്സവങ്ങളിലുമെന്നപോലെതന്നെ ചലച്ചിത്രങ്ങളുടെ നിലവാരം കുറയുന്നു എന്ന നിലവിളിയോടെയാണ് ഇത്തവണത്തെ മേളയും അവസാനിക്കുന്നത്. പക്ഷേ ഇത്തവണത്തെ മേളയുടെ ഏറ്റവും വലിയ ദുരന്തം (ആനന്ദവും) അത് ഒരൊറ്റ മനുഷ്യന്‍റെ വരവിലേക്കും അയാളുടെ സിനിമയുടെ പ്രദര്‍ശനത്തിലേക്കും ചുരുങ്ങിപ്പോയി എന്നതാണ്. മലയാളി സിനിമ പ്രേമികളുടെ അഭിനിവേശമായ പ്രശസ്ത സൌത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് ചലച്ചിത്രോത്സവത്തിന്റെ അതിഥിയായി ഇവിടെ എത്തുകയും അദ്ദേഹത്തിന്റെ മോബിയസ് എന്ന ഏറ്റവും വിവാദ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തതോടെ ഐ എഫ് എഫ് കെ അതിന്‍റെ ഏറ്റവും ഹിസ്റ്റീരിക്കായ പരിണാമഗുപ്തിയിലേക്ക് ചെന്നെത്തുകയായിരുന്നു. നമ്മുടെ ചലച്ചിത്രോത്സവ പ്രതിനിധികള്‍ ഗ്ലോറിഫൈഡ് ഫിലിം കണ്‍സ്യൂമേര്‍സ് മാത്രമാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് മേളയുടെ ഇത്തവണത്തെ കൊടിയിറക്കവും.
എന്തിനാണ് ചലച്ചിത്രോത്സവം?
അതാത് വര്‍ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങുന്ന സിനിമകളുടെ പരിച്ഛേദം സിനിമയെ ഗൌരവത്തോടെ കാണാനും പഠിക്കാനും താത്പര്യമുള്ള ഒരു സമൂഹത്തിന്‍റെ മുന്‍പിലേക്ക് കൊണ്ടുവരികയും അതിനോടനുബന്ധിച്ച് രാഷ്ട്രീയവും സാംസ്കാരികവും സൌന്ദര്യശാസ്ത്രപരവുമായ വിവിധ മാനങ്ങളിലേക്ക് മലയാളിയുടെ ചലചിത്ര അന്വേഷണത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ വിശാല ലക്ഷ്യമായി കണ്ടിരുന്നത്. അതോടൊപ്പം മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും എന്നാണ് സങ്കല്‍പം. കൂടാതെ ഇവിടെ നിര്‍മ്മിക്കപ്പെടുന്ന മികച്ച സിനിമകള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ചലത്രോത്സവങ്ങളിലും മറ്റും എത്തിക്കാനുള്ള ഒരു ലോഞ്ചിംഗ് ഗ്രൌണ്ടായി കേരള ചലച്ചിത്രോത്സവം മാറും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഈ ലക്ഷ്യങ്ങളില്‍ ഏതെങ്കിലും കൈവരിക്കുന്നതില്‍ ഇവിടത്തെ ചലച്ചിത്രോത്സവത്തിന് സാധിച്ചിട്ടുണ്ടോ എന്ന ഏറ്റവും ഗൌരവതരമായ വിലയിരുത്തലിലേക്ക് നമ്മള്‍ നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഓണം വാരാഘോഷം പോലെ നികുതി പണം ധൂര്‍ത്തടിക്കുന്ന ഒരു സര്‍ക്കാര്‍ അഭ്യാസമായി ചലച്ചിത്രോത്സവവും അധപതിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
നിലവാരത്തകര്‍ച്ച സിനിമയ്ക്കോ അതോ പ്രതിനിധികള്‍ക്കൊ?
എല്ലാ ചലച്ചിത്രോത്സവങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന പരാതിയാണ് സിനിമകളുടെ നിലവാര തകര്‍ച്ച. യഥാര്‍ഥത്തില്‍ പ്രതിനിധികളും അവരുടെ വാക്കുകളുടെ ചുവടുപിടിച്ചു മാധ്യമങ്ങളും റിപ്പോര്‍ട് ചെയ്യുന്ന ഈ നിലവാര തകര്‍ച്ച പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ലോകസിനിമയുടെ നിലവാരം ആരാണ് നിശ്ചയിക്കുന്നത്? ഈ വിമര്‍ശനമുന്നയിക്കുന്നവരില്‍ എത്രപേര്‍ ഈ വര്‍ഷമിറങ്ങിയ ഇവിടെ എത്താത്ത മികച്ച ലോകസിനിമകള്‍ കണ്ടിട്ടുണ്ട്? ഇവിടെ പ്രദര്‍ശിപ്പിക്കാത്ത ഏതെങ്കിലും ഒരു സിനിമയുടെ പേരെങ്കിലും പറഞ്ഞുകൊണ്ടു ഇത്തരം ചര്‍ച്ചകളെ കൊണ്ടുപോകുന്നതായി കണ്ടിട്ടില്ല. പലരും പത്തു വര്‍ഷം മുന്‍പ് ഫെസ്റ്റിവലില്‍ കണ്ട ഏതെങ്കിലും ഒരു സിനിമയുടെ പേരായിരിക്കും ഉദാഹരണമായി പറയുന്നതു. പലപ്പോഴും നിലവാര തകര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ച ഒരു കാടടച്ചു വെടിവെക്കലായി മാറിക്കൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ നിലവാര തകര്‍ച്ചയുണ്ടാകുന്നത് മേളയ്ക്കാണോ അതോ പ്രതിനിധികള്‍ക്കോ? അല്ലെങ്കില്‍ ലോക സിനിമയ്ക്കു തന്നെയോ?
കലാഭവന്‍ തിയറ്ററിലെ ഒരു ദിവസത്തെ അവസാനത്തെ ഷോ. തിയറ്ററുകളില്‍ നിന്നു തിയറ്ററുകളിലേക്കുള്ള അലച്ചിലുകള്‍ തളര്‍ത്തിയിട്ടുണ്ടെങ്കിലും ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ സിനിമ കാണാന്‍ അത്യുത്സാഹത്തോടെയാണ് എല്ലാവരും എത്തിയിരിക്കുന്നത്. രണ്ടാമത്തെ പ്രദര്‍ശനമായിട്ടുകൂടി തിയറ്റര്‍ നിറഞ്ഞു കവിഞ്ഞു. കാരണം മധ്യേഷ്യയിലെ രാഷ്ട്രീയത്തെയും പ്രത്യേകിച്ചും ഇറാന്‍ സിനിമകളെയും അത്രയേറെ താല്പര്യത്തോടെയാണ് മലയാളികള്‍ കാണുന്നത് എന്നത് തന്നെയാണ്. ജാഫര്‍ പനാഹിയെ സിനിമയെടുക്കുന്നതില്‍ നിന്നു വിലക്കിയതിന് ശേഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണിത്. കഴിഞ്ഞ വര്‍ഷം ദിസ് ഈസ് നോട് എ ഫിലിം ഇവിടത്തെ മേളയില്‍ കാണിച്ചിരുന്നു. ഭരണകൂടത്തിന്‍റെ വിലക്കുകള്‍ക്കുള്ളില്‍ തടങ്കലിലാക്കപ്പെട്ട ഒരു കലാകാരന്‍റെ ആന്തരിക ലോകത്തെ അവതരിപ്പിക്കുകയാണ് ക്ലോസ്ഡ് കര്‍ട്ടനില്‍ പനാഹി. സാധാരണ ഇറാന്‍ സിനിമ പിന്തുടരാറുള്ള ലളിതമായ കഥ പറച്ചില്‍ രീതിയല്ല ക്ലോസ്ഡ് കര്‍ട്ടന്. അല്പം ക്ഷമാപൂര്‍ണ്ണമായ ആസ്വാദനം ആവിശ്യപ്പെടുന്നുണ്ട് ഈ ചലച്ചിത്രം. സിനിമ കണ്ടിറങ്ങുമ്പോള്‍ ഇളമുറക്കാരായ രണ്ട് പ്രതിനിധികള്‍ തമാശയായി(?) പറയുന്നതു കേള്‍ക്കുകയുണ്ടായി. “നീ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ വന്നത്. ഈ സിനിമയുടെ കഥ പറഞ്ഞു തരാതെ നിന്നെ വിടില്ല”.
പ്രതിനിധികളുടെ എണ്ണക്കൂടുതലെന്ന ഭാരം
കേരള ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും ഉയര്‍ത്തിക്കാട്ടുന്ന ഒരു കാര്യം പ്രേക്ഷക പങ്കാളിത്തമാണ്. ഒരോ വര്‍ഷവും വര്‍ധിച്ചു വരുന്ന പ്രതിനിധികളുടെ എണ്ണം ചലചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടി പ്രശ്നമായിരിക്കുന്നു. മികച്ചതും സൌകര്യപ്രദവുമായ പ്രദര്‍ശന സൌകര്യങ്ങളുടെ അഭാവം പലപ്പോഴും തിയറ്റര്‍ പരിസരങ്ങളെ ‘കലാപ’ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. കൈരളി തിയറ്ററിന്റെ കണ്ണാടി ചില്ല് ഇത്തവണയും പ്രേക്ഷകര്‍ തകര്‍ത്തു. റിസര്‍വ് ചെയ്ത സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പലപ്പോഴും സംഘാടകരും പ്രതിനിധികളും തമ്മില്‍ വഴക്കുകള്‍ നടന്നു. മറ്റ് ജോലിത്തിരക്കുകള്‍ക്കിടയില്‍ സമാധാനമായി ഒന്നോ രണ്ടോ നല്ല സിനിമകള്‍ കണ്ടു പോകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് തിയറ്ററില്‍ വന്നു സീറ്റ് കിട്ടാതെ നിരാശരായി മടങ്ങേണ്ടി വന്നു. എല്ലാം കഴിയുമ്പോള്‍ ഈ എണ്ണക്കൂടുതലിന്റെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചര്‍ച്ചയില്‍ ചെന്നവസാനിക്കും എന്നല്ലാതെ കാര്യമായ എന്തെങ്കിലും തീരുമാനങ്ങളോ നടപടികളോ അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടാകാറില്ല. ഇത്തവണയും ഇതാവര്‍ത്തിക്കും. ആള്‍ത്തിരക്കും ബഹളവും ഈ ചലച്ചിത്രോത്സവം എന്താണോ ലക്ഷ്യമിടുന്നത് അതിനു തടസമാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ചലച്ചിത്രമേളകളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ഒന്നു മാത്രമാണ് പ്രേക്ഷകര്‍ക്കായുള്ള ചലചിത്ര പ്രദര്‍ശനം എന്ന് മനസിലാക്കലോടെയുള്ള സംഘാടനമാണ് നമുക്ക് വേണ്ടത്. ആര്‍ത്തിക്കാരായ ചലച്ചിത്ര തീനികള്‍ എന്നതിലപ്പുറം സിനിമയെ പഠിക്കാനെത്തുന്നവര്‍ക്കുള്ള ഇടം കൂടിയാണ് ചലച്ചിത്ര മേളകള്‍. അത് എത്രത്തോളം ഈ തിരക്കിനിടയില്‍ സാധ്യമാകുന്നുണ്ട് എന്നാണു നാം അന്വേഷിക്കേണ്ടത്.
മേളയിലെ ചില മുത്തുകള്‍
ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ തരതമ്യം ചെയ്യുന്നത് ശരിയായ രീതിയല്ലെങ്കിലും മികച്ച കുറച്ച് ചിത്രങ്ങളെ ഇതവണത്തെ മേളയില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. ദി റോക്കറ്റ് (കിം മോര്‍ദന്‍റ്), ഗ്രീഗ്രിസ് (മുഹമ്മെദ് സലേ ഹാറൂണ്‍), ദി നോട്ബുക് (ജാനോസ് സാസ്) ഇന്‍ ഹൈഡിംഗ്, ക്ലോസ്ഡ് കര്‍ട്ടന്‍ (ജാഫര്‍ പനാഹി), ഹേലി (അമാറ്റ് എസ്കാലന്‍റെ) തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. പ്രദര്‍ശിപ്പിച്ച 200 സിനിമകളില്‍ ഇനിയുമേറെ മികച്ച സിനിമകള്‍ കണ്ടെത്താന്‍ സാധിയ്ക്കും എന്നകാര്യത്തില്‍ സംശയമില്ല. മാത്രമല്ല മികച്ചവ തിരഞ്ഞെടുക്കല്‍ വളരെ ആത്മനിഷ്ടമായ കാര്യമായതുകൊണ്ടുതന്നെ ഇതില്‍ നിന്നും വ്യത്യസ്തമായ തിരഞ്ഞെടുപ്പുകള്‍ വേറെയുമുണ്ടാകും. എന്തായാലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനസമൂഹങ്ങളുടെ ജീവിതത്തെയും അതിജീവനത്തെയും സാംസ്കാരിക രാഷ്ട്രീയ സംവാദങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഇത്തവണത്തെ ചല്‍ച്ചിത്രമേളയ്ക്കും സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തല്‍ നടത്തുന്നതായിരിക്കും എന്തുകൊണ്ടും ശരി.
പതിനെട്ടു വര്‍ഷമെന്നത് പുനര്‍വിചിന്തനത്തിനുള്ള വലിയ കാലയാളവാണ്. പ്രശസ്ത സംവിധായകന്‍ ഡോ. ബിജു അഴിമുഖത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതുപോലെ ഒരു ഓഡിറ്റിംഗ് അനിവാര്യമായി തീര്‍ന്നിരിക്കുന്നു. 18 വര്‍ഷം കൊണ്ട് ചിലവാക്കിയ 50 കോടി കൊണ്ട് എന്തു നേടിയെന്ന കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് മാത്രമല്ല നമുക്ക് വേണ്ടത്. നമ്മുടെ സിനിമ ഈ ചലച്ചിത്രോത്സവത്തില്‍ നിന്നു എന്തു പഠിക്കുന്നു എന്ന വിശകലനമാണ് നടക്കേണ്ടത്. അല്ലെങ്കില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഇങ്ങനെയൊരു മാമാങ്കം എന്തിന് നടത്തുന്നെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ പറ്റില്ല.