Continue reading “ആം ആത്മി നല്‍കുന്ന പാഠം”

" /> Continue reading “ആം ആത്മി നല്‍കുന്ന പാഠം”

"> Continue reading “ആം ആത്മി നല്‍കുന്ന പാഠം”

">

UPDATES

ഇന്ത്യ

ആം ആത്മി നല്‍കുന്ന പാഠം

                       
ടീം അഴിമുഖം 
 
കോണ്‍ഗ്രസിനും ബി.ജെ.പിക്കും പകരമായി ഒരു പോസിറ്റീവ് ബദലിനെ കുറിച്ച് ഇന്ത്യയിലെ ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഡല്‍ഹിയില്‍ ആം ആത്മി പാര്‍ട്ടി നേടിയ വിജയം. അര്‍ബന്‍ വോട്ടര്‍മാരാണെങ്കിലും ഒരു മിനി ഇന്ത്യ എന്ന നിലയില്‍ ഡല്‍ഹി എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഉയര്‍ന്ന മധ്യവര്‍ഗവും മധ്യവര്‍ഗവും കുടിയേറ്റ തൊഴിലാളികളുമൊക്കെ ചേരുന്ന ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ഒരു മാറ്റത്തിന് നാന്ദിയായെങ്കില്‍ ഇന്ത്യയും അതേ വഴിയില്‍ തന്നെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു എന്നാണര്‍ഥം. ആം ആത്മി പാര്‍ട്ടി മാറ്റത്തിനു വഴിയൊരുക്കുന്നു എന്ന് അഴിമുഖം നേരത്തെ തന്നെ പറഞ്ഞിരുന്നു. (ആപ് കളം പിടിക്കുമോ?) അതോടൊപ്പം, കെട്ടിഘോഷിച്ച ‘മോഡി തരംഗം’ രാജസ്ഥാനപ്പുറത്തേക്കുണ്ടായില്ല എന്നതും നല്ല ഭരണം കാഴ്ചവച്ചാല്‍ ജനം പിന്തുണയ്ക്കുമെന്നത് മധ്യപ്രദേശിന്റേയും കാര്യത്തില്‍ തെളിവാണ്. 
 
ആഴത്തിലുള്ള രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്നതിനു മുമ്പ് ഇത്തവണത്തെ ഡല്‍ഹി തെരഞ്ഞെടുപ്പിലെ സൂചനകള്‍ ഒന്നു പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ സീറ്റുകളാണ് ആം ആത്മി പാര്‍ട്ടി പിടിച്ചടക്കിയത്. മറ്റൊന്ന് ബി.ജെ.പിയെ അല്ല ജനം ഒരു ബദലായി തെരഞ്ഞെടുത്തത്. അതിനര്‍ഥം ജനം ഒരു മാറ്റം ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്. ഇത് ഡല്‍ഹിക്കു പുറത്തേക്കും വളരുമോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. കാരണം, നാലില്‍ മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ പൊരുതുകയായിരുന്നു. 
 
 
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ വിജയം അദ്ദേഹത്തിന്റേത് മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ മധ്യപ്രദേശില്‍ പോയവര്‍ക്കറിയാം മോഡിയല്ല അവിടെ താരമെന്ന്. കോണ്‍ഗ്രസിന് നല്ലൊരു പ്രതിപക്ഷമാകാന്‍ കഴിയാതെ പോയതും മധ്യപ്രദേശില്‍ പ്രസക്തമാണ്. എന്നാല്‍ രാജസ്ഥാനില്‍ മോഡി തരംഗമുണ്ടെന്ന വസ്തുത നിഷേധിച്ചു കൂടാ. കഴിഞ്ഞ നാലുവര്‍ഷവും അനങ്ങാപ്പാറ നയം തുടര്‍ന്ന ഗെലോട്ട് സര്‍ക്കാര്‍ അവസാന വര്‍ഷം കാണിച്ചുകൂട്ടിയ മിനുക്കുപണികള്‍ ജനത്തെ തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നില്ല. ഫലം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച കോണ്‍ഗ്രസ് നേരിട്ടു. ഒരു സംഘടിത രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇന്നും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് ഫലം. മികച്ച പ്രതിച്ഛായയുള്ള ഒരു മുഖ്യമന്ത്രിയും നരേന്ദ്ര മോഡിയും ഒത്തുപിടിച്ചിട്ടും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രചരണ സംഘത്തിന് ഇവിടെ മാനം രക്ഷിക്കാനായി. ഇത്രയും കാര്യങ്ങള്‍ കേവലമായുള്ള ചില നിരീക്ഷണങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യേണ്ടത് ഡല്‍ഹിയെ മുന്‍നിര്‍ത്തി തന്നെയാണ്. 
 
യു.പി പോലൊരു സംസ്ഥാനത്തെ കാര്യമെടുക്കുക. മോഡി കൊണ്ടുപിടിച്ച പ്രചരണം യു.പിയിലും നടത്തുന്നുണ്ട്. അതിനൊപ്പം, വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാഹചര്യങ്ങളും ഇവിടെ ശക്തമാണ്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ യു.പിയിലും ഹരിയാനയിലും രാജസ്ഥാനിലും ഒരു പരിധി വരെ പഞ്ചാബിലുമൊക്കെ ആം ആത്മി പാര്‍ട്ടി അടുത്ത തവണ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ മോഡി തരംഗം ഇവിടെ അവരെ തുണയ്ക്കുമോ എന്ന് സംശയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത് മോഡിയേക്കാള്‍ അരവിന്ദ് കെജ്‌രിവാളിനെ പോലൊരു നേതാവിനെയാണെന്നതിന്റെ സൂചന കൂടിയല്ലേ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം? 
 
 
ആം ആത്മി പാര്‍ട്ടിയെ പോലെ ചില സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ചില പ്രാദേശിക പാര്‍ട്ടികളുണ്ട്. ജനം ഉണര്‍ന്നു തുടങ്ങിയാല്‍ ഈ പാര്‍ട്ടികളുടെയൊക്കെ രാഷ്ട്രീയ അസ്തിത്വം വ്യത്യസ്തമാകും. അതിന്റെ സൂചനയും അതിനുള്ള പതാകവാഹകരുമാണ് തങ്ങളെന്ന് ഒരു വര്‍ഷം മാത്രം പഴക്കമുള്ള ആം ആത്മി പാര്‍ട്ടി തെളിയിച്ചു കഴിഞ്ഞു. ആം ആത്മി പാര്‍ട്ടിയെ പോലെ പുരോഗമന സ്വഭാവമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഓരോ നാട്ടിലും ഉയര്‍ന്നു വരാനും ഇപ്പോള്‍ സാഹചര്യങ്ങളുണ്ട്. മത, സാമുദായിക വികാരങ്ങള്‍ക്കപ്പുറം നിത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ്  യുവ ഇന്ത്യ്യ ആഗ്രഹിക്കുന്നത് എന്നു കൂടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. 25 വയസുള്ള 50 ശതമാനത്തിലേറെ ജനങ്ങളുള്ള ഒരു രാജ്യത്താണ് ഇത് നടക്കുന്നതെന്നോര്‍ക്കണം. 
 
രാജസ്ഥാനിലേയും മധ്യപ്രദേശിലേയുമൊക്കെ രാഷ്ട്രീയ നേതാക്കളുടെ മക്കളെ കെട്ടിയിറക്കി കേന്ദ്രത്തിലിരുത്തിയിട്ടുള്ള കോണ്‍ഗ്രസാണ് ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഏറെ പാഠം പഠിക്കേണ്ടത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ എന്തെന്നു പോലും മനസിലാക്കാന്‍ കഴിയാതെ, ഇന്നും ഫ്യൂഡല്‍ ബോധത്തിന്റെ പുറത്ത് ജനങ്ങളെ കാണുന്ന ജ്യോതിരാദിത്യ സിന്ധ്യമാരല്ല, മറിച്ച് രാജ്യവും രാജ്യത്തെ സമ്പത്തും സ്വന്തം തറവാട്ടു സ്വത്തല്ലെന്നും തങ്ങളുടെയൊക്കെ പോക്കറ്റുകളിലേക്ക് പോകേണ്ടതല്ല രാജ്യത്തിന്റെ വിഭവങ്ങളെന്നും മനസിലാക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടിയെ വളര്‍ത്താന്‍ കോണ്‍ഗ്രസിന് ആവശ്യം. അല്ലെങ്കില്‍ ഓരോ സംസ്ഥാനങ്ങളിലും കെജ്‌രിവാള്‍മാര്‍ ഉണ്ടാകുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കും. അത് അനിവാര്യമാണെങ്കില്‍ അത് സംഭവിക്കുകയും ചെയ്യുമെന്നാണ് ഡല്‍ഹി തെളിയിക്കുന്നത്. ആം ആത്മി എന്നത് കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു മാത്രമല്ല, അതിനര്‍ഥം സാധാരണക്കാരന്‍ എന്നു കൂടിയാണ്, അവരെ അവഹേളിക്കരുത്. 
 
 

Share on

മറ്റുവാര്‍ത്തകള്‍