Continue reading “ഡല്‍ഹിക്കാരല്ലാത്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണം?”

" /> Continue reading “ഡല്‍ഹിക്കാരല്ലാത്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണം?”

"> Continue reading “ഡല്‍ഹിക്കാരല്ലാത്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണം?”

">

UPDATES

ഇന്ത്യ

ഡല്‍ഹിക്കാരല്ലാത്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണം?

                       
പി.കെ.മണികണ്ഠന്‍
 
സിംഹാസനങ്ങളുടെ മാത്രമല്ല, കുടിയേറ്റങ്ങളുടെയും നാടാണ് ഡല്‍ഹി. ഈ കുടിയേറ്റക്കാരുടെ മനസ്സ് ഏതു രാഷ്ട്രീയദിശയില്‍ സഞ്ചരിക്കുമെന്ന് തെളിയിക്കുന്നതു കൂടിയാണ് ഇന്ന് തലസ്ഥാനത്തെ ജനവിധി. മലയാളികള്‍ മാത്രമല്ല, തമിഴരും തെലുങ്കരും കന്നഡക്കാരുമൊക്കെയുള്ള ദക്ഷിണേന്ത്യക്കാര്‍ ഡല്‍ഹിയില്‍ ഒഴിച്ചു കൂടാനാവില്ല. പക്ഷെ, ഈ സമൂഹം ഡല്‍ഹിയിലെ നിര്‍ണ്ണായക വോട്ടു ബാങ്കല്ല. പത്തും പന്ത്രണ്ടും ലക്ഷം മലയാളികളുണ്ടെന്ന് സംഘടനകളും മറ്റും അവകാശപ്പെടുമ്പോഴും രണ്ടു ലക്ഷത്തോളമാണ് മലയാളി വോട്ടര്‍മാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനുമൊക്കെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടു തേടിയെത്തിയത് ഈ മലയാളി സമൂഹത്തെ ലക്ഷ്യമിട്ടായിരുന്നു. തമിഴ്‌നാട്ടുകാരെ പിടിക്കാന്‍ സൂപ്പര്‍താരം വിജയകാന്തും രംഗത്തിറങ്ങി. തമിഴ് കുടിയേറ്റക്കാരുടെ ബലത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇത്തവണ കന്നിയങ്കത്തിനിറങ്ങി. 
 
 
എന്നാല്‍, ഡല്‍ഹി രാഷ്ട്രീയത്തില്‍ ചര്‍ച്ച ചൂടേറിയത് ദക്ഷിണേന്ത്യന്‍ കുടിയേറ്റക്കാരെ ചൊല്ലിയല്ല. പൂര്‍വാഞ്ചലുകാര്‍ എന്നു വിളിക്കപ്പെടുന്ന ബിഹാറിലെയും കിഴക്കന്‍ യു.പിയിലെയുമൊക്കെയുള്ള വോട്ടുബാങ്കായിരുന്നു കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം. യു.പിയില്‍ നിന്നും മായാവതി കൂടി അരങ്ങത്തു വന്നതോടെ കുടിയേറ്റ ചര്‍ച്ച ഊര്‍ജ്ജിതമായി. തുടങ്ങിവെച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് സംരക്ഷണമുള്ളത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതു ബി.ജെ.പിയെ ഉന്നം വെച്ചായിരുന്നു. പ്രതിപക്ഷത്തുള്ള ബി.ജെ.പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പൂര്‍വാഞ്ചലുകാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതു വരെ ചിന്തിച്ചത്രേ. കിഴക്കന്‍ യു.പിക്കാരനായ രവിശങ്കര്‍ പ്രസാദിനെ ഡല്‍ഹി രാഷ്ട്രീയത്തില്‍ രംഗത്തിറക്കുന്ന കാര്യം പാര്‍ട്ടി ഗൗരവമായി ആലോചിച്ചു. എന്നാല്‍, നേതാക്കളെ നൂലില്‍ കെട്ടിയിറക്കുന്നത് സംസ്ഥാന ഘടകത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ റാലിയില്‍ പ്രസംഗിക്കവേ കോണ്‍ഗ്രസ്സും ബി.ജെ.പിയും കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി ആഞ്ഞടിച്ചു. 2008ലെ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി ഡല്‍ഹിയില്‍ രണ്ടു സീറ്റുകള്‍ നേടി. ബീഹാറില്‍ നിന്നുള്ള വന്‍കുടിയേറ്റക്കാരെ കണ്ണുവെച്ച് ജനതാദള്‍ (യു) മൂന്നു പേരെ ഇത്തവണ സ്ഥാനാര്‍ഥികളാക്കി. ഡല്‍ഹിയില്‍ ആദ്യമായി രംഗത്തുള്ള ആം ആദ്മി പാര്‍ട്ടിയും റിക്ഷക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്കായി ഒട്ടേറെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു. 
 
 
ഈ കുടിയേറ്റവോട്ടുകള്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് ഏറെ ഗുണകരമായി. ജാട്ടും പഞ്ചാബികളും ഡല്‍ഹി രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കാലം മാറിത്തുടങ്ങി. 2008ലെ തിരഞ്ഞെടുപ്പു കാലത്ത് ഡല്‍ഹിയിലെ 1600 അനധികൃത കോളനികളെ നിയമാനുസൃതമാക്കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പങ്കെടുപ്പിച്ച് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റു വിതരണവും സംഘടിപ്പിച്ചു. കുടിയേറ്റക്കാരായ പൂര്‍വാഞ്ചലികള്‍ താമസിക്കുന്നത് ഈ അനധികൃത കോളനികളിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമഡല്‍ഹിയില്‍ മഹാബല്‍ മിശ്ര എന്ന പൂര്‍വാഞ്ചലുകാരനെ രംഗത്തിറക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. എന്നാല്‍ കോളനികളുടെ അംഗീകാരം വേഗത്തിലായില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതൊരു ആയുധമാക്കി. 2012ല്‍ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളി (എം.സി.ഡി) ലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഈ വോട്ടു ബാങ്ക് ഉപയോഗപ്പെടുത്തി. പാര്‍ട്ടി മത്സരിപ്പിച്ച 18 പൂര്‍വാഞ്ചല്‍ സ്ഥാനാര്‍ഥികളില്‍ 12 പേരും വിജയിച്ചു. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എം.സി.ഡിയെ മൂന്നാക്കി വിഭജിച്ചിട്ടും ഒന്നില്‍പ്പോലും നിലം തൊട്ടില്ല. ഇതൊരു പാഠമാക്കിയതിന്റെ ഫലമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ കോളനികള്‍ അംഗീകരിക്കാനുള്ള തീരുമാനം. ഇതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. മന്ത്രിസഭയില്‍ രണ്ടാമനായി അറിയപ്പെട്ട എ.കെ.വാലിയയ്ക്കായിരുന്നു നഗരവികസന വകുപ്പിന്റെ ചുമതല. നിയമനടപടികളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് കോളനികളുടെ അംഗീകാരത്തിന് അദ്ദേഹം ശ്രമിച്ചു. പക്ഷെ, എല്ലാം ഇഴഞ്ഞു നീങ്ങിയത് മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ചൊടിപ്പിച്ചു. വാലിയയെ മാറ്റി വിദ്യാഭ്യാസമന്ത്രി അര്‍വിന്ദര്‍ സിങ് ലവ്‌ലിയെ ചുമതലയേല്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ 895 കോളനികള്‍ക്ക് അംഗീകാരം നല്‍കി. ബാക്കിയുള്ളവ അംഗീകരിക്കാന്‍ വേഗത്തില്‍ നടപടികളും പൂര്‍ത്തിയാക്കി. വിശ്വസ്തനായ ഒരു മന്ത്രിയെ വരെ മാറ്റി ഷീല ദീക്ഷിത് സര്‍ക്കാര്‍ അനധികൃത കോളനികളെ അംഗീകരിക്കുമ്പോള്‍ പൂര്‍വാഞ്ചല്‍ വോട്ടര്‍മാരായിരുന്നു മനസ്സില്‍. ഡല്‍ഹിയിലെ ഒന്നരക്കോടി വോട്ടര്‍മാരില്‍ 35 ശതമാനത്തോളം വരുന്നവരാണ് പൂര്‍വാഞ്ചലുകാര്‍. 
 
 
അനധികൃത കോളനികളുടെ വികസനം തന്നെയാണ് ഇത്തവണ കോണ്‍ഗ്രസ്സിന്റെ തുറുപ്പുചീട്ട്. ഈ കോളനികളില്‍ 40 ലക്ഷത്തോളമാണ് വോട്ടര്‍മാര്‍. വികസനം വഴിമുട്ടിയതായി ബി.ജെ.പി ആരോപിക്കുന്നു. കോളനിവികസനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട എം.സി.ഡികളുടെ ഭരണം വഹിക്കുന്ന ബി.ജെ.പി ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തി രംഗത്തു വന്നത് പൂര്‍വാഞ്ചലുകാരെ സ്വാധീനിക്കാന്‍ തന്നെയാണ്. ചേരികളിലും കോളനികളിലുമാക്കെയായി തിങ്ങിപ്പാര്‍ക്കുന്ന ഈ കുടിയേറ്റക്കാര്‍ തന്നെയാണ് ഡല്‍ഹിയുടെ ദരിദ്രമുഖം. വാഗ്ദാനങ്ങള്‍ നല്‍കി മാത്രമല്ല, വോട്ടെടുപ്പു വേളയില്‍ മദ്യവും പണവുമൊഴുക്കി അവരുടെ വോട്ടുകള്‍ വിലയ്ക്കു വാങ്ങാനും പാര്‍ട്ടികള്‍ മടി കാണിക്കാറില്ല. ഇത്തവണ ചേരികളില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതും ഇതിനു തെളിവായി. ത്രികോണ മത്സരത്തിന്റെ പ്രതീതിയുള്ള ഡല്‍ഹിയില്‍ ആരു ഭരിക്കണമെന്ന് നിശ്ചയിക്കാന്‍ ഈ കുടിയേറ്റവോട്ടര്‍മാര്‍ നിര്‍ണ്ണായകമാവുമെന്ന് വിവിധ സര്‍വ്വേകളും പ്രവചിച്ചു. കേരളമടക്കം രാജ്യമെമ്പാടു നിന്നും തൊഴില്‍ തേടിയും മറ്റും ചേക്കേറിയവര്‍ ഡല്‍ഹിയെ ‘മിനി ഇന്ത്യ’യുടെ ചിത്രമാക്കുമ്പോഴും കുടിയേറ്റത്തിന്റെ രാഷ്ട്രീയം കേവലം ജനവിധിയില്‍ ഒതുങ്ങുമെന്നതാണ് ദു:ഖസത്യം. 
 

Share on

മറ്റുവാര്‍ത്തകള്‍