Continue reading “അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നതായിരിക്കും”

" /> Continue reading “അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നതായിരിക്കും”

"> Continue reading “അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നതായിരിക്കും”

">

UPDATES

കേരളം

അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നതായിരിക്കും

                       

കെ.പി.എസ്.കല്ലേരി

മലയാള നാടകവേദിയില്‍ കാല്‍നൂറ്റാണ്ടിലേറെയായി വിലസുന്ന നായകനടന്‍ വിജയന്‍ മലാപ്പറമ്പിനെ കാണാനാണ് യാത്ര.

സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് കിട്ടിയ ശേഷം പലവട്ടം ആഗ്രഹിച്ചതാണ് നാടകം ജീവിത വ്രതമാക്കിയ ആ മഹാനടനെ ഒന്നുകാണണമെന്ന്. പക്ഷെ വിളിക്കുമ്പഴെല്ലാം അദ്ദേഹം പല ഒഴിവുകഴിവുകള്‍ പറയും. ‘ഏയ്..എന്നെപ്പോലൊരാളുടെ അഭിമുഖമൊക്കെ എന്തിനാ…ഞങ്ങളൊക്കെ നാടകം കളിച്ച് ഉപജീവനം തേടുന്ന പാവങ്ങളല്ലേ….’ മറുത്തെന്തെങ്കിലും പറയുന്നതിന് മുമ്പ് ഫോണ്‍വെക്കും. വലിയ നടനായതിനാല്‍ തിരക്കാവും എന്നു കരുതി അപ്പഴെല്ലാം വെറുതെ വിട്ടു. അങ്ങനെ മാസങ്ങള്‍ കഴിഞ്ഞുപോയി. ഒടുക്കം ഇക്കഴിഞ്ഞ ദിവസം വിളച്ചപ്പോള്‍ ആദ്യം ചോദിച്ചത് വിജയേട്ടന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നാണ്. ഉടന്‍ മറുപടി വന്നു. അഭിമുഖത്തിനല്ലല്ലോ. അല്ല വെറുതെ ഒന്നു കാണാനാണെന്ന് പറഞ്ഞു. എന്നാല്‍ റങ്കൂണ്‍ ലോഡ്ജിലേക്ക് വന്നോളൂ, അവിടെയുണ്ടെന്ന് വിജയേട്ടന്‍. ഒട്ടും സമയം പാഴാക്കാതെ അങ്ങോട്ട് വെച്ചുപിടിച്ചു. റങ്കൂണ്‍ ലോഡ്ജ്. ഒരുപാട് കേട്ടിട്ടുണ്ട്. ഉറൂബും തിക്കോടിയനും കെടിയും താജുമെല്ലാം തമ്പടിച്ച കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരുടെ ആദ്യകാല ക്യാംപ്. അവിടേക്കാണ് പ്രമുഖ നാടക നടന്‍ വിജയന്‍ മലാപ്പറമ്പിനെ കാണാന്‍ പോകുന്നത്.
 

നാടകം, ജീവിതം, പുതിയ പ്രോജക്ടുകള് തുടങ്ങി ചോദിക്കാനുള്ള കുറേ ചോദ്യങ്ങള്‍ മനസില്‍ കുറിച്ചിട്ടുകൊണ്ടാണ് റംങ്കൂണിലേക്ക് കയറിചെന്നത്. വിജയന്‍ മലാപ്പറമ്പ് എത്രാംനമ്പര്‍ മുറിയിലാണ്..?  റിസപ്ഷനിലിരിക്കുന്ന അപരിചിതന്‍ കടുപ്പിച്ചൊന്നു നോക്കി. റൂമോ, വിജയനോ..അങ്ങനെയൊരു വിജയന്‍ ഇവിടെ റൂമെടുത്തിട്ടില്ലല്ലോ..മറുപടി പെട്ടന്നായിരുന്നു. പിന്നെ ആള്‍ ഒന്നു കൂടി ആലോചിച്ച് നമ്മളെ നാടകം വിജയനാണോയെന്ന് ചോദിച്ചു. ഞങ്ങള്‍ തലയാട്ടി. ഓ..മൂപ്പര്‍ അപ്പുറത്ത് കിടക്ക ഉണക്കുന്നുണ്ട്.  പിന്നീട് ഒരുതരം അങ്കലാപ്പും ആശ്ചര്യവുമായിരുന്നു. അയാള്‍ വിരല്‍ ചൂണ്ടിയ ഇടുങ്ങിയ ഇടനാഴിയിലൂടെ ചെന്നപ്പോഴത്തെ കാഴ്ച പൊള്ളുന്നതായിരുന്നു. തിരശീലയുടെ മറയേതുമില്ലാതെ നാടകവും ജീവിതവും ഒന്നിച്ചുനില്‍ക്കുന്നൊരാള്‍രൂപം. ലോഡ്ജിലെ കിടക്കകള്‍ കൂട്ടിയിട്ട് അതിന്‍മേല്‍ കൊതുകിന്റെ മരുന്നടിക്കുന്ന കഴിഞ്ഞ തവണത്തെ സംസ്ഥാനത്തെ മികച്ച നാടക നടന്‍ വിജയന്‍ മലാപ്പറമ്പ്.

‘സംശയിക്കേണ്ട ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്വേഷിക്കുന്ന താരം. നാടകത്തിനും ജീവിതത്തിനുമിടയില്‍ ഇങ്ങനെയൊരു വേഷം കൂടി എനിക്കുണ്ട്. നാടകം എന്റെ ജീവിതമാണ്. പക്ഷെ നാടകത്തിനപ്പുറത്ത് ഭാര്യയും രണ്ടു മക്കളുമുണ്ട്… അവര്‍ക്ക് ജീവിച്ചുപോകാനാണ്  ഇങ്ങനെയൊരു വേഷം…..’
 

എന്തെങ്കിലും മറുപടി പറയാവുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. പക്ഷെ വിജയേ’ന്‍ തുടര്‍ന്നു. ‘പത്തു നാല്‍പത് വര്‍ഷമായി നാടകത്തില്‍ ജീവിക്കുന്നു. അന്നും ഇന്നും ഞാന്‍ ഇങ്ങനെ തന്നെയാ……’വാക്കുകള്‍ പാതി മുറിഞ്ഞു. വീട്ടിലേക്കൊന്ന് പോയാലോ എന്ന ഞങ്ങളുടെ ആഗ്രഹം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. വഴിയില്‍ അദ്ദേഹം ഒരുപാട് സംസാരിച്ചു. നാടകം, ജീവിതം, സമൂഹം, രാഷ്ട്രീയം അങ്ങനെയങ്ങനെ. ഇടക്ക് പറഞ്ഞു. ഇതൊക്കെ കാണേണ്ടെന്ന് കരുതിയാ നിങ്ങളെ ഞാന്‍ ഇതുവരെ വിളിക്കാതിരുന്നത്.

കോഴിക്കോട് ടൌണില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ഊടുവഴികളിലൂടെ ചെളന്നൂര്‍ എട്ടേരണ്ടിലെ കിഴക്കേടത്ത് വീട്ടിലെത്തിയപ്പോള്‍ അവിടേയും വിജയേട്ടന്‍ ഞങ്ങളെ ഞെട്ടിച്ചു. ഒരു മഴപെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന പറമ്പില്‍ ചെറിയൊരു ഓടിട്ട വീട്. പോകുമ്പോള്‍ ടാക്‌സിയില്‍ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. വീട്ടിലെത്തിയാല്‍ ഒരു തവണകൂടി നിങ്ങള്‍ ഞെട്ടും. ശരിയാണ്. വീടുകണ്ടപ്പോള്‍ മനസില്‍ പറഞ്ഞു. എങ്ങിനെ ഞെട്ടാതിരിക്കും. ഇതെന്തൊരു ദുരിത ജീവിതമാണ്. കലാകാരന്‍ ദൈവീക സാന്നിദ്ധ്യമാണെ് പറഞ്ഞു വെച്ചതാരാണ്!
 

കാറില്‍ വെച്ചു തന്നെ വിജയേട്ടന്‍ പറഞ്ഞു തുടങ്ങിയിരുന്നു. മലപ്പാറമ്പിലെ ബാല്യം മുതല്‍ അറുപത്തിരണ്ടാം വയസില്‍ കിട്ടിയ അവാര്‍ഡു വരെ എത്തിയിരിക്കുന്ന കാര്യങ്ങള്‍. മലാപ്പറമ്പ് സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ശ്രീനാരായണകോളജ് തുടങ്ങി പ്രിഡിഗ്രിവരെ നീളുന്ന വിദ്യാഭ്യാസകാലം മുതല്‍ അമച്വര്‍ നാടകവേദികളില്‍ വിജയനുണ്ടായിരുന്നു. പി.എം.താജും നജ്മല്‍ ബാബുവുമായുള്ള അടുത്ത സൗഹൃദമാണ് പ്രഫഷണല്‍ നാടകവേദിയിലേക്കുള്ള വാതില്‍ തുറന്നത്. താജിന്റെ പെരുമ്പറയിലൂടെയാണ് തുടക്കം. പിന്നീട് നാടകാചാര്യന്‍ കെ.ടിയുടെ കളരിയിലേക്ക്. 1978ല്‍ കേരളത്തിലെ നാടകചരിത്രത്തില്‍ നാഴികക്കല്ലായി കെ.ടി.കലിംഗ തീയേറ്റര്‍ രൂപീകരിച്ചപ്പോള്‍ ആദ്യ നാടകമായ നാല്‍ക്കവലയില്‍ നായകനായി വിജയന്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു കൈനാട്ടികള്‍, അസ്ഥിവാരം, മേഘസന്ദേശം, ദൈവശാസ്ത്രം, ദീപസ്തംഭം മഹാശ്ചര്യം, വെള്ളപ്പൊക്കം, സൃഷ്ടി, ഇതുഭൂമിയാണ്, കാഫര്‍, അപരിചിതന്‍ തുടങ്ങി കേരളത്തില്‍ സാമൂഹിക-രാഷ്ട്രീയമാറ്റത്തിന് ചാലക ശക്തിയായ കെ.ടിയുടെ മിക്കാവാറും എല്ലാ നാടകത്തിലും വിജയന്‍ ആദ്യാവസാനക്കാരനായി. നീണ്ട 15വര്‍ഷം കെ.ടിക്കൊപ്പം മാത്രം ഉറച്ചുനിന്ന വിജയന്‍  പിന്നീട് സുഹൃത്ത് ഇബ്രാഹിം വേങ്ങരയ്‌ക്കൊപ്പവും സഹകരിച്ചു. ഇബ്രാഹിം വേങ്ങരയുടെ ഏറ്റവും പ്രശസ്തമായ രാജ്യസഭ വിജയന്റെ നാടക ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറേളം സ്റ്റേജുകളാണ് രാജ്യ സഭ നിറഞ്ഞ് കളിച്ചത്. വേങ്ങരയുടെ ചിരന്തനാ തീയേറ്റേഴ്‌സിനു കീഴില്‍ ഉപഹാരം, ഒടിയന്‍, മേടപത്ത് തുടങ്ങിയവയും ചെയ്തു.
 

ഇടക്കാലത്ത് പെരുമ്പാവൂരിലെ കൊച്ചിന്‍ കലാസമിതിയിലേക്കും ചേക്കേറി. അവിടെ ബെന്നി.പി നായരമ്പലത്തിന്റെ അയലത്തെ വിശേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്കമാലി ഭരതക്ഷേത്ര തീയേറ്റേഴ്‌സിന്റെ കരകുളം ചന്ദ്രന്‍ സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങളും വിജയനെ കൂടുതല്‍ ജനപ്രീയനാക്കി. ഭരതക്ഷേത്രയില്‍ നിന്നാണ് സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയ അങ്കമാലി അഞ്ജലിയിലേക്ക് പോകുന്നത്. വക്കം ഷക്കീറിന്റെ ചിരകാല സ്വപ്നമായിരുന്നു  അവിടുത്തെ ആദ്യ നാടകം. പിന്നീട് പ്രദീപ് റോയിയുടെ മേടപ്പൊന്നും സുനില്‍.കെയുടെ നേരറിയും നേരത്തിലും അഭിനയിച്ചു. അതുകഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിക്കൊടുത്ത മഴമേഘപ്രാവുകളില്‍ അഭിനയിക്കുന്നത്. അഡ്വ.മണിലാലിന്റെ രചനയില്‍ വക്കം ഷമീര്‍ സംവിധാനം. നിര്‍മാണം ബേബി.വി.മുനാന്‍. മഴമേഘപ്രവുകളിലെ ദേവദാസന്‍മാഷെ ചെയ്യുമ്പോള്‍ തന്നെ പലരും പറഞ്ഞു. അത്യുഗ്രനാണെന്ന്. പക്ഷെ 14തവണ ഇതുനുമുമ്പ് തന്റെ നാടകങ്ങള്‍ അവാര്‍ഡിന് പോയി നിഷ്‌കരുണം തള്ളപ്പെട്ടതിനാല്‍ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് വിജയന്‍ പറഞ്ഞു.

നാടകത്തില്‍ നിന്നാണ് ഭാര്യ രാധാമണിയെ വിജയന് ജീവിതത്തിലേക്ക് കിട്ടിയത്. കെ.ടിയുടെ ഇത് ഭൂമിയാണ്, കാഫര്‍, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ മൊട്ടിട്ട  പ്രണയം കെട്ടുതാലിയില്‍ അവസാനിക്കുകയായിരുന്നു. ഒരു ജീവിത സഖിയായി രാധാമണിയെ കിട്ടിയതുകൊണ്ടാവാം പലരും വഴിയില്‍ ഉപേക്ഷിച്ചിട്ടും ജീവിതത്തിലങ്ങോളം ദുരിതം മാത്രം സമ്മാനിച്ച നാടകത്തെ വിടാതെ പിന്തുടരാന്‍ വിജയനെ പ്രേരിപ്പിച്ചത്. രണ്ട് മക്കള്‍. കാര്‍ത്തിക, രോഹിത് വിജയന്‍. സ്റ്റേജിന് പുറമേ കഴിഞ്ഞ 25വര്‍ഷമായി കോഴിക്കോട് ആകാശവാണിയിലും പാര്‍ട് ടൈം ആര്‍ടിസ്റ്റായി നാടകം ചെയ്യുന്നുണ്ട്. അതിനിടെ എം.ടിയുടെ കടവ്, രവീന്ദ്രന്റെ ഒരേതൂവല്‍ പക്ഷികള്‍, ചെമ്പട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇടയ്ക്ക് ചില സിനിമകളില്‍ കൂടി അവസരം കിട്ടിയെങ്കിലും അതിന്റെയൊന്നും പിന്നാലെ പോകാന്‍ നിന്നില്ല. 
 

ഭാര്യനിര്‍ബന്ധിച്ച് ഒരിക്കല്‍ പറഞ്ഞയച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും വിജയന്‍ ഓര്‍ക്കുന്നു. സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരെ കഥാപാത്രങ്ങളാക്കി ഒരു സിനിമയെടുക്കുന്നുണ്ടെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നപ്പോള്‍ വീട്ടിലെ ദുരിതം ഓര്‍ത്താവണം ഭാര്യ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. തന്നെറിച്ചും അഭിനയിച്ച നാടകങ്ങളെക്കുറിച്ചുമെല്ലാം അറിയാവുന്നവരായിരുന്നു സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. പക്ഷെ അഭിനയം പോരെന്നു പറഞ്ഞ് അവര്‍  മടക്കി. കുറേ ദിവസം അതുവല്ലാത്ത ഷോക്കായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാനാവാത്തിന്റെ നിരാശയല്ല. കെ.ടിയുടെ കളരിയില്‍ തുടങ്ങി ഇങ്ങേയറ്റത്ത് ഏറ്റവും പുതിയ സംവിധായകവര്‍ വരെയുള്ളവരുടെ ചെറുതും വലുതുമായി ഏതാണ്ട് ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടും അഭിനയം പോരെന്ന വിലയിരുത്തല്‍. പിന്നീട് സിനിമയിറങ്ങിയപ്പോള്‍ വേഷം കിട്ടാത്തത് നന്നായെന്നു തോന്നി. കാരണം ആ സിനിമയില്‍ പബ്ലിസിറ്റിക്ക് ഉപയോഗിക്കാന്‍ മാത്രമായിരുന്നു കോഴിക്കോട്ടെ നാടകക്കാര്‍. ബാക്കിയെല്ലാം മമ്മൂട്ടി ഒറ്റയ്ക്ക് കെട്ടിയാടുകയായിരുന്നല്ലോ. 

ഇപ്പോള്‍ ഒരു സിനിമാക്കാര്‍ ഇങ്ങോട്ട് വിട്ടിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം ചെയ്ത ടീമിന്റെ പുതിയപടം.  നല്ല വേഷമാണെന്ന്‍ പറഞ്ഞു. സമയമുണ്ടെങ്കില്‍ പോകാം. കാരണം നാടകമാണല്ലോ എനിക്ക് ജീവിതം. വിജയന്‍ പറഞ്ഞ് നിര്‍ത്തിയെങ്കിലും ആ ജീവിതം ദുരിത വഴിയില്‍ തന്നെ കുത്തിയൊഴുകുകയാണ്.

 

Share on

മറ്റുവാര്‍ത്തകള്‍