Continue reading “ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?”

" /> Continue reading “ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?”

"> Continue reading “ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?”

">

UPDATES

കേരളം

ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?

                       

ടീം അഴിമുഖം

 

കേരള കോണ്‍ഗ്രസ്സിന് 50 വയസ്സു പൂര്‍ത്തിയായിരിക്കുന്നു. രണ്ടുരൂപങ്ങളിലുള്ള രാഷ്ട്രീയ ഭീഷണികളാണ് കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ കാലാകാലങ്ങളില്‍ നിര്‍വചിച്ചുകൊണ്ടിരിക്കുന്നത്.  ഒന്ന്, ഒരോ പിളര്‍പ്പിനു ശേഷം അടുത്തതെന്നാണെന്ന്‍ സംഘടനയ്ക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ആശങ്ക. രണ്ട്, തങ്ങള്‍ സഖ്യത്തില്‍ നിന്നും പിന്‍മാറുമെന്ന പേരില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനും യുഡിഎഫിനും മേല്‍ ചെലുത്തുന്ന സമ്മര്‍ദം. ഉള്ളിലും പുറത്തും സ്ഥിരമായി നിലനില്‍ക്കുന്ന ഈ രണ്ടു ഭീഷണികള്‍ ഇല്ലാത്ത ഒരു കേരള കോണ്‍ഗ്രസിനെ കുറിച്ച് കേരളീയര്‍ക്ക് ചിന്തിക്കാനാവില്ല.

 

കേരള കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ വിഭാഗമായ  കെ. എം മാണി ഗ്രൂപ്പ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്തു വച്ച് ഈ വര്‍ഷം തങ്ങളുടെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. ഇപ്പോള്‍ പ്രധാനമായും നാലു കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളാണുള്ളത്. മാണി ഗ്രൂപ്പിനെ കൂടാതെ ആര്‍. ബാലകൃഷ്ണപിള്ള നയിക്കുന്ന കേരള കോണ്‍ഗ്രസ്സ് (ബി), മുന്‍ കേന്ദ്രമന്ത്രി പി. സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സ് (തോമസ്), അന്തരിച്ച ടി. എം. ജേക്കബ് സ്ഥാപിച്ച കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍. ഇതില്‍ മാണി ഗ്രൂപ്പ്, ബാലകൃഷ്ണപിള്ള ഗ്രൂപ്പ്, ജേക്കബ് ഗ്രൂപ്പ് എന്നിവ യുഡിഎഫിനൊപ്പവും തോമസ് വിഭാഗം എല്‍ഡിഎഫിനൊപ്പവും ആണുള്ളത്. 11 വര്ഷം കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കെ.എം. മാണി പറഞ്ഞതുപോലെ, ഒരു പ്രാദേശിക പാര്‍ട്ടിയാണെങ്കിലും രാജ്യത്തെ മറ്റ് ചില പ്രാദേശിക കക്ഷികളെപ്പോലെ കേരള കോണ്‍ഗ്രസ്സ് ഒരിയ്ക്കലും പ്രാദേശിക സ്വയംഭരണത്തിന് വേണ്ടി വാദിച്ചിട്ടില്ല. മറിച്ചു ഫെഡറല്‍ വ്യവസ്ഥയെ ശക്തിപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളൂ.

 

 

എന്നാല്‍, ഗ്രൂപ്പുകളുടെ എണ്ണം കൂടുതോറും 1964ല്‍ സ്ഥാപിച്ച മാതൃ സംഘടന നേരിടുന്ന പിളര്‍പ്പ് ഭീഷണിയും കൂടുകയാണ്. സ്ഥാപനത്തിന് ശേഷം ഇന്നോളം, ഇടത്തും വലതും മേലും കീഴുമായി ആകാവുന്ന ദിശകളിലേക്കെല്ലാം കേരള കോണ്‍ഗ്രസ്സ് പിളര്‍ന്ന് കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അക്കാലത്ത് നിലനിന്നിരുന്ന കടുത്ത വിഭാഗീയതയുടെ ഫലമായി ഉണ്ടായ കേരള കോണ്‍ഗ്രസ്സ് തങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് മധ്യ തിരുവിതാംകൂര്‍ മേഖലയിലെ ക്രിസ്ത്യന്‍, നായര്‍ സമുദായങ്ങളെയാണ്. നാണ്യവിളകളുടെ വില നിര്‍ണയിക്കാന്‍ കൃത്യമായ രീതി കൊണ്ടുവരിക, കര്‍ഷകര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുക, കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് ഉറപ്പുവരുത്തുക തുടങ്ങിയ സംസ്ഥാന-കേന്ദ്രീതമായ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആദ്യകാലത്ത് പാര്‍ട്ടി ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ കോണ്‍ഗ്രസ്സിനൊരു ഭീഷണിയായിരിക്കും കേരള കോണ്‍ഗ്രസ്സെന്നു പോലും ഒരു ധാരണ പടര്‍ന്നിരുന്നു. പില്‍ക്കാലത്ത്, എന്‍.എസ്.എസ് കേരള കോണ്‍ഗ്രസില്‍ നിന്നകന്നപ്പോള്‍, കോണ്‍ഗ്രസ്സോ സി.പി.ഐ.എമ്മോ നയിക്കുന്ന മുന്നണികളില്‍ ചേരാതെ നിലനില്‍ക്കാനാവില്ല എന്ന അവസ്ഥ ഉണ്ടായി.

1970കളുടെ മധ്യം മുതല്‍ ഭരണത്തിലിരിക്കുന്ന മുന്നണി ഏതായാലും കുറഞ്ഞത് ഒരു കേരള കോണ്‍ഗ്രസ്സ് ഘടകമെങ്കിലും അതിന്റെ ഭാഗമായിരുന്നിട്ടുണ്ട്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനകത്ത് ശക്തമായ ഒരു പ്രാദേശിക പാര്‍ട്ടിയായി ഉയര്‍ന്നു വരാന്‍ കെല്‍പ്പുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്സ് ‘വളരുന്തോറും പിളരുന്ന’ ഒരു ചെറിയ പ്രസ്ഥാനമായി തീര്‍ന്നതിന്റെ പ്രധാന കാരണം നേതാക്കളുടെ അവസരവാദവും ഈഗോയും ആണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്ക്കും വിശാലമായ ആശയങ്ങള്‍ക്കും ഉപരിയായി തങ്ങളുടെ സ്വകാര്യ താല്പര്യത്തെ പ്രതിഷ്ഠിക്കാന്‍ വേണ്ടി നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന വടംവലികളാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം എന്നു പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ് പറയുന്നു. “കേരള കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നാണെന്റെ വിശ്വാസം. മാറിമാറി വരുന്ന മുന്നണികളില്‍ ഇടം നേടാന്‍ വിവിധ കേരള കോണ്‍ഗ്രസ്സ് വിഭാഗങ്ങള്‍ക്ക് ആയിട്ടുണ്ടെങ്കിലും, ഒരു വിശാലമായ വീക്ഷണവും, പരിപാടികളും, ഉറച്ച ആശയസംഹിതയും ഉള്ള ഒരു ശക്തിയായി ഉയര്‍ന്നു വരാനുള്ള ഈ പ്രസ്ഥാനത്തിന്റെ സാധ്യതകളെ ഇതിന്റെ നേതാക്കള്‍ തന്നെ കളഞ്ഞുകുളിച്ചിട്ടുണ്ട്” ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു. 

എല്‍ഡിഎഫിനകത്തെ കേരള കോണ്‍ഗ്രസ്സ് ഘടകത്തിലുണ്ടായ ‘പൊട്ടിത്തെറി’ക്ക് ശേഷം ഇപ്പോള്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) ഗ്രൂപ്പിലും ഒരു പ്രതിസന്ധി ഉടലെടുക്കുന്നുണ്ട്. മറ്റൊരു യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ്സ് (ബി) യുഡിഎഫ് വിട്ടിറങ്ങിയേക്കാം എന്ന ഭീഷണിക്കും ആക്കം കൂടുന്നുണ്ട്. ഒരു ലോകസഭാ സീറ്റ് കൂടി വേണമെന്ന മാണി വിഭാഗത്തിന്റെ സമ്മര്‍ദം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ യുഡിഎഫിനകത്തെ കേരള കോണ്‍ഗ്രസ്സ് കളികള്‍ രൂക്ഷമാകാനാണ് സാധ്യത.

 

ഏറ്റവും ചെറിയ കേരള കോണ്‍ഗ്രസ്സ് ഘടകമായ ജേക്കബ് ഗ്രൂപ്പു പോലും ഇക്കാര്യത്തില്‍ പിന്നിലല്ല. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റി അന്തരിച്ച ടി.എം ജേക്കബിന്റെ ഭാര്യയായ ഡെയ്സി ജേക്കബിനെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. ഇതാദ്യമായാണ് അവര്‍ പാര്‍ട്ടിയില്‍ ഏതെങ്കിലും ഒരു സ്ഥാനം വഹിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ആയിരുന്ന ഉമ്മന്‍ മാത്യു മരിച്ചതിനെ തുടര്‍ന്നു നിലവില്‍ വൈസ് ചെയര്‍മാനായിരുന്ന വക്കനാട് രാധാകൃഷ്ണനെ ആക്ടിങ്-ചെയര്‍മാന്‍ ആയും തിരഞ്ഞെടുത്തു. ജോര്‍ജ് ജോസഫിനെയും വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
സമാധാനപരമായി ആരംഭിച്ച യോഗം, ഡെയ്സി ജേക്കബിനെയും രാധാകൃഷ്ണനെയും തിരഞ്ഞെടുക്കുന്ന പ്രശ്നത്തെ ചൊല്ലി കടുത്ത വാക്‍തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അത് യോഗാംഗങ്ങള്‍ രണ്ടു തട്ടായി പിരിഞ്ഞുള്ള വഴക്കില്‍ കലാശിക്കുകയും ചെയ്തു. 

ചില സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായത്തില്‍, പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തന്റെ പദ്ധതികള്‍ സംസ്ഥാന കമ്മിറ്റിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം വഷളായത്. വോട്ടെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് പകരം ജോണി നെല്ലൂരും കൂട്ടരും നേരത്തെ തയ്യാറാക്കിയ പട്ടികയുമായാണ് യോഗത്തിനെത്തിയതെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ആരോപിച്ചു. ഉമ്മന്‍ മാത്യുവിന് പകരം ഡെയ്സി ജേക്കബിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നതായിരുന്നു വിമതരുടെ ആവശ്യം. എന്നാല്‍, തങ്ങളുടെ ആഗ്രഹം തള്ളിക്കളഞ്ഞുകൊണ്ട് രാധാകൃഷ്ണനെ ആ സ്ഥാനത്ത് കെട്ടിവയ്ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചു. പാര്‍ട്ടിക്കകത്തെ വാക്കേറ്റം കയ്യങ്കാളിയില്‍ എത്തിയപ്പോള്‍ ഡെയ്സി ജേക്കബ് തന്നെ മൈക്കിന് മുന്നില്‍ ചെന്ന്‍ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചു. ഈ പാര്‍ട്ടി ഇങ്ങനെ ചിന്നിച്ചിതറുന്നത് ടി.എം ജേക്കബ് ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന്‍ അവര്‍ പറഞ്ഞു. തന്റെ പേരില്‍ ആരും പ്രശ്നം ഉണ്ടാക്കരുതെന്നും അവര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഒരു പ്രധാന ചുമതലയാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

കേരള കോണ്‍ഗ്രസ്സിനകത്തെ വിശേഷങ്ങള്‍ എന്നും രസകരമായിരിക്കും എന്നത് നമുക്കുറപ്പിക്കാം എന്നു തോന്നുന്നു. പക്ഷേ, ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ്?

 

Share on

മറ്റുവാര്‍ത്തകള്‍