UPDATES

ഓഫ് ബീറ്റ്

ഞാന്‍, അന്‍പത്തഞ്ചാം വയസ്സില്‍ മനസ്സിനും ശരീരത്തിനും മുറിവേറ്റവള്‍/അഴിമുഖം ക്ലാസ്സിക്

ബലാത്ക്കാരത്തിന് ഇരയാകുന്ന ഒരു സ്ത്രീയും നിശബ്ദയല്ല

                       
ആന്‍ജി എപിഫനൊ, കഴിഞ്ഞ ശരത്ക്കാലത്തില്‍ ഒരു സൌഹൃദക്കൂട്ടായ്മയുടെ ആഘോഷത്തിനിടെ അയാള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നപ്പോള്‍ അടുത്ത മുറിയില്‍ നിന്നും സുഹൃത്തുക്കളുടെ സന്തോഷാരവങ്ങള്‍ തനിക്ക് കേള്‍ക്കാമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നിലവിളിക്കുകയോ ഏതെങ്കിലും രീതിയില്‍ മറ്റുള്ളവരെ അറിയിക്കാനോ ആന്‍ജി ശ്രമിച്ചില്ലായെന്ന് ഒരിക്കലെന്റെ സുഹൃത്ത് ചോദിച്ചു.

എതൊരാളുടെയുള്ളിലും ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യമാണിത്. പക്ഷെ തട്ടിക്കൊണ്ടു പോകപ്പെടുകയോ കവര്‍ച്ചക്കിരയാവുകയൊ ചെയ്ത സ്ത്രീകളോട് നിങ്ങളിതേ ചോദ്യം എന്തുകൊണ്ട്  ഉയര്‍ത്തുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ ഈ ചോദ്യത്തിന്റെ സാധാരണ പരിവേഷം പോയ്മറയും. ഒട്ടുമിക്കപേരും എതിര്‍ക്കാതെ, കൈയിലുള്ളത് കൊടുത്ത് തടി രക്ഷിക്കാനാണ് ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ നോക്കുക, ബലാത്സംഗത്തിലും ഇത് തന്നെയാണ് പാലിക്കേണ്ടതെന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്, എതിര്‍ക്കുന്നത് കൊലപാതകത്തിലേക്ക് നയിക്കാമെന്നും നമുക്കറിയാം.

എന്റെ അന്‍പത്തഞ്ചാം വയസ്സില്‍ സ്വന്തം മുറിയില്‍ ബാലാല്ക്കാരത്തിനിരയായപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല. അതൊരു മണ്ടത്തരമായിരിക്കുമെന്ന് എതിര്‍ത്ത രണ്ടു പേരെ നിഷ്‌കരുണം ഉപദ്രവിച്ച അയാളെ തിരിച്ചറിഞ്ഞ നിമിഷം തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. അതിലുപരി അയാളുടെ കൈയില്‍ ഒരു കത്തിയുണ്ടായിരുന്നു. ഈ കാരണം ഒരേ സമയം സാധാരണ ബുദ്ധിക്കു നിരക്കുന്നതായും അല്ലാത്തതായും നിങ്ങള്‍ക്ക് തോന്നാം, പക്ഷെ ആ സന്ദര്‍ഭത്തില്‍ വേറെന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അയാളുടെ കൈയില്‍ കത്തിയില്ലായിരുന്നുവെങ്കിലും അയാളുടെ വീരകൃത്യങ്ങള്‍ മുമ്പ്  കേട്ടിട്ടില്ലായിരുന്നുവെങ്കിലും ഞാന്‍ എതിര്‍ക്കുമായിരുന്നില്ല. കാരണം എന്റെ ജീവിതത്തില്‍ ഒരിക്കലുമിതുപോലൊരു സന്ദര്‍ഭത്തോട് ശാരീരികമായി പ്രതികരിക്കേണ്ടി വന്നിട്ടില്ല. പ്രത്യേകിച്ചും ഒരു പുരുഷനെ നേരിടാനുള്ള ചങ്കൂറ്റം എനിക്കില്ലായിരുന്നു. എങ്കിലും ഞാന്‍ സംസാരിച്ച് അയാളുടെ മനസ്സ് മാറ്റാന്‍ ശ്രമിച്ചു. പക്ഷെ അയാളെന്നോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു. എനിക്ക് വഴങ്ങേണ്ടിവന്നു.

ഈ സംഭവം എന്നെ ക്ഷുഭിതയാക്കിയില്ല. ദേഷ്യം എന്ന വികാരം തന്നെ ഞാന്‍ ആ സമയം മറന്നുപോയിരുന്നു. പക്ഷെ എന്റെ ശരീരം വിറക്കുകയായിരുന്നു, ഹൃദയമിടിപ്പ് തേനീച്ചക്കൂട്ടത്തിന്റെ മൂളലുപോലെയെനിക്ക് തോന്നി. സാധാരണ ഇതുപോലുള്ള അപകടങ്ങളെ നേരിടുന്ന സ്ത്രീകള്‍ക്ക് ഒരു ഒരു യോദ്ധാവിന്റെ ശക്തി കൈവരും. ചില സ്ത്രീകള്‍ പ്രതികരിക്കുന്നത്  ഇതുകൊണ്ടാണ്. പക്ഷേ എന്നില്‍ ആ ശക്തി ഉണര്‍ന്നില്ല, ഞാന്‍ അയാളുടെ ഇംഗിതത്തിനു വഴങ്ങി.

ബലാത്ക്കാരത്തിന് ഇരയാകുന്ന ഒരു സ്ത്രീയും നിശബ്ദയല്ല. തനിച്ചാകുന്ന ഓരോ സന്ദര്‍ഭങ്ങളിലും എല്ലാ സ്ത്രീകളും തനിക്കുമേല്‍, ശാരീരിക സുഖത്തിനുവേണ്ടി ചാടിവീഴുന്ന ഒരു പുരുഷനെ പേടിക്കുന്നുണ്ട്. സ്ത്രീ ഒരിടത്തും സുരക്ഷിതയല്ല. അവര്‍ ഭയക്കുന്നത് സംഭവിച്ചാല്‍, തനിക്കിഷ്ട്ടപ്പെട്ട പുരുഷനില്‍ നിന്ന് മാത്രം കാണാനാഗ്രഹിക്കൂന്ന ചേഷ്ടകള്‍ അയാള്‍ അനുകരിക്കുമ്പോള്‍ സ്ത്രീയുടെയുള്ളില്‍ നിന്നും ഒരു നിലവിളിയുയരും. നിശ്ശബ്ദമായൊരു സങ്കട ഹര്‍ജി.

ചില സ്ത്രീകള്‍ മറ്റു ചില കാരണങ്ങള്‍കൊണ്ട് നിശബ്ദരാകും. മറ്റുള്ളവര്‍ അറിഞ്ഞാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍, അവരില്‍ നിന്നും കേള്‍ക്കാനിടവരുന്ന  കുറ്റപ്പെടുത്തലുകള്‍, അതിനുശേഷം എങ്ങനെ ലോകത്തെ അഭിമുഖീകരിക്കുമെന്നുള്ള പേടി, ഇവയെല്ലാം ഒരു സ്ത്രീയെ നിശ്ശബ്ദ്ധയാക്കാനുള്ള  മതിയായ കാരണങ്ങളാണ്. ചില സ്ത്രീകള്‍ തങ്ങളെത്തന്നെ കുറ്റപ്പെടുത്തും, തന്റെ വസ്ത്രധാരണ രീതിയോ പെരുമാറ്റമോ വിളിച്ചു വരുത്തിയതാണ് ഈ ദുരവസ്ഥയെന്നു ചിന്തിക്കും. പല സ്ത്രീകളും മാനഹാനി ഭയന്ന് അവരനുഭവിക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ പുറത്തു പറയാറില്ല. പക്ഷെ ഞാന്‍ ഈ മുറിവ് എന്നില്‍ തന്നെ കുഴിച്ചു മൂടാന്‍ തയയാറല്ലായിരുന്നു. ബാലാല്‍ക്കാരത്തിനിരയായവളെന്ന പേരും പേറി നടക്കണമെന്നത് എന്നെ ഭയപ്പെടുത്തിയെങ്കിലും ആ സംഭവം എന്നിലുണ്ടാക്കിയ നടുക്കം എന്നെ ചിന്തിക്കാനാണ് പ്രേരിപ്പിച്ചത്. ഞാനെന്തിനു പാപഭാരം പേറി നടക്കണം? അയാളാണ് കുറ്റവാളി , അയാളാണ് കുമ്പസാരിക്കേണ്ടത്. ഞാന്‍ പോലീസില്‍ പരാതി കൊടുത്തു. കുറ്റവാളി പിടിയിലായി.

വിചാരണക്ക് മുമ്പ് എന്നോട് സൈക്കോളജിസ്റ്റിന്റെയടുക്കല്‍ ഹാജരാവാന്‍ ജഡ്ജ് ആവശ്യപ്പെട്ടു. കുറ്റവാളിക്കു ലഭിക്കുന്ന ശിക്ഷ, അയാളുടെ പ്രവര്‍ത്തി എന്നില്‍ എത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നതനുസരിച്ചായിരിക്കുമെന്ന് എന്നോട് സൈക്കോളജിസ്റ്റ് സൂചിപ്പിച്ചു. ഞാന്‍ പറഞ്ഞു ‘ആ സംഭവത്തിനു ശേഷം ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്നത് പോലും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല, ദു:സ്വപ്‌നങ്ങള്‍കണ്ട് ഞെട്ടിയുണരുന്നു, മുറിയില്‍ എപ്പോഴും ആരോ ഉള്ളതുപോലെ തോന്നുന്നു’.

നമ്മുടെ സമൂഹം പണ്ടു മുതല്‍ക്കേയുള്ള രീതി ഇപ്പോഴും തുടരുകയാണ്. സ്ത്രീയെ കുറ്റം പറയുക. നീയാണ് കുറ്റക്കാരി, നിന്റെ വസ്ത്രധാരണ രീതിയാണ്, നിന്റെ ശ്രദ്ധക്കുറവാണ്, നിന്റെ ശരീര ഘടനയാണ്, നിന്റെ… നിന്റെ… അങ്ങനെ എല്ലാം നിന്റെ കുറ്റമാണ്. ഞങ്ങള്‍ ആട്ടക്കാരികള്‍, ഞങ്ങള്‍ പുരുഷന്മാരുടെ തപസ്സിളക്കുന്നവര്‍. ഈ ഒരു ചിന്താഗതിയാണ് പുരുഷന്മാരെ കൂടുതല്‍ തെറ്റ് ചെയ്യാനും ചെയ്തത് ന്യായീകരിക്കാനും പ്രേരിപ്പിക്കുന്നത്. സ്പര്‍ദ്ധ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് ഇതുപോലുള്ള ചിന്താഗതി കൊണ്ടാണ്. പുരുഷനെ ന്യായീകരിക്കുകയും സ്ത്രീയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതു വഴി സമൂഹവും ഈ പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുകയാണ്‌ ചെയ്യുന്നത്.

ബെവര്‍ലി ഡോണോഫ്രിയോ
(സ്ളേറ്റ്)

(അഴിമുഖത്തില്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പുതിയ വായനക്കാര്‍ക്ക് വേണ്ടി പുനഃപ്രസിദ്ധീകരിക്കുകയാണ് ‘അഴിമുഖം ക്ലാസ്സിക്കി’ല്‍)

Share on

മറ്റുവാര്‍ത്തകള്‍