എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ഉണ്ണി മാക്‌സ് 1997 ഏപ്രില്‍ ആറിന് റോഡപകടത്തിന് ഇരയായി. നട്ടെല്ലിന് ക്ഷതം സംഭവിച്ച ഉണ്ണി നാല് വര്‍ഷത്തോളം വീടിനുള്ളില്‍ കഴിഞ്ഞു. വിധിയെ പഴിച്ച് ഭാവി കളയാന്‍ ഉണ്ണി തയാറായില്ല. പാതിവഴിയിലായിരുന്ന കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി മികച്ച ഗ്രാഫിക് ഡിസൈനറായി പേരെടുത്തു. ശാരീരിക വൈകല്യം അനുഭവിക്കുന്നവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന യത്‌നത്തിലാണ് ഇപ്പോള്‍. ഉണ്ണിയുടെ തണല്‍ ഏറെപേരുടെ കുടുംബവും കൂട്ടായ്മയുമാണ്. ഭാര്യ ശ്രീപാര്‍വതിയോടൊപ്പമുള്ള ഈ ‘ധിക്കാരി’യുടെ യാത്രകളേറെയും പ്രത്യേകം സജ്ജീകരിച്ച കാറിലാണ്. അങ്ങനെയുള്ള യാത്രയില്‍ ഒന്ന് ജോബിയെ കാണാന്‍ വേണ്ടിയായിരുന്നു.
യാത്രകള്‍ ഞങ്ങളൊരുമിച്ചേ പോകാറുള്ളൂ. അങ്ങോട്ടുമിങ്ങോട്ടും പരസ്പരപൂരകങ്ങളായി നില്‍ക്കുമ്പോള്‍ അത് അങ്ങനെയേ ആകാന്‍ പാടുള്ളുവല്ലോ. മൂവാറ്റുപുഴ റോഡിലൂടെ പെരുമ്പാവൂര്‍ വഴി ആലുവയിലെത്തി. മണപ്പുറത്തൂടെ അരികിലുള്ള ശാന്തി ലെയിന്‍ കോളനിയിലെ തൂവെള്ള പെയിന്‍റ് അടിച്ച വീട്ടില്‍ ഞങ്ങളെ കാത്ത് ചിലരുണ്ട്. അത് പതുക്കെ പറയാം.
കൂത്താട്ടുകുളത്ത് നിന്നും മൂവാറ്റുപുഴയിലൂടെയുള്ള റോഡിലൂടെ കാറോടിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒപ്പമുള്ള ആളോട് പറഞ്ഞ് ചിരിച്ചു. ആറൂര്‍ എന്ന സ്ഥലം അവള്‍ക്ക് പരിചിതമാണ്, അവിടെ വച്ചാണ്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഒരു ബസ്സുമായി കൂട്ടിയിടിക്കുന്നത്. ആറൂരിനോട് അവള്‍ക്ക് പരിഭവമില്ല, എനിക്കും. ആ അപകടമാണല്ലോ ഞങ്ങളെ ഒന്നാക്കിയത്. പക്ഷേ ഇപ്പോള്‍ ആ റോഡിന്, അപകട സാദ്ധ്യത ഏറെയാണ്. അധികം വര്‍ഷമായില്ല ആ റോഡ് പണി കഴിഞ്ഞിട്ട്. ആറേഴു വര്‍ഷത്തിനുള്ളില്‍ കൂത്താട്ടുകുളം മുതല്‍ ആറൂര്‍ വരെയുള്ള റോഡ് ഏതാണ്ട് വെട്ടുവഴി പോലെയായിരിക്കുന്നു. ആടിയുലഞ്ഞ് മൂവാറ്റുപുഴയെത്തുമ്പോഴേക്കും കൂടുതല്‍ സമയമെടുക്കും. പ്രത്യേക സമയ പരിധി ഇല്ലാതിരുന്നതു കൊണ്ട് ഉദ്ദേശിച്ച സ്ഥലത്ത് എത്താന്‍ കുറച്ചു താമസിച്ചു. അവിടെ ഞങ്ങളെ കാത്തിരുന്നത് ഒരു താരമായിരുന്നു. ഇന്ത്യയുടെ ഒരു തിളക്കമുള്ള താരം.
ജോബി മാത്യൂ എന്ന പേര്, ഏറെ നാളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ടെലിവിഷനില്‍ പലപ്പോഴും മസില്‍ പെരുപ്പിച്ച് ജോബി നില്‍ക്കുന്നതു കാണുമ്പോള്‍ കൌതുകം തോന്നിയിട്ടുണ്ട്. കാലിനു പൊക്കമില്ലാത്തതു കൊണ്ട് കൈകുത്തിയാണ്, ജോബി നടക്കുന്നത്. പക്ഷേ ആള്‍ നിസ്സാരക്കാരനല്ല. പഞ്ചഗുസ്തിയില്‍ തുടങ്ങി ഇപ്പോള്‍ നീന്തലില്‍ വരെ ആള്‍ ഉസ്താദാണ്. നിരവധി ദേശീയ – അന്തര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് സ്വര്‍ണം നേടിയ ജോബിയുടെ ഈ മാസവും ആഹ്ലാദത്തിന്‍റേതായിരുന്നു. കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര ഡ്വാര്‍ഫ് ഒളിമ്പിക്സില്‍ അഞ്ചു സ്വര്‍ണമാണ്, ജോബി നേടിയത്. യാത്ര ജോബിയെ കാണാന്‍ വേണ്ടി തന്നെയായിരുന്നു. കൂട്ടിനു പോയതാണ്, പ്രിയപ്പെട്ടവളേയും കൊണ്ട്, ജോലിയുടെ ഭാഗമായി ജോബിയെ കാണാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ ഏറെ കാലമായി കേട്ടും കണ്ടു കൊണ്ടുമിരിക്കുന്ന ഒരു വ്യത്യസ്തനായ വ്യക്തിയെ പരിചയപ്പെടാമല്ലോ എന്ന ആഗ്രഹത്തിലാണ്, ഒപ്പം പോയത്. വിവിധ മത്സരങ്ങളിലായി നിരവധി സമ്മാനങ്ങള്‍ നേടിയതിന്‍റെ അഹങ്കാരം തെല്ലുമില്ല ആ മുഖത്ത്. പറയാതെ ഞാന്‍ ചെന്ന്നത് അതിശയമായെന്നു തോന്നി. നടക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് ഞാന്‍ കാറില്‍ തന്നെയാണിരുന്നത്. അതുകൊണ്ടാകാം ജോബി കൂടുതല്‍ സമയവും എന്‍റെ അരികിലിരുന്നു. മത്സരങ്ങളുടെ കഥകള്‍ പറഞ്ഞു, ഡിസൈന്‍ ചെയ്ത എന്‍റെ കാറിനെ കുറിച്ച് സംസാരിച്ചു. തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായ കുഞ്ചുവിനെ പരിചയപ്പെടുത്തി. ഒരുമണിക്കൂര്‍ എന്ന് പ്ളാന്‍ ചെയ്തു പോയ യാത്ര മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും തീര്‍ന്നില്ല.
വിശേഷങ്ങള്‍ പറഞ്ഞു തീരുന്നില്ല എന്നതയിരുന്നു സത്യം. സ്പോര്‍ട്സ് പ്രേമിയായ ഒരു മനുഷ്യനെന്നതിലപ്പുറം മനുഷ്യസ്നേഹി കൂടിയായ ജോബിയുടെ സ്നേഹം അവിടെ ചെല്ലുന്ന ആര്‍ക്കും കാണാം, മനസ്സിലാക്കാം. വളരെയധികം സിമ്പിളായ ഒരു മനുഷ്യന്‍. ലോകം തന്നെ കൌതുകത്തോടെ കാണുന്ന ഒരു വ്യക്തി. ആകെയുള്ള പരിഭവം കേരള സര്‍ക്കാര്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പെടുന്നവരോട് കാണിക്കുന്ന അനാദരവാണ്. ഒരിക്കല്‍ സ്വര്‍ണം നേടി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍, വളരെ പരിഹാസചിരിയോടെയാണ് അദ്ദേഹം അതിനെ സമീപിച്ചത് – ജോബി പറഞ്ഞു. അംഗീകാരം കൊടുത്തില്ലെങ്കിലും അവമതിക്കാനുള്ള കാരണങ്ങള്‍ അല്ലെങ്കിലും സര്‍ക്കാര്‍ കണ്ടുപിടിക്കുമല്ലോ.
ഇത്തവണ നേടിയ അഞ്ചു സ്വര്‍ണത്തിന്‍റെ പേരില്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രി ജോബിയെ വിളിക്കുകയുണ്ടായില്ല. അര്‍ഹിക്കുന്ന അംഗീകാരം സംസ്ഥാനതലത്തില്‍ ഇതുവരെ ജോബിയ്ക്ക് ലഭിച്ചിട്ടുമില്ല. കഷ്ടം തോന്നുന്നു, ഇത്ര കഴിവുറ്റ ജോബിയെ പോലെ ഒരാളെ അംഗീകരിക്കാതെ ആണല്ലോ നമ്മുടെ സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ വൈകല്യമുള്ളവരെയൊക്കെ പൊരിവെയിലത്തു നിര്‍ത്തി പതിനായിരങ്ങളൊക്കെ വാരിയെറിയുന്നത്. ഇത്തരം പരിപാടികളുടെ പ്രകടനത്തിന്‍റെ വിശ്വാസ്യത ജോബിയെ പോലെയുള്ളവരുടെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നു.
കഥ ഒരു ജോബിയിലൊതുങ്ങുന്നതല്ല. ലോകം മുഴുവന്‍ പ്രശസ്തനായ ജോബിയുടെ അവസ്ഥ ഇതാണെങ്കില്‍ വൈകല്യമുള്ള മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും? ഈയടുത്ത് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയ സുഹൃത്ത്, പറഞ്ഞു, താഴെ കാറില്‍ നിന്ന് മുകളിലെ നിലയിലെ ഓഫീസു വരെയെത്താന്‍ കൂടെയുള്ളയാള്‍ താങ്ങിപ്പിടിച്ച് കൊണ്ടു പോയ കഥ. അല്ലെങ്കിലും നമ്മുടെ നാട്ടില്‍ എവിടെയാണ്, വൈകല്യമുള്ളവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്? എങ്ങുമില്ല. ഒരു സിനിമാ തീയേറ്ററിലോ, ബാങ്കിലോ, എന്തിനു സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും ഒരു റാമ്പില്ല. പക്ഷേ വൈകല്യമുള്ളവര്‍ക്കും ഏതൊരു ഓഫീസിലും സഞ്ചാരം എളുപ്പമാക്കുന്ന റാമ്പ് പണിയണമെന്ന് നിയമം വന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്, പക്ഷേ പുതിയതായി പണിയുന്ന കെട്ടിടങ്ങള്‍ പോലും അത് ശ്രദ്ധിക്കാറില്ല. അതിനൊക്കെ വിദേശികളെ തന്നെ കണ്ടു പഠിക്കണം. അവിടെ റോഡിലും ഷോപ്പുകളിലും എല്ലായിടത്തും വീല്‍ ചെയര്‍ ആക്സസബിലിറ്റി ഉണ്ട്. അപേക്ഷകള്‍ക്കും പ്രശ്നങ്ങള്‍ക്കുമൊന്നും എവിടെയും പരിഹാരമില്ല, അതില്‍ പരിതപിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാകുന്നുണ്ട്. എങ്കിലും ഒരു കാര്യം പറയട്ടെ, ഈ പ്രശ്നങ്ങളൊന്നും ഞങ്ങളുടെ ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തില്ല.
വളരെയടുത്ത സുഹൃത്തുക്കളായിട്ടാണ്, ജോബിയുടെ വീട്ടില്‍ നിന്ന് പിരിഞ്ഞത്. വീണ്ടും വിളിക്കാമെന്ന വാഗ്ദാനം. എന്താവശ്യമുണ്ടെങ്കിലും വിളിക്കുക എന്നു പറഞ്ഞ് മൊബൈല്‍ നമ്പര്‍ കുറിച്ചു തന്നു. തിരികെ വീട്ടിലെത്തി ജോബിയുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിലേയ്ക്ക് ഒരു ഫ്രണ്ട്ഷിപ് റിക്വസ്റ്റ് അയക്കുകയാണ് ആദ്യം ചെയ്തത്. മാറുന്ന ലോകത്തിന്‍റെ തുടിപ്പാണല്ലോ അത്. ഞങ്ങളെ പോലെ തന്നെ പാര്‍വ്വതിയും ജോബിയുടെ ഭാര്യ മേഘയും അടുത്ത സുഹൃത്തുക്കളായി. നേരത്തെ പരിചയമുള്ളവരെ പോലെ തമ്മില്‍ അപരിചിതത്വമില്ലാതെ ഞങ്ങള്‍ കണ്ടു, ഒരുപാട് സംസാരിച്ചു, കൈകൊടുത്ത് വീണ്ടും കാണാമെന്ന ഉറപ്പില്‍ പിരിഞ്ഞു. ജോബിയുടെ ജന്‍മനാടായ പാലായ്ക്കടുത്താണ്, ഞങ്ങളുടെ വീടെന്നതു കൊണ്ട് ഇനി നാട്ടില്‍
വരുമ്പോള്‍ വീട്ടിലേയ്ക്ക് ഒരു സന്ദര്‍ശനം ഉറപ്പിക്കാം എന്നും വാഗ്ദാനം നല്‍കി. വൈകല്യത്തിന്‍റെ പേരു പറഞ്ഞ് വിഷമിച്ച് വീട്ടിലിരിക്കുന്നവര്‍ക്കുള്ള മറുപടിയാണ്, ജോബി. സമൂഹത്തിലിറങ്ങി കുറച്ചു പരിപാടികള്‍ക്കൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും ജോബിയുടെ ഈ ആവേശം എന്നെ കൂടുതല്‍ ഉത്സാഹിയാക്കുന്നു.
കൈകൊണ്ട് ഓടിക്കാവുന്ന കാറില്‍ കേരളത്തിന്‍റെ എല്ലാ ഭാഗത്തും യാത്ര ചെയ്തിട്ടുണ്ട്, കഴിഞ്ഞ മാസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഫ്ലൈറ്റില്‍ ചെന്നൈ വരെ പോയി. കാഴ്ച്ചകള്‍ കണ്ടു, ക്ഷേത്രങ്ങളില്‍ തൊഴുതു. ഭരണാധിപന്‍മാരുടെ അവഗണനയില്‍ എന്നെ പോലുള്ളവരുടെ മനസ്സ് തകര്‍ന്നു പോകില്ല. അത് ഞങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കുകയേ ഉള്ളൂ.