രാഷ്ട്രീയ ധാര്‍മ്മികത എന്ന വളരെ വിപുലമായ ജനാധിപത്യസങ്കല്‍പ്പത്തിന് ധാര്‍മ്മികത ഓരോരുത്തര്‍ക്കും ഓരോന്നാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു
ആരാണ് ഉമ്മന്‍ചാണ്ടി?
കേരള രാഷ്ട്രീയത്തിലെ രണ്ടു നേതാക്കള്‍ ഏകദേശം അഞ്ചു കൊല്ലം മുമ്പ്, വ്യത്യസ്ത സാഹചര്യങ്ങളില്‍ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ അന്വേഷണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് നേതാവ് കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു: ”ഈ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കും.”
തിരഞ്ഞെടുപ്പ് കഴിഞ്ഞ്, ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന് ഏറെനാള്‍ കഴിയും മുമ്പ്, മാര്‍ക്‌സിസ്റ്റ് നേതാവ് പിണറായി വിജയന്‍ ഒരു പൊതുയോഗത്തില്‍ ഇങ്ങനെ പറഞ്ഞു: ”കേരള രാഷ്ട്രീയത്തിലെ വക്രബുദ്ധിയാണ് ഉമ്മന്‍ചാണ്ടി.”
തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാത്തതുകൊണ്ടും പിന്നെ പുരുഷ നേതാവ് വിമ്മിക്കരഞ്ഞതുകൊണ്ടുമാകാം രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത് ജനം തള്ളിക്കളഞ്ഞു. പൊതുയോഗത്തില്‍ വച്ച് ആരേയും ഏതു പുലഭ്യവും പറയുന്ന കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടോ അതോ ഉമ്മന്‍ചാണ്ടിയേക്കാള്‍ വക്രബുദ്ധിയായതുകൊണ്ടോ എന്തോ പിണറായിയുടെ വാക്കുകളും ജനം തള്ളിക്കളഞ്ഞു.
പക്ഷെ, ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു. ഇരുവരും ക്രാന്തദര്‍ശികളാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കഥ കഴിച്ചു. സുധീരന്‍ കാട്ടുന്നത് വെറും ചുടല നൃത്തം മാത്രം. ശരിയേത് തെറ്റേത് എന്ന് സ്വബോധമുള്ളവര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയാത്തവണ്ണം ഉമ്മന്‍ചാണ്ടിയുടെ വക്രബുദ്ധി കേരള രാഷ്ട്രീയരംഗത്തെ മലീമസമാക്കി.
പാമൊലിന്‍ കേസില്‍ വിജിലന്‍സിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള അന്വേഷണം വേണ്ട രീതിയില്‍ നടത്തിയില്ല എന്ന് കാണിച്ച് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഹനീഫ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വക്രബുദ്ധിയുടെ ചിത്രം തെളിഞ്ഞത്. അന്ന് ഉമ്മന്‍ചാണ്ടി രംഗത്തുവന്നില്ല. (പക്ഷെ, ഹനീഫയുടെ കഥകഴിയ്ക്കാന്‍ ദാസ്യമനോഭാവമുള്ള പി.സി.ജോര്‍ജിനെ ചുമതലപ്പെടുത്തി. ജോര്‍ജ് അത് ഭംഗിയായി നിര്‍വ്വഹിച്ചു). മാത്രമല്ല, തുടര്‍ അന്വേഷണം നടക്കുമ്പോള്‍ താന്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല എന്ന് കാണിച്ച് ആ വകുപ്പ് മറ്റൊരു ദാസ്യമനോഭാവക്കാരനായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചു. പി.സി.ജോര്‍ജ്ജിനെപ്പോലെ തന്നെ തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നു. പുതിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അന്വേഷിച്ചു; പക്ഷെ, അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ യാതൊരു തെളിവുമില്ല എന്ന് വ്യക്തമായി.
പിന്നീടാണ് ടി.പി. വധം. കൊന്നവരെയും കൊല്ലിച്ചവരെയും പോലീസിനു മനസ്സിലായി. രണ്ടുഭാഗക്കാരെകുറിച്ചും എല്ലാ തെളിവുകളും ശേഖരിച്ചു. പക്ഷെ, കേസ് കൊന്നവരെക്കുറിച്ചു മാത്രമായി. കൊല്ലിച്ചവരെക്കുറിച്ചുള്ള വിവരം അവര്‍ക്കെതിരെ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി പരണത്തുവയ്പ്പിച്ചു.
തുടര്‍ന്നാണ് ആരോ ഒരാള്‍ വന്ന് ഒരു മന്ത്രിയുടെ ഓഫീസില്‍ കയറി മന്ത്രിയെ അടിച്ച് അവശനാക്കി എന്ന പത്രവാര്‍ത്ത മംഗളത്തില്‍ വരുന്നത്. ഏതു മന്ത്രിയ്ക്കാണ് അടികൊണ്ടത്? അടിച്ചവന്‍ ആരാണ്? എന്തുകൊണ്ട് മന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിയുള്ള പോലീസുകാര്‍ അയാളെ ഓടിച്ചിട്ടു പിടിച്ചില്ല? അടിയ്ക്കാന്‍ കാരണമെന്ത്? ഇങ്ങനെ നൂറുനൂറുചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് പി.സി.ജോര്‍ജ്ജ് പത്രസമ്മേളനം നടത്തി മന്ത്രിയുടെ പേര് വെളിപ്പെടുത്തിയത്. ഗണേഷ്‌കുമാര്‍.
ഗണേഷ്‌കുമാറിനെയും അച്ഛനേയും തെറ്റിപ്പിയ്ക്കുന്നതില്‍ ഇതിനകം തന്നെ ഉമ്മന്‍ചാണ്ടി വിജയിച്ചിരുന്നു. യു.ഡി.എഫ്. ഉണ്ടാക്കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവ് എന്ന അച്ഛന്‍ പിള്ളയുടെ അവകാശവാദവും ഭരണത്തിലുള്ള ഇടപെടലുകളും നിര്‍ത്തലാക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ട എളുപ്പവഴിയായിരുന്നു രാഷ്ട്രീയത്തിലും ജീവിതത്തിലും അല്‍പബുദ്ധിയായ ഗണേഷനെ കൈക്കലാക്കുക എന്നത്. ”എന്റെ അച്ഛനേക്കാള്‍ ഞാന്‍ ബഹുമാനിക്കുന്ന മനുഷ്യന്‍” എന്നുവരെ ഗണേഷിനെ കൊണ്ട് പറയിപ്പിക്കത്തക്കവിധത്തില്‍ ഗണേഷിനെ ഉമ്മന്‍ചാണ്ടി കൈക്കലാക്കി കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ജോര്‍ജ്ജിനെ കൊണ്ട് അടികൊണ്ട മന്ത്രിയുടെ പേര് മാധ്യമങ്ങളോട് പറയിച്ചതും ഗണേഷ്‌കുമാര്‍ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച രാഷ്ട്രീയ ചിത്രം പൊട്ടിപ്പൊളിഞ്ഞതും ഗണേഷ്‌കുമാര്‍ ഏഷ്യാനെറ്റിലെ ‘നമ്മള്‍ തമ്മില്‍’ പരിപാടിയുടെ അവതാരകനായിത്തീര്‍ന്നതും.
ഇതിനോട് സമാന്തരമായി രണ്ടു ഗംഭീരന്‍ തട്ടിപ്പുകള്‍ക്കു കൂടി ഉമ്മന്‍ചാണ്ടി കളമൊരുക്കുകയായിരുന്നു. ആദ്യത്തേത് ജനസമ്പര്‍ക്ക പരിപാടി. രണ്ടാമത്തേത് എമര്‍ജിംഗ് കേരള.
ഒരു ഭരണ സംവിധാനം നിലനില്‍ക്കെ ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണി, നാടുനീളേ നടന്ന് ചെയ്ത് സ്വന്തം ക്രെഡിറ്റിലാക്കുക എന്നതായിരുന്നു ജനസമ്പര്‍ക്ക പരിപാടി. അഴിമതി ചെയ്യാന്‍ ഏറ്റവും നല്ല മറ ജനക്കൂട്ടമാണെന്ന ആധുനികോത്തര രാഷ്ട്രീയ സിദ്ധാന്തം ഭംഗിയായി അവതരിപ്പിച്ച ആളാണ് ഉമ്മന്‍ചാണ്ടി. കാരണം, ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങളുമായി സംസാരിച്ചതില്‍ നിന്ന് തനിയ്ക്ക് മനസ്സിലായത് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം തണ്ണീര്‍ത്തടം നികത്തലിനെതിരെയുള്ള നിയമം മാറ്റണമെന്നതാണ് എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചെറിയ തുണ്ടു ഭൂമികളുള്ള സാധാരണക്കാരന്റെ ആവലാതി എന്ന മട്ടില്‍ അവതരിപ്പിച്ച ഈ വാദം, വാസ്തവത്തില്‍, ആറന്‍മുളയുള്‍പ്പെടെയുള്ള പല നെല്‍വയല്‍ പ്രദേശങ്ങളും നികത്താന്‍ വേണ്ടി ഭൂമാഫിയയ്ക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുക എന്നതായിരുന്നു. ഇതിനുള്ള മുന്നൊരുക്കമായിരുന്നു ജനസമ്പര്‍ക്കം. നിയമം മാറ്റുന്നതിനുള്ള എതിര്‍പ്പുകള്‍ ശക്തമായതോടെ ജനസമ്പര്‍ക്ക പരിപാടി വേണ്ട എന്നു വച്ചു. (തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും തുടര്‍ന്നാല്‍ അത്ഭുതപ്പെടേണ്ട)
നിലവും തണ്ണീര്‍ത്തടങ്ങളും നികത്തിയ സ്ഥലങ്ങളില്‍ പടുത്തുയര്‍ത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു എമര്‍ജിംഗ് കേരള. കേരളം കഷണം കഷണമായി മുറിച്ച് ചില്ലറ വിലയ്ക്കും മൊത്തവിലയ്ക്കും വില്‍ക്കാനുള്ള മഹത്തായ സംരംഭമായിരുന്നു അത്. ഇന്ന് ഏറെ കൊട്ടിഘോഷിക്കുന്ന കൊച്ചി മെട്രോ പോലും എമര്‍ജിംഗ് കേരളയില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നു എന്നും, അങ്ങനെ വില്‍പ്പനയ്ക്ക് വച്ചതിനു മുമ്പ് തന്നെ കൊച്ചി മെട്രോ ഡി.എം.ആര്‍.സി. യ്ക്ക് ഏല്‍പ്പിയ്ക്കാതിരിക്കാന്‍ ടോം ജോസ് എന്ന ഐ.എ.എസുകാരനെ വച്ച് ഇ.ശ്രീധരനെതിരെ യുദ്ധം നടത്തിയിരുന്നും എന്നും കൂട്ടിവായിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ വക്രബുദ്ധിയ്ക്ക് എത്ര വളവുകള്‍ ഉണ്ടെന്ന് മനസ്സിലാകുന്നത്. (പക്ഷെ, ഇതിനേക്കാള്‍ വക്രബുദ്ധികളെ കൈകാര്യം ചെയ്ത പരിചയം കൊണ്ടാകാം ശ്രീധരന്‍ ഉമ്മന്‍ചാണ്ടിയുടെ ഓരോ എതിര്‍നീക്കത്തേയും മുളയില്‍ തന്നെ നുള്ളിക്കളഞ്ഞതും എന്നാല്‍, ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കാതെ തന്നെ കൊച്ചിന്‍ മെട്രോ പദ്ധതിയുമായി മുന്നോട്ടു പോയതും. വിഴിഞ്ഞം പദ്ധതിയുടെ പിന്നില്‍ കേള്‍ക്കുന്ന 600 കോടി രൂപയുടെ അഴിമതിയ്ക്കു സമാനമായ പദ്ധതി കൊച്ചിന്‍ മെട്രോയുടെ കാര്യത്തിലും ഉണ്ടായിരുന്നു എന്നും ആ നീക്കങ്ങളൊക്കെ ശ്രീധരനില്‍ തട്ടി ഉടഞ്ഞുപോയെന്നും വാര്‍ത്തകള്‍ ഉണ്ട്.)
ഇതൊക്കെ നടക്കുമ്പോള്‍ സമാന്തരമായി മറ്റൊരു കച്ചവടത്തിന് ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കുകയായിരുന്നു. അതാണ്, വാസ്തവത്തില്‍, അറിയപ്പെടാത്ത സോളാര്‍ കേസ്.
2012 സെപ്തംബര്‍ 12-14 തീയതികളിലായിരുന്നു എമര്‍ജിംഗ് കേരള നടന്നത്. എന്നാല്‍, കേരളത്തില്‍ സോളാര്‍ പാനലുകള്‍ കെട്ടിടങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഉള്ള നീക്കം അതിനുവളരെ മുമ്പുതന്നെ തുടങ്ങി. 3000 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് 2012 മാര്‍ച്ച് 23 ന് തന്നെ പറഞ്ഞിട്ടുണ്ട്. (India Emerging, March 23, 2012, www.eai.in) പിന്നീട് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനവും എടുത്തു. ദിവസവും 8- 10 മണിക്കൂര്‍ പവര്‍കട്ടുള്ള തമിഴ്‌നാട്ടില്‍ പോലും ഇല്ലാത്ത നിയമം കേരളത്തില്‍ വരുന്നതിനെക്കുറിച്ച് അന്ന് ആരും സംശയമുണര്‍ത്തിയില്ല. അതാണ് ഉമ്മന്‍ചാണ്ടിയുടെ വക്രബുദ്ധി.
2012 കാലയളവില്‍ തന്നെയാണ് ബിജു രാധാകൃഷ്ണനും ലക്ഷ്മിനായര്‍ എന്ന് അന്ന് അറിയപ്പെട്ടിരുന്ന സരിതാ നായരും ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദിനേയും ഒക്കെ കണ്ടിരുന്നത്. അതിനു മുമ്പുതന്നെ കരുണാകന്റെ ‘പാവം പയ്യന്‍’ എന്ന ആന്റോ ഒരു ലക്ഷം കോടി രൂപയുടെ ഒരു മെഗാ സോളാര്‍ പ്രോജക്ട് ചാണ്ടിയ്ക്ക് സമര്‍പ്പിച്ചിരുന്നു.
സോളാര്‍ ഊര്‍ജ്ജം വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ദശലക്ഷം കോടികളുടെ വന്‍പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ചുള്ള ഒരു പദ്ധതി കേരളത്തില്‍ തുടങ്ങാനായിരുന്നു ആന്റോയുടെ ഉദ്ദേശ്യം. എന്നാല്‍, ഇത് സ്വന്തം പേരിലല്ലാതെ തന്നെ സ്വയം അടിച്ചുമാറ്റാനുള്ള ഉമ്മന്‍ ചാണ്ടിയുടേയും കുടുംബാംഗങ്ങളുടേയും ചില മന്ത്രിമാരുടെയും താല്‍പ്പര്യത്തിന്റെ പരിണിതഫലമാണ് 3000 ചതുരശ്ര അടിയ്ക്കുമുകളിലുള്ള വീടുകള്‍ക്ക് സോളാര്‍ പാനല്‍ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം.
അതു നടപ്പിലാക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി കണ്ടെത്തിയ ഏജന്‍സിയായിരുന്നു ടീം സോളാര്‍. അവരുമായി കച്ചവടം ഉറപ്പിച്ചതിന്റെ ഭാഗമായുള്ള ആദ്യഗഡുവാണ് സരിത പറയുന്ന 1.90 കോടിയും ബിജുരാധാകൃഷ്ണന്‍ പറയുന്ന അഞ്ച് കോടി രൂപയും.
സാധാരണക്കാരനില്‍ നിന്നും പിരിച്ചെടുത്ത പണം ഇങ്ങനെ മന്ത്രിമാര്‍ക്ക് കൊടുക്കാന്‍ ടീം സോളാറിന് ബുദ്ധിമുട്ടിയില്ല തോന്നിയില്ല. കാരണം, പുതിയ നിയമം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സിയേക്കാള്‍ കൂടുതല്‍ കച്ചവടം തങ്ങള്‍ക്ക് കിട്ടുമെന്ന് അവര്‍ ന്യായമായും കരുതി. അനര്‍ട്ടിന്റെ ലിസ്റ്റില്‍ ടീം സോളാറിനെ കൂടി ഉള്‍പ്പെടുത്തുക എന്നതൊക്കെ ഉമ്മന്‍ചാണ്ടിയ്ക്ക് നിസ്സാര കാര്യം. ബിസിനസ് ക്ലച്ചുപിടിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ ടീം സോളാറില്‍ നാല്‍പ്പത് ശതമാനം ഷെയര്‍ എടുക്കും. പോരാത്തതിന് സോളാര്‍ പാനല്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാന്‍ വിദേശകമ്പനിയുമായി ഒരു ടൈഅപ്പ് ചാണ്ടി ഉമ്മന്റെ പേരിലുണ്ടാകും. ഇതില്‍ നിയമവിരുദ്ധമായി യാതൊന്നും ഇല്ല. നിയമാനുസൃതം കിട്ടേണ്ട ബിസിനസ് മാത്രം. പക്ഷെ, ആ ബിസിനസ് വളരാന്‍ പാകത്തില്‍ നിയമനിര്‍മ്മാണം മുമ്പേ തന്നെ നടത്തി എന്നിടത്താണ് അതിവേഗം ബഹുദൂരം ചാണ്ടിയുടെ വക്രബുദ്ധി. സോളാര്‍ കേസ് ഈ വിധം വഷളിരുന്നില്ലെങ്കില്‍ ബിജു രാധാകൃഷ്ണനും സരിതാ നായരും വന്‍ ബിസിനസുകാരായി മാറുകയായിരുന്നു. അവരെക്കുറിച്ച് ഇതേ മാധ്യമങ്ങള്‍ തന്നെ സചിത്രലേഖനങ്ങളും അഭിമുഖങ്ങളും കൊടുക്കുമായിരുന്നു. അങ്ങനെ, നാളെ വന്‍ കച്ചവടക്കാരായി മാറുമ്പോള്‍, അതിനുവേണ്ട രംഗസംവിധാനം നടത്തിയതിനുള്ള ആദ്യ ഗഡു ആയിരുന്നു സരിതയും ബിജുരാധാകൃഷ്ണനും കൊടുത്ത തുക.
ഇതൊക്കെ നടക്കുമ്പോള്‍ തന്റെ പേര് ഒരിടത്തും വരരുത് ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് സരിതയുമായി ജോപ്പന്റെയോ ജിക്കുമോന്റെയോ സലിംരാജിന്റെയോ ഫോണില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിളിച്ചിരുന്നത്. സോളാര്‍ കേസ് വന്നപ്പോള്‍, സരിത ആരെയൊക്കെ വിളിച്ചു എന്നതിന്റെ രേഖകള്‍ ഉമ്മന്‍ചാണ്ടി സ്വന്തം ആളായ ഐ.ജി. ജോസ് വഴി വരുത്തി നശിപ്പിച്ചുകളഞ്ഞു. സലിം രാജിന്റെ ഫോണ്‍ രേഖകള്‍ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ അതിന്‍മേല്‍ സ്റ്റേ വാങ്ങിയത് ഇത്തരം സംഭാഷണങ്ങളും അതിനു പുറമെ സലീംരാജുമായി തന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കുള്ള ബന്ധത്തിന്റെ രേഖകളും പുറത്തറിയാതിരിക്കാനായിരുന്നു.
സോളാര്‍ അഴിമതി പുറത്തുവന്നപ്പോള്‍ എന്തു നാണക്കേട് സഹിച്ചും ഞാന്‍ ഈ സ്ഥാനത്തിരിയ്ക്കുമെന്നും അത് സത്യം പുറത്തുകൊണ്ടുവരാനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മറ്റൊന്നായിരുന്നു. ”എന്തു പറഞ്ഞാലും ഞാന്‍ രാജിവയ്ക്കില്ല. അത് എനിയ്ക്കും എന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനാണ്.”
ആ മായ്ക്കലാണ് ഇന്നും നടക്കുന്നത്. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മാത്രമല്ല, തള്ളിക്കളയാനും സര്‍ക്കാരിന് അവകാശമുണ്ട്. ജനഹൃദയത്തില്‍ താനൊരു കള്ളനാണെന്നാണ് അറിയപ്പെടുന്നതെങ്കിലും നിയമപരമായ കള്ളനാണെന്നു തെളിയിക്കുന്ന തെളിവുകള്‍ ഒന്നും വയ്ക്കാന്‍ പാടില്ല. വയസ്സ് 72 ആയി. ശിഷ്ടകാലം കേസും വിചാരണയും ജയില്‍ ശിക്ഷയും ബാലകൃഷ്ണപിള്ളയുടെ അനുഭവം തനിയ്ക്ക് ഉണ്ടായിക്കൂട. അതുകൊണ്ട് പണ്ട് രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ രാജിവച്ച ചരിത്രവും രാജിവയ്പ്പിച്ച ചരിത്രവും ഉള്ള ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്ക്കുന്നില്ല എന്നു മാത്രമല്ല, ധാര്‍മ്മികതയുടെ പേരില്‍ രാജിവച്ച കെ.ബാബുവിന്റെ രാജി സ്വീകരിയ്ക്കാനും തയ്യാറല്ല. രാഷ്ട്രീയ ധാര്‍മ്മികത എന്ന വളരെ വിപുലമായ ജനാധിപത്യസങ്കല്‍പ്പത്തിന് ഉമ്മന്‍ചാണ്ടി ധാര്‍മ്മികത ഓരോരുത്തര്‍ക്കും ഓരോന്നാണെന്ന് പറഞ്ഞു. അപ്പോഴും ബാബുവിന്റെ ധാര്‍മ്മികതയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് വേണ്ട എന്‌ന ചോദ്യം ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെ ചോദ്യം വന്നാല്‍ ബാബു ചെയ്തതുപോലെ രാജിവച്ച് ധാര്‍മ്മികതയെ തലയ്ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടിവരും. അങ്ങനെ വന്നാല്‍, പക്ഷെ, ബാബുവിന്റെ രാജി താന്‍ പോക്കറ്റില്‍ ഇട്ടോണ്ടു നടക്കുന്നതുപോലെ തന്റെ രാജി ആരും പോക്കറ്റില്‍ ഇട്ടോണ്ടു നടക്കില്ല. (ഉമ്മന്‍ ചാണ്ടിയുടെ രാജിക്കത്തിനുള്ള പേപ്പറും പേനയും സദാ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് പോലും കഞ്ഞിവച്ചുകൊടുക്കുന്ന സുധീരന്റെ നില്‍പ്) അപ്പോള്‍ എന്താണ് വഴി? ധാര്‍മ്മികത മനസ്സാക്ഷിക്കു വഴിമാറി. മനസ്സാക്ഷി എന്നാല്‍ അവനവന്റേത് മാത്രമാണ്. അതില്‍ ആര്‍ക്കും കയറി ഇരിക്കാന്‍ ഇടമില്ല.
ഈ പശ്ചാത്തലത്തില്‍ വേണം ഉമ്മന്‍ചാണ്ടി സദാ ആവര്‍ത്തിക്കുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാന്‍.
ഒന്ന്, സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഖജനാവിന് ഒരു രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ?
ഉത്തരം: ഇല്ല.
രണ്ട്, സോളാര്‍ കക്ഷികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു രൂപയുടെയെങ്കിലും ആനുകൂല്യം കിട്ടിയിട്ടുണ്ടോ?
ഉത്തരം: ഇല്ല.
അപ്പോള്‍ നമ്മള്‍ ചോദിയ്ക്കും; സരിത തന്നു എന്നു പറയുന്ന പണത്തിന്റെ കാര്യമോ?
ഉമ്മന്‍ചാണ്ടി തിരിച്ചു ചോദിക്കും: തെളിവുണ്ടോ?
അതിനുശേഷം ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് ചോദിക്കും: പത്തു ദിവസം മുമ്പ് എന്നെ പിതൃതുല്യനെന്നു വിശേഷിപ്പിച്ച സരിതയാണ് ഇന്ന് എനിയ്‌ക്കെതിരെ ഈ ആരോപണം ഉന്നയിക്കുന്നത്.
പക്ഷെ, അങ്ങനെ വിശേഷിപ്പിച്ചത് താങ്കളും സരിതയുമായുള്ള ലൈംഗികബന്ധത്തിന്റെ സി.ഡി.യെകുറിച്ച് പറഞ്ഞപ്പോഴല്ലേ എന്ന് തിരിച്ചുചോദിച്ചാല്‍, ചോദ്യം കേള്‍ക്കാത്തയാളെ പോലെ ഉമ്മന്‍ചാണ്ടി ചിരിയ്ക്കും. എന്നിട്ട് പുതിയൊരു കാര്യം അവതരിപ്പിയ്ക്കും: ”ഈ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണ്. ബാര്‍മുതലാളിമാരും സരിതയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന.”
അതായത് ബാര്‍ വിഷയത്തില്‍ പോലും ഒരുമിച്ചു നില്‍ക്കാത്ത ബാര്‍ മുതലാളിമാരും ബാറും സോളാറുമായി ബന്ധമില്ലാത്ത സരിതയും അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാധ്യതയുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഗൂഢാലോചന എന്ന്. സംസ്ഥാന പോലീസും ഇന്റലിജന്‍സും കൈയ്യിലുള്ള ഉമ്മന്‍ചാണ്ടിയ്ക്ക്, ഏതു രേഖയും തേച്ചുമാച്ചുകളയാന്‍ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം സദാ ലഭ്യമായ ഉമ്മന്‍ചാണ്ടിയ്ക്ക്, ഇത്തരം ഒരു ഗൂഢാലോചനയെക്കുറിച്ചറിയാം എന്ന്.
ഇത് ആരോപണമാണോ? ഈ ആരോപണത്തിന് തെളിവുണ്ടോ എന്ന് തിരിച്ചുചോദിച്ചാല്‍, ഉമ്മന്‍ചാണ്ടി നമ്മളെ നോക്കി ചിരിക്കും. ‘പറ്റിച്ചേ പറ്റിച്ചേ’ എന്ന മട്ടില്‍.
(2016 ജനുവരി 30നു പ്രസിദ്ധീകരിച്ചത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)