UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലി കുതിക്കുന്നു; ആയിരം കോടി ക്ലബ്ബിലേക്ക്

നൂറ് കോടിയും ഇരുന്നൂറ് കോടിയുമൊന്നും ഒരു കളക്ഷനല്ലെന്ന പതിവിനാണ് ബാഹുബലി തുടക്കമിടുന്നത്

                       

ആയിരം കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡിലേക്ക് അടുക്കുകയാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി 2. റിലീസ് ചെയ്ത് നാല് ദിവസത്തിനകം ലോകവ്യാപകമായി 600 കോടി രൂപ ചിത്രം കളക്ട് ചെയ്തു. നൂറ് കോടിയും ഇരുന്നൂറ് കോടിയുമൊന്നും ഒരു കളക്ഷനല്ലെന്ന പതിവിനാണ് ബാഹുബലി തുടക്കമിടുന്നത്.

ബാഹുബലിയുടെ ആദ്യ ഭാഗം 118.70 കോടി രൂപയായിരുന്നു നേടിയത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പില്‍ നിന്നു തന്നെ നാല് ദിവസംകൊണ്ട് ഈ കളക്ഷന്‍ നേടാനായി. ഹിന്ദിപതിപ്പില്‍ നിന്നു മാത്രം ചിത്രത്തിന് തിങ്കളാഴ്ച 40.25 കോടി രൂപയാണ് ലഭിച്ചത്. ഒരു ദിവസം ചിത്രം നേടിയ ഏറ്റവും വലിയ കളക്ഷനാണ് ഇത്.

അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ചിത്രത്തിന് മൂന്നാം സ്ഥാനത്തെത്താനും സാധിച്ചു. 65 കോടിയാണ് അന്നേ ദിവസം ചിത്രത്തിന്റെ എല്ലാ പതിപ്പും ചേര്‍ന്ന് നേടിയത്. ആദ്യ ദിവസങ്ങളുടെ കളക്ഷനില്‍ അമിര്‍ ഖാന്റെ ദങ്കല്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളുടെ റെക്കോഡും ബാഹുബലി 2 മറികടന്നു. കൂടാതെ ഒറ്റദിവസം കൊണ്ട് 100 കോടിയില്‍ അധികം കളക്ട് ചെയ്‌തെന്ന റെക്കോഡും ഇനി ബാഹുബലി 2നാണ്. എല്ലാ ഭാഷയിലുമുള്ള പതിപ്പുകളില്‍ നിന്നുമായി 121.5 കോടി രൂപയാണ് ഒരു ദിവസം ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും ആദ്യ ദിവസം മുതല്‍ മികച്ച തുടക്കമാണ് ലഭിച്ചത്. പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ ദഗ്ഗുപതി എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കാണ് നീങ്ങുന്നത്.

Share on

മറ്റുവാര്‍ത്തകള്‍