സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് പുതിയ സ്‌പോണ്‍സര്‍മാരെ ബിസിസിഐ ക്ഷണിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് അടിസ്ഥാന വില 538 കോടി വിലയിട്ട് ബിസിസിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനാണ് കളം ഒരുങ്ങുന്നത്. നിലവിലെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ മാര്‍ച്ച് 31-ന് അവസാനിക്കും. മാര്‍ച്ച് ഏഴിനായിരിക്കും ബിസിസിഐ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ക്കായി ടെണ്ടര്‍ വിളിക്കുക.
മറ്റ് രാജ്യങ്ങളുമായുള്ള വിവിധ പരമ്പരകളില്‍ നിന്ന് 523.6 കോടിയും ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്ന് 14.7 കോടി രൂപയുമാണ് ബിസിസിഐ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള ഓരോ മത്സരത്തിനും ബിസിസിഐ ടെന്‍ഡറില്‍ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത് 2.2 കോടി രൂപയാണ്. നിലവില്‍ ഇത് 1.92 കോടി രൂപയാണ്. അഞ്ച് വര്‍ഷം മുമ്പ് 1.52 കോടിയായിരുന്നു. അതാണ് ഇപ്പോള്‍ പുതുക്കിയത്. ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് പുതുക്കിയ അടിസ്ഥാന വില 70 ലക്ഷമാണ്. നിലവില്‍ ഐസിസി മത്സരത്തിന് 61 ലക്ഷം രൂപയായിരുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ ടീം കളിക്കാന്‍ പോകുന്നത് 259-ഓളം മത്സരങ്ങളാണ്. ഇതില്‍ 21 ഐസിസി മത്സരങ്ങളും വിവിധ രാജ്യങ്ങളുമായുള്ള പരമ്പരകളിലായി 238 മത്സരങ്ങളുമുണ്ട്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2017, ലോകകപ്പ് 2019, ലോകകപ്പ് ട്വന്റി-20 2020, ചാമ്പ്യന്‍സ് ട്രോഫി 2021 എന്നിവയാണ് ഐസിസി മത്സരങ്ങള്‍.