രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ. ഹൈദരാബാദിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ടി. രാജ സിംഗാണ് ‘വഞ്ചകരു’ടെ തല വെട്ടുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. സംഘപരിവാറിന്റെ അനേകം ചെറു സംഘടനകളല്ല, ബി.ജെ.പി തന്നെയാണ് ഇപ്പോള്‍ മുഖംമൂടി അഴിച്ചു വച്ച് ഇത്തരത്തിലുള്ള നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ സിംഗിനെതിരെ പോലീസ് കേസെടുത്തെങ്കിലും നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്.
ഈ മാസം അഞ്ചിന് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ചിത്രീകരിച്ച വീഡിയോയിലാണ് രാജ സിംഗ് ഭീഷണി മുഴക്കിയിരിക്കുന്നത്. സ്ഥലത്തെ പ്രാദേശിക സംഘടനയായ മജ്‌ലിസ് ബചാവോ തെഹ്‌രീക്ക് എന്ന സംഘടനയുടെ വക്താവായ അംജദ് ഉല്ല ഖാനിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ മന:പൂര്‍വം ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറി എന്നാണ് കേസ്. ബാബറി മസ്ജിദ്- അയോധ്യ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ രാജ സിംഗിന്റെ ഭീഷണി സുപ്രീം കോടതി നിയമങ്ങളുടെ ലംഘനമാണ് എന്ന് പരാതിയില്‍ പറയുന്നു.
‘ആ ദിവസം അത്ര ദൂരത്തല്ല. രാമക്ഷേത്രം നിര്‍മിക്കുക എന്ന ഹിന്ദുക്കളുടെ ആഗ്രഹം ഉടന്‍ സഫലമാകും’ എന്ന് രാജ സിംഗ് വീഡിയോയില്‍ പറയുന്നു.
‘ഈയിടെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ വാട്‌സാപ്പില്‍ കണ്ടിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ഈ രാജ്യം മുഴുവന്‍ തങ്ങള്‍ കുഴപ്പമുണ്ടാക്കും എന്നായിരുന്നു അത്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങളായി ഞങ്ങളാ ദിവസം കാത്തിരിക്കുകയാണ്. വഞ്ചകരായ നിങ്ങള്‍ തലയുയര്‍ത്തിയാല്‍ നിങ്ങളുടെ തല ഞങ്ങള്‍ വെട്ടും’- എം.എല്‍.എ പറയുന്നു.
പ്രസ്താവന ഏറെ വിവാദമായെങ്കിലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് എം.എല്‍.എയുടെ നിലപാട്. രാമ ക്ഷേത്രം നിര്‍മിക്കാന്‍ താന്‍ സ്വന്തം ജീവിതം നല്‍കുമെന്നും അതിനെ എതിര്‍ക്കുന്നവരുടെ ജീവന്‍ എടുക്കുകയും ചെയ്യുമെന്ന് രാജ സിംഗ് പി.ടി.ഐയോട് പറഞ്ഞു.
‘ഈ രാജ്യത്തെ തകര്‍ക്കാമെന്ന് കരുതുന്നവരെ ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്നുള്ളത് ഞങ്ങളുടെ പ്രതിജ്ഞയാണ്. അത് നടപ്പാക്കു’മെന്നും അദ്ദേഹം പറയുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് എം.എല്‍.എ വീഡിയോയില്‍ പറയുന്നതു കേള്‍ക്കാം. രാമ ക്ഷേത്രം നിര്‍മിക്കുന്നതിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും അവരെ നേരിടാന്‍ തങ്ങള്‍ക്ക് അറിയാമെന്നും രാജ സിംഗ് പറയുന്നു.
ബി.ജെ.പിയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ ആരോപിച്ചു. ‘പാര്‍ലമെന്റിലും അസംബ്ലികളിലുമുള്ള നേതാക്കളാണ് ഇപ്പോള്‍ ഇത്തരം പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. വിദ്വേഷം പരത്തുന്ന ചെറു ഗ്രൂപ്പുകള്‍ മാത്രമല്ല. ഇതവരുടെ രാഷ്ട്രീയ തന്ത്രമാണ്. എന്താണ് ആല്‍വാറില്‍ സംഭവിച്ചത്? ദാദ്രിയില്‍? ബി.ജെ.പി ഭരണത്തിലുള്ള എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ ഇതാണ് അവസ്ഥ. ഇതാണ് ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ രൂപം. ഒരു കാര്യത്തില്‍ ഞാന്‍ ഉറപ്പു പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കില്ല’- ഝാ പറഞ്ഞു.