UPDATES

ട്രെന്‍ഡിങ്ങ്

ജയിച്ചാല്‍ യുപിയില്‍ റോമിയോ വിരുദ്ധ സേനയെന്ന് അമിത് ഷാ; ലൌ ജിഹാദിന്റെ തുടര്‍ച്ചയെന്ന് വിമര്‍ശകര്‍

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിച്ച ലൗ ജിഹാദിനെക്കുറിച്ചുള്ള സംശയങ്ങളുടെ ബാക്കിയായി ഇതിനെ കാണണമെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു

                       

ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി റോമിയോ വിരുദ്ധ സേന സ്ഥാപിക്കുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ഇറക്കിയ പ്രകടനപത്രികയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നീട് ന്യൂസ് 18 നെറ്റ്‌വര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വിശദമാക്കിയത്.

അതേസമയം ഇത് വര്‍ഗീയമല്ലെന്നും എല്ലാ പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ സ്വന്തം ഗ്രാമത്തിലോ നഗരത്തിലോ പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിച്ച ലൗ ജിഹാദിനെക്കുറിച്ചുള്ള സംശയങ്ങളുടെ ബാക്കിയായി ഇതിനെ കാണണമെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഹിന്ദു സ്ത്രീകളെ പ്രണയിക്കാനും അവരെ മതം മാറ്റി വിവാഹം കഴിക്കാനും മുസ്ലിം യുവാക്കള്‍ക്ക് പരിശിലീനം ലഭിക്കുന്നുണ്ടെന്നായിരുന്നു അന്ന് ബിജെപി പറഞ്ഞിരുന്നത്.

കശാപ്പ് ശാലകള്‍ നിരോധിക്കുമെന്നും ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് മാത്രം ഹെലികോപ്റ്റര്‍ സേവനങ്ങള്‍ അനുവദിക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് മതധ്രുവീകരണത്തിലൂടെ വോട്ട് നേടാനല്ലേയെന്ന ചോദ്യത്തിന് ഷാ ഇങ്ങനെ മറുപടി പറഞ്ഞു: ‘കശാപ്പുശാലകള്‍ നിരോധിക്കുന്നതിനെ ദയവായി അങ്ങനെ കാണരുത്. നമുക്ക് കന്നുകാലി കള്ളക്കടത്തും കശാപ്പും തടയേണ്ടതുണ്ട്.’ അതേസമയം രാമക്ഷേത്രം നിര്‍മ്മിക്കുന്നത് ഭരണഘടനാപരമായ വ്യവസ്ഥകളിലൂടെയായിരിക്കുമെന്നും അതിന് ചര്‍ച്ചകളും കോടതി ഉത്തരവും വേണമെന്നുമാണ് അത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.

യുപി തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്നും ഷാ അവകാശപ്പെട്ടു. നോട്ട് അസാധുവാക്കലിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ അതുമൂലം വരുമാനത്തില്‍ യാതൊരു കുറവും സംഭവിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കള്ളപ്പണക്കാരുടെ പണപ്പെട്ടികളിലിരുന്ന പണത്തെ നമ്മുടെ ധനകാര്യ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചു. അധികം വൈകാതെ ഇതൊരു വലിയ മാറ്റം ഇവിടെയുണ്ടാക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും ഷാ കൂട്ടിച്ചേര്‍ത്തു. യുപിയെ കൂടാതെ ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും വിജയം ബിജെപിക്കൊപ്പമായിരിക്കുമെന്നും ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share on

മറ്റുവാര്‍ത്തകള്‍