UPDATES

ബ്ലോഗ്

‘മണ്ടി’കളായ പെണ്‍കുട്ടികളേ കാണൂ, ബോയ്സ് തൂത്തുവാരുകയാണ് എഞ്ചിനീയറിംഗ് റാങ്കുകള്‍

ആണ്‍കുട്ടിയായതിന്റെ എല്ലാ പ്രിവിലേജും അനുഭവിച്ചു നേടുന്ന നേട്ടങ്ങളെക്കാള്‍ തിളക്കമുണ്ട് ഓരോ പെണ്‍കുട്ടിയും പോരാടി നേടുന്ന വിജയത്തിന്

                       

‘Boys sweeps first 10 engg entrance ranks’ എന്ന് ടൈംസ് ഓഫ് ഇന്ത്യ. ആദ്യ നൂറു റാങ്കില്‍ 89 ആണ്‍കുട്ടികള്‍ എന്ന് മാതൃഭൂമി. ഇന്നലെ പ്രസിദ്ധീകരിച്ച എഞ്ചിനീയറിങ്ങ് റാങ്ക് ലിസ്റ്റിനെ കുറിച്ചുള്ള വാര്‍ത്തകളുടെ തലക്കെട്ട് ആണ്. അഭിമാനകരമായ നേട്ടം എന്ന് ഈ വാര്‍ത്തയെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ ചില പ്രശ്നങ്ങളുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെക്കാള്‍ ബുദ്ധി കുറവാണ് എന്ന് പരോക്ഷമായെങ്കിലും വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്ന തരം പത്രറിപ്പോര്‍ട്ടുകള്‍ എന്തിന്റെ സൂചനയാണ്. യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ പിന്നോട്ട് പോകുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്താകാം?

‘പെണ്‍കുട്ടികളെ പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന്’ ചിന്തിക്കുന്നവര്‍ കേരളത്തില്‍ ഇല്ലെന്ന് പറയുമെങ്കിലും അതിന്റെ ഹാങ്ങ് ഓവര്‍ വിട്ടുമാറാത്തവര്‍ തന്നെയാണ് ഒട്ടുമിക്ക മാതാപിതാക്കളും ബന്ധുജനങ്ങളും. അതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ സ്വന്തമായൊരു സ്വപ്‌നത്തിനപ്പുറം ‘കയറിച്ചെല്ലുന്ന വീട്’ സ്വപ്‌നം കാണാനാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. വിവാഹമാര്‍ക്കറ്റില്‍ എടുത്തുകാണിക്കാന്‍ ഒരു ഡിഗ്രി എന്നതിനപ്പുറം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്ന മാതാപിതാക്കള്‍ ചുരുക്കമാണ്. എത്രയൊക്കെ മാറി എന്നു പറഞ്ഞാലും അത് മാറിയിട്ടില്ല എന്നതാണ് സത്യം. പണ്ട് പത്താം ക്ലാസ് ആയിരുന്നെങ്കില്‍ ഇന്നത് ഡിഗ്രി. അത്രയെ മലയാളികള്‍ക്കാണെങ്കിലും മാറ്റം വന്നിട്ടുള്ളൂ. കുട്ടികളെ നോക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അമ്മമാര്‍ക്കാണല്ലൊ. അതുകൊണ്ടുതന്നെ ഭാവിയില്‍ കുട്ടികള്‍ക്കെന്തെങ്കിലും പറഞ്ഞുകൊടുക്കാനുള്ള വിദ്യാഭ്യാസം. ആ ക്ലീഷേ ചിന്താഗതിയില്‍ നിന്നും മലയാളികള്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ടന്നത് ചിന്തിക്കേണ്ടതുണ്ട്.

ഇതാണ് പഠിക്കാന്‍ വരുന്ന ഒരു പെണ്‍കുട്ടിയുടെ പ്രാഥമിക സാഹചര്യം. ഈ ഒരവസ്ഥയില്‍ നിന്നും വേണം അവള്‍ക്ക് തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും സ്വപ്‌നം കാണാനും. എന്നാല്‍ ഒരാണ്‍കുട്ടിയെ സംബന്ധിച്ച് ഇവയെല്ലാം തിരിച്ചാണ്. അവന്‍ പഠിക്കേണ്ടതും ഭാവിയെക്കുറിച്ച് സ്വപ്‌നം കാണേണ്ടതും വീട്ടുകാരുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അതിന്മേല്‍ അവനു സമ്മര്‍ദ്ദ മുണ്ടാകുമെന്നതൊഴിച്ചാല്‍ അവന്റെ വഴികള്‍ പലപ്പോഴും കുണ്ടും കുഴിയുമൊന്നുമില്ലാത്ത റോഡു പോലെയാണ്.

പഠിക്കാനുള്ള സമയവും പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും തുല്യം തന്നെ. എന്നാല്‍ വീട്ടില്‍ എത്തുന്ന പെണ്‍ കുട്ടികള്‍ നേറെ കേറിയിരുന്നു പഠിക്കുകയാണെന്നു നിഷ്‌കളങ്കമായി ചിന്തിച്ചുകളയരുത്. അമ്മയെ സഹായിക്കുക എന്നത് അവളുടെ ഉത്തരവാദിത്വമാണ്. ആണ്‍കുട്ടികള്‍ കളിക്കാന്‍ പോകുമ്പോള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ വീട്ടുജോലി ചെയ്യുക തന്നെയായിരിക്കും. അതുകൊണ്ടു തന്നെയാണ് എട്ടാം ക്ലാസില്‍ എത്തുമ്പോഴേക്കും ‘നിനക്ക് എന്തൊക്കെ ഉണ്ടാക്കാന്‍ അറിയാം’ എന്ന ചോദ്യം പെണ്‍കുട്ടികള്‍ക്കു മാത്രം നേരിടേണ്ടി വരുന്നത്. ഒന്നും ഉണ്ടാക്കാന്‍ അറിയില്ല എന്ന ആണ്‍കുട്ടിയുടെ മറുപടി സ്വാഭാവികവും പെണ്‍കുട്ടിയുടെ മറുപടിക്ക് ‘അടുക്കളയില്‍ കേറാറില്ലല്ലേ’ എന്ന മറുചോദ്യവുമാകുന്നത്. വളരെചുരുക്കി പറഞ്ഞാല്‍ പഠിക്കാനിരിക്കുന്ന ആണ്‍കുട്ടിക്ക് വെള്ളം വേണമെന്നുണ്ടെങ്കില്‍ അമ്മ കൊണ്ടുവന്നു കൊടുക്കുകയും, പെണ്‍കുട്ടി തനിയെ പോയെടുക്കുകയും  വേണം. ഈ സാഹചര്യത്തില്‍ നിന്നാണ് അവള്‍ പഠിക്കുന്നതും പരീക്ഷയ്ക്കു മാര്‍ക്കു വാങ്ങുന്നതും. അവള്‍ക്കു ബുദ്ധിയില്ലാത്തതുകൊണ്ട് മാത്രമല്ല മാര്‍ക്കു കുറഞ്ഞു പോകുന്നത്. അവളുടെ സാഹചര്യങ്ങള്‍ക്കും അതില്‍ വലിയ പങ്കുണ്ട്.

പരീക്ഷ ഒരു വിദ്യാര്‍ത്ഥിയെ പൂര്‍ണ്ണമായി അളക്കാനുള്ള മാനദണ്ഡമല്ല. എങ്കില്‍ക്കൂടിയും ഇന്നത്തെ സാഹചര്യത്തില്‍ ഉപരിപഠനത്തിനുള്ള മാനദണ്ഡം എന്ന നിലയില്‍ പരീക്ഷകളെ കണക്കിലെടുത്തെ പറ്റൂ. എത്രത്തോളം കാണാതെ പഠിച്ചു എന്നതുമാത്രമല്ല, എഴുതുന്ന ദിവസത്തെ മാനസികാവസ്ഥയും മാര്‍ക്കിനെ ബാധിക്കുന്നു. സാഹചര്യവും അവസ്ഥകളുമെല്ലാം ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമുണ്ടാകാം എന്നാല്‍ പെണ്‍കുട്ടികളെ തളര്‍ത്തുന്ന കാര്യങ്ങള്‍ ഏറെയാണ് അതു ചിലപ്പോള്‍ ഇഷ്ടമല്ലാത്ത കല്യാണം വീട്ടുകാര്‍ ഉറപ്പിച്ചതാകാം, ബസ്സില്‍ വരുമ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയതാകാം, എത്രയൊക്കെ പഠിച്ചാലും നാളെ മറ്റൊരു വീട്ടിലെ അടുക്കളയില്‍ കഴിയേണ്ടതല്ലെ എന്ന ചോദ്യമാകാം, ആര്‍ത്തവം മൂലമുള്ള വേദനകളുമാകാം.

ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ നിരന്തരം നേരിടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ എവിടെയെങ്കിലും എത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ വലിയ പോരാളികള്‍ തന്നെയാണ്. റിമ കല്ലിങ്കല്‍ ‘പൊരിച്ച മീന്‍’ കിട്ടിയില്ല എന്നു പറഞ്ഞത് ഭക്ഷണത്തില്‍ പോലും കാണിക്കുന്ന വലിയ വിവേചനത്തെക്കുറിച്ചാണ്. തീന്‍ മേശയില്‍ തുടങ്ങുന്ന ആ വിവേചനം നിഴല്‍ പോലെ എല്ലാ രംഗത്തും പെണ്‍കുട്ടികളെ പിന്‍തുടരുന്നതാണ്. പത്താം ക്ലാസ് പ്ലസ്ടു റിസല്‍ട്ട് വരുമ്പോള്‍ മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികളൊക്കെ എവിടെ അപ്രത്യക്ഷമാകുന്നു എന്നന്വേഷിച്ചാല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടി വരുന്ന വലിയ വിവേചനത്തെക്കുറിച്ച് മനസിലാകും.

ഇന്ന് സ്ത്രീകള്‍ എത്താത്ത മേഖലകളില്ലെന്ന് വളരെ കാല്‍പനികരമായി പറയുമ്പോള്‍, ഏതെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മാത്രം അവളെ അഭിനന്ദിക്കുമ്പോള്‍, ഓരോ തവണയും അവളെ പിന്നോട്ടു വലിച്ച സമൂഹത്തോട് കലഹിച്ച് ശക്തമായി പോരാടിയാണ് അവള്‍ മുന്നേറിയതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ആണ്‍കുട്ടിയായതിന്റെ എല്ലാ പ്രിവിലേജും അനുഭവിച്ചു നേടുന്ന നേട്ടങ്ങളെക്കാള്‍ തിളക്കമുണ്ട് ഓരോ പെണ്‍കുട്ടിയും പോരാടി നേടുന്ന വിജയത്തിന്.

Read More: സംഭവമല്ല, കഥയാണ് വൈറസ്; അതിമാനുഷരുടേതല്ല, അതിജീവനത്തിന്റേത്

ഹരിത മാനവ്‌

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Share on

മറ്റുവാര്‍ത്തകള്‍