2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയുടെ പേര് കേട്ടപ്പോള്‍ ഞെട്ടിയത് ആ പാര്‍ട്ടിക്കാര്‍ മാത്രമല്ല. ജില്ലയില്‍ നിന്നു തന്നെ മികച്ച നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഉണ്ടെന്നിരിക്കെയാണ് ശശി തരൂരിനെയും ഒ രാാജഗോപാലിനെയും എതിരിടാന്‍ ബെന്നറ്റ് എബ്രാഹാമിനെ സിപിഐ തെരഞ്ഞെടുത്തത്! കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, സി എസ് ഐ സഭ സജീവാംഗം, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ട്രസ്റ്റി അംഗം, ദക്ഷിണേന്ത്യന്‍ സഭ മുന്‍ ട്രഷറര്‍ എന്നിവയായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയാകന്‍ നിയോഗിക്കപ്പെട്ടയാളുടെ യോഗ്യതകള്‍! ഞെട്ടാതെ പിന്നെന്തു ചെയ്യും! ആ പാര്‍ട്ടിക്കുവേണ്ടി കാലങ്ങളായി വിയര്‍പ്പൊഴുക്കുന്ന അണികള്‍ അങ്ങനെയൊരാളെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. പൊതുവില്‍, കമ്യൂണിസ്റ്റ് മൂല്യങ്ങളോട് വിപ്രതിപത്തി കാണിക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ആളുകള്‍ പറഞ്ഞിരുന്ന സിപിഐക്ക് ഇങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ എങ്ങനെ കിട്ടി എന്ന ചോദ്യങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുന്നതിനു മുന്നേ അതിനുള്ള ഉത്തരവും കിട്ടി. തിരുവനന്തപുരം ഇത്തവണ സിപിഐയുടെ പേയ്‌മെന്റ് സീറ്റ് ആയിരിക്കുന്നു. അതായത് ഒരു കോടി രൂപ വാങ്ങിയിട്ടാണ് ബെനറ്റിന് ലോക്‌സഭ സീറ്റ് നല്‍കിയതെന്ന്. ആരോപണമാണ്. പക്ഷേ, ആ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വൈകാതെ തെളിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഐ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഏറ്റുവാങ്ങേണ്ടി വന്ന ആ കനത്ത തോല്‍വിക്ക് പിന്നാലെ പേയ്‌മെന്റ് സീറ്റ് വിവാദം പാര്‍ട്ടിക്കുള്ളില്‍ കൊടുങ്കാറ്റായി. കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരുടെ പേരുകള്‍ ഓരോന്നായി പുറത്തു വന്നു. പൊതുമധ്യത്തില്‍ പാര്‍ട്ടി നാണംകെട്ടു. വിമര്‍ശനങ്ങളും പരിഹാസങ്ങളും കുമിഞ്ഞുകൂടി. തടി രക്ഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്റെ വിരലുകള്‍ ചൂണ്ടിയത് പ്രമുഖന്മാര്‍ക്കു നേരെയായിരുന്നു. സിപി ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയും ജില്ലയിലെ പ്രമുഖ നേതാവും 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി രാമചന്ദ്രന്‍ നായര്‍, ജില്ല സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വെഞ്ഞാറുംമൂട് ശശി, മുന്‍ മന്ത്രിയും ദേശീയ നിര്‍വാഹക സമിതിയിംഗമായിരുന്ന സി ദിവാകരന്‍ എന്നിവരായിരുന്നു ആ പ്രമുഖര്‍. വെഞ്ഞാറുംമൂട് ശശി ജില്ല സെക്രട്ടറി സ്ഥാനം രാജിവച്ചു. രാമചന്ദ്രന്‍ നായരെ ജില്ല കൗണ്‍സിലിലേക്ക് തരം താഴ്ത്തി, ദിവാകരന് ദേശീയ നിര്‍വാഹ സമിതിയംഗത്വം നഷ്ടമായി. പക്ഷേ, അതുകൊണ്ടെന്നും പുകയടങ്ങിയില്ല. രാമചന്ദ്രന്‍ നായര്‍ പിന്നീട് പാര്‍ട്ടി വിട്ടു. വലിയ ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരേ ഉന്നയിച്ചായിരുന്നു പടിയിറക്കം. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്നും തങ്ങളെ ചിലരെ ബലിയാടാക്കി ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാതി. സംസ്ഥാന സെക്രട്ടറിയേറ്റ്-കൗണ്‍സില്‍ യോഗങ്ങളുടെ മിനിസ്റ്റ് പരിശോധിച്ചാല്‍ സത്യങ്ങള്‍ മനസിലാകുമെന്നും അതിനാല്‍ ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കി സെക്രട്ടേറിയേറ്റ്-കൗണ്‍സില്‍ യോഗങ്ങളുടെ മിനുറ്റ്സ് ലോകായുക്തക്കു മുന്നില്‍ ഹാജരാക്കണമെന്നും കേസില്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളെ പ്രതികളാക്കണമെന്നും പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നും രാമചന്ദ്രന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. രാമചന്ദ്രന്‍ നായരുടെ ശബ്ദമൊക്കെ പതുക്കെ മങ്ങി. അദ്ദേഹം പാര്‍ട്ടി വിട്ടുംപോയി.
പക്ഷേ, ഈ വിവാദം ഏറ്റവുമധികം തിരിച്ചടിയായത് മറ്റൊരാള്‍ക്കായിരുന്നു. സി. ദിവാകരന്. ദിവാകരനെതിരേ നിന്നിരുന്നവര്‍ക്ക് വലിയൊരു ആയുധമായിരുന്നു ‘പേയ്‌മെന്റ് സീറ്റ്’. ഒരുകാലത്ത് വെളിയം കഴിഞ്ഞാല്‍ ദിവാകരന്‍ അടുത്ത ശബ്ദമായി നിന്നിരുന്നത് ദിവാകരനായിരുന്നു. സിപിഎമ്മുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ്. സംസ്ഥാന സെക്രട്ടറിയുടെ കസേര പോലും ദിവാകരന് അപ്രാപ്യമല്ലെന്നു കരുതിയിരുന്നു. പക്ഷേ, സികെസി(സികെ ചന്ദ്രപ്പന്‍)യുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള അപ്രതീക്ഷിത വരവ്, ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പന്ന്യന്‍ രവീന്ദ്രന്റെ ഊഴം കിട്ടിയത്, കാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എല്ലാം ദിവാകരന്‍ നിനച്ചിരിക്കാതെ കിട്ടിയ അടിയായിരുന്നു. കാനം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ വെട്ടി നിരത്തലില്‍ കെ ഇ ഇസ്മായിലിനു മാത്രമല്ല, ദിവാകരനും അടിതെറ്റിയിരുന്നു. അതിനു പിന്നാലെയായിരുന്നു പേയ്‌മെന്റ് വിവാദവും.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് ആദ്യം നല്‍കിയ സൂചന സി. ദിവാകരന്റെ പാര്‍ലമെന്ററി ജീവിതത്തിന് ഇതാ അന്ത്യം വന്നിരിക്കുന്നുവെന്നായിരുന്നു. രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇനിയൊരു ഊഴം നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തില്‍ ചിലര്‍ക്ക് ഒഴിവ് നല്‍കിയപ്പോഴും ദിവാകരന്റെ നമ്പര്‍ ആക്കൂട്ടത്തില്‍ ഇല്ലായിരുന്നു. ഇതോടെ ഇനി ദിവാകരന്‍ നിയമസഭ കാണില്ലെന്ന് തന്നെ എല്ലാവരും കരുതി. ഇസ്മായില്‍ ഒതുങ്ങി, ദിവാകരനും ഒതുങ്ങുന്നു, ഇനി കാനവും സംഘവും പാര്‍ട്ടിയിലെ ശക്തര്‍ എന്നു കരുതിയിരുന്നിടത്താണ് അമ്പരിപ്പിച്ചുകൊണ്ട് നിയമസഭ സീറ്റ് ദിവാകരന്‍ കൊത്തിയെടുക്കുന്നത്. കരുനാഗപ്പള്ളി കൊടുക്കാതെ എതിരാളികള്‍ ഒന്നു കളിച്ചു നോക്കി. നെടുമങ്ങാട് തരാം, സ്വന്തം കഴിവില്‍ ജയിക്കാമെങ്കില്‍ ആയിക്കോ എന്നായിരുന്നു വെല്ലുവിളി. ആ വെല്ലുവിളിയില്‍ ദിവാകരന്‍ ജയിച്ചു. മന്ത്രിസ്ഥാനത്തിനു ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും ദിവാകരന്‍ ഉള്‍ക്കളികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പാര്‍ട്ടിയില്‍ തന്റെ പക്ഷത്തേക്ക് ആളെക്കൂട്ടുകയായിരുന്നു ദിവാകരന്‍ ചെയ്തത്. പാര്‍ട്ടിക്കാര്‍ക്കിടയില്‍ കാനത്തേക്കാളും സ്വീകാര്യത ഈസ്മായിലിനുണ്ട്. ആ ബന്ധവും ദിവാകരന് ഉപകാരപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തോട് ഏറ്റുമുട്ടിയതിന്റെ നാണക്കേട് ഈസ്മായിലിന് ഇപ്പോഴുമുണ്ട്. അവസരത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. ദിവാകരനും കൂടിയ ആ സംഘത്തിന് ഇപ്പോള്‍ ഒരു മത്സരം ജയിക്കാനുള്ള ശക്തിയുമുണ്ട്. അതിന്റെ തെളിവാണ് തിരുവനന്തപുരത്തെ ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം.
പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിയാണെന്നു പാര്‍ട്ടി കണ്ടെത്തിയ ഒരാളേ തന്നെ വിവാദഹേതുവായ അതേ മണ്ഡലത്തില്‍ മത്സരിപ്പിക്കണത്, വേറെ ആളെ കിട്ടാത്തതുകൊണ്ടാണെന്ന വാര്‍ത്തകള്‍ക്ക് ഉറപ്പ് പോര. ആരുമില്ലാത്തതുകൊണ്ട് ദിവാകരന് എന്നല്ല, ആ സീറ്റ് ദിവാകരന്‍ പിടിച്ചെടുത്തതാണ്. തെരഞ്ഞെടുപ്പിന മുന്‍പേ ദിവാകരന്‍ ജയിച്ച കളി. ബെന്നറ്റിന്റെ തോല്‍വിയുടെ ആക്കം കൂട്ടിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ദിവാകരന് മാത്രമല്ല എല്ലാവര്‍ക്കും അറിയാം. ഇത്തവണ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ സിപിഐക്കാര്‍ വോട്ട് ചെയ്തത് ശശി തരൂരിന് ആയിരുന്നുവെന്നതും ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. പോരാത്തതിന് സിപിഎമ്മുകാരുടെ വോട്ടും തരൂരിനു പോയിരുന്നു. ഇത്തരം ഉള്‍ക്കളികളുടെയെല്ലാം ഭാരമാണ് ദിവാകരന് ചുമക്കേണ്ടി വന്നത്.
തിരുവനന്തപുരത്ത് സിപിഐ ഇത്തവണ അത്രകണ്ട് വിജയസാധ്യതയൊന്നും വെച്ചു പുലര്‍ത്തുന്നില്ല. മത്സരിക്കുന്നത് രണ്ടാം സ്ഥാനമെങ്കിലും കിട്ടാന്‍ വേണ്ടിയാണെന്നു സിപിഐ സഖാക്കള്‍ തന്നെ പറയുന്നുണ്ട്. പേറുന്ന മാനക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ആ രണ്ടാം സ്ഥാനത്ത് കഴിയുമെന്നവര്‍ വിശ്വസിക്കുന്നു. ഇനിയവിടെ ദിവാകരന്‍ ജയിച്ചെന്നിരിക്കട്ടെ, അപ്പോള്‍ ശരിക്കും തോല്‍ക്കുന്നത് കാനവും സംഘവുമായിരിക്കും. ആ തോല്‍വി ദിവാകരനെ കൂടുതല്‍ ബലവാനുമാക്കും. ഒട്ടുചോര്‍ച്ച ഇത്തവണ പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ലെന്നാണ് പൊതുവിലെ വിശ്വാസം. പിന്നെ, തങ്ങള്‍ക്ക് താത്പര്യമുള്ളയാളെന്ന നിലയില്‍ സിപിഎമ്മും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. അനുകൂലമായ ഘടകങ്ങളൊക്കെയുണ്ട്. വേണമെങ്കില്‍ ജയിച്ചേക്കാം എന്ന അവസ്ഥ. ഇനി തോറ്റാലും ദിവാകരന് ഒന്നും നഷ്ടപ്പെടാനില്ല. പാര്‍ട്ടിക്കു വേണ്ടി വെല്ലുവിളിയേറ്റെടുത്തവന്‍ എന്നു പറയാം. എംഎല്‍എയായി തുടരാം. സ്ഥാനാര്‍ത്ഥിയായതു തന്നെ ഒരു വിജയമായി തന്റെ എതിരാളികള്‍ക്കു മുന്നില്‍ പറയാം. തനിക്ക് ഈ പാര്‍ട്ടിയില്‍ തീരുമാനം എടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചതായും അതിനെ വ്യാഖ്യാനിക്കാം. ആര്‍ക്കും തന്നെ ഒതുക്കാന്‍ കഴിയില്ലെന്ന സന്ദേശം നല്‍കാം. ചുരുക്കത്തില്‍ സി. ദിവാകരന്‍ ഇപ്പോഴെ ജയിച്ചിരിക്കുകയാണ്; എം പിയായാല്‍ അതൊരു ബോണസ്!
ഇനി മറ്റൊരു വശം കൂടി ഈ കഥയ്ക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ജില്ല സെക്രട്ടറി ജി ആര്‍ അനില്‍ ഇത്തവണ ദിവാകരനും കാനത്തിനുമൊപ്പം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി പേരുകളില്‍ ഉണ്ടായിരുന്നയാളാണ്. പക്ഷേ, അനില്‍ മനഃപൂര്‍വം ഒഴിഞ്ഞതാണെന്നാണ് അറിവ്. അനിലിന്റെ കണ്ണ് പാര്‍ലമെന്റിലേക്കല്ല, നിയമസഭയിലേക്കാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അനില്‍ നോട്ടമിട്ടിരിക്കുന്നതാകട്ടെ, നെടുമങ്ങാടും. ദിവാകരന്റെ സ്വന്തം മണ്ഡലം. അടുത്ത തവണ തനിക്ക് മത്സരിക്കാന്‍ നെടുമങ്ങാട് അനില്‍ ഇപ്പോഴെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു തവണ കൂടി ദിവാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാല്‍ അനിലിനു വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കണം. ഇത് മുന്നില്‍ കണ്ടാണ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ദിവാകരന്‍ തയ്യാറായാതെന്നും പാര്‍ട്ടിക്കാര്‍ വിവരം നല്‍കുന്നുണ്ട്.