മാറേണ്ടത് നമ്മളാണ്. അല്ലാതെ പെണ്ണിനെ പൂട്ടിയിട്ടോ അവള്‍ പുറത്തേക്ക് കാല്‍ വയ്ക്കുമ്പൊ വാക്കുകള്‍ കൊണ്ട് കൊന്ന് കൊലവിളിച്ചോ അല്ല പ്രതികരിക്കേണ്ടത്.
സി.ഇ.ടിയില്‍ ഹോസ്റ്റലില്‍ കയറുവാനുള്ള സമയം ആറരയില്‍ നിന്ന് ഒമ്പതര ആക്കുവാനുള്ള സമരം നടന്നതിനെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ കാണുന്ന കമന്റുകള്‍ വായിച്ച് സത്യത്തില്‍ ഓക്കാനം വന്നു. ഏതാനും സാമ്പിളുകള്‍…
‘ഗൈനക്കോളജി ഡോക്ടറും മെഡിക്കല്‍ ഷോപ്പും അടുത്തുണ്ടോ’
‘കൂടെ കിടക്കാന്‍ ബോയ് ഫ്രണ്ട് വേണമെന്ന് പറഞ്ഞ് സമരം ചെയ്യുമോ’
‘പീഢിപ്പിച്ചാല്‍ കുറ്റം പറയരുത്’
‘ഇവളുമാര്‍ക്ക് അഴിഞ്ഞാടണം , അതാണു കാര്യം’
ഏറ്റവും ഞെട്ടിക്കുന്നത് ഇതിനൊക്കെ അനുകൂലമായി ലഭിക്കുന്ന റിയാക്ഷനുകളാണ്.
എന്തിനാണിത്ര അസഹിഷ്ണുതയെന്നല്ലേ? പെണ്ണ് ഒരു മൂന്ന് മണിക്കൂര്‍ കൂടി ശുദ്ധവായു ശ്വസിക്കുന്നതിനാണ്.
ആണുങ്ങള്‍ക്ക് തീറെഴുതിക്കിട്ടിയതെന്ന് സ്വയം വിശ്വസിക്കുന്ന രാത്രി പെണ്ണുകൂടി അവകാശമാക്കുന്നതിന്റെ ചൊറിച്ചില്‍ അറിയാതെ പുറത്തുവരുന്നതാണ്.
പേരന്‍ബ് എന്ന മമ്മൂട്ടിച്ചിത്രത്തില്‍ അറിയാതെ കണ്ണുനിറഞ്ഞുപോയ ഒരു സീനുണ്ട്. ഒരു സംഭാഷണമോ ഒരു ശോകമൂകമായ പശ്ചാത്തലസംഗീതമോ ഇല്ലാത്ത സീന്‍.
അഞ്ജലി അമീറിന്റെ മീരയെന്ന കഥാപാത്രം മമ്മുക്ക അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാറിലിരുന്ന് രാത്രിയില്‍ വിജനമായ തെരുവീഥിയില്‍ കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് സ്വാതന്ത്ര്യത്തിന്റെ കുളിര്‍കാറ്റേല്‍ക്കുന്ന, പുഞ്ചിരിക്കുന്ന സീന്‍..
ഒരുപക്ഷേ എന്താണ് മീരയുടെ മനസിലൂടെ കടന്നുപോയതെന്ന് പൂര്‍ണമായി മനസിലായതുകൊണ്ടാവാം…
രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മുഴുവനും പിഴകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ആറരയ്ക്കു ശേഷം പുറത്തിറങ്ങുന്നവരെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്? ആറര കഴിഞ്ഞ് പുറത്തിറങ്ങിയാലുടനെ ഗര്‍ഭമുണ്ടാവുമെന്ന് ധരിക്കാന്‍ മാത്രം ശുഷ്‌കിച്ചതാണോ നിങ്ങളുടെ തലച്ചോറ്?
കഷ്ടം..
പെണ്ണ് തനിക്കുള്ളതാണെന്ന് വിശ്വസിക്കുന്ന,സ്വന്തമാക്കേണ്ടുന്ന ഒരു പ്രോപ്പര്‍ട്ടിയാണെന്ന് കരുതുന്ന ആല്‍ഫാമെയില്‍ സങ്കല്പത്തിന് പെണ്ണിന്റെ നോ കരണക്കുറ്റിക്ക് കിട്ടുന്ന അടിയാണ്. അവള്‍ തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുമെന്നത് ചിന്തിക്കാന്‍ പോലും പ്രയാസമാണ്. അത് അറിയാതെ പുറത്ത് ചാടുന്നതാണ് രണ്ടാമത്തവന്റെ പ്രശ്‌നം.
നിങ്ങള്‍ അപമാനിക്കുന്നത് ആ പെണ്‍കുട്ടികളെയോ അവരുടെ കുടുംബത്തെയോ ആണെന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് തിരുത്തിക്കോളൂ…നീയൊക്കെക്കൂടെ ചെളിവാരിയെറിയുന്നത് സ്വന്തം മുഖത്തും ആണുങ്ങളുടെ മുഴുവന്‍ മുഖത്തുമാണ്.
ഇരുട്ടൊന്ന് വീണ് കിട്ടാന്‍, സൂര്യനൊന്ന് താണുകിട്ടാന്‍ കാത്തിരിക്കുകയാണ് വേട്ടയ്ക്കിറങ്ങാനെന്ന് സ്വയം വിളിച്ചുപറയുകയാണ് നിങ്ങള്‍. നിങ്ങളുടെ മുഖത്തണിഞ്ഞിരിക്കുന്ന മാന്യതയ്ക്ക് പകലിന്റെ നീളം മാത്രമേയുള്ളെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
രാത്രിയില്‍ പുറത്തിറങ്ങുന്നവരെ പീഢിപ്പിച്ചാല്‍, ആക്രമിച്ചാല്‍ കുറ്റം പറയരുതെന്ന് പറഞ്ഞ ആണിനോട് ഒന്ന് പറയാനുണ്ട്. ..ലൈംഗികാതിക്രമം നടക്കാന്‍ കാരണം, തെറ്റ് പെണ്ണിന്റെ വസ്ത്രത്തിനും ചിരിക്കും സംസാരത്തിനും നോട്ടത്തിനും രാത്രിയിലെ നടപ്പിനും വരെ കല്പിച്ചുനല്‍കുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധിയാണ് താനും.
നിങ്ങള്‍ കാരണമാണ് അതിക്രമി ഇന്നും സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുമ്പോള്‍ ആക്രമിക്കപ്പെട്ടവള്‍ സ്വന്തം പേരുപോലും നഷ്ടപ്പെട്ട് ഇരുട്ടിലേക്ക് മാറ്റിനിറുത്തപ്പെടുന്നത്. തെറ്റുകാരനു പകരം അവള്‍ മറഞ്ഞുനില്‍ക്കേണ്ടിവരുന്നത്.
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016ല്‍ കേരളത്തില്‍ ആറ് വയസില്‍ താഴെയുള്ള 42 കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നു. അത് നിങ്ങള്‍ ഏത് രീതിയിലുള്ള വസ്ത്രധാരണത്തിലാണ് ഉള്‍ക്കൊള്ളിക്കുക? 12 വയസില്‍ താഴെയുള്ള 188 കുട്ടികള്‍..അവരെ നിങ്ങള്‍ ഏത് രാത്രിയാത്രയുടെ പേരിലാണ് ക്രൂശിക്കുക?
രാത്രി പുറത്തിറങ്ങാതെയിരിക്കുന്നതാണ് സുരക്ഷയെന്നും വീടിനുള്ളില്‍ പെണ്ണ് സുരക്ഷിതയാണെന്നും കരുതുന്ന മണ്ടന്മാര്‍ അടുത്ത കണക്ക് കേള്‍ക്കണം. 1656 കേസുകളില്‍ 1627 എണ്ണത്തിലും അതിക്രമി മുന്‍പ് അറിയാവുന്ന ആളായിരുന്നു. അതില്‍ 579 എണ്ണത്തില്‍ – മൂന്നിലൊന്ന് – അച്ഛനോ മുത്തച്ഛനോ ബന്ധുക്കളോ അയല്‍ക്കാരോ ആയിരുന്നു കുറ്റക്കാര്‍….ഏത് വീടിനുള്ളിലടച്ചാണ് നിങ്ങള്‍ സുരക്ഷ ഒരുക്കുമെന്ന് പറയുന്നത്?
മാറേണ്ടത് നമ്മളാണ്. അല്ലാതെ പെണ്ണിനെ പൂട്ടിയിട്ടോ അവള്‍ പുറത്തേക്ക് കാല്‍ വയ്ക്കുമ്പൊ വാക്കുകള്‍ കൊണ്ട് കൊന്ന് കൊലവിളിച്ചോ അല്ല പ്രതികരിക്കേണ്ടത്.
ആരോഗ്യമുളള അമ്മയില്‍ നിന്നാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാവുകയെന്ന് എവിടെയോ വായിച്ചത് ഓര്‍മിക്കുന്നു. അത് ഒന്ന് തിരുത്തിവായിക്കുകയാണ്. ആരോഗ്യമുള്ള സ്ത്രീയില്‍ നിന്നാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ തുടക്കം.
ആരോഗ്യമെന്നത് ശാരീരികമായ അവസ്ഥയെ മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള വ്യക്തിത്വം, സ്വന്തം തീരുമാനങ്ങള്‍ സ്വയമെടുക്കാനുള്ള കരുത്ത്, അതിനുള്ള സ്വാതന്ത്ര്യം, സാഹചര്യം എല്ലാം ചേര്‍ന്നതാണ്.
പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ചാക്കില്‍ കെട്ടിയോ പൂട്ടിയിട്ടോ സൂക്ഷിക്കുന്ന അമൂല്യസ്വത്തുക്കളല്ലെന്നും വ്യക്തികളാണെന്നും മനസിലാക്കിയേ തീരൂ. ഇല്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മറുപടി നല്‍കും.