തീരുമാനം എടുക്കാതെ വൈകിക്കുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നാണ് ആന്തൂരിലെ ആത്മഹത്യയും നമ്മളോട് പറയുന്നത്. സ്വാമിമാർ എത്ര ജീവിതങ്ങൾക്ക് മേൽ അടയിരുന്നുകാണും
രാജു നാരായണസ്വാമി ഒരു നല്ല അക്കാദമിഷ്യൻ ആണ്. ഏത് പുസ്തകം കൊടുത്താലും വായിച്ചു പഠിച്ചു ഏത് പരീക്ഷയും ഒന്നാംറാങ്കിൽ പാസാവും. ശുദ്ധമലയാളത്തിൽ സാഹിത്യഭംഗി വെച്ചു ഓരോന്നര മണിക്കൂർ സുന്ദരമായി പ്രസംഗിക്കും. സ്‌കൂളുകളിൽ പോയി വിദ്യാർത്ഥികളോട് സംവദിക്കും. എന്നാൽ ഒരു ഭരണാധികാരിക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത തീരുമാനമെടുക്കൽ ആണ്. അത് അദ്ദേഹത്തിന് തീരെയില്ല.
കാസർഗോഡ് കളക്ടർ ആയിരിക്കുമ്പോൾ മുതൽ അച്ഛനടക്കമുള്ള സഹപ്രവർത്തകർ പറഞ്ഞറിയാം, മേശപ്പുറത്ത് എപ്പോഴും ഒരു കുന്ന് ഫയലുകൾ തീരുമാനമെടുക്കാതെ ബാക്കിയുണ്ടാകും. മന്ത്രി ചെർക്കളം അബ്ദുള്ളയുടെ അഴിമതിയോട് ഇടഞ്ഞു ട്രാൻസ്ഫർ വന്നപ്പോൾ മാതൃഭൂമിയിൽ ഒരു വലിയ വാർത്ത. 2001 ലോ മറ്റോ ആണ്. സ്വാമിക്ക് ഐക്യരാഷ്ട്ര സഭയിൽ പ്രതിമാസം 36 ലക്ഷം രൂപ ശമ്പളത്തിൽ ജോലി !!. ആ ജോലിക്ക് പോകുന്നുവെന്ന് ആളുകളെ പറഞ്ഞു പറ്റിച്ചു സ്വാമി 5 വർഷമോ മറ്റോ ലീവെടുത്തു ഇരുന്നു. ആ വാർത്ത വലിയൊരു തട്ടിപ്പായിരുന്നു എന്നാണ് പിന്നീട് അറിഞ്ഞത്.
ഇടുക്കിയിൽ മൂപ്പര് കളക്ടറായി ഇരിക്കുമ്പോഴാണ് VS അച്യുതാനന്ദൻ മൂന്നാർ ഓപ്പറേഷൻ തുടങ്ങിയത്. രേഖകൾ കിട്ടാതെ വിഷമിച്ച സുരേഷ്കുമാർ-സ്വാമി-ഋഷിരാജ്സിങ് എന്നീ പൂച്ചകൾക്ക് സുപ്രീംകോടതിയിലെ പരാതിക്കാരനായ Tony Thomas തന്റെ കാറിന്റെ ഡിക്കി മുഴുവൻ കയ്യേറ്റത്തിന്റെയും തട്ടിപ്പിന്റെയും രേഖകൾ കൊണ്ടുപോയി കൊടുക്കുന്നു. സ്വാമി അന്നും ഒന്നും ചെയ്യില്ല. ഒരു ഫയലും പഠിക്കില്ല. പഠിച്ചാൽ സംശയം തീരില്ല. തീരുമാനം എടുക്കില്ല. ദേവികുളം അതിഥിമന്ദിരത്തിൽ രാത്രി വെളുക്കുവോളം ഇരുന്ന് ഫയൽ പഠിച്ചു സുരേഷ്കുമാർ തീരുമാനങ്ങൾ എടുക്കും. ലാന്റ് കൺസർവൻസി ആക്റ്റ് പ്രകാരമായാലും Land Assignment Act പ്രകാരമായാലും റവന്യുവകുപ്പ് ഉദ്യോഗസ്ഥർക്ക് ആണ് അധികാരം. ഉത്തരവ് ടൈപ്പ് ചെയ്ത് കൊടുത്ത് ഒപ്പിടാൻ പറഞ്ഞാൽ സ്വാമി ഒപ്പിടില്ല. RDO യെക്കൊണ്ടു ഒപ്പ് ഇടീക്കും. അതാണ് രാജുനാരായണസ്വാമി. തൃശൂർ കളക്ടർ ആയിരിക്കെ മണിക്കൂറുകൾ കൊണ്ട് JCB കൊണ്ടുവന്നു പട്ടാളംപള്ളി റോഡിനു വീതികൂട്ടിയപ്പോൾ കിട്ടിയ തിരിച്ചടി കാരണമാണ് പിന്നീട് ഇങ്ങനെയായത് എന്നു ചിലർ പറയുന്നു, ശരിയാവാം.
Administration അങ്ങേയറ്റം പരാജയമായത് കൊണ്ടാണ് ഒരു വകുപ്പിലും ഒരു മന്ത്രിക്കും അങ്ങേരെ വേണ്ടാത്തത്. അല്ലാതെ അഴിമതി നടത്താത്തതുകൊണ്ടല്ല. ഈ സർക്കാർ വന്നപ്പോൾ കൃഷിമന്ത്രി സുനിൽകുമാർ ഇദ്ദേഹത്തെ വകുപ്പിലേക്ക് ചോദിച്ചുവാങ്ങി. അവിടെ കുളമാക്കിയപ്പോൾ സുനിൽകുമാറും കൈവിട്ടു. കുറേക്കാലം പോസ്റ്റില്ലാതെ ശമ്പളം വാങ്ങി. പിന്നെ നാളികേര ബോർഡിൽ. അവിടെ നിന്ന് പോന്നിട്ടു സർക്കാർ സർവീസിൽ തിരികെ പ്രവേശിച്ചില്ല.
സ്വാമി ചെയ്ത അപൂർവ്വം ചില നല്ല കാര്യങ്ങളുമുണ്ട്. 2014 ൽ പ്രിന്റിങ് സെക്രട്ടറി ആയപ്പോൾ ബുക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ലോട്ടറി അടിക്കാൻ എടുത്ത തീരുമാനമാണ് ഇന്ന് സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടിരൂപയുടെ ലോട്ടറി വരുമാനം ഉണ്ടാക്കി തരുന്നത്. രാജമാണിക്യത്തിന്റെ നിർദ്ദേശം അപ്പടി അംഗീകരിച്ചു എന്നതാണ് അതിൽ സ്വാമിയുടെ റോൾ.
എല്ലാ പരീക്ഷയിലും റാങ്ക് വാങ്ങിക്കും, അഴിമതിയില്ല, രാഷ്ട്രീയക്കാരുടെ കാലുപിടിക്കില്ല, തുടങ്ങി എന്തൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും ഒരു IAS കാരന് അവശ്യം വേണ്ട ഗുണമാണ് ഭരണഗുണം. He should be good administrator. രാജു നാരായണസ്വാമി എത്രയോ പോസ്റ്റുകളിൽ ഇരുന്നു. എന്ത് ഗുണപരമായ വ്യത്യാസമാണ് ഭരണത്തിൽ അദ്ദേഹം കൊണ്ടുവന്നത്? At least propose ചെയ്തത്?
തീരുമാനം എടുക്കാതെ വൈകിക്കുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നാണ് ആന്തൂരിലെ ആത്മഹത്യയും നമ്മളോട് പറയുന്നത്. സ്വാമിമാർ എത്ര ജീവിതങ്ങൾക്ക് മേൽ അടയിരുന്നുകാണും !! ഒരിക്കൽ ഹീറോ ആക്കിയാൽ പിന്നെ മാധ്യമങ്ങൾ അതൊന്നും നമ്മളോട് പറയില്ല. ജേക്കബ് തോമസിന്റെ കാര്യത്തിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല.
ചീഫ് സെക്രട്ടറി ടോം ജോസ് അഴിമതിക്കാരനാണെന്ന സ്വാമിയുടെ വാദം 100% ശരിയാണ്. എന്നാൽ ടോം ജോസിനെ മന്ത്രിമാർക്ക് ഇഷ്ടമാണ്. അയാൾ സർക്കാരിന്റെ കാര്യങ്ങൾ നടത്തും. (അയാളുടെ കാര്യങ്ങളും നടത്തും) ആരുടെയും കാര്യങ്ങൾ നടത്താത്തവരെക്കാൾ എന്തെങ്കിലും നടത്തുന്നവരെ മന്ത്രിമാരും തെരഞ്ഞെടുക്കില്ലേ?
IAS പണിക്ക് കൊള്ളില്ല എന്നു വിലയിരുത്തൽ കമ്മിറ്റിയ്ക്ക് തോന്നിയത്കൊണ്ടാണ് സ്വാമിയെ പിരിച്ചുവിട്ടത്. അന്യഥാ നല്ല മനുഷ്യനാണ് സ്വാമി. മനുഷ്യസ്നേഹിയും. IAS അക്കാദമിയിലോ മറ്റു ഏതെങ്കിലും കോളേജിലോ പഠിപ്പിക്കാൻ പോയാൽ നന്നായി ശോഭിച്ചേക്കും. അതാണ് സ്വാമിക്കും പൊതുജനത്തിനും ലാഭം.
അഡ്വ.ഹരീഷ് വാസുദേവൻ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)