November 09, 2024 |

കൊലപാതകി മാത്രമായിരുന്നു എന്നത്‌ ഗോഡ്‌സയെ വെള്ള പൂശാന്‍ വേണ്ടി ചിലര്‍ പറയുന്നതാണ്

‘ഹിന്ദു രാഷ്ട്രം’ എന്ന സങ്കല്‍പ്പത്തില്‍ ഊന്നി ആ തീവ്രമായ ആശയത്തിന് വേണ്ടി കൊലക്കത്തി എടുക്കുന്ന ഗ്രൂപ്പുകാരെ ‘തീവ്രവാദികള്‍’ എന്നതല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്?

കമലഹാസന്റെ ഗോഡ്സേ തീവ്രവാദിയായിരുന്നു എന്ന പ്രസ്താവനയില്‍ എന്താണ് തെറ്റ്. നാഥുറാം ഗോഡ്സേ തീര്‍ച്ചയായും ഒരു തീവ്രവാദി തന്നെ ആയിരുന്നു. അയാള്‍ ഒരു ‘അസാസിന്‍’ അല്ലെങ്കില്‍ കൊലപാതകി മാത്രമായിരുന്നു എന്നതൊക്കെ ഗോഡ്സേയെ വെള്ള പൂശാന്‍ വേണ്ടി ചിലര്‍ പറയുന്നതാണ്. ‘Why I Assassinated Mahatma Gandhi’ എന്നുള്ള നാഥുറാം ഗോഡ്സേയുടെ പുസ്തകം ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. ‘ഹിന്ദു രാഷ്ട്രം’ എന്ന സങ്കല്‍പ്പത്തില്‍ ഊന്നി ആ തീവ്രമായ ആശയത്തിന് വേണ്ടി കൊലക്കത്തി എടുക്കുന്ന ഗ്രൂപ്പുകാരെ ‘തീവ്രവാദികള്‍’ എന്നതല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്? ഏതെങ്കിലും ഒരു പ്രദേശത്ത് സാധാരണ ജനം ഇതുപോലുള്ള തീവ്രവാദം രാഷ്ട്രീയ മാര്‍ഗമായിട്ട് തെരെഞ്ഞെടുത്തിട്ടുണ്ടോ? ജനത്തിന് അവരുടെ പിള്ളേര്‍ക്ക് പണി കിട്ടണം, ജോലിക്ക് സുരക്ഷ വേണം, ക്രമ സമാധാനം പുലരണം, ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വികസനം ഉണ്ടാവണം – എന്നൊക്കെയുള്ള ചിന്തയേ ഉള്ളൂ. ദാരിദ്ര്യം കൊടുമ്പിരി കൊള്ളുമ്പോള്‍ പോലും ആ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി വേണം എന്നല്ലാതെ ഇസ്ലാമിക രാഷ്ട്രം വേണമെന്നോ, കമ്യൂണിസ്റ്റ് രാഷ്ട്രം വേണമെന്നോ, സിക്ക് രാഷ്ട്രം വേണമെന്നോ, ഹിന്ദു രാഷ്ട്രം വേണമെന്നോ സാധാരണ ജനം പറയില്ല.

1948 മെയ് 27 തൊട്ട് 1949 ഫെബ്രുവരി 10 വരെ ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന ഗാന്ധി വധത്തിന്റ്റെ വിചാരണയില്‍ കുറ്റക്കാരനാണെന്നു കണ്ട് വധശിക്ഷക്ക് വിധിച്ചതിനെതിരെ പ്രതികളായവര്‍ അപ്പീല്‍ നല്‍കിയത് പഞ്ചാബ് ഹൈക്കോടതിയിലാണ്. ഷിംലയില്‍ ചേര്‍ന്ന അപ്പീല്‍ കോടതിയില്‍ എന്തുകൊണ്ട് താന്‍ ഗാന്ധിജിയുടെ കഥകഴിച്ചുവെന്ന് ഗോഡ്‌സേ നീണ്ടൊരു പ്രസംഗം നടത്തുന്നുണ്ട്. പിന്നീട് വികാരപരമായ ആ പ്രസംഗത്തിന്റെ പ്രകാശനം ഭാരത സര്‍ക്കാര്‍ നിരോധിച്ചു. വികാരഭരിതവും കോടതി മുറിയില്‍ തടിച്ചുകൂടിയ സ്ത്രീകളുടെ കണ്ണ് നനയിക്കുകയും ചെയ്ത ആ പ്രസംഗത്തിലും നാഥുറാം ഗോഡ്‌സേ എന്ന കൊലപാതകി വെറുപ്പിന്റെ വര്‍ഗീയ വിഷമാണ് അഴിച്ചു വിട്ടത്.

ഗാന്ധിവിരോധം ആ ഗോഡ്‌സേയില്‍ കുത്തിവെച്ചത് വിനായക് ദാമോദര്‍ സവര്‍ക്കറാണ്. ഹിംസയെ ആരാധിച്ച സവര്‍ക്കര്‍ക്ക് ഗാന്ധിജിയുടെ അഹിംസാ മാര്‍ഗത്തോട് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. ആക്രമണോത്സുകമായ ഒരു സമൂഹത്തെ കുറിച്ചും, ഭരണ കൂടത്തേയും ആണ് ആ മനുഷ്യന്‍ എന്നും സ്വപ്നം കണ്ടത്, അതിനു വേണ്ടി ആണ് അനുയായികളെ വാര്‍ത്തെടുത്തതും. സവര്‍ക്കറുടെ ആക്രമണോത്സുക ആശയങ്ങളും, ശിക്ഷണവുമാണ് ഗോഡ്‌സേയെ കടുത്ത ഗാന്ധിവിരുദ്ധനാക്കുന്നത്. ഇത്തരം ആശയങ്ങള്‍ക്ക് അടിമപ്പെടുന്നതിനു മുമ്പ് ഗാന്ധിയുടെ വാക്കുകള്‍ കേട്ട് ജയിലില്‍ പോയ ഒരാളായിരുന്നു ഗോഡ്‌സെ. ഗാന്ധി വധത്തിനു ശേഷം കോടതി മുറിയെയും തന്റെ പ്രത്യയശാസ്ത്ര പ്രചാരണത്തിനു ഉപയോഗപ്പെടുത്തുകയായിരുന്നു ഗോഡ്‌സെ. ഇത്തരത്തിലുള്ള ആശയ പ്രചാരണങ്ങളൊക്കെ എല്ലാ വിഭാഗത്തിലും പെട്ട തീവ്രവാദികള്‍ ചെയ്യുന്നതുമാണ്.

വിഭജനാനന്തരം നടമാടിയ വര്‍ഗീയ കൂട്ടക്കൊലയില്‍ ദശലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യര്‍ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗാന്ധിജി ബിര്‍ള ഹൗസില്‍ ഹിന്ദു-മുസ്ലിം-സിഖ് സൗഹാര്‍ദ്ദത്തിന് വേണ്ടി നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. പാകിസ്തന്‍ നിലവില്‍ വന്നിട്ടും ഹിന്ദു-മുസ്ലിം മൈത്രിയെ കുറിച്ചാണ് ഗാന്ധിജി സംസാരിക്കുന്നതെന്നു പറഞ്ഞ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും രോഷം പൂണ്ടത് മാത്രമല്ലായിരുന്നു ഗോഡ്‌സെയെ ഗാന്ധിക്കെതിരെ തിരിച്ചത്. വിഭജന കരാറിന്റെ ഭാഗമായി പാകിസ്താന് അര്‍ഹതപ്പെട്ട 550 മില്യണ്‍ രൂപാ ഇന്ത്യ കൊടുക്കണമെന്നുള്ള ആവശ്യം നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാനുള്ള ഒരു ഉപാധിയായി ഗാന്ധി ഉയര്‍ത്തി കാട്ടിയതാണ് പ്രധാനമായി ഗോഡ്‌സെ ഗാന്ധിയെ വധിക്കാന്‍ തീരുമാനിച്ചത്. ഗാന്ധിയെ സംബന്ധിച്ച് പാകിസ്താന് അര്‍ഹതപ്പെട്ട 550 മില്യണ്‍ രൂപാ കൊടുക്കാതിരിക്കുന്നതു സ്വതന്ത്ര ഇന്ത്യ കാണിക്കുന്ന ധാര്‍മികമായുള്ള വലിയ തെറ്റായിരുന്നു. കുരുക്ഷേത്ര യുദ്ധ വേളയില്‍ മക്കള്‍ കൊല്ലപ്പെടും എന്നറിഞ്ഞിട്ടു കൂടി ‘യധോ ധര്‍മ സ്ഥതോ ജയാ’ എന്നനുഗ്രഹിച്ചു വിട്ട ഗാന്ധാരിയെ പോലെ ധര്‍മ്മത്തിന്റെ വിജയമാണ് ഗാന്ധിയും ആഗ്രഹിച്ചിരുന്നത്. തന്റെ രാഷ്ട്രം എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ധാര്‍മികമായ പാതയിലൂടെ നീങ്ങണം എന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ശഠിച്ചു. നിര്‍ഭാഗ്യവശാല്‍ ആ ആവശ്യം അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്കും ചെന്നെത്തി.

Read: പ്രഗ്യ താക്കൂറുമാര്‍ എന്തുകൊണ്ട് പാർലമെന്റില്‍ എത്തരുത്?

നേരെ മറിച്ച് പാകിസ്താന്‍ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങള്‍ സ്വപ്നത്തില്‍ കാണുന്ന ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ സാധിക്കുന്നില്ല എന്ന നിരാശയാണ് ഗാന്ധി ഘാതകരെ അലട്ടിയത്. എല്ലാറ്റിനും കാരണം മഹാത്മാ ഗാന്ധിയെന്ന് അവര്‍ വിലയിരുത്തി. ‘ഒരു ഭ്രാന്തനാണ് ബാപ്പുവിന്റെ ജീവിതത്തിന് അന്ത്യംകുറിച്ചത്. ആ കൃത്യം നടത്തിയവനെ അങ്ങനെ മാത്രമേ എനിക്കു വിളിക്കാനാവൂ. കഴിഞ്ഞ ഏതാനും വര്‍ഷമായി അത്രമാത്രം വിഷം ഈ രാജ്യത്ത് പരക്കുന്നുണ്ടായിരുന്നു.’ രക്തസാക്ഷിത്വ വാര്‍ത്ത ആകാശവാണിയില്‍ കൂടി ജനുവരി 30-ന് വൈകീട്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തോടായി ഗദ്ഗധകണ്ഠനായി പറഞ്ഞ വാക്കുകളാണിവ. കേവലം സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ച വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ഛായാചിത്രം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ തൂങ്ങുമ്പോള്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു പറഞ്ഞ വര്‍ഗീയ വിഷം വീണ്ടും ഈ രാജ്യത്ത് പരക്കുന്നില്ലേ? വെറുപ്പിന്റെ രാഷ്ട്രീയം തന്നെയല്ലേ ഈ രാജ്യത്തു വീണ്ടും സംഘടിതവും, ആസൂത്രിതവുമായി പ്രചരിക്കപ്പെടുന്നത്?

ഗാന്ധിയുടെ വധത്തിനു വേണ്ടിയുള്ള കൈത്തോക്ക് – ബേറേറ്റാ ഓട്ടോമാറ്റിക് പിസ്റ്റളും, 20 വെടിയുണ്ടയും സപ്ലൈ ചെയ്തവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഗാന്ധി വധത്തിനു വേണ്ടി നാഥുറാം ഗോഡ്‌സേയും, നാരായണ്‍ ആപ്‌തേയും, വിഷ്ണു കര്‍ക്കാരെയും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പര്‍ചൂരേയുടെ പക്കല്‍ നിന്ന് ബേറേറ്റാ ഓട്ടോമാറ്റിക് പിസ്റ്റളും, 20 വെടിയുണ്ടയും കൈപ്പറ്റുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വലിയ ഒരു നിര ആളുകള്‍ ഉണ്ട്. 10,000 രൂപയായിരുന്നു അന്ന് ആ കൈത്തോക്കിന് വില. ഇന്നത്തെ രീതിയിലാണെങ്കില്‍ ഒരു ലക്ഷത്തിനു മീതെ ആകും. ഈ പണം വലിയ പിരിവു നടത്തിയാണ് സംഘടിപ്പിച്ചത്. അപ്പോള്‍ തന്നെ സമാധാനത്തിന്റെയും, സഹിഷ്ണുതയുടെയും പ്രതീകമായ ഗാന്ധിയെ വധിക്കാന്‍ വലിയ ഒരു ക്രിമിനല്‍ തീവ്രവാദ സംഘം പ്രവര്‍ത്തിച്ചിരുന്നു എന്നല്ലേ വ്യക്തമാകുന്നത്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്ത്വത്തിന് 71 വയസ് തികയുമ്പോള്‍ പോലും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പര്‍ചൂരേയ്ക്ക് ഓട്ടോമാറ്റിക് പിസ്റ്റള്‍ ലഭ്യമാക്കുന്നതില്‍ പങ്കാളികളായ ഗ്വാളിയര്‍ സ്വദേശികളായ ഗംഗാധര്‍ എസ്. ദന്തവദേ, ഗംഗാധര്‍ യാദവ്, സൂര്യദേവ ശര്‍മ എന്നിവരെ പിടിക്കാനുള്ള ശ്രമങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍! ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ഗാന്ധി വധം നടന്നിട്ട് 71 വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത് ഈയിടെയാണ്. ഗാന്ധി വധം അന്വേഷിച്ച ജസ്റ്റിസ് ജെ.എല്‍. കപൂര്‍ 1969-ല്‍ സമര്‍പ്പിച്ച ആറ് വോളിയം റിപ്പോര്‍ട്ടില്‍ അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ചത് വെറുതെയല്ല.

ചുരുക്കം പറഞ്ഞാല്‍ ദൃശ്യവും, അദൃശ്യവും ആയ ഒട്ടേറെ ശക്തികള്‍ മത സൗഹാര്‍ദത്തിനും, സാഹോദര്യത്തിനും, സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയുടെ വധം ആഗ്രഹിച്ചിരുന്നു. അവരൊക്കെ ഒളിഞ്ഞും, തെളിഞ്ഞും ഇന്നും ഗാന്ധിയുടെ ഘാതകരെ സംരക്ഷിക്കുന്നു; ന്യായീകരിക്കുന്നു. ഗോഡ്‌സെക്ക് വേണ്ടി ഹിന്ദു മഹാ സഭ അമ്പലം പണിയുന്നു; നാടകങ്ങള്‍ കളിക്കുന്നു. ഒരു കൊലപാതകിയെ ആണ് ഇങ്ങനെ പ്രകീര്‍ത്തിക്കുന്നത് എന്നവര്‍ ഓര്‍ക്കുന്നില്ല. ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റില്‍’ ഗാന്ധി ഘാതകരെ അനുഗ്രഹിച്ചു വിട്ടു എന്ന് പറയുന്ന വിനായക് ദാമോദര്‍ സവര്‍ക്കറെ മോഹന്‍ലാല്‍ ചിത്രം പ്രകീര്‍ത്തിക്കുന്നു. കേവലം സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ച വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ചിത്രം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റെില്‍ പ്രദര്‍ശിക്കപ്പെടുന്നു. ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: 56 ഇഞ്ച് നെഞ്ചും 56 ഇഞ്ച് ഹൃദയവും; രണ്ടു കാഴ്ചപ്പാടുകളുടെ യുദ്ധം

 

Advertisement