UPDATES

ബ്ലോഗ്

‘ഇവാന്‍ തുര്‍ഗനേവിന്റെ ആദ്യ പ്രേമം, മമ്മൂട്ടിയെയും ദുല്‍ഖറിനെയും മാത്രം മനസ്സില്‍ കണ്ടാണ്‌ വായിച്ചത്’

സെറ്റില്‍ഡ്, സേഫ് എന്നൊരവസ്ഥ ഒരിക്കലും ഒരു കാമുകിക്ക് ഇല്ലല്ലോ എന്ന് ഉള്ളു പിടഞ്ഞത് ആ നിമിഷത്തിലാണ്.

                       

ഇവാന്‍ തുര്‍ഗനേവിന്റെ First Love മലയാളത്തില്‍ സിനിമയായാല്‍?

ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുല്‍ഖറിനെയും മാത്രം മനസ്സില്‍ കണ്ടാണത് വായിച്ചത്. പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കുമെങ്കില്‍ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങള്‍ മനസ്സിലാക്കിയേക്കും. അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോള്‍ ഭയപ്പെടുത്തുകയും ചെയ്ത വ്‌ലാഡിമിര്‍ എന്ന പയ്യനെ, അവന്റെ അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്‌നേഹിച്ചു പോകും.

അതിലെ നായികയാകാന്‍ പറ്റിയ ഒരു മുഖം മികച്ച സംവിധായകര്‍ക്കേ കണ്ടെത്താന്‍ കഴിയൂ. അവസാനത്തെ പേജില്‍ Turgenev ഞെട്ടിച്ചു കളയുന്നുണ്ട്.

പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂര്‍ത്ത ദംഷ്ട്രകള്‍ എത്ര തവണ ഞാനും നേരില്‍ കണ്ടിരിക്കുന്നു! ചിലപ്പോള്‍ അതിലെ സ്‌നേഹാധിക്യത്തെ പോലും ഭയന്ന് ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!. സമ്മര്‍ദ്ദങ്ങളില്‍ പെട്ടിരിക്കുന്നു! എന്നിട്ടും മാറി മാറി പ്രണയങ്ങള്‍ അതിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളില്‍ പല കാടെന്ന പോലെ, ഒരു ജ്വാലയില്‍ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടര്‍ന്നും ജ്വലിച്ചു.

ഉയരെയിലെ സ്‌കൂട്ടറില്‍ നിന്നു പിടഞ്ഞു വീണ് പൊള്ളിയുരുകുന്ന പല്ലവി രവീന്ദ്രന്‍, ‘നീ സെറ്റില്‍ഡ് ആയല്ലോ, സേഫ് ആയല്ലോ നിന്നെ ഞാന്‍ ജീവിക്കാന്‍ വിടില്ല’എന്ന് അസഹിഷ്ണുവാകുന്ന ഗോവിന്ദ്.

സെറ്റില്‍ഡ്, സേഫ് എന്നൊരവസ്ഥ ഒരിക്കലും ഒരു കാമുകിക്ക് ഇല്ലല്ലോ എന്ന് ഉള്ളു പിടഞ്ഞത് ആ നിമിഷത്തിലാണ്. തലനാരിഴക്ക് രക്ഷപ്പെട്ടു പോന്ന പ്രണയങ്ങള്‍ പോലും ഏതു പ്രായത്തിലും അവളെ പേക്കിനാക്കളായി പിന്തുടരും. ആസിഡ് വീണു പൊള്ളി വികൃതമായ മനസ്സുമായാണ് ഓരോ പ്രണയത്തില്‍ നിന്നും അവള്‍ രക്ഷപ്പെടുന്നത്. വടു കെട്ടി, വികൃതമായി അതങ്ങനെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും ജീവിതാവസാനം വരെ. എന്നിട്ടും അവള്‍ക്ക് പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കുന്നില്ല.

Share on

മറ്റുവാര്‍ത്തകള്‍