UPDATES

ബ്ലോഗ്

ബന്ധങ്ങളില്‍ അവിഹിതം തിരയുന്ന മാധ്യമ സദാചാരം

വിവാഹ ബന്ധത്തിനോ കുടുംബ ബന്ധത്തിനോ പുറത്തുള്ള ഏത് സ്ത്രീപുരുഷ പാരസ്പര്യങ്ങളെയും അവിഹിതമാക്കാന്‍ മത്സരിച്ചു ശ്രമിക്കുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്: മാധ്യമ പാപ്പരാസികളും പോലീസുകാരും

കെ.എ ഷാജി

കെ.എ ഷാജി

                       

മനുഷ്യബന്ധങ്ങളിലെ വിശുദ്ധിയും അശുദ്ധിയും, വ്യക്തി സ്വാതന്ത്ര്യത്തെ ആദരിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്ന ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടുന്ന വിഷയമേയല്ല. വിശാലമായ പൊതുതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ക്കും അവയുടെ മുഖ്യ പരിഗണനകളില്‍ ഇത്തരമൊരു തരംതിരിക്കല്‍ കൊണ്ടുവരേണ്ട കാര്യമില്ല. എന്നിരിക്കിലും നമ്മുടെ മാധ്യമ ചര്‍ച്ചകളിലും സാമൂഹിക മാധ്യമ വ്യവഹാരങ്ങളിലും ഏറ്റവും അധികം കടന്നു വരുന്ന ഒരു വാക്കാണ്‌ അവിഹിതം.

വിവാഹ ബന്ധത്തിനോ കുടുംബ ബന്ധത്തിനോ പുറത്തുള്ള ഏത് സ്ത്രീപുരുഷ പാരസ്പര്യങ്ങളെയും അവിഹിതമാക്കാന്‍ മത്സരിച്ചു ശ്രമിക്കുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്: മാധ്യമ പാപ്പരാസികളും പോലീസുകാരും. മുന്‍പിത് മത നേതാക്കളുടെയും സ്വര്‍ഗത്തിലേക്ക് പാസ്പോര്‍ട്ട്‌ കൊടുക്കുന്നവരുടെയും പണിയായിരുന്നു. സദാചാരം എന്നൊരു അസ്ഥിവാരത്തിലാണ് ഏതാണ്ടെല്ലാ മതങ്ങളും പണിതീര്‍ക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട് തന്നെ അവരുടെ ഈ വിഷയത്തിലെ ഉത്കണ്ഠ ഒരുപരിധിവരെ ന്യായവുമായിരുന്നു. എന്നാല്‍ മാധ്യമങ്ങളും പോലീസും ഈ മേഖലയിലെ മത നേതാക്കളുടെ കുത്തക തകര്‍ക്കുകയും ഒളിഞ്ഞുനോട്ടവും ഇക്കിളികഥ നിര്‍മ്മാണവും തങ്ങളുടെ ഇഷ്ട വിനോദങ്ങളായി മാറ്റികൊണ്ടിരിക്കുകയുമാണ്.

പത്രങ്ങളില്‍ ആയാലും ചാനലുകളില്‍ ആയാലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ആയാലും വായനക്കാരുടെയും പ്രേക്ഷകരുടെയും എണ്ണം കൂടുന്നത് പലപ്പോഴും എത്ര വാര്‍ത്തകളില്‍ അവിഹിതം എന്ന വാക്ക് കടന്നു വരുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. ഒളിഞ്ഞുനോട്ടം ഒരു കലയും ജീവിതവുമാക്കി വളര്‍ത്തിയെടുത്ത രോഗഗ്രസ്ത മനസ്സുള്ള നിരവധിപേര്‍ ഉള്ള ഒരു സമൂഹത്തില്‍ ഇതൊരു എളുപ്പപണിയാണ്. പോലീസുകാര്‍ക്കും അവിഹിതത്തില്‍ ആണ് വലിയ താത്പര്യം. വലിയ അന്വേഷണം ഒന്നും കൂടാതെ പല കേസുകളും അവസാനിപ്പിക്കാന്‍ ഇതിലും വലിയ ഒരു നിഗമനം ഇല്ല.

വിഹിതം അല്ലാത്തതിനെയാണ് അവിഹിതം എന്ന് പറയുന്നത് എങ്കില്‍ എന്താണ് വിഹിതം എന്നും എന്താണ് വിഹിതം അല്ലാത്തത് എന്നും വ്യക്തമാക്കേണ്ടി വരും. ബന്ധങ്ങളില്ലാതെ ഒറ്റയാന്‍ തുരുത്തായി ജീവിക്കാന്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും കഴിയില്ല. അപ്പോള്‍ ബന്ധങ്ങള്‍ ഒരു ആവശ്യകതയാണ്. സമൂഹം അനുവദിക്കുന്നത് എന്ന് പറഞ്ഞ് സദാചാര വാദികള്‍ അവതരിപ്പിക്കുന്ന ചില ഉദാത്ത ബന്ധങ്ങളുണ്ട്. അവയില്‍ നിന്നാണ് പലപ്പോഴും ആളുകള്‍ ചാടിയിറങ്ങി മാധ്യമങ്ങളും പോലീസും മതവും പറയുന്ന അവിഹിതങ്ങളില്‍ എത്തിപ്പെടുന്നത്. മനുഷ്യര്‍ക്ക്‌ സന്തോഷം പകരുകയാണ് അടിസ്ഥാനപരമായി ഏതൊരു ബന്ധത്തിന്റെയും അര്‍ഥം. ബന്ധങ്ങളുടെ വൈകാരിക പരിസരം അവിടെയാണ്. അത്യധികം ഉദാരതയോടെ നിങ്ങള്‍ കല്പിച്ച് അനുവദിക്കുന്ന ബന്ധങ്ങളില്‍ നിന്നും ആളുകള്‍ പുറത്തു പോവുകയും ബദലുകള്‍ തേടുകയും ചെയ്യുന്നു എങ്കില്‍ അത്തരം ബന്ധങ്ങള്‍ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട് എന്ന് കാണേണ്ടി വരും.

ഇനിയുള്ള പ്രശ്നം എല്ലാ ബന്ധങ്ങള്‍ക്കും ഒരു പൊതുസ്വഭാവം ആണോ എന്നതാണ്. നിങ്ങളുടെ അംഗീകാരം ഇല്ലാത്ത ബന്ധങ്ങള്‍ എല്ലാം അവിഹിതം ആയിരിക്കും എന്ന് നിങ്ങള്‍ എങ്ങനെയാണ് ഉറപ്പിച്ചു പറയുന്നത്? ബുദ്ധിപരമായും മാനസികമായും വീക്ഷണപരമായും സമാനതകള്‍ പുലര്‍ത്തുന്നവരെയും അവരുടെ അടുത്ത സൌഹൃദങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് വിവക്ഷിക്കുന്നത്?

പലപ്പോഴും സമൂഹത്തിന്‍റെ അവിഹിതം സംബന്ധിച്ച കുത്സിത കഥകളില്‍ ഇരയാക്കപ്പെടുകയും വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യുന്നത് സ്ത്രീകളാണ്. എന്നാല്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ വിശുദ്ധം എന്നും അവിശുദ്ധം എന്നും തരം തിരിക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന മാധ്യമ പ്രവര്‍ത്തകരിലും പോലീസുകാരിലും മതവക്താക്കളിലും നിരവധി സ്ത്രീകളുമുണ്ട്. കുലസ്ത്രീ പട്ടം അണിയാത്ത ഇഞ്ചോടിഞ്ച് പുരോഗമനം പറയുന്നവരും ഉണ്ട്. പൊതുവിൽ അതീവ പുരോഗമനക്കാരും തീവ്രവിപ്ലവകാരികളും സ്വയം സമ്പൂർണ്ണരും പെർഫക്ഷനിസ്റ്റുകളുമായ അവർ എന്ത് മാനദണ്ഡം ഉപയോഗിച്ചാണ്‌ ഇത്തരം തീരുമാനങ്ങളില്‍ എത്തിയത് എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരമുണ്ടാകില്ല. സ്വയം ബോധ്യം ഇല്ലാത്ത കാര്യങ്ങള്‍ സൗകര്യപൂർവ്വം ഊഹങ്ങൾക്ക് വിട്ടുകൊടുക്കല്‍ ആണല്ലോ മനുഷ്യരുടെ പൊതുവായ സമീപന രീതി.

കൊയമ്പത്തൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന സമയത്താണ് വിശുദ്ധി ഒരു വലിയ പ്രശ്നമായി അനുഭവപ്പെട്ടത്. കേരളത്തേക്കാള്‍ സദാചാര സംരക്ഷകര്‍ ആണ് തമിഴ് നാട്ടില്‍ ഉള്ളത്. അന്ന് പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ ഏഴു ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാര്‍ അയയ്ക്കുന്ന വാര്‍ത്തകള്‍ വിശദമായി വായിച്ചതിന് ശേഷം വേണം എഡിറ്റിങ്ങിന് അയയ്ക്കാന്‍. ക്രൈം വാര്‍ത്തകളില്‍ പലപ്പോഴും ഈ സദാചാര പോലീസ് കയറി ഇരിക്കും. ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു എന്ന വാര്‍ത്തയില്‍ പോലീസിനെ ഉദ്ധരിച്ച് അയല്‍ വീട്ടിലെ പയ്യനുമായി ഭാര്യക്ക്‌ അവിശുദ്ധ ബന്ധം (illicit relationship) ഉണ്ടായിരുന്നു എന്ന് മിക്ക വാര്‍ത്തകളിലും സ്ഥാപിച്ചു വച്ചിരിക്കും. ഭാര്യ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു എന്ന വാര്‍ത്തയിലും അങ്ങനെ തന്നെ.

അക്കാലത്തെ ഒരു പ്രധാന പണി ഇത്തരം വാര്‍ത്തകളിലെ illicit എന്ന പദം വെട്ടി മാറ്റുക ആയിരുന്നു. They were in a relationship എന്ന് പോലീസിനെ ഉദ്ധരിച്ച് പറയുന്നതില്‍ കുഴപ്പം ഇല്ലെന്നും മറിച്ച് ആ ബന്ധം illicit ആയിരുന്നു എന്ന് തരം തിരിക്കാന്‍ പോലീസിനോ പത്രക്കാര്‍ക്കോ അധികാരം ഇല്ലെന്നും എത്ര പറഞ്ഞാലും ക്രൈം ബീറ്റ് ചെയ്യുന്നവര്‍ അത് തന്നെ ആവര്‍ത്തിക്കും.
രണ്ട് വ്യക്തികള്‍ (സ്ത്രീകളോ പുരുഷന്മാരോ ആകട്ടെ) തമ്മില്‍ എന്തുതരം ബന്ധം ആണ് എന്നത് പലപ്പോഴും ആ രണ്ട് വ്യക്തികള്‍ക്ക് മാത്രം അറിയുന്നതും പൊതുധാരണയ്ക്ക് പലപ്പോഴും വിരുദ്ധവും ആയിരിക്കും. മറ്റുള്ളവര്‍ക്ക് ഇല്ലിസിറ്റ് ആകുന്നത് അവര്‍ക്ക് അങ്ങനെ ആയിക്കൊള്ളണം എന്നില്ല. പലപ്പോഴും പുറത്തു നില്‍ക്കുന്നവരുടെ മനസ്സിലാക്കലുകളില്‍ ആണ് കുഴപ്പം സംഭവിക്കുക. തെറ്റിദ്ധാരണകള്‍ ആണ് പലപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് വഴി ഒരുക്കുക. ഊഹകച്ചവടക്കാര്‍ പോലീസ് പറയുന്നത് ആവര്‍ത്തിക്കുമ്പോള്‍ ചില പോതുബോധങ്ങള്‍ ശക്തിപ്പെടും.

ദിവ്യവും മനോഹരവും അനുകരണീയവുമായ ബന്ധങ്ങളെപ്പോലും അപവാദങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ച് നശിപ്പിക്കുന്നത് ചിലര്‍ക്ക് ഹോബിയാണ്. അത്തരക്കാര്‍ കൂട്ടത്തില്‍ മനുഷ്യാവകാശവും പുരോഗമനവും ഒക്കെ പറയും എന്നതാണ് ക്രൂരമായ തമാശ. സോഷ്യല്‍ മീഡിയയില്‍ ഇത്തരം തേജോവധങ്ങള്‍ക്ക് അപാര സാധ്യതയാണ്.

പൌരാവകാശം പറയുന്ന ഒരു വ്യക്തിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍ മനസ്സിലായത് ആ വ്യക്തി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ജീവിത പങ്കാളിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നുഴഞ്ഞു കയറി അടുത്ത സൌഹൃദം ഉള്ള വ്യക്തികളെ കണ്ടെത്തി ഫോണ്‍ വിളിച്ച് അസഭ്യം പറയുന്നതിലാണ്. സ്വന്തം ജീവിതത്തില്‍ ഇതൊക്കെ ആകുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ആ വ്യക്തി ഇടയ്ക്കിടെ തുല്യ നീതി, അവസര സമത്വം, ജെണ്ടര്‍ പാരിറ്റി എന്നെല്ലാം പറയുന്നുമുണ്ടായിരുന്നു.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍