UPDATES

മാട്രിമോണിയലില്‍ സ്വജാതി മാത്രം തിരയുന്ന, ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാത്ത, സമൂഹത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍?

ഒരാള്‍ മാത്രമാണ് പ്രതിയെന്നും മറ്റുള്ളവരെല്ലാം സെക്കുലറാണെന്നും ഞാന്‍ കരുതുന്നില്ല

                       

ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശം കേവലം വ്യക്തിയധിഷ്ഠിതമല്ലെന്ന് ദളിത് ആക്ടിവിസ്റ് രേഖരാജ്. വിഷയത്തിൽ അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയും കൂടിയായ ഡോ.രേഖരാജ്.

കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഒറ്റപ്പെട്ട സംഭവമായി വിലയിരുത്താൻ കഴിയില്ല. കറുപ്പിനോടുള്ള സമീപനം അവർ തുറന്നു പറഞ്ഞെന്ന് മാത്രം. നിറത്തിനും കറുപ്പിനും ജാതീയതയെക്കാൾ കൂടുതൽ ബന്ധമുള്ളത് വംശീയതയുമായാണ്. എല്ലാമതത്തിലും നിറവ്യത്യാസത്തിലുള്ള മനുഷ്യരുണ്ട്. നിറം ഒരു കൊളോണിയൽ മനസ്ഥിതി കൂടിയാണ്. കോളനിവൽക്കരണത്തിന്റെ ഭാഗമായാണ് നിറത്തിന്റെ പ്രസക്തി വർദ്ധിച്ചത്. അതിനു മുമ്പാകട്ടെ അധികാരശ്രേണി തീരുമാനിച്ചിരുന്നത് ജാതിയായിരുന്നു. നിറ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നടത്തുന്നതും ജാതിയിലൂന്നിയാണ്. കൊളോണിയൽ ചിന്താധാരയുടെ ഭാഗം കൂടിയായി ഇതിനെ വിലയിരുത്താം. സൗന്ദര്യത്തിന് പുതിയ മാനങ്ങൾ നൽകുന്ന നവ ലിബറൽ കാലഘട്ടത്തിൽ കറുപ്പ് കൂടുതൽ പ്രതിസന്ധിയാകുകയാണ്. ഏറ്റക്കുറച്ചിലുകളില്ലാതെ എല്ലാ ശരീരവും സുന്ദരമാണെന്ന ആശയം പകർന്നു നൽകുന്നതിനായി സാംസ്‌കാരിക ഇടപെടൽ ഉണ്ടാകണ. വ്യത്യസ്തരായതു കൊണ്ട് മാത്രം ആരും സൗന്ദര്യമില്ലാത്തവരായി മാറുന്നില്ല. വ്യത്യസ്തതയെ സൗന്ദര്യമായി കണക്കാക്കാൻ കൂടി സാധിക്കേണ്ടതുണ്ട്.

കലയിലേക്ക് ചിലർ  മാത്രം പ്രവേശിക്കാൻ കഴിയാത്ത  അടഞ്ഞ സ്വഭാവം കൂടി മറികടക്കേണ്ടതുണ്ട്. സവർണ്ണർ കുത്തകയാക്കി വച്ചിരിക്കുന്ന ഒരിടത്തേക്ക് കൂടുതൽ ആളുകൾ കൂടി പ്രവേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. വരേണ്യമായ ക്ലാസിക്കൽ കലകൾ മാത്രമാണോ കല എന്ന് ചോദ്യം കൂടി ഈ സാഹചര്യത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. ക്ലാസ്സിക്കൽ കലകൾക്ക് പുറമെയുള്ള കലാരൂപങ്ങൾക്ക് കൂടി പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലേക്ക് സാംസ്‌കാരിക അഭിരുചി മാറേണ്ടതുണ്ട്. കേവലം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ജാതിയും നിറവും പോലെയുള്ള വിവിധ പ്രശ്നങ്ങൾ. ആ പ്രശ്നങ്ങൾ കൂടിയാണ് ആത്യന്തികമായി ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശം വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. അവർക്ക് കീഴിൽ നൃത്തം അഭ്യസിക്കാനെത്തുന്നവരോട് വിവേചനപരമായ നിലപാട് തന്നെയാകും സ്വീകരിക്കുക. വിദ്വേഷത്തിന് പുറത്തുള്ള വ്യക്തിഹത്യകളും അതിന്റെ പുറകെയുണ്ടായ ബഹളങ്ങളും ചുരുങ്ങിയ ദിവസത്തിനുള്ളിൽ കെട്ടടങ്ങും. എന്നാൽ വളരെ കാലമായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകളിൽ ഒന്ന് വർണ്ണത്തിന്റെ പേരിലാണ്. യുക്തി പൂർണമായ ഇടപെടലുകളോടെ അതിനെ എങ്ങനെ അതിജീവിക്കാമെന്ന ചോദ്യത്തെയാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങളിൽ ആർ.എൽ.വി രാമകൃഷ്ണൻ നിയമ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പേര് പരാമർശിക്കാത്ത അഭിപ്രായ പ്രകടനമാണെങ്കിൽ പോലും,സർക്കാരിന് സ്വയം കേസ് എടുക്കാനുള്ള അധികാരവുമുണ്ട്.  ഇന്ത്യൻ ഭരണഘടനയനുസരിച്ച് വർണ്ണ, ജാതി, വർഗ, ലിംഗ വ്യത്യാസങ്ങൾക്ക് അതീതമായും വിവേചനപരമല്ലാത്തതുമായ അവകാശം എല്ലാവർക്കുമുണ്ട്. പ്രധനമായും കുത്തകവൽക്കരിക്കപ്പെട്ട ഇടത്തേക്ക് അവർണ്ണരും,ദളിതരും കയറി വരുന്നതിന്റെ അസഹിഷ്ണുത കൂടിയാണിത്. കുത്തക അധികാരം ഇല്ലാതാകുന്നതിന്റെ ഇത്തരം പ്രതിസന്ധികൾ വ്യക്തികളിലൂടെ പുറത്തുവരുന്നതിന്റെ ഉദാഹരണം കൂടിയാണിത്. ജാതി പരിശീലിക്കുന്ന അതേ സമയം എനിക്ക് ജാതിയില്ലെന്ന് പറയുന്ന മലയാളികളെ സംബന്ധിച്ച് ജാതി ഒളിച്ചുകടത്തുന്നത് പതിവാണ്. പുറമെ ലിബറലിസവും, പുരോഗമനവാദവും ഉൾക്കൊള്ളുകയും മറുവശത്ത് തികഞ്ഞ ജാതീയത പുലർത്തുകയും ചെയ്യുന്ന മലയാളി സമൂഹം ഈ വിഷയത്തെ വിശകലനം ചെയ്യേണ്ടതുണ്ട്.

ജാതിവാണിരുന്ന ഒരു കാലത്തേക്കളുള്ള തിരിച്ചു പോക്കായാണോ ഇതിനെ വിലയിരുത്തേണ്ടത്. ഇപ്പോഴും മാട്രിമോണിയിൽ പരസ്യം ചെയ്ത് സ്വജാതിയിൽ നിന്ന് മാത്രം കല്യാണം കഴിക്കുകയും, എല്ലവിധ ആചാരാനുഷ്ട്ടാനങ്ങളോട് കൂടി ജീവിക്കുകയും ചെയുന്ന ഒരു സമൂഹത്തിൽ നിന്ന് ഇതിൽക്കൂടുതൽ എന്താണ് പ്രതീക്ഷിക്കാനുള്ളത്. മലയാളിയുടെ മതേതര, ജാതിവിരുദ്ധ ബോധത്തിന് ഏറ്റ പ്രഹരമായി ഇതിനെ കണക്കാകാൻ കഴിയില്ല. ഇവിടെ നിലനിൽക്കുന്ന അല്ലെങ്കിൽ പാലിച്ചുകൊണ്ടിരിക്കുന്ന, ജാതിവംശ കാഴ്ചപ്പാടിന്റെ തുടർച്ചയാണിത്. അത് ഒരു വ്യക്തിയിലൂടെ പുറന്തള്ളപ്പെട്ടുവെന്ന് മാത്രം. അവരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് മറ്റുള്ളവർ സെക്കുലർ വിശ്വാസികളാണെന്ന് ഞാൻ കരുതുന്നില്ല. കാരണം, അറിഞ്ഞോ അറിയാതയോ നമ്മളും ഈ കുറ്റകൃത്യത്തിന്റെ ഭാഗമാണ്. നമ്മുടെ മനോഭാവത്തിൽ ആത്മപരിഷ്ക്കരണം നടത്തേണ്ടതുണ്ട്. അയ്യങ്കാളി,ശ്രീനാരായണ ഗുരു തുടങ്ങിയ പല നവോഥാന നായകന്മാരും ഈ മനോഭാവത്തിന് അതീതമായ മൂല്യങ്ങൾ പറഞ്ഞുവച്ചിട്ടുണ്ട്. നമ്മെ തന്നെ സ്വയം നവീകരിച്ച് വേണം ആ മൂല്യങ്ങളെ തിരികെ പിടിക്കാൻ.

Related news


Share on

മറ്റുവാര്‍ത്തകള്‍