എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ അധ്യക്ഷനായിട്ടും തുഷാറിനെ പുറത്തിറക്കാന്‍ ഇടപെട്ടത് പിണറായിയാണെന്നതും അവിടെ ശ്രദ്ധേയമാണ്
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരുകളില്‍ ധനകാര്യ-ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തെ അറസ്റ്റ് ചെയ്തത് ആഘോഷമാക്കുകയാണ് കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതാക്കള്‍. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിക്കാനാവശ്യമായ സഹായം ചെയ്തു കൊടുത്തുവെന്ന കേസിലാണ് ചിദംബരത്തിന്റെ അറസ്റ്റ്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണെന്നാണ് ആരോപണം.
ഈ ഇടപാട് അതോടനുബന്ധിച്ച അഴിമതിയും നടക്കുന്ന സമയത്ത് ആദ്യ യുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. ഇടപാടിന് വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കുകയും ചെയ്തത് പി ചിദംബരമാണെന്ന് മാധ്യമസ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ഇന്ദ്രാണി മുഖര്‍ജി മൊഴിനല്‍കിയതോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ പേര് സിബിഐ തയ്യാറാക്കിയ എഫ്‌ഐആറിലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ കുറ്റപത്രത്തിലോ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. തനിക്കെതിരായ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ രാഷ്ട്രീയകാരണങ്ങളാല്‍ ലക്ഷ്യമിടുകയാണെന്നായിരുന്നു ചിദംബരത്തിന്റെ ആരോപണം. സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വന്തം മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. ഒരു കൊടും കുറ്റവാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം എന്ത് തെളിവിലാണ് ഈ അറസ്‌റ്റെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
ഈ കേസിന് ഒരു രാഷ്ട്രീയ പകപോക്കല്‍ സ്വഭാവമുണ്ടെന്ന് ആരോപണവും ശക്തമാണ്. ഒമ്പത് വര്‍ഷം മുമ്പത്തെ ഒരു രാഷ്ട്രീയ ചരിത്രമാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിലെ വിവാദമായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജൂലൈ 2010-ല്‍ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇത് പി ചിദംബരത്തിന്റെയും മന്‍മോഹന്‍ സിംഗിന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. രാജ്യത്ത് വിവിധ കേസുകളില്‍ (വ്യാപം, ശാരദ ചിറ്റ് ഫണ്ട് ഉള്‍പ്പെടെ) സിബിഐ പ്രതിപ്പട്ടികയില്‍ ഉള്ള 30ലധികം ബിജെപി നേതാക്കള്‍ ഉണ്ട്. അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാത്തവര്‍ ആണ് എഫ് ഐ ആറില്‍ പോലും പേരില്ലാത്ത ചിദംബരത്തെ ഒരു കുറ്റവാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ് ചെയ്യുന്നത്. ചിദംബരം ഉദ്ഘാടനം ചെയ്ത അതേ ലോക്കപ്പ് മുറിയില്‍ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്തതും ചിദംബരത്തിന് പിന്നാലെ പല കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റിലാകുമെന്നതുമുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ബിജെപി അനുകൂല പേജുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ബിജെപി വിരുദ്ധ നിലപാടെടുത്തിട്ടുള്ള രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്തതും ഇതിനിടെ ഈ പേജുകള്‍ അതീവ സന്തോഷത്തോടെ തന്നെ പങ്കിടുകയും ചെയ്തു.
ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇയില്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയും പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റിലായ തുഷാറിനെ ഇന്ന് ഉച്ചയോടെയാണ് അജ്മാനിലെ കോടതി ജാമ്യം അനുവദിച്ചത്. മലയാളി വ്യവസായിയായ എംഎ യൂസഫലി ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന്റെ മോചനം സാധ്യമായത്. വണ്ടിച്ചെക്ക് നല്‍കി ഇരുപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് തുഷാറിനെതിരായ കേസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയയ്ക്കുകയും ചെയ്തു. അതേസമയം ചിദംബരത്തിന്റെ അറസ്റ്റ് ആഘോഷമാക്കിയ ബിജെപി സംസ്ഥാന നേതൃത്വം തുഷാറിന്റെ അറസ്റ്റില്‍ പതറുന്ന കാഴ്ചയാണ് കാണാനായത്.
ഏറെ നേരം തുടര്‍ന്ന മൗനത്തിന് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇത് കെണിയാണെന്ന് പ്രതികരിക്കാന്‍ തയ്യാറായത്. അതേസമയം അതിന് മുമ്പ് പ്രതികരിച്ച ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. തുഷാറിന്റെ മോചനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനാലാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നുമൊക്കെ തട്ടിവിട്ട ഗോപാലകൃഷ്ണന്‍ തുഷാറിന്റെ അറസ്റ്റിനെക്കുറിച്ച് ചാനല്‍ വാര്‍ത്തകളില്‍ നിന്ന് മാത്രമാണ് അറിഞ്ഞതെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നുമൊക്കെയാണ് ന്യായീകരിച്ചത്.
തുഷാറിന്റെ അറസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ സിപിഎം രാഷ്ട്രീയ നേട്ടമാക്കിയപ്പോള്‍ ബിജെപിയ്ക്ക് അതൊരു തിരിച്ചടിയാണ്. എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ അധ്യക്ഷനായിട്ടും തുഷാറിനെ പുറത്തിറക്കാന്‍ ഇടപെട്ടത് പിണറായിയാണെന്നതും അവിടെ ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ബിജെപി അവിടെ ഇറക്കിയ ‘കരുത്തനായ സ്ഥാനാര്‍ത്ഥി’യായിരുന്നു തുഷാര്‍ എന്നതാണ് ബിജെപിയ്ക്ക് ഏറ്റവും വലിയ തിരിച്ചടി. തങ്ങളുടെ ‘കരുത്തനായ സാരഥി’യെ രക്ഷിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, വിദേശ കാര്യ മന്ത്രിക്ക് കത്തയച്ച് പിണറായി വിജയനും എംഎ യൂസഫലിയും ചേര്‍ന്ന് ജാമ്യത്തുക കെട്ടിവച്ച് പുറത്തിറക്കുകയും ചെയ്തു.
മോദി യുഎഇ സന്ദര്‍ശനത്തിന് തയ്യാറെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുന്നണിയിലെ ഒരു നേതാവ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അവിടെ ജയിലിലാകുന്നത്. അതിനാല്‍ തന്നെ വ്യക്തിപരമായി മോദിക്കും ഇതൊരു തിരിച്ചടിയാണ്. എന്നാല്‍ മോദിയെത്തുന്നതിന് മുമ്പ് തന്നെ തുഷാര്‍ വെള്ളാപ്പള്ളി ജയില്‍ മോചിതനാകുകയും ചെയ്തു.