UPDATES

ബ്ലോഗ്

കനയ്യകുമാർ – ഭൂമിഹാർ സവർണ്ണത; ഗൗരി ലങ്കേഷിന്റെ ‘മകനെ’ രണ്‍വീര്‍ സേനക്കാരനാക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ കുടിലബുദ്ധി

ഇവിടെ ഉമർ ഖാലിദിനോട് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് ഉണ്ടായിരിക്കുന്ന നവ അനുരാഗം കാണാതെ പോകരുത്.

                       

2016 മെയ് മാസത്തിൽ കേരള അസംബ്ലി തിരഞ്ഞെടുപ്പ് നടന്നു. അന്ന് പട്ടാമ്പി നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ചത് സഖാവ് മുഹമ്മദ് മുഹ്‌സിൻ ആയിരുന്നു. മത്സരിക്കുന്ന സമയത്ത് സഖാവ് മുഹ്‌സിൻ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി കൂടി ആയിരുന്നു. ആ തെരെഞ്ഞടുപ്പിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളായ കോണ്ഗ്രസ്സുകാർ പതിവ് വിമർശനങ്ങൾ ഒക്കെ സ്വാഭാവികമായി ഉന്നയിച്ചിരുന്നു. എന്നാൽ ഏറ്റവും തീവ്രമായ വിമർശനം സോഷ്യൽ മീഡിയയിൽ (വേറെവിടെ നടത്താനാണ്?) നടത്തിയത് രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളാണ് എന്നത് പലർക്കും ഓർമ്മ കാണില്ല. ഇക്കൂട്ടർ വച്ചു നീട്ടിയ കടലാസിൽ മുഹ്‌സിൻ ഒപ്പ് വച്ചില്ല എന്നതായിരുന്നു ആ കോപപ്രകടനത്തിന്റെ അടിസ്‌ഥാന കാരണം. അന്ന് സഖാവ് മുഹ്സിന് വേണ്ടി പട്ടാമ്പിയില്‍ വന്ന് ആയിരങ്ങളെക്കൊണ്ട് ആസാദി മുദ്രാവാക്യം ഏറ്റു വിളിപ്പിച്ച മറ്റൊരു ജെഎന്‍യുക്കാരന്‍ ഉണ്ട്- സഖാവ് കനയ്യ കുമാര്‍.  എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞു. സഖാവ് മുഹ്‌സിൻ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. എടുത്തു പറയേണ്ട ഒരു കാര്യം ആ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്കാരും മത്സരിച്ചിരുന്നു. കുറ്റം പറയുകയാണെന്നോ കളിയാക്കുകയാണെന്നോ പറയരുത്, അവർക്ക് 815 വോട്ടും അവിടെ കിട്ടിയിരുന്നു. അപ്പോൾ പട്ടാമ്പി മണ്ഡലത്തിൽ മികച്ച വിജയ സാധ്യതയുണ്ടായിരുന്ന, മുസ്‌ലിം ആയ സ്ഥാനാർത്ഥിക്ക് എതിരെ രാഷ്ട്രീയ ഇസ്ലാമിന്റെ വ്യക്താക്കൾ അപവാദപ്രചരണം നടത്തുക മാത്രമല്ല, അവിടെ ആ സ്ഥാനാർഥിക്ക് എതിരായി മത്സരിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യവും നമ്മൾ ഓർത്തിരിക്കേണ്ടതാണ്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് 2019-ലെ പാർലമെന്റ് തെരെഞ്ഞെടുപ്പ് ആണല്ലോ. ചരിത്രം ഒന്നുകറങ്ങി വന്നപ്പോൾ വീണ്ടും എല്ലാം ആവർത്തിക്കുന്നു. മറ്റൊരു ജെഎൻയു വിദ്യാർത്ഥി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായി സഖാവ് കനയ്യകുമാർ മത്സരിക്കുന്ന ഈ സമയത്ത് മേൽപ്പറഞ്ഞ ഗ്രൂപ്പ് വീണ്ടും ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. പൊതുവിൽ ആ ആരോപണങ്ങൾ ഞാൻ മനസിലാക്കിയ പ്രകാരം ഇതൊക്കെയാണ്.

1. കനയ്യ കുമാർ ഭൂമിഹാർ ജാതിക്കാരൻ ആയ സവർണ്ണ ഹിന്ദു ആണ്.

2. ബെഗുസരായി മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഭൂമിഹാർ ജാതിക്കാരെ ലക്ഷ്യമിട്ടാണ് കനയ്യ അവിടെ മത്സരിക്കുന്നത്.

3. ബീഹാറിലെ മഹാഗഡ്ബന്ധൻ പിന്തുണക്കുന്ന ആർജെഡി യുടെ തൻവീർ ഹസ്സനെ തോല്പിക്കാനുള്ള സവർണ്ണ ഗൂഡാലോചനയാണ് കനയ്യ നടത്തുന്നത്.

4. പാർലമെന്റിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് കനയ്യയുടെ സ്ഥാനാർത്ഥിത്വം.

5. കാശ്മീർ വിഘടന വാദികളുടെ ആസാദി മുദ്രാവാക്യം കനയ്യ അടിച്ചു മാറ്റി.

6. മറ്റൊരു ജെഎൻയു വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദിനെ നാമനിർദ്ദേശ പത്രിക കൊടുക്കുന്ന സമയത്ത് കൂടെ കൂട്ടിയില്ല.

ഇനിയും ആരോപണങ്ങൾ ഉണ്ടായേക്കാം. ഞാൻ എന്റെ ശ്രദ്ധയിൽ പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു എന്ന് മാത്രം.

എന്താണ് ഈ ആരോപണങ്ങളുടെ പൊതു സവിശേഷത? പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ പതിവിൽ ഉന്നയിക്കാറുള്ള എല്ലാ ആരോപങ്ങളെയും പോലെ ഇതും ആരോപണം ഉന്നയിക്കാൻ വേണ്ടി ഉന്നയിക്കുന്നതാണ്.

ഉദാഹരണമായി ഒന്നാമത്തെ ആരോപണം പരിഗണിക്കാം. കനയ്യ ജനിച്ചത് ഭൂമിഹാർ ജാതിയിലാണ്. ഭൂമിഹാർ ഭൂപ്രഭുക്കന്മാർക്ക് രണ്‍വീർ സേന എന്നൊരു ചോറ്റുപട്ടാളം ഉണ്ട്. അതുകൊണ്ട് കനയ്യ രൺവീർ സേനക്കാരനാണ് എന്നാണ് ആരോപണം. അഫ്‌ഗാനിസ്ഥാൻകാർ മുഴുവൻ താലിബാനികൾ ആണെന്നോ അല്ലങ്കിൽ താടിവെച്ച മുസ്ലീങ്ങൾ മുഴുവൻ ഐസിസ് ആണെന്നോ പറയുന്നതിന് സമാനമായ വർത്തമാനമാണിത്. രണ്ടാമത്തെ കാര്യത്തിൽ ഉപയോഗിച്ച വാർപ്പുമാതൃകയെയും സാമാന്യവത്കരണത്തെയും പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ പല്ലും നഖവും ഉപയോഗിച്ചു എതിർക്കും. എന്നാൽ സ്വയം അത് ചെയ്യുന്നതിൽ നിന്ന് അവർ ഒഴിഞ്ഞു നിൽക്കുകയും ഇല്ല.

Also Read: രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലേക്ക് സ്വാഗതം, അതിനുമുമ്പ് ഇവിടുത്തെ കര്‍ഷകര്‍ക്ക് ചില മറുപടികള്‍ വേണം

പൊതുവെ നമ്മുടെ സാഹചര്യത്തിൽ സാമ്പത്തിക നില, ജാതിപദവി, ഇംഗ്ലീഷ് ഭാഷ ശേഷി, ലൊക്കേഷൻ എന്നിവയൊക്കെയാണ് വ്യക്തികളുടെ സവിശേഷ പദവികളെ നിർണ്ണയിക്കുന്നത്. കനയ്യയെ സംബന്ധിച്ചെടുത്തോളം ജാതിപദവിയുമായി ബന്ധപ്പെട്ട പ്രിവിലേജുകൾ അദ്ദേഹത്തിന് ലഭ്യമായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. അതുപോലും സംശയാസ്പദമായ അവകാശവാദമാണ്. ബിഹാറിൽ, അതീവ പിന്നോക്കമായ പ്രദേശത്ത്, അംഗൻവാടി ടീച്ചറുടെ മകനായി വളർന്ന ബിഹാറി ഹിന്ദി സംസാരിക്കുന്ന ഒരാൾക്ക് ജാതിപദവിയിലൂടെ മാത്രം സമാഹരിക്കാൻ കഴിയുന്ന സാമൂഹിക സാംസ്കാരിക മൂലധനത്തിന് വലിയ പരിധിയും പരിമിതിയും ഉണ്ട്. ജാതിയുമായി ബന്ധപ്പെട്ട പ്രിവിലേജുകൾ ആ ഗ്രൂപ്പിലെ എല്ലാവർക്കും സമമായി ലഭ്യമാണ് എന്നത് തെറ്റായ സമീപനമാണ്. അതുപോലെ തന്നെ പരിഗണിക്കപ്പെടേണ്ട വിഷയമാണ് വ്യക്തികൾ അവരുടെ സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നടത്തുന്ന ജാതി നിരാസ പരിശ്രമങ്ങൾ. ചരിത്രപരമായി ആർജ്ജിച്ച സവിശേഷ പദവികൾ കയ്യൊഴിയാനും, വ്യക്തി-സമൂഹ ജീവിതത്തെ പരമാവധി ജനാധിപത്യവത്ക്കരിക്കാനും നടത്തിയ / നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അവഗണിച്ചുകൊണ്ടുള്ള ചാപ്പയടി സാമൂഹികശാസ്ത്രപരമായി നിരുത്തരവാദപരമായ സമീപനമാണ്. അതിൽ മനുഷ്യവിരുദ്ധതയുടെ അംശം ഉണ്ട് എന്നതും കാണാതിരുന്നുകൂടാ.

നിയമസഭകളിലും പാർലമെന്റിലും മുസ്ലീങ്ങളുടെ പ്രാതിനിത്യ കുറവ് തീർച്ചയായും വലിയ പ്രശ്നമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ ലഭിക്കേണ്ട ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, കഴിഞ്ഞ കുറേ വർഷങ്ങളായി നിയമനിർമ്മാണ സഭകളിൽ മുസ്ലീങ്ങളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുകയുമാണ്. പക്ഷെ കനയ്യയുടെ സ്ഥാനാർത്ഥിത്തവും ഇതും തമ്മിൽ കൂട്ടികെട്ടുന്നതിൽ കുരുട്ടുബുദ്ധി മാത്രമേ ഉള്ളൂ. കനയ്യ ബെഗുസാരയ് സീറ്റിൽ മത്സരിക്കും എന്നത് ഒരു വർഷമായി കേൾക്കുന്ന കാര്യമാണ്. സിപിഐക്ക് നല്ല ആൾശേഷി ഉള്ള മണ്ഡലവുമാണ് ബെഗുസരായി. അവർ അവിടെ നിന്ന് മാത്രമേ ബീഹാറിൽ മത്സരിക്കുന്നുള്ളൂ. ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും മഹാഗഡ്ബന്ധന് പിന്തുണ നൽകുകയാണ് സിപിഐ ചെയ്യുന്നത്. ആ സീറ്റില്‍ കനയ്യക്ക് പിന്തുണ നിഷേധിക്കുന്നതിന് പിന്നിൽ തേജസ്വി യാദവിന്റെ വ്യക്തിപരമായ താത്പര്യമാണ് മുഴച്ചു നിൽക്കുന്നത് എന്നത് വ്യക്തമാണ്. മോദി സർക്കറിനെതിരെയുള്ള വിദ്യാർത്ഥി പ്രതിരോധത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്നായ കനയ്യ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തീർച്ചയായും ജനപക്ഷ രാഷ്ട്രീയത്തിന് മുതൽക്കൂട്ടാണ്.

പി.പി സുനീറിനും ടി. സിദ്ധിക്കിനും എതിരായി, താൻ ദത്താത്രേയ ഗോത്രത്തിൽ ജനിച്ച ബ്രാഹ്മണൻ ആണ് എന്ന് സ്വയം പരസ്യമായി പ്രഖ്യാപിക്കുന്ന ആൾ മത്സരിക്കുമ്പോൾ ഇല്ലാത്ത പ്രാതിനിധ്യത്തിന്റെ പ്രശ്നം കനയ്യ മത്സരിക്കമുമ്പോൾ ഉയർന്ന് വരുന്നത് തമാശയാണ്. അല്ലങ്കിൽ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സഖാവ് മുഹമ്മദ് മുഹ്‌സിൻ മത്സരിക്കുമ്പോൾ ബാധകമാകാത്ത മുസ്‌ലിം പ്രാതിനിധ്യ പ്രശ്നം യഥാർത്ഥത്തിൽ വ്യക്തമാക്കുന്നത് പ്രാതിനിധ്യ വാദം ഉയർത്തുന്നവരുടെ ഇടത് വിരുദ്ധ രാഷ്ട്രീയത്തിന്റെ ജീർണ്ണ മുഖമാണ്.

ഇൻക്വിലാബ് സിന്ദാബാദ് എന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ത്രസിപ്പിക്കുന്ന മുദ്രാവാക്യമാണ്. നിലവിൽ ഫ്രറ്റേർണിറ്റി എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൗദൂദിസ്റ്റ് യുവസംഘടന ആ മുദ്രാവാക്യം ഏറ്റു വിളിക്കാൻ തുടങ്ങി. മുദ്രാവാക്യം പേറ്റന്റ് ചെയ്യുന്നതിൽ ഇടത് രാഷ്ട്രീയം വിശ്വസിക്കാത്തതിനാൽ ആർക്കും അതിൽ പ്രശ്നം തോന്നിയില്ല. എന്നാൽ കനയ്യ ആസാദി ഗാനം പാടിയപ്പോൾ അത് വലിയ കുറ്റമായിപ്പോയി. കാശ്മീരി സമര മുദ്രാവാക്യത്തെ ഏറ്റെടുക്കൽ ആയിപ്പോയി. മുദ്രാവാക്യങ്ങൾ പേറ്റന്റ് ചെയ്യാം എന്ന് രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകൾ വിശ്വസിക്കുന്നുണ്ടാവാം. പക്ഷെ അതിൽ കാര്യം ഇല്ലല്ലോ.

കനയ്യ ഒരു നാഷണലിസ്റ്റ് കമ്യൂണിസ്റ്റ് ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം കാശ്മീർ വിഘടനവാദത്തെ അംഗീകരിക്കുന്നുണ്ടാവില്ല. ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് കാശ്മീർ പ്രശ്നം പരിഹരിക്കണം എന്നായിരിക്കും അദ്ദേഹത്തിന്റെ നിലപാട്. കാശ്മീരിന്റെയും പാലസ്തീന്റെയും കാര്യത്തിൽ ഒരു നിലപാടും ബലൂചിസ്ഥാൻ, കുർദിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുടെ കാര്യത്തിൽ വിപരീത നിലപാടും സ്വീകരിക്കുന്ന കാപട്യത്തെക്കാൾ എത്രയോ സുതാര്യമാണ് കനയ്യയുടെ നിലപാട്.

ഉമർ ഖാലിദിനെ കനയ്യയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണല്ലോ ഇപ്പോഴത്തെ ബഹളം തുടങ്ങിയത്. മാവോയിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനയിൽ അംഗമായിരുന്ന ഉമർ ഖാലിദ് ബൂർഷ ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ. എന്നാൽ ബംഗാളിലെ ജംഗിപ്പൂരില്‍ നിന്നും മത്സരിക്കുന്ന തന്റെ പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ഡോ. ക്യു.ആര്‍ ഇല്യാസിനുവേണ്ടി ഉമര്‍ പ്രചാരണത്തിന് എത്തിയിരുന്നു. സിപിഐക്കും വെൽഫെയർ പാർട്ടിക്കും വേണ്ടി ഒരേസമയം പ്രചാരണത്തിന് ഇറങ്ങേണ്ടി വരുന്ന വൈരുദ്ധ്യം അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു എന്നു കണ്ടുതന്നെ അറിയേണ്ട കാര്യമാണ്.

തന്റെ പത്രികാസമര്‍പ്പണത്തിന് മുമ്പ് കനയ്യ രണ്ട് അമ്മമാരെ ചേര്‍ത്ത് പിടിച്ചിരുന്നത് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും കണ്ടിരിക്കും. ഒന്ന്, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട, പല തവണ സംഘപരിവാര്‍ ഗുണ്ടകളുടെ ശാരീരികാക്രമണത്തിന് വിധേയനായ ഒരാളുടെ അമ്മ- കനയ്യയുടെ സ്വന്തം മാതാവ്. മറ്റൊന്ന് എബിവിപിക്കാരാല്‍ കയ്യേറ്റം ചെയ്യപ്പെട്ടതിനു പിറ്റേന്ന് മുതല്‍ കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ മാതാവ്. പത്രിക സമര്‍പ്പിക്കാനുള്ള മാര്‍ച്ചില്‍ കനയ്യയുടെ വാഹനത്തിന്റെ ഇരുവശവും നിന്നത് നജീബിന്റെ ഉമ്മയും ജിഗ്നേഷ് മേവാനിയും സമാനമായ വിധത്തില്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന കാശ്മീരില്‍ നിന്നുള്ള ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റാഷിദും ആയിരുന്നു എന്നതും ഒരിക്കല്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഇവിടെ ഉമർ ഖാലിദിനോട് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് ഉണ്ടായിരിക്കുന്ന നവ അനുരാഗം കാണാതെ പോകരുത്. യഥാർത്ഥത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥി സമരത്തെ അവഹേളിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും ഏറ്റവും മുന്നിൽ നിന്നത് പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ ആണ് എന്നത് ഇന്ന് പലരും ഓർമ്മിക്കുന്നുണ്ടാവില്ല. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സമരത്തെയും ജെഎൻയുവിലെ സമരത്തെയും താരതമ്യം ചെയ്ത് ജെഎൻയുവിലെ രാഷ്ട്രീയത്തെയും അവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തെയും ഇകഴ്ത്തുക എന്നതായിരുന്നു ഇകൂട്ടരുടെ അക്കാലത്തെ മുഖ്യ സൈദ്ധാന്തിക വിനോദം. ജെഎൻയുവിലെ വർഗ്ഗ രാഷ്ട്രീയക്കാർ ഞങ്ങളുടെ സ്വത്വരാഷ്ട്രീയം കണ്ടു പഠിക്കൂ എന്നായിരുന്നു അക്കാലത്തെ ഉദ്ബോധനം. കേരളത്തിലെ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ ചുവടു പിടിച്ചു കൊണ്ടാണോ എന്നറിയില്ല, ദേശീയ തലത്തിലും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ക്ക് പുറമേ സംഘപരിവാരവും ഉമറിന്റെ പേരില്‍ കനയ്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്.

അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ മറ ഉപയോഗിച്ച് ഡോ. അംബേദ്‌ക്കറിന് തുല്യമായി മൗദൂദിയെ പ്രതിഷ്ഠിക്കാൻ വർഗ്ഗഅടിസ്ഥാനത്തിലുള്ള രാഷ്ട്രീയം തടസമാകുന്നതിലുള്ള കലിപ്പാണ് ഇഷ്ടമില്ലാത്തവരെ മുഴുവൻ പിടിച്ച് സവർണ്ണ ലെഫ്റ്റിസ്റ്റ് മതേതര വംശീയ വാദിയാക്കി ചാപ്പ അടിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം. അല്ലാതെ ജാതിയോടോ ജാതിവിവേചനത്തോടോ പ്രത്യേകിച്ചു പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല. സംശയമുള്ളവർക്ക് എസ്ഐഒ നേതാവ് നഹാസ് മാള പറയുന്നത് വായിക്കാം.

കാഷിഫ് മന്‍സൂറിന് നൽകിയ അഭിമുഖത്തിൽ നഹാസ് മാള ഇപ്രകാരം പറയുന്നു( February 10, 2017)

Q: Now that SIO is in alliance with Ambedkarites, do you think caste is the root of all problems in India?

Ans: Caste is a social reality in India. It is a notion and state of mind. You can’t disregard caste problems in India. Without treating caste, you will not be able to solve society’s issues. You have to make people understand that they are all equal. There were different types of slavery all over the world. All were material slavery like Africa, Arabs and America. India is the only country where the mental slavery existed and still exists. They thought it as divine and spiritual. This is utter ignorance.

Q: As you have told caste is a problem and SIO is struggling for eradication of caste by joining #JusticeForRohith movement, there are many castes among Muslims. Does SIO address the caste question among Muslims? Does it ever want to address the issue? What is SIO’s take on Pasmanda Muslim movement?

Ans: Being a Muslim and claiming to be adherent to Islamic ideology, nobody can say that Islam gives any such social status to anybody and classifies people on such social strata except fear of Allaah. If there exists such stratification you have to struggle for its eradication. To the best of my knowledge this caste stratification among Muslims in India is an export of the Hindu culture. No one can deny that most of Muslims are educationally and economically backward. And even Muslims are discriminated against. Pasmanda Muslim movement is an effort towards raising the social and economic status of the backward classes among Muslims. They have their own strategies to achieve social justice goals for the backward Muslim communities like adequate representation of pasmanda Muslims in political parties, deepening of the existing affirmative action policies etc. However their understanding of caste among Muslims is problematic as they trace it to the Quranic text and Prophetic traditions. But it can’t be justified on the basis of any Prophet’s instances or Quranic message.

ഈ ചോദ്യ-ഉത്തരങ്ങൾ വിശദമായി ഇവിടെ പരിഗണിക്കാൻ സാധ്യമല്ല. എന്നാലും എത്ര ‘സമഗ്രമാണ്’ ജാതിയെപ്പറ്റിയുള്ള വിമർശനം എന്ന് മനസ്സിലാക്കാൻ ഈ രണ്ട് ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും സഹായിക്കും.

ഇനി, ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ വെടിവച്ചു കൊന്ന ഗൌരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തയെ ‘ഫാസിസ്റ്റ് വിരുദ്ധ പോരാളി’കളായ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മറന്നിരിക്കാനിടയില്ല. ജെഎന്‍യു സമരകാലത്ത് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട ഉമറിനേയും കനയ്യയേയും ഒപ്പം ജിഗ്നേഷിനേയും ചേര്‍ത്ത് പിടിച്ച് ഗൌരി ലങ്കേഷ് പറഞ്ഞത്, എന്റെ മക്കളാണ് ഇവര്‍ എന്നാണ്. അതുകൊണ്ട്, രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ തരുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സംഘപരിവാറിനെതിരായി ഇടതുപക്ഷം അടക്കം നടത്തുന്ന പോരാട്ടം പൂര്‍ത്തിയാകൂ എന്ന വാദം ആരെ സഹായിക്കാനാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.

Also Read: എന്തുകൊണ്ടാണ് കനയ്യകുമാർ എന്ന സിപിഐ സ്ഥാനാർത്ഥി രാഷ്ട്രീയ ഇസ്‌ലാമിന്റെ ശത്രുവായി ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്?

ഇടത് രാഷ്ട്രീയ പ്രവർത്തകർ texual activists അല്ല. അവർ ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് തെരുവിൽ പൊരുതുന്നവരാണ്. ഈ രാഷ്ട്രീയ സമരങ്ങളാണ് അവരുടെ ജനസമ്മിതിയെ രൂപപ്പെടുത്തുന്നത്. ഇന്ത്യയിലെ സർവകലാശാല വിദ്യാഭ്യാസ രംഗത്ത് സംഘ്പരിവാർ ഏറ്റവും രൂക്ഷമായ ഇടപെടൽ നടത്തുന്ന സമയത്ത് അതിനെ പ്രതിരോധിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കനയ്യക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവനേതാവായി അദ്ദേഹം മാറിയിട്ടുണ്ട്. അതിനിടയിൽ ഉയർന്നു കേൾക്കുന്ന പരദൂഷണങ്ങൾ അവഗണിക്കപ്പെടണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജയറാം ജനാര്‍ദ്ദനന്‍

ജയറാം ജനാര്‍ദ്ദനന്‍

അധ്യാപകന്‍, സാമൂഹിക വിമര്‍ശകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍