April 25, 2025 |

അങ്ങനെ രാഹുല്‍ ഗാന്ധി രാഹുല്‍ ഈശ്വറായി: ബല്‍റാമിന് ഇനിയെന്തെങ്കിലും പറയാനുണ്ടോ?

രാഹുല്‍ ഈശ്വര്‍ അല്ല രാഹുല്‍ ഗാന്ധിയാണ് നേതാവെന്ന് ഓര്‍ക്കണമെന്ന് വി ടി ബല്‍റാം ആവേശത്തോടെ മുതിര്‍ന്ന നേതാക്കളെ ഓര്‍മ്മിപ്പിച്ചത് മറന്നോ?

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പ്രായം ഒരു മാനദണ്ഡമല്ലെന്ന് സുപ്രിംകോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും ബിജെപി നേതൃത്വവും അത് സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രതികരിച്ചത്. എന്നാല്‍ കോടതി വിധി നടപ്പാക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ ശബരിമലയില്‍ ഉടന്‍ സ്ത്രീകള്‍ പ്രവേശിക്കുമെന്ന് ഉറപ്പായി. എന്നാല്‍ ഇത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ട് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും എന്‍എസ്എസും രംഗത്ത് വന്നതോടെ സ്ഥിതിഗതികള്‍ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആചാരലംഘനത്തിനെതിരെ നാമജപ ഘോഷയാത്ര നടത്താന്‍ ഇവര്‍ക്ക് കീഴില്‍ അണിനിരന്ന ആയിരക്കണക്കിന് ആളുകളെ കണ്ടതോടെ ബിജെപിയാണ് ആദ്യം നിലപാട് തിരുത്തിയത്. ആ ആള്‍ക്കൂട്ടത്തെ തങ്ങളുടെ വോട്ടാക്കി മാറ്റുന്നതെങ്ങനെയെന്നായി പിന്നീട് അവരുടെ ചിന്ത. ആദ്യം ഭക്തരുടെ പേരിലും പിന്നീട് സ്വന്തം പേരിലും ബിജെപി ഈ സമരത്തെ ഏറ്റെടുക്കുന്ന കാഴ്ചയും നാം കണ്ടു.

ശബരിമലയില്‍ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുന്നുവെന്ന സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരാണെന്നും ഭക്തരുടെ വികാരം കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രകോപനപരമായ ഭാഷയിലാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ഇതേക്കുറിച്ച് പ്രതികരിച്ചുകൊണ്ടിരുന്നത്. എന്‍എസ്എസിനെ പ്രീണിപ്പെടുത്തി വോട്ട് ബാങ്ക് ഉറപ്പാക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തം. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശബരിമല വിധിയെ ശക്തമായി എതിര്‍ക്കുമ്പോഴും ദേശീയ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന നിലപാടിന് മാറ്റം വരുത്തിയിരുന്നില്ല. സംസ്ഥാന നേതൃത്വത്തെ തള്ളിപ്പറഞ്ഞില്ലെങ്കിലും ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കെപിസിസിയുടെ നിലപാടിനെ തള്ളിയാണ് അന്ന് രാഹുല്‍ നിലപാടെടുത്തത്.

രാഹുല്‍ ഈശ്വര്‍ അല്ല രാഹുല്‍ ഗാന്ധിയാണ് നേതാവെന്ന് ഓര്‍ക്കണമെന്നാണ് അന്ന് വി ടി ബല്‍റാം ആവേശത്തോടെ മുതിര്‍ന്ന നേതാക്കളെ ഓര്‍മ്മിപ്പിച്ചത്. അന്നത്തെ സാഹചര്യത്തില്‍ നിന്നും കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയത്തില്‍ കാര്യമായ മാറ്റം ഇന്നുമുണ്ടായിട്ടില്ല. ശബരിമല സമരം തങ്ങള്‍ക്കൊരിക്കലും ഒരു രീതിയിലും ഗുണം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞതിനാലാകണം ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കളാരും ഇന്നതില്‍ സജീവമല്ല. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ പഴയ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന വാദത്തിലും കഴമ്പുണ്ടെന്നാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പറയുന്നത്. സ്ത്രീസമത്വം തീര്‍ച്ചയായും വേണ്ടതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ട് നിലപാടെടുത്തപ്പോള്‍ അണികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. എന്തിന് നേതൃത്വത്തില്‍ തന്നെ എന്‍എസ്എസിന്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭയവും ശക്തമായിരുന്നു. നേട്ടമുണ്ടാക്കാനായില്ലെങ്കിലും ശബരിമല വിഷയം കാരണം അംഗബലം കുറയുമോയെന്ന പേടിയും ശക്തമായിരുന്നു. എന്തിന് നേതാക്കളില്‍ ചിലര്‍ പോലും ബിജെപിയില്‍ ചേരാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും ശക്തമായി. എന്‍ രാമന്‍ നായരെ പോലുള്ള ചിലര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. രാഹുല്‍ ഭിന്നാഭിപ്രായം പറഞ്ഞതോടെ ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാടിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് ഇത്തരം കൊഴിഞ്ഞുപോക്കലുകളില്‍ കലാശിച്ചത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പ് തുടങ്ങിയിരിക്കുന്നെന്നാണ് രാഹുലിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റത്തില്‍ നിന്നും വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ തിരിച്ചടി നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയാല്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ എന്ന് സംസ്ഥാന നേതൃത്വത്തിന് രാഹുലിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചിരിക്കുന്നുവെന്ന് വേണം മനസിലാക്കാന്‍.

രാഹുല്‍ ഗാന്ധിയുടെ ആദ്യ നിലപാടില്‍ ആവേശഭരിതനായി മുതിര്‍ന്ന നേതാക്കളെ തങ്ങളുടെ നേതാവാരാണെന്ന് ഓര്‍മ്മിപ്പിച്ച വി ടി ബല്‍റാമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. രാഹുല്‍ നിലപാട് മാറ്റി 24 മണിക്കൂര്‍ പിന്നിട്ടിട്ടും ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റോ പ്രസ്താവനകളോ ഒന്നും വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഓള്‍ ഔട്ട് ആയാലും ബാറ്റ് ചെയ്യാനുള്ള ആര്‍ജ്ജവം കാണിക്കുന്ന ബല്‍റാമിന് ഇനിയെന്താണ് പറയാനുള്ളത്?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് അരുണ്‍ ടി വിജയന്‍.

More Posts

Follow Author:
Facebook

Leave a Reply

Your email address will not be published. Required fields are marked *

×