UPDATES

ബ്ലോഗ്

അൻസിബയെ തട്ടമിടിക്കാൻ നടന്നവർ ഇപ്പോ ദുൽഖറിന്റെ പിന്നാലെയാണ്: ഒരു ഇമ്പ്രൂവ്മെന്റും ഇല്ലാത്ത സൈബർ വെട്ടുകിളി കൂട്ടങ്ങൾ

ഏറ്റവും ഒടുവിൽ വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന് മതയാഥാസ്ഥിതികരുടെ രൂക്ഷ വിമര്‍ശനം ഉയർന്നു കൊണ്ടിരിക്കയാണ്.

Avatar

ഗിരീഷ്‌ പി

                       

ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് മലയാളിയുടെ ഏറ്റവും വലിയ പോരായ്മയായി ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. മലയാളിയുടെ സൈബർ ഇടത്തിലെ ഇടപെടലുകളുടെ ഏറ്റവും ദൗർഭാഗ്യകരമായ വശവും ഇത് തന്നെയാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സ്ത്രീകൾ പലപ്പോഴായി അതിരൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പൊതുവെ സൈബർ നിയമങ്ങൾ ശക്തമാണെങ്കിലും വലിയ നടപടികൾക്ക് വിധേയമാകാത്തതുകൊണ്ട് ഈ ഒരു പ്രോസസ് ഇന്നും തുടർന്ന് പോകുന്നു.

ചലച്ചിത്ര താരം അൻസിബയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഒരു കാലത്ത് സ്ഥിരം പ്രത്യക്ഷപ്പെടാറുള്ള ഒരു കൂട്ടരുടെ പ്രശ്നം അവർ തട്ടം ധരിക്കാതെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്നതായിരുന്നു. പലപ്പോഴായി അവർ മറുപടി നൽകിയെങ്കിലും ഓൺലൈൻ ആങ്ങളമാർ അടങ്ങിയിരിക്കാൻ തയ്യാറായിരുന്നില്ല.

തന്റെ പേരില്‍ പത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് അൻസിബ പറയുന്നത്. പലരും തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് തന്നെ വളരെയധികം വിഷമിപ്പിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് അന്‍സിബ മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അവർ കടന്നുപോയ മെന്റൽ ട്രോമ ഒന്ന് സങ്കൽപ്പിച്ചു നോക്കു. മതമൗലികവാദികളുടെ സൈബര്‍ ആക്രമണം ഒരു പതിവായപ്പോൾ സോഷ്യല്‍ മീഡിയ നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് സ്ത്രീകള്‍ക്കെതിരേ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരേ സിനിമ എന്ന മാധ്യമത്തിലൂടെത്തന്നെ അൻസിബ പ്രതികരിച്ച ചരിത്രവും ഉണ്ട്. എ ലൈവ് സ്റ്റോറി എന്ന പേരില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലൂടെ.

ഫേസ്ബുക്കില്‍ ലൈവ് വരുന്ന പെണ്‍കുട്ടിയ്ക്ക് അശ്ലീലസന്ദേശം അയക്കുന്ന കുടുംബസ്ഥനായ പുരുഷനും അയാളെ നേരിട്ട് കാണാനെത്തുന്ന പെണ്‍കുട്ടിയുമാണ് ചിത്രത്തിന്‍റെ വിഷയം. ചിത്രത്തിന്‍റെ രചനയും സംവിധാനവും അന്‍സിബയാണ്. അതായത് അൻസിബയെ പോലുള്ളവർ ഒന്നും തോറ്റു പിന്മാറാൻ ഒരുക്കമല്ല എന്ന് ചുരുക്കം.

ഏറ്റവും ഒടുവിൽ വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന് നേരെ മതയാഥാസ്ഥിതികരുടെ രൂക്ഷ വിമര്‍ശനം ഉയർന്നുകൊണ്ടിരിക്കയാണ്. ബോക്‌സര്‍ ഇനത്തില്‍ പെട്ട നായയെ തഴുകി ദുല്‍ഖര്‍ സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും ‘ഹണി’ എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് മുപ്പത് ലക്ഷം ഫോളോവര്‍മാരുള്ള ദുല്‍ഖര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിക്കണം, നിങ്ങള്‍ ഏഴുവട്ടം കഴുകണം, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖറിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേക്കുറിച്ച് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹണിയോടൊപ്പമുള്ള ചിത്രത്തിന് ശേഷം രണ്ട് ഫോട്ടോകള്‍ കൂടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാര്യയുടെ തട്ടമിടാത്ത ചിത്രം പോസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് നടന്‍ ആസിഫ് അലിയും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

നവമാധ്യമങ്ങള്‍ സ്വകാര്യ വ്യക്തികളെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളില്‍ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും, പങ്കാളിത്തവും, ഈസി ആക്സസിബിലിറ്റിയും, വൈഡ് റീച്ചും വ്യക്തിക്ക് നവമാധ്യമങ്ങള്‍ അനുവദിച്ചു നല്കുന്നുണ്ട്. ഈ ഒരു സൗകര്യത്തെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്നതിനു പകരം സമൂഹത്തിലാകെ സംഘർഷവും, അശാന്തിയും പറത്താൻ ഉപയോഗിക്കുമ്പോൾ കുരുക്കിൽ ആകുന്നത് സൈബർ ആൾക്കൂട്ട അക്രമകാരികൾ മാത്രമല്ല നവമാധ്യമങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മറ്റൊരു ഭൂരിപക്ഷം കൂടിയാണ്.

സൈബർ ലോകത്തിനു പുറത്ത് ദുൽഖർ ഒരു പട്ടിക്കുട്ടിയുമായി നടന്നു പോകുന്നു അല്ലെങ്കിൽ നടി അൻസിബയോ, സമാന രീതിയിൽ ആക്രമിക്കപ്പെട്ട നസ്രിയയോ തട്ടം ഇടാതെ നടക്കുന്നു എന്ന് കരുതുക. അവരോടു അള്ളാഹുവിനെ പേടിയുണ്ടെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് പറയാൻ ആരും ധൈര്യപ്പെടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അതല്ല അവസ്ഥ. ഈ അവസ്ഥക്ക് വർഷങ്ങൾക്ക് ഇപ്പുറവും ഒരു മാറ്റവും ഇല്ല എന്നത് പ്രബുദ്ധ മലയാളിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ഒരു പോപ്പുലർ ഫിഗർ ആയതുകൊണ്ട് വഴിയേ പോകുന്ന ഏതോ ഒരുത്തന്റെ തീരുമാനവും വിശ്വാസവും പ്രകാരവും ജീവിച്ചു കൊള്ളണം എന്ന് പറയുന്നത് ഒരു തരം മൂന്നാം കിട വാദമാണ്. ശബരിമല, പിറവം പള്ളി വിഷയങ്ങളിൽ അടക്കം മത യാഥാസ്ഥിതികരുടെ അസഹിഷ്ണുതയും, വയലന്സിന്റെ വ്യാപ്തിയും ഇക്കണ്ട ദിവസങ്ങളിൽ നാം കണ്ടതാണ്. ആ പോയന്റ് ടേബിളിൽ ഒട്ടും പുറകിലോട്ടു പോകരുത് എന്ന് വാശി ഉള്ളത് കൊണ്ടായിരിക്കണം ‘അനക്ക് തട്ടം ഇട്ടൂടെ പെണ്ണെ’ എന്ന മുദ്രാവാക്യം ഒരു കാലത്ത് മുഴക്കിയിരുന്നവർ ഒരു പട്ടിയെ തൊട്ടതിന്റെ പേരിൽ ഒരു മനുഷ്യനെ ഹരാമിയും, അമുസ്ലിമും ആക്കുന്നത്. എന്നാലും ഇക്കണ്ട രീതികളിൽ ഒക്കെ ലോകം മാറിയിട്ടും ഇവന്മാർക്ക് മാത്രം ഒരു ഇമ്പ്രൂവ്മെന്റും ഇല്ലല്ലോ!

വാൽക്കഷ്ണം: മായാനദിയിൽ സിനിമ നടി ആയി അഭിനയിച്ച കഥാപാത്രത്തിനും അവളെ മുഖത്തടിച്ച് ഗൾഫിലേക്ക് തിരിച്ചു കൊണ്ടുപോയ ആങ്ങളയുടെ കഥാപാത്രത്തിനും എന്തുകൊണ്ട് മുസ്ലിം പശ്ചാത്തലം നൽകി എന്നൊരഭിമുഖത്തിൽ ആഷിഖ് അബുവിനോട് ചോദിക്കുമ്പോൾ, ആഷിഖ് അബു പറയുന്നുണ്ട് “ഈ കാര്യത്തിൽ അങ്ങനെ മത പശ്ചാത്തലം ഒന്നും വലിയ വിത്യാസം ഉണ്ടാക്കില്ല എങ്കിലും മുസ്ലിം യാഥാസ്ഥിതികർക്ക് പലപ്പോഴും ഒരു പോയന്റ് കൂടുതൽ ആണെന്ന്.” ദൈനം ദിനം എന്നോണം സൈബർ ആക്രമണം നടക്കുന്ന മലയാളി സൈബർ ഇടത്തിൽ എന്തുകൊണ്ട് ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം കോൺസെൻട്രേറ്റ് ചെയ്തു എന്ന ചോദ്യത്തിനുള്ള അഡ്വാൻസ് മറുപടി.

Share on

മറ്റുവാര്‍ത്തകള്‍